സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിന് തിരിച്ചടി; ഇ.ഡിക്കെതിരായ ജുഡീഷ്യല്‍ അന്വേഷണം ഹൈകോടതി റദ്ദാക്കി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാരിന് ഹൈകോടതിയില്‍ തിരിച്ചടി. സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമീഷന്‍ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടറുടെ ഹര്‍ജിയിലാണ് ഹൈകോടതി സിംഗിള്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവ്. മുഖ്യമന്ത്രി അധികാര ദുരുപയോഗം നടത്തിയാണ് ജുഡീഷ്യല്‍ കമീഷനെ നിയമിച്ചതെന്നും സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു കമീഷനെ നിയമിച്ചതെന്നും ഇ.ഡി കോടതിയില്‍ വാദിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ മൂന്നാം എതിര്‍ കക്ഷിയാക്കിയാണ് ഇ.ഡി […]

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാരിന് ഹൈകോടതിയില്‍ തിരിച്ചടി. സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമീഷന്‍ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടറുടെ ഹര്‍ജിയിലാണ് ഹൈകോടതി സിംഗിള്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവ്.

മുഖ്യമന്ത്രി അധികാര ദുരുപയോഗം നടത്തിയാണ് ജുഡീഷ്യല്‍ കമീഷനെ നിയമിച്ചതെന്നും സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു കമീഷനെ നിയമിച്ചതെന്നും ഇ.ഡി കോടതിയില്‍ വാദിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ മൂന്നാം എതിര്‍ കക്ഷിയാക്കിയാണ് ഇ.ഡി കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.

ജസ്റ്റിസ് വി.കെ. മോഹനന്‍ അധ്യക്ഷനായാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ കമീഷനെ നിയമിച്ചത്. ഇ.ഡിക്ക് ഇത്തരത്തിലൊരു ഹരജി നല്‍കാന്‍ അധികാരമില്ലെന്നായിരുന്നു കോടതിയില്‍ സര്‍ക്കാര്‍ വാദം. എന്നാല്‍ കേന്ദ്ര ഏജന്‍സിക്കെതിരെ ജുഡീഷ്യല്‍ കമീഷനെ നിയമിക്കാന്‍ സര്‍ക്കാറിന് അധികാരമില്ലെന്ന് കോടതി നിരീക്ഷിച്ചു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി കേസില്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കും. ഇതിനുശേഷം കോടതി വിശദമായ വാദം കേള്‍ക്കും.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേര് പറയാന്‍ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ഇ.ഡി നിര്‍ബന്ധിക്കുന്നു എന്ന മൊഴി പുറത്തുവന്നതിന് പിന്നാലെയാണ് ഇക്കാര്യങ്ങള്‍ അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കമീഷനെ നിയമിച്ചത്. കള്ളപ്പണം വെളുപ്പിച്ച കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെ പ്രതികളായ സ്വപ്ന, സന്ദീപ് എന്നിവരോട് മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇ.ഡി ഉദ്യോഗസ്ഥന്‍ നിര്‍ബന്ധിച്ചുവെന്നാണ് ആരോപണം.

അതേസമയം, കോടതി വിധിയില്‍ തുടര്‍ നടപടികള്‍ പരിശോധിക്കുമെന്നും ജുഡീഷ്യല്‍ കമ്മീഷനെ വെച്ചത് നിയമപരമാണെന്നും സി.പി.എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ പ്രതികരിച്ചു. അധികാര പരിധിക്കുള്ളില്‍ നിന്നാണ് സര്‍ക്കാര്‍ തീരുമാനം എടുത്തത്. സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനത്തില്‍ ഇടപെടുന്ന സാഹചര്യമുണ്ടായപ്പോഴാണ് അതിന്റെ പിന്നിലുള്ള കാര്യം കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

Related Articles
Next Story
Share it