കാസര്‍കോട് പബ്ലിക് സര്‍വന്റ്‌സ് ഏര്‍പ്പെടുത്തിയ 2022 ലെ കവിതക്കുള്ള അവാര്‍ഡ് സുറാബിന്റെ ‘എന്റെ കവിതകള്‍’ എന്ന സമാഹാരത്തിനായിരുന്നു. അതിന്റെ വായനയിലൂടെ കടന്നുപോകുമ്പോള്‍ വല്ലാത്തൊരു അടുപ്പം ആ കവിതകളുമായി നമുക്കുണ്ടാവുന്നു. പ്രവാസ ജീവിതത്തിന്റെ അനുഭവങ്ങളിലൂടെ ജീവിതത്തിന്റെ ഏറിയ കൂറും കടന്നു പോയ സുറാബ് ആനുകാലികങ്ങളില്‍ കഥ, കവിത, ലേഖനം നോവല്‍, ജീവിതം എന്നിവ എഴുതുന്നു. ഇതിനകം നാല്‍പ്പതിലേറെ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.
‘എന്റെ കവിതകള്‍’ സുറാബിന്റെ കവിതകളുടെ ഒരു ബൃഹത് സമാഹാരമാണ്. കാലത്തിന്റെ ചേറിയതും ചേറിപ്പെറുക്കാത്തതുമായ ജീവിതം പറയുന്ന കവിതകള്‍. സങ്കടങ്ങള്‍ക്ക് പിന്നില്‍ ഒളിപ്പിച്ച നര്‍മ്മത്തിന്റെ തീക്ഷ്ണമായ കല്‍പ്പനകളാണ് മിക്ക കവിതകളിലും. രാഷ്ട്രീയ, സാമൂഹിക, പ്രാദേശിക, വൈയക്തിക ബോധത്തില്‍നിന്ന് ഉരുവം കൊണ്ട കാവ്യ വാങ്മയങ്ങളാണ് ഇവയൊക്കെ. സഹനങ്ങളിലൂടെയും പീഡനങ്ങളിലൂടെയും കടന്നുവന്ന ഭൂതകാലമാണ് കവിയുടേത്. ഭൂതകാലത്തില്‍ കവി അനുഭവിച്ച വിഷമതകളും നിറക്കൂട്ടുകളായ സന്തോഷാനുഭവങ്ങളും ആലങ്കാരികമായ ഭാഷയില്‍ സംസാരിക്കുകയാണ് തന്റെ കവിതകളിലൂടെ ചെയ്യുന്നത്. അവയില്‍ പ്രചുരപ്രചോദിതമായ കവിതകള്‍ ഒട്ടനവധിയുണ്ട്. വ്യാകരണം ഇല്ലാത്ത കവിത എന്ന് സ്വയം കവി ചെറുതാകുന്നുണ്ടെങ്കിലും വ്യാകരണവും വൃത്തവും താളവും ഓളവും ലയവും അലങ്കാരവും അദ്ദേഹത്തിന് വേണ്ടുവോളമുണ്ട്. എല്ലാം വേണ്ടിടത്ത് വേണ്ടപോലെ ചേര്‍ത്തുനിര്‍ത്തിയിട്ടുള്ള കവിതകള്‍. കാലത്തിന്റെ നെരിപ്പോടില്‍നിന്ന് പതംവന്നത് പെറുക്കിയും കുറുക്കിയും കാച്ചിയും വറ്റിച്ചെടുത്ത എഴുത്തുകള്‍. വേറിട്ട രചനാരീതി അതിശയിപ്പിക്കുന്നതാണ്. കുഞ്ഞുണ്ണി മാഷിന്റെ ശിഷ്യന്‍. അതിന്റെ പൊലിമ മിക്കകവിതകളിലും ഒളിമിന്നുന്നു. ഒരു തീര്‍ത്ഥാടനംപോലെയാണ് എന്റെ കവിതകള്‍. വായിക്കുമ്പോള്‍ നമ്മെ അനുഭവിപ്പിക്കുന്ന വികാരവിചാരങ്ങള്‍. ചിലയിടങ്ങളില്‍ പ്രാസയുക്തികൊണ്ട് സങ്കലമാകുന്നു. മറ്റുചിലയിടത്ത് ലയതാളാത്മകതകൊണ്ട് ഗദ്യവും പദ്യവും ഇടകലരുന്നു. ചുരുക്കത്തില്‍ ശക്തമായ കാവ്യമുദ്രകളുള്ള ഗദ്യ കവിതകളുടെ സങ്കലനവും സമാവര്‍ത്തനവുമാണ്.
