´കടലോലം...´

മത്സ്യം തരുന്ന ഇടം എന്നതിനപ്പുറം അനന്തമായ വിസ്മയ ലോകമാണ് കടലും സമുദ്രവും. മുത്തുകളുടെയും രത്‌നങ്ങളുടെയും കലവറയാണീ കടല്‍. എണ്ണിയെണ്ണി പറയാനാവാത്ത പലവിധ അമൂല്യ സ്രോതസുകളുടെ ഉറവിടമാണത്. കാലാവസ്ഥ നിയന്ത്രിക്കുന്നതും നമ്മുടെ ജീവന്‍ നിലനിര്‍ത്താനാവശ്യമായ ഓക്‌സിജന്റെ നല്ലൊരു ശതമാനം തരുന്നതും കടലാണ്. ജൈവവൈവിധ്യങ്ങളുടെ അക്ഷയഖനിയായ കടലിനെ നമ്മള്‍ കൊല്ലാക്കൊല ചെയ്യുകയാണിപ്പോള്‍. നിഘണ്ടുവില്‍ ലഭ്യമായ പദങ്ങള്‍ നിരത്തി കടലിനെ വര്‍ണിക്കാന്‍ ആരും പിശുക്ക് കാട്ടാറില്ല. ഓരോ സമുദ്ര ദിനത്തിലും ഈ വര്‍ണന തുടരുകയാണ് നമ്മള്‍. പക്ഷേ ആ ദിനം പിന്നിടുമ്പോഴും […]

മത്സ്യം തരുന്ന ഇടം എന്നതിനപ്പുറം അനന്തമായ വിസ്മയ ലോകമാണ് കടലും സമുദ്രവും. മുത്തുകളുടെയും രത്‌നങ്ങളുടെയും കലവറയാണീ കടല്‍. എണ്ണിയെണ്ണി പറയാനാവാത്ത പലവിധ അമൂല്യ സ്രോതസുകളുടെ ഉറവിടമാണത്. കാലാവസ്ഥ നിയന്ത്രിക്കുന്നതും നമ്മുടെ ജീവന്‍ നിലനിര്‍ത്താനാവശ്യമായ ഓക്‌സിജന്റെ നല്ലൊരു ശതമാനം തരുന്നതും കടലാണ്. ജൈവവൈവിധ്യങ്ങളുടെ അക്ഷയഖനിയായ കടലിനെ നമ്മള്‍ കൊല്ലാക്കൊല ചെയ്യുകയാണിപ്പോള്‍. നിഘണ്ടുവില്‍ ലഭ്യമായ പദങ്ങള്‍ നിരത്തി കടലിനെ വര്‍ണിക്കാന്‍ ആരും പിശുക്ക് കാട്ടാറില്ല. ഓരോ സമുദ്ര ദിനത്തിലും ഈ വര്‍ണന തുടരുകയാണ് നമ്മള്‍. പക്ഷേ ആ ദിനം പിന്നിടുമ്പോഴും ഈ കടലുകളും കടലോരങ്ങളും മാലിന്യങ്ങള്‍ വലിച്ചെറിയാനുള്ള കുപ്പത്തൊട്ടിയായി നമ്മള്‍ അംഗീകരിച്ചതുപോലെ.
മനുഷ്യനില്ലെങ്കിലും കടലെന്ന മഹാത്ഭുതം ഈ ഭൂലോക വിസ്തൃതിയുടെ മൂന്നില്‍ രണ്ടു ഭാഗം കയ്യടക്കി ഇവിടെ നിലനില്‍ക്കും. ജീവന്റെ ഉത്ഭവം തന്നെ കടലിലാണെന്ന് ശാസ്ത്രീയ പഠനങ്ങള്‍ തന്നെയുണ്ടായിട്ടുണ്ട്. കടലില്‍ നമ്മള്‍ വലിച്ചെറിയാത്തതായി എന്താണുള്ളത്. മറുവാക്കുപോലും പറയാതെ കടലമ്മ എല്ലാം സ്വീകരിക്കും. വിഴുങ്ങാന്‍ കഴിയുന്നവയൊഴികെ മറ്റെല്ലാം കാര്‍ക്കിച്ച് തുപ്പും. അതെല്ലാം തീരത്തടിഞ്ഞു കുമിഞ്ഞു കൂടുമ്പോള്‍ പരിസ്ഥിതി സംരക്ഷകര്‍ നമ്മളെ നോക്കി കണ്ണുരുട്ടികാണിക്കും. ബോധവല്‍ക്കരണമെന്ന ചെലവുരഹിത അധരസേവനത്തിന്റെ ആയുസ് ആ ദിവസത്തോടെ അവസാനിക്കും.
