കവി; വേണുഗോപാല കാസര്‍കോട്

വേണുഗോപാല കാസര്‍കോട്. യഥാര്‍ത്ഥ കവികളിലൊരാള്‍. ഗംഗാധര ഭട്ടും നാഗേഷും ഉണ്ടെങ്കിലും വേണുഗോപാലായിരുന്നു എനിക്ക് ഇഷ്ടപ്പെട്ട കാസര്‍കോടന്‍ കന്നഡ കവി. 'ഗരി മുരിദ ഹക്കികളു' (ചിറകൊടിഞ്ഞ പക്ഷികള്‍) എന്ന പ്രഥമ കവിതാസമാഹാരം പ്രകാശനം കഴിഞ്ഞയുടന്‍ എനിക്കു വെച്ചു നീട്ടിയത് രോമാഞ്ച ജനകമായ ഓര്‍മ്മ. 'മലയാളത്തില്‍ ഇതിന് ഒറു റെവ്യൂ നിങ്കള്‍ എളുതണം.' അവ്യക്തമായ ആ മലയാള സംസാരവും നല്ല ഓര്‍മ്മ. ഞാന്‍ എഴുതി. എന്‍.വി. കൃഷ്ണവാര്യര്‍ കന്നഡ വായിക്കും എന്ന് ഞാനറിഞ്ഞത് വേണുഗോപാലിന്റെ ഈ പുസ്തകം ഇറങ്ങിയപ്പോഴാണ്. കൗമുദി […]

വേണുഗോപാല കാസര്‍കോട്. യഥാര്‍ത്ഥ കവികളിലൊരാള്‍. ഗംഗാധര ഭട്ടും നാഗേഷും ഉണ്ടെങ്കിലും വേണുഗോപാലായിരുന്നു എനിക്ക് ഇഷ്ടപ്പെട്ട കാസര്‍കോടന്‍ കന്നഡ കവി. 'ഗരി മുരിദ ഹക്കികളു' (ചിറകൊടിഞ്ഞ പക്ഷികള്‍) എന്ന പ്രഥമ കവിതാസമാഹാരം പ്രകാശനം കഴിഞ്ഞയുടന്‍ എനിക്കു വെച്ചു നീട്ടിയത് രോമാഞ്ച ജനകമായ ഓര്‍മ്മ.
'മലയാളത്തില്‍ ഇതിന് ഒറു റെവ്യൂ നിങ്കള്‍ എളുതണം.'
അവ്യക്തമായ ആ മലയാള സംസാരവും നല്ല ഓര്‍മ്മ. ഞാന്‍ എഴുതി. എന്‍.വി. കൃഷ്ണവാര്യര്‍ കന്നഡ വായിക്കും എന്ന് ഞാനറിഞ്ഞത് വേണുഗോപാലിന്റെ ഈ പുസ്തകം ഇറങ്ങിയപ്പോഴാണ്. കൗമുദി ഞായറാഴ്ച പതിപ്പിലായിരുന്നു എന്റെ ആസ്വാദന കുറിപ്പ്. അതു വായിച്ച് എന്‍.വി. കൃഷ്ണ വാര്യര്‍ ആവശ്യപ്പെട്ടു. ആ കന്നഡ കവിതാ ഗ്രന്ഥം അയച്ചു തരൂ.
ഞാന്‍ അയച്ചു കൊടുത്തു.
വേണു മലയാള നാടകത്തിന്റെ വലിയ ആരാധകന്‍ ആയിരുന്നു. എസ്.എല്‍. പുരം സദാനന്ദന്റെ 'അഗ്നിപുത്രി' കന്നഡ മൊഴിമാറ്റം ലളിതകലാ സദനത്തില്‍ അവതരിപ്പിച്ചപ്പോള്‍ അഡ്വ.യു.എല്‍.ഭട്ട്, ടി.പി. അന്ത എന്നിവര്‍ക്കൊപ്പം മുത്തശ്ശി വേഷത്തില്‍ വേണുഗോപാല രംഗത്തു വന്നു.
റിഹേഴ്‌സല്‍ നാളുകളില്‍ ഞാന്‍ ഉണ്ടായിരിക്കും. എസ്.എല്‍. പുരത്തിന്റ നാടകത്തില്‍ പ്രശസ്ത നടി ബിയാട്രീസ് (ഈ വര്‍ഷം സംഗീത നാടക അക്കാദമി പുരസ്‌കാരം നല്‍കി ആദരിച്ച നടി)മുത്തശ്ശി ആയ അഭിനയം ഞാന്‍ വേണുവിനെ പഠിപ്പിച്ചു. 'അഗ്നിപുത്രി' വന്‍ വിജയം ആയിരുന്നു.
