കവി ബിജു കാഞ്ഞങ്ങാട് അന്തരിച്ചു

കാഞ്ഞങ്ങാട്: യുവകവിയും അധ്യാപകനും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു. 46 വയസായിരുന്നു. മാവുങ്കാല്‍ സഞ്ജീവനി ആസ്പത്രിയില്‍ ആന്‍ജിയോ പ്ലാസ്റ്റി ചികിത്സയ്ക്ക് വിധേയനായി ഇന്ന് ആസ്പത്രി വിടാനിരിക്കെയാണ് അന്ത്യം. ഇന്നലെ സന്ധ്യയ്ക്ക് ഏഴുമണിയോടെ അസ്വസ്ഥത അനുഭവപ്പെട്ട് രക്തം ഛര്‍ദ്ദിച്ചിരുന്നു. ഇതോടെ തളര്‍ച്ച അനുഭവപ്പെട്ടു. തുടര്‍ന്ന് മംഗളുരു ആസപത്രിയില്‍ കൊണ്ടുപോവുകയായിരുന്നു. മംഗളൂരില്‍ എത്തുമ്പോഴേക്കും നില വഷളായിരുന്നു. പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം. മൂന്ന് ദിവസം മുമ്പാണ് നെഞ്ചുവേദനയെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. മാവുങ്കാല്‍ രാമനഗരം സ്വാമി രാമദാസ് മെമ്മോറിയല്‍ ഗവ. ഹയര്‍ […]

കാഞ്ഞങ്ങാട്: യുവകവിയും അധ്യാപകനും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു. 46 വയസായിരുന്നു. മാവുങ്കാല്‍ സഞ്ജീവനി ആസ്പത്രിയില്‍ ആന്‍ജിയോ പ്ലാസ്റ്റി ചികിത്സയ്ക്ക് വിധേയനായി ഇന്ന് ആസ്പത്രി വിടാനിരിക്കെയാണ് അന്ത്യം. ഇന്നലെ സന്ധ്യയ്ക്ക് ഏഴുമണിയോടെ അസ്വസ്ഥത അനുഭവപ്പെട്ട് രക്തം ഛര്‍ദ്ദിച്ചിരുന്നു. ഇതോടെ തളര്‍ച്ച അനുഭവപ്പെട്ടു. തുടര്‍ന്ന് മംഗളുരു ആസപത്രിയില്‍ കൊണ്ടുപോവുകയായിരുന്നു. മംഗളൂരില്‍ എത്തുമ്പോഴേക്കും നില വഷളായിരുന്നു. പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം. മൂന്ന് ദിവസം മുമ്പാണ് നെഞ്ചുവേദനയെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. മാവുങ്കാല്‍ രാമനഗരം സ്വാമി രാമദാസ് മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനാണ്. മലയാളത്തിലെ അറിയപ്പെടുന്ന യുവ കവികളില്‍ പ്രമുഖനാണ് ബിജു. മലയാളത്തിലെ ആനുകാലികങ്ങളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചു വരുന്നു. 2005ല്‍ സാഹിത്യ അക്കാദമിയുടെ ദേശീയ കവി സമ്മേളനത്തില്‍ മലയാളത്തെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തു. കാഞ്ഞങ്ങാട്ട് അടുത്തിടെ നടന്ന കാവ്യോത്സവത്തില്‍ സജീവമായി രംഗത്തുണ്ടായിരുന്നു. ഉത്തരദേശം ദിനപത്രത്തിലെ വാരാന്തപ്പതിപ്പിന് വേണ്ടി വര്‍ഷങ്ങളോളം അദ്ദേഹം ചിത്രങ്ങള്‍ വരച്ചിരുന്നു. നോവല്‍, കഥ, കവിത എന്നിവയ്ക്ക് വേണ്ടി ബിജു വരച്ച ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മഞ്ഞയിലയോട്, അഴിച്ചുകെട്ട് (കവിതകള്‍), ജൂണ്‍ (പ്രണയ കവിതകള്‍), ഉച്ചമഴയില്‍ (കവിതകള്‍), വെള്ളി മൂങ്ങ (രണ്ട് ദീര്‍ഘ കവിതകള്‍), പുലിയുടെ ഭാഗത്താണ് ഞാനിപ്പോഴുള്ളത് (കവിതകള്‍), ഉള്ളനക്കങ്ങള്‍ (പ്രണയ കവിതകള്‍), വാക്കിന്റെ വഴിയും വെളിച്ചവും (പഠനം), കവിത മറ്റൊരു ഭാഷയാണ് (പഠനം) എന്നിവയാണ് പ്രധാന കൃതികള്‍.
2013ല്‍ മഹാകവി പി. സ്മാരക യുവകവി പ്രതിഭാപുരസ്‌കാരം, 2015ല്‍ മൂടാടി ദാമോദരന്‍ സ്മാരക കവിതാപുരസ്‌കാരം, 2017ല്‍ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ പുരസ്‌കാരം എന്നിവ ലഭിച്ചിരുന്നു. മൃതദേഹം വൈകിട്ട് മൂന്നിന് രാമനഗര്‍ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും. നാല് മണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
കിഴക്കുംകരയിലെ പരേതനായ നാരായണന്‍ ലീല-ദമ്പതികളുടെ മകനാണ്. ഭാര്യ: ഗ്രീഷ്മ തലശ്ശേരി (അധ്യാപിക, രാമനഗരം സ്വാമി രാമദാസ് മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍). സഹോദരങ്ങള്‍: ഗീത, രാജു, ബൈജു.

Related Articles
Next Story
Share it