പ്ലാസ്റ്റിക് എന്ന
മഹാവിപത്ത്
കരയിലായാലും കടലിലായാലും മാലിന്യങ്ങളില്‍ ഏറ്റവും ഭീഷണി പ്ലാസ്റ്റിക് തന്നെ. കടലിന് താങ്ങാവുന്നതില്‍ അപ്പുറത്താണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കടലില്‍ നിക്ഷേപിക്കപ്പെടുന്നത്. ഓരോ വര്‍ഷവും 14 മില്യണ്‍ ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കടലിന് ഭാരമാകുന്നത് എന്നാണ് ആധികാരിക കേന്ദ്രങ്ങളുടെ കണക്ക്. ആകെ മാലിന്യങ്ങളുടെ 80 ശതമാനവും പ്ലാസ്റ്റിക് തന്നെയാണത്രെ. പ്ലാസ്റ്റിക്കുകള്‍ 450 വര്‍ഷം വരെ അതേപടി കടലില്‍ കിടക്കുമെന്ന് യു.എസിലെ നാഷണല്‍ ഓഷ്യനിക് ആന്‍ഡ് അറ്റ്‌മോസ്ഫെറിക്ക് അഡ്മിനിസ്‌ട്രേഷന്‍ പറയുന്നു. മീന്‍ പിടുത്ത വലകള്‍ 600 വര്‍ഷം വരെ കിടക്കുമത്രെ. ഈ നില തുടര്‍ന്നാല്‍ 2050 നോട് അടുക്കുമ്പോഴേക്കും കടലിലെ മത്സ്യ
സമ്പത്തിനേക്കാള്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കടലില്‍ കുമിഞ്ഞു കൂടുമെന്നാണവരുടെ നിഗമനം.
കപ്പലുകളില്‍ നിന്ന് പ്ലാസ്റ്റിക്കുകള്‍ വലിച്ചെറിയുന്ന ശീലം കച്ചവട കപ്പലുകളിലെ നാവികര്‍ എന്നേ മറന്നു. കപ്പലുകളില്‍ നിന്ന് എന്തും ഏതും ഇടം വലം നോക്കാതെ, രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വലിച്ചെറിയാന്‍ ശീലമാക്കിയവരായിരുന്നു നാവികര്‍. പതിറ്റാണ്ടുകള്‍ക്ക് മുന്‍പത്തെ ആ ശീലം ഇപ്പോഴില്ല. അതൊരു രാജ്യാന്തര നിയമമായി കഴിഞ്ഞു. ലംഘിച്ചാല്‍ എന്നെന്നേക്കുമായി ജോലി തെറിക്കുന്ന കര്‍ശന നിയമനങ്ങള്‍ ഇപ്പോള്‍ നിലവിലുണ്ട്. പ്ലാസ്റ്റിക് ഒഴികെയുള്ള മാലിന്യങ്ങള്‍ ഇന്‍സിനറേറ്റില്‍ കത്തിച്ചു കളയാമെങ്കിലും പ്ലാസ്റ്റിക്കുകളും അനുബന്ധ മാലിന്യങ്ങളും ദിവസേന അതിനായുള്ള സഞ്ചികളില്‍ കെട്ടിവെച്ച് അടുത്ത തുറമുഖത്ത് ഏല്‍പ്പിക്കുന്നതാണ് നിലവിലെ രീതി. കടലിന്റെ ഉപരിതലത്തില്‍ ആടിക്കളിക്കുന്ന എല്ലാ പ്ലാസ്റ്റിക് അവശിഷ്ടങ്ങളും കരയില്‍ നിന്നാണ് അവിടെയെത്തുന്നത്. അതില്‍ ഏറെയും കടല്‍ കരയിലേക്ക് തന്നെ തള്ളുന്നു. ഉപേക്ഷിച്ച മീന്‍ പിടുത്ത വലകള്‍, പ്ലാസ്റ്റിക് ബോട്ടിലുകള്‍ തുടങ്ങിയവ കടല്‍ ജീവികള്‍ക്ക് വലിയ ഭീഷണിയാണ്.
സോളാര്‍ അള്‍ട്രാവയലറ്റ് റേഡിയേഷന്റെയും കാറ്റിന്റെയും ഒഴുക്കിന്റെയും സ്വാധീനത്താല്‍, കടലില്‍ തള്ളി വിടുന്ന പ്ലാസ്റ്റിക്കുകള്‍ 5 മില്ലിമീറ്ററിലും കുറഞ്ഞ ചെറുകഷണങ്ങളായി രൂപാന്തരപ്പെടുമ്പോള്‍ അവ അദൃശ്യവസ്തുക്കളായിമാറുന്നു. കടല്‍ ജീവികള്‍ അതെല്ലാം അറിയാതെ അകത്താക്കും. പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിനുള്ള സാങ്കേതിക, ഭൗതിക സംവിധാനങ്ങള്‍ മിക്ക രാജ്യങ്ങളിലും പരിമിതമാണെന്നതിനാല്‍ കടലിലേക്കുള്ള 'തള്ളല്‍' ഏറിവരികയാണ്.
ഇതാ വരുന്നു പ്ലാസ്റ്റിക് ശേഖരിക്കാന്‍ കപ്പല്‍
ഈ വര്‍ഷം സമുദ്ര ദിനം സമാഗതമാകുമ്പോള്‍ സമാശ്വാസമായൊരു പുത്തന്‍ വാര്‍ത്ത യു.എസില്‍ നിന്ന് പുറത്തു വരുന്നുണ്ട്. കടലില്‍ നിന്നും തീരങ്ങളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് അവ ഹൈഡ്രജ വാതകമാക്കി മാറ്റാനുള്ള സാങ്കേതിക സംവിധാനത്തോടെ കപ്പലുകള്‍ നിര്‍മ്മിക്കുന്നുവെന്നതാണ് ആ ശുഭ വാര്‍ത്ത. യു.എ.സിലെ എച്ച്.ടു വ്യവസായ സ്ഥാപനം നേവല്‍ ആര്‍ക്കിട്ടക്ച്ചര്‍ കമ്പനിയും കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്ന ടെക്ണോലോഗ് സര്‍വീസസ്സ് (TECHNOLOG SERVICES) അതിനായി കപ്പല്‍ തന്നെ നിര്‍മിക്കാനുള്ള പ്രാരംഭ നടപടികള്‍ അവിടെ തുടങ്ങിയിട്ടുണ്ട്. സമുദ്ര പ്രേമികള്‍ക്കും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും ലോകത്തിന് മൊത്തത്തിലും ഏറെ ആശ്വാസം നല്‍കുന്ന വിവരമാണ് അവര്‍ മെയ് 17ന് പുറത്തുവിട്ടിരിക്കുന്നത്. ഉദാഹരണത്തിന് 600 കിലോ പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് 100 കിലോ ഹൈഡ്രജന്‍ ഉല്‍പാദിപ്പിക്കാമത്രെ. ഇതു ജൈവ ദ്രാവക ഹൈഡ്രജന്‍ വാഹക വണ്ടിയില്‍ സൂക്ഷിച്ചു വെക്കും. പിന്നീടിത് കരയിലേക്ക് മാറ്റും. 150 മീറ്റര്‍ നീളമുള്ള ഈ കപ്പല്‍ 4 നോട്‌സ് വേഗത്തിലേ സഞ്ചരിക്കു. ധനസമാഹരണം പൂത്തിയായാല്‍ രണ്ട് വര്‍ഷം കൊണ്ട് ഓരോ കപ്പല്‍ വീതം നിര്‍മിക്കാമെന്നു എച്ച്2 കമ്പനി പറയുന്നുണ്ട്.
ലോക സമുദ്ര ദിനം
സമുദ്രത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കാനും അതിന്റെ നാശത്തിലേക്കുള്ള ഇന്നത്തെ അവസ്ഥയ്ക്ക് തടയിടാനുമുള്ള ബോധവല്‍ക്കരണ ദിവസമാണ് ജൂണ്‍8. 1992ല്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ ചേര്‍ന്ന ഭൗമ ഉച്ചകോടിയിലാണ് ഈ ആശയം ആദ്യം പൊങ്ങി വന്നത്.
തത്വത്തില്‍ ഇത് അന്ന് അംഗീകരിച്ചുവെങ്കിലും 2008 ല്‍ ഐക്യരാഷ്ട്ര സഭ ഇതിന് ഔദ്യോഗിക അംഗീകാരം നല്‍കി രാജ്യാന്തര സമുദ്ര ദിനമായി ആചരിക്കുകയാണ്.
കടല്‍, സമുദ്രം
കടലും സമുദ്രവും തമ്മില്‍ എന്താണ് വ്യത്യാസമെന്നത് പലരുടെയും ചോദ്യമാണ്. ഭൂഗോളത്തിന്റെ ഉപരിതലത്തില്‍ വ്യാപിച്ചു കിടക്കുന്ന താണ് കടല്‍.
ഉദാ:അറേബ്യന്‍, മെഡിറ്ററേനിയന്‍, കരിബിയന്‍ മുതലായവ.
ആഴവും പരപ്പും കൂടുമ്പോള്‍ അത് സമുദ്രമാകുന്നു. പെസഫിക്, അറ്റ്‌ലാന്റിക്, ഇന്ത്യന്‍, ആര്‍ട്ടിക്, അന്റാര്‍ട്ടിക് എന്നിവയാണ് സമുദ്രങ്ങള്‍.

Related Articles
Next Story
Share it