കടമ്മനിട്ടക്കവിതകളുടെ ആരാധകന്‍ ആയിരുന്നു വേണു ഗോപാല്‍. ഒരിക്കല്‍ കടമ്മനിട്ട രാമകൃഷ്ണന്‍ ആ സിറ്റിംഗിന് വന്ന ദിവസം; വേണുവിന് ഒരാഗ്രഹം.
കടമ്മന്‍ സാറിനെ നമുക്ക് സര്‍ക്കരിക്കണം. എനിക്ക് അദ്ദേഹത്തിന്റെ അനുഗ്രഹം വേണം...
കടമ്മനിട്ട രാമകൃഷ്ണനോടു സംസാരിച്ചു. അദ്ദേഹം സമ്മതിച്ചു. എയര്‍ലൈന്‍സില്‍ ഡബിള്‍ കം ബുക്ക് ചെയ്തു. അവര്‍ വിശദമായി സംസാരിച്ചു. ലങ്കേശിനെയും ചന്ദ്രശേഖര കമ്പാര്‍, നിസ്സാര്‍ അഹ്‌മദ് എന്നീ കന്നട കവിതകളിലുള്ള വരെ കടമ്മന്‍ വിശദീകരിക്കുന്നതു കേട്ടപ്പോള്‍ വേണുഗോപാലിന് അതിശയമായി.
എന്നേക്കാളും അറിവ് ഞങ്ങളുടെ ഭാഷാ കവികളെക്കുറിച്ച് കടമ്മനിട്ടയ്ക്കറിയാം.
ഞാന്‍ നിര്‍ബന്ധിച്ചു. കടമ്മനിട്ട ആദ്യം 'കോഴി' എന്ന പ്രശസ്ത കവിത ചൊല്ലി. കവിത ചൊല്ലി നിര്‍ത്തിയതും വേണുഗോപാല്‍ കവിയുടെ കാല്‍ക്കല്‍ വീണു നമസ്‌കരിച്ചു. കന്നഡ സംസ്‌കാരത്തില്‍ പാദ പൂജ പ്രസിദ്ധമാണല്ലോ. കടമ്മനിട്ടയ്ക്ക് എടനീര്‍ മഠത്തില്‍ പോകണമെന്നു പറഞ്ഞപ്പോള്‍ പിറ്റേന്ന് രാവിലെ ടാക്‌സി കാര്‍ സംഘടിപ്പിച്ച് വേണു ഹെഡ് പോസ്റ്റോഫീസിലെത്തി. സ്വാമി കേശവാനന്ദ ഭാരതി കടമ്മനെ പുഷ്പ ഹാരവുമായി സ്വീകരിച്ചു. ഏറെ നേരം സംസാരിച്ചു. വേണുഗോപാല്‍ സ്വാമിജിയോട് കടമ്മനിട്ടയുടെ കവിതാലാപനം കേള്‍ക്കാന്‍ ആവശ്യപ്പെട്ടു. മിനി ആഡിറ്റോറിയത്തിലേക്ക് സ്വാമിജി കടമ്മനെ ആനയിച്ചു. 30 പേരടങ്ങുന്ന സദസ്. വേണുഗോപാല്‍ കന്നഡയില്‍ ഒരു പരിചയപ്പെടുത്തല്‍ അനുഷ്ഠിച്ചു. കടമ്മനിട്ട എന്നോട് ചോദിച്ചു.
'ഏതാണ് സ്വാമിക്ക് ഇഷ്ടമാവുക'
'കടമ്മനിട്ട...'
കടമ്മനിട്ടയ്ക്ക് ആ നിര്‍ദ്ദേശം ഇഷ്ടമായി. പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ട ഗ്രാമത്തിന്റെ എല്ലാ നേര്‍ക്കാഴ്ചകളും അക്കാലം എടനീരിനുണ്ട്. നെല്ലിന്‍തണ്ടുമണക്കും വഴികളും...മറ്റും..
ഇന്നും എന്റെ മനസില്‍ ആ കവിതാ ആലാപനം കേള്‍ക്കുന്ന കേശവാനന്ദഭാരതി അവര്‍കളുടെ പ്രസന്ന മുഖം ജ്വലിക്കുന്നു. കടമ്മനിട്ട, കോഴി, ദേവീസ്തവം തുടങ്ങിയ കവിതകള്‍ കടമ്മനിട്ട അതിശക്തം ആലപിച്ചു. നെയ്യടക്കം ചതുര്‍വിഭവങ്ങളുള്ള സദ്യ.. സ്വാമിജി ഭക്ഷിക്കുന്ന ഞങ്ങളെ നോക്കി ഇരുന്നത്...
പിരിയുമ്പോള്‍ ചെറിയൊരു സമ്മാനവും സ്വാമിജി കടമ്മനിട്ടയ്ക്ക് അര്‍പ്പിച്ചു. ഒരു നല്ല രുദ്രാക്ഷ മാല.
