70-80 കളിലെ ഭിഷഗ്വരര്‍

ഓര്‍മ്മയില്‍ കാസര്‍കോട്ടെ നല്ല ചികിത്സകര്‍ ആരായിരുന്നു. ഞാന്‍ അന്നുമിന്നും കാസരോഗ ശല്യം അലട്ടുന്നയാളാണ്. പൊടി, പുക ഇത്യാദി ഗന്ധങ്ങള്‍ മഹാ അലര്‍ജിയാണ്. ഇവയുടെ ശത്രുക്കള്‍ പുകവലി അടക്കം പലതും ഏറെക്കാലം എന്റെ മിത്രങ്ങളായിരുന്നു. എല്ലാം അകലത്തായിട്ടും നിരന്തരം മരുന്നുകഴിക്കേണ്ടിവരുന്നു. ഡോ. ജയാനന്ദനെയാണ് എനിക്കാദ്യം ഓര്‍ക്കാന്‍ ഉള്ളത്. റിട്ടയറായി ഇപ്പോള്‍ കാഞ്ഞങ്ങാട്ട് ഉണ്ടെന്ന് ആരോ പറഞ്ഞു. നല്ല ഇ.എന്‍.ടി. ഡോക്ടര്‍. ചലച്ചിത്രകാരന്‍ ഡോ. പവിത്രന്റെ അനുജനാണ്. അലര്‍ജി ചികിത്സക്ക് ഉത്തര കേരളത്