കവിതകളില്‍ നിറയുന്നത് മനസിന്റെ സൗന്ദര്യം-പി.കെ. ഗോപി

കാസര്‍കോട്: ഹുബാഷിക പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച എം.എ ഖാദര്‍ പള്ളത്തിന്റെ ഒരിക്കലും അടയാത്ത വാതില്‍ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം നിര്‍വഹിച്ച് പ്രശസ്ത കവിയും സിനിമാഗാന രചയിതാവുമായ പി.കെ ഗോപി നടത്തിയ കാവ്യാത്മകത തുളുമ്പുന്ന പ്രസംഗം നിറഞ്ഞ സദസിനെ ഹഠാദാകര്‍ഷിച്ചു. പ്രാണന്‍ വസിക്കാനുള്ള ആരൂഢം മാത്രമായി ശരീരം മാറിയെന്നും ശരീരത്തെ മാത്രം ബ്യൂട്ടിപാര്‍ലറിലേക്ക് കൊണ്ടുപോയാല്‍ പോരാ, മനസിനെയും സൗന്ദര്യ വല്‍ക്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മനസിന്റെ സൗന്ദര്യം എവിടെയാണെന്ന് ചോദിച്ചാല്‍ അത് കവിതകളില്‍ ഉണ്ടെന്ന് പറയാന്‍ കഴിയും. സര്‍ഗാത്മകതയുടെ പ്രാണന്‍ സൗന്ദര്യമാണ്. […]

കാസര്‍കോട്: ഹുബാഷിക പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച എം.എ ഖാദര്‍ പള്ളത്തിന്റെ ഒരിക്കലും അടയാത്ത വാതില്‍ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം നിര്‍വഹിച്ച് പ്രശസ്ത കവിയും സിനിമാഗാന രചയിതാവുമായ പി.കെ ഗോപി നടത്തിയ കാവ്യാത്മകത തുളുമ്പുന്ന പ്രസംഗം നിറഞ്ഞ സദസിനെ ഹഠാദാകര്‍ഷിച്ചു. പ്രാണന്‍ വസിക്കാനുള്ള ആരൂഢം മാത്രമായി ശരീരം മാറിയെന്നും ശരീരത്തെ മാത്രം ബ്യൂട്ടിപാര്‍ലറിലേക്ക് കൊണ്ടുപോയാല്‍ പോരാ, മനസിനെയും സൗന്ദര്യ വല്‍ക്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മനസിന്റെ സൗന്ദര്യം എവിടെയാണെന്ന് ചോദിച്ചാല്‍ അത് കവിതകളില്‍ ഉണ്ടെന്ന് പറയാന്‍ കഴിയും. സര്‍ഗാത്മകതയുടെ പ്രാണന്‍ സൗന്ദര്യമാണ്. അത് സത്യത്തോട് ചേര്‍ന്ന് നില്‍ക്കുന്നു. ഇത് രണ്ടും ചേര്‍ന്നുനില്‍ക്കുമ്പോഴാണ് കവിത സജീവമാകുന്നതെന്നും പി.കെ ഗോപി പറഞ്ഞു. പ്രകൃതി നമുക്ക് എല്ലാം സൗജന്യമായി തരുന്നു. കാവ്യാത്മകതമായതെല്ലാം സൗജന്യമാണ്. മഴയും കാറ്റും കടലും പുഴയുമെല്ലാം പ്രകൃതി നമുക്ക് സൗജന്യമായി തന്നതാണ്. നല്ലതിനെ മറന്ന് നാം പലതിനെയും കു ചേര്‍ത്ത് വിളിക്കുന്നു. കുഗ്രാമമെന്നും കുബുദ്ധിയെന്നും വിശേഷിപ്പിക്കുന്ന നാം സു എന്ന് ചേര്‍ത്ത് സുഗ്രാമമെന്നും സുബുദ്ധിയെന്നും വിളിക്കാത്തത് എന്തേ എന്ന് കവി ചോദിച്ചു.
ജീവനുള്ള ഒരുപിടി പച്ചമണ്ണ് കൈവെള്ളയിലിരുന്ന് ചിരിക്കുകയും ദിവ്യമായി കരയുകയും വെളിപാട് പോലെ ചിലത് ഉച്ചരിക്കുകയും ചെയ്യുന്ന വരികളാണ് ഖാദര്‍ പള്ളത്തിന്റെ കവിതയിലൂടെ താന്‍ വായിച്ചെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. പദങ്ങളുടെ പ്രൗഢിയല്ല, സ്‌നേഹ ലാളിത്യത്തിന്റെ നൈസര്‍ഗിക തേജസാണ് ഖാദറിന് പ്രിയമെന്നും വെറും കാഴ്ചകളല്ല അകദര്‍ശനമാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും പി.കെ. ഗോപി പറഞ്ഞു.
നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ പുസ്തകം ഏറ്റുവാങ്ങി. വി. അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. എം.വി. സന്തോഷ് കുമാര്‍ സ്വാഗതം പറഞ്ഞു. അനില്‍ നീലാംബരി പുസ്തക പരിചയം നടത്തി. നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി എം.എ മാത്യു, സിനിമാ പിന്നണി ഗായകന്‍ പി.കെ സുനില്‍ കുമാര്‍, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, പത്മനാഭന്‍ ബ്ലാത്തൂര്‍, അബ്ദുല്ല കുഞ്ഞി ഖന്നച്ച, ടി.എ. ഷാഫി, രേഖാ കൃഷ്ണന്‍, അബൂബക്കര്‍ ഗിരി, എം.എ അമീര്‍ പള്ളം പ്രസംഗിച്ചു.
ഖാദര്‍ പള്ളം മറുമൊഴി നടത്തി. ശോഭന ടീച്ചര്‍, ഗിരിധര്‍ രാഘവന്‍, സഗീര്‍ എന്നിവര്‍ കവിതകളും ശിവദ മധു ഗാനങ്ങളും അവതരിപ്പിച്ചു. ലത്തീഫ് ചെമ്മനാട്, ഇന്ദിരാ ശ്രീധര്‍ എന്നിവര്‍ പി. കെ ഗോപിയെ ഷാളണിയിച്ചു. സിദ്ദീഖ് പടുപ്പില്‍ ഖാദര്‍ പള്ളത്തിന് ഉപഹാരം നല്‍കി. ഹമീദ് കാവില്‍ നന്ദി പറഞ്ഞു.

Related Articles
Next Story
Share it