കവിതയുടെ ആസ്വാദനത്തില്‍ ഫ്യൂഡല്‍ ഭൂതകാലത്തിന്റെ പീഡിത ജീവിതങ്ങള്‍ തോറ്റിയുണര്‍ത്തുന്നു. നിന്ദിതന്റെയും പീഡിതന്റെയും കൂടെനില്‍ക്കുന്നു. വടക്കന്‍ കേരളത്തിന്റെ ഭാഷാസ്വരൂപത്തെ ചേര്‍ത്തുനിര്‍ത്തിയുള്ള രചനകള്‍.
‘രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ ‘ എന്ന കവിതയില്‍
‘രണ്ടുപേര്‍
ചുംബിക്കുമ്പോള്‍
ലോകം മാറുന്നു.
ഞാന്‍ നിന്നെ
ചുംബിക്കുമ്പോള്‍
ഞാന്‍ മാത്രം മാറുന്നു,
നിന്റെ ആങ്ങളമാരുടെ
തല്ലുകൊണ്ട്’
‘വിത്തിട്ടപ്പോള്‍’ എന്ന
കവിതയില്‍
‘വിത്തിട്ടപ്പോള്‍ ആദ്യം
മുള വന്നത്
കവിതയായിരുന്നു.
പിന്നെ ഒട്ടും കാത്തില്ല.
കണ്ടം നിറയെ
കവിയരങ്ങായി’.
ഇങ്ങനെ കവിതയെപ്പോലും പരിഹസിക്കുന്ന ഇതിവൃത്തം. മറ്റൊരു കവിതയില്‍
‘കോവണി കയറി പോകുന്നത് ഒരു കവിതയാണ്. മദ്യപിച്ചിട്ടുണ്ട്’എന്നും മറ്റൊരിടത്ത് ‘രാവിലെ എഴുതിത്തുടങ്ങിയ കവിക്ക് ഉച്ചയാകുമ്പോഴേക്കും ജ്ഞാനപീഠം വേണം.’ എന്നും എഴുതുമ്പോള്‍ കവിതയില്‍ സുറാബ് ഉപയോഗിക്കുന്ന ഹാസ്യത്തിന്റെ മേമ്പൊടികളല്ല, ഹാസ്യം തന്നെ സ്ഫുരിക്കുന്നു. മാപ്പിളപ്പാട്ടിന്റെ ശൈലിയില്‍ എഴുതിയ കയ്യൂര്‍മാല പ്രത്യേക ശ്രദ്ധ ആകര്‍ഷിക്കുന്നു. ‘കാര്യങ്കോട്ടച്ചുവും, ഖാദറും കാലവും ദേശം വിറപ്പിച്ച ചെങ്കൊടിയായോവര്‍’ എന്നു പറയുമ്പോള്‍ കാലം ഉറഞ്ഞുതുള്ളുന്നു. പെരുമ്പറ മുഴങ്ങുന്ന പോലുള്ള വരികള്‍.
‘അച്ഛന്റെ കാലു വലുതാണ്
അമ്മയുടെ
വര്‍ത്തമാനത്തിലെ കാലമാടന്‍’. എന്തൊരു എഴുത്താണിത്? കാര്യം പറയുകയും കൂടെ ഹാസ്യം ചേര്‍ക്കുകയും ചെയ്യുന്ന രീതി. ഒരു കൊലപാതകത്തെക്കുറിച്ച് ‘കഴുത്തിന് ഒരു വെട്ട്. പിന്നെ നിലവിളിയും തുന്നിക്കെട്ടും’
കമ്പോളം എന്ന കവിതയില്‍
‘ പത്തൊമ്പത് കൊല്ലം
പൊന്നുപോലെ
നോക്കിയ ആള്‍
ഇരുപതാമത്തെ
കൊല്ലം മൊത്തമായും
തൂക്കി വിറ്റു
ഇപ്പോള്‍ അവള്‍
ചെമ്പു കച്ചവടക്കാരന്റെ
കൂടെയാണ്’. പുതിയ
കാലത്തെ പ്രണയവും ഒളിച്ചോടലും ധ്വനിക്കുന്ന കവിത. മന്ത്രവാദവും ആവാഹനവും ഉച്ചാടനവും അനുഷ്ഠാനവും മലയാള ജീവിതവും ഇടകലര്‍ന്ന ഒരു ആകാശത്തില്‍ സങ്കല്‍പ്പിക്കുന്ന ബ്രാഹ്മ ഭാവനയാണ് ‘കാമസൂത്രം’ എന്ന കവിത. ഈ സമാഹാരത്തിലെ തന്നെ മികച്ച സൃഷ്ടികളിലൊന്നായി തിരഞ്ഞെടുത്തിരിക്കുകയാണ് ഈ കവിതാ സമാഹാരത്തിന് അവതാരിക എഴുതിയ ഡോ.വി.സി.ശ്രീജന്‍ മാഷ്.
‘ഈറനുടുത്തു വരിക,
ഇറയത്ത് കത്തിച്ചു
വെക്കുമീ കരിന്തിരി
വെട്ടത്തില്‍ കൈകൂപ്പി
നില്‍ക്കുക,
കൈവളകളൂരുക,
തിരിയൂതിക്കെടുത്തുക,
പിന്നെ, ചാണകത്തറയില്‍
നിലംചേര്‍ന്ന്
നനഞ്ഞൊട്ടുക,
തുളസിപൂക്കും കരളില്‍
കന്യകയുടെ താളം.
കിണ്ടിയില്‍ വെള്ളം
നിറയ്ക്കുക,
മന്ത്രജലംകൊണ്ട്
ദേഹം നനയ്ക്കുക,
മുറുക്കിക്കെട്ടിയ
ചരടഴിക്കുക,
വെറ്റില മുറുക്കുക,
മുത്തി മുത്തി
ചുവപ്പിക്കുക.
മുറ്റം മെതിക്കുക,
അടുപ്പില്‍
പാല്‍ക്കഞ്ഞിയും
കാമവും തിളപ്പിക്കുക,
മുറവിളിയില്ലാതെ
മൂക്കുതൊടാതെ
വീര്‍ത്ത വയറുഴിഞ്ഞ്
മൂക്കുത്തിയഴിക്കുക,
നഗ്‌നമാണിവിടെ വേദം
നഗ്‌നമാണിവിടെ സത്യം
പരിത്രാണായ സാധൂനാം’…
ഇങ്ങനെ പോകുന്നു ആ വരികള്‍.
സുറാബിന്റെ കവിതകളില്‍ ഉപഹാസം അതിശക്തമായ മേമ്പൊടിയാണ്. കവിത എല്ലാവരും വായിക്കണമെന്ന് ഈ കവി ആഗ്രഹിക്കുന്നു. ആളുകളെ വായിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന അതിവിശിഷ്ടമായ ഒരു താളബോധം ഗദ്യ കവിതകളില്‍പോലും കാണാം. മതേതരമാണ് ഒട്ടുമിക്ക കാവ്യ വിഷയവും. എന്നിട്ടും മാപ്പിളപ്പാട്ടിന്റെ താളം പുലര്‍ത്താന്‍ കവി അബോധത്തിലൂടെയെങ്കിലും ശ്രമിക്കുന്നു. സാദൃശ്യംകൊണ്ട് ചിരിപരത്താന്‍ ഈ വടക്കന്‍ കവിക്ക് കഴിയുന്നുണ്ട്. കവി പീഡിതന്റെ കൂടെതന്നെയാണ്. പഴയ രാജാക്കന്മാര്‍ ചിരികൊണ്ട് ചവച്ചു തുപ്പുമ്പോള്‍ സുറാബിന്റെ കവിത പീഡിതന്റേയും പരാജിതന്റേയും കൂടെനില്‍ക്കുന്നത് എന്റെ കവിതകളുടെ ശ്വാസഗതിയില്‍ തീര്‍ച്ചയായും കാണാം. അങ്ങനെ നിരന്തരമായ കാവ്യ സപര്യയിലൂടെ കവി തന്റെ സാന്നിധ്യം അരക്കിട്ടുറപ്പിക്കുന്നു.
–രാഘവന്‍ ബെള്ളിപ്പാടി