വേണുഗോപാല്‍ കന്നഡ കവിതയിലെ ആധുനിക മുഖമായിരുന്നു. കെ.വി. തിരുമലേശ് ഒരിക്കല്‍ സുഹൃദ് സംഭാഷണ മധ്യേ എന്നോട് സൂചിപ്പിച്ചു.
നല്ല ഇമേജറികള്‍ വേണുവിന്റെ കവിതയില്‍ ശ്രദ്ധേയമാണ്. വേണു ബംഗ്ലൂരില്‍ ആയിരുന്നെങ്കില്‍ ഇന്നത്തേതിലും ശ്രദ്ധിക്കപ്പെടുമായിരുന്നു.
ശരിയാണ്. മലയാള എഴുത്തുകാര്‍ക്ക് കാസര്‍കോട് രക്ഷ നല്‍കുന്നില്ല എന്നതുപോലെ കാസര്‍കോട്ടെ കന്നഡ കവികള്‍ ബംഗ്ലൂര്‍ തങ്ങളുടെ ആസ്ഥാനമാകാത്തതില്‍ പരിഭവിച്ചു.
വേണുഗോപാലിന്റെ കവിതകള്‍ കന്നടയില്‍ വായിച്ച് കന്നഡ സുഹൃത്തുക്കള്‍ എനിക്ക് അര്‍ത്ഥം വിശദീകരിച്ചു തന്നിട്ടുണ്ട്. (13 വര്‍ഷം കാസര്‍കോടന്‍ ജീവിതത്തില്‍ കന്നഡ ലിപി പഠിച്ചില്ല എന്നത് നഷ്ടക്കണക്കില്‍ ഞാന്‍ സങ്കടപൂര്‍വ്വം കുറിക്കുന്നു.)
ഇമേജറികളും നവീന പദസമ്പത്തും എന്നതിലുപരി അതി ശക്തമായ ആക്ഷേപ ഹാസ്യവും നൊമ്പരപ്പെടുത്തുന്ന ചില അടയാളങ്ങളും വേണുഗോപാലിന്റെ കവിതയിലുണ്ട്. ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതുന്നതിനും എത്രയോ മുമ്പ് 'മുടി' നാരുണ്ടെന്റെ കഴലുകെട്ടാതെ എന്ന സൂക്ഷ്മ പ്രയോഗം വേണുഗോപാല്‍ ഉപയോഗിച്ചത് ഞാന്‍ ശ്രദ്ധിച്ചു. 'അമ്മ' വേണുവിന്റെ കവിതകളില്‍ നൊമ്പരമായി നിഴല്‍ വീശിയിരുന്നു. അദ്ദേഹത്തിന്റെ അമ്മ സ്ഥിരം വെറ്റില മുറുക്കാറുണ്ടായിരുന്നുവത്രെ. കോളേജിലെ ക്ലാസ് റൂം വിട്ടാല്‍ സ്റ്റാഫ് റൂമില്‍ കയറാതെ ഒറ്റയ്ക്കിരുന്ന് 'മുറുക്കാന്‍' തയ്യാറാക്കുന്ന വേണുവിനെ ചില ശിഷ്യര്‍ സ്മരിച്ചിട്ടുണ്ട്. വെറ്റിലയും നൂറും പുകയിലയും പുത്തന്‍ രുചിക്കൊപ്പം ജന്മവും നല്‍കുന്നുവെന്ന് വേണുഗോപാല്‍ കവിതയിലുണ്ട്.
നല്ല അധ്യാപകനായിരുന്നു വേണുഗോപാല്‍. കന്നഡയിലെ പ്രാക്തന സാഹിത്യ ഗവേഷണങ്ങളില്‍ വേണു തല്‍പ്പരനായിരുന്നു. ഒരിക്കല്‍ അനന്തമൂര്‍ത്തിയുമായി സംസാരിക്കവേ ഞാന്‍ വേണുഗോപാലിനെ പരാമര്‍ശിച്ചു.
'യേസ്; നല്ല എഴുത്തുകാരന്‍ മാത്രമല്ല, കന്നഡ പഴയ ചരിത്രങ്ങളെ ബോധ്യമുള്ള ആള്‍കൂടിയാണ് ഡോ. വേണുഗോപാല'
മാരകമായ രോഗം ആ സുന്ദര ശരീരത്തെ കാര്‍ന്നു തിന്നു.
രോഗം അറിഞ്ഞിട്ടും ആരെയും അറിയിക്കാതെ ഏറെ നാള്‍ കൊണ്ടു നടന്നു. ഒടുവില്‍ 2005 ലാണെന്നാണ് ഓര്‍മ്മ; വേണു യാത്രയായി. നവീന കന്നഡ സാഹിത്യത്തിന് കനത്ത ആഘാതമായിരുന്നു ആ വേര്‍പാട്. അശ്രുപൂജ വേണു...

Related Articles
Next Story
Share it