കാഞ്ഞങ്ങാട്: വിഷു വിപണിയില്‍ പടക്കങ്ങള്‍ക്ക് പകരമാകാന്‍ പൈപ്പ് ഗണ്ണുകളും. ഇതര സംസ്ഥാനക്കാരാണ് കാഞ്ഞങ്ങാട്ടെ വിഷു വിപണിയിലേക്ക് കൗതുകകാഴ്ചയുമായെത്തിയത്. പടക്കത്തിന് പകരമാക്കാവുന്ന പൈപ്പ് ഗണ്ണിന് ആവശ്യക്കാരും ഏറെയാണ്. വിഷുവിന് ഒരു ദിവസം മാത്രം ബാക്കിയിരിക്കെയാണ് വ്യത്യസ്ത കച്ചവട തന്ത്രവുമായി ഇതര സംസ്ഥാനക്കാരിറങ്ങിയത്. അതിലൊന്നാണ് പൈപ്പ് ഗണ്‍. പൈപ്പും സോക്കറ്റും ലൈറ്ററുമുപയോഗിച്ച് നിര്‍മ്മിച്ച ഉപകരണത്തില്‍ വെല്‍ഡിങിനായുപയോഗിക്കുന്ന കാര്‍ബൈഡ് നിറയ്ക്കുന്നു. പിന്നീട് വെള്ളമൊഴിച്ച് കുലുക്കിയശേഷം ഉപകരണത്തിന്റെ പിറകില്‍ ഘടിപ്പിച്ച ലൈറ്റര്‍ ഓണ്‍ ചെയ്യുമ്പോഴാണ് ഉഗ്ര ശബ്ദത്തോടെ പൊട്ടുന്നത്. കാഞ്ഞങ്ങാട് വിവിധയിടങ്ങളില്‍ വില്‍പനയ്ക്ക് വെച്ച പൈപ്പ് ഗണ്ണിന് ആവശ്യക്കാരേറെയുണ്ട്. ഇത് അപകടകാരിയല്ലെന്നാണ് വില്‍പ്പനക്കാര്‍ പറയുന്നത്. കുരങ്ങ് ഉള്‍പ്പെടെയുള്ള വന്യമൃഗശല്യമുള്ളയിടങ്ങളിലും പൈപ്പ് ഗണ്‍ ഉപയോഗപ്പെടുത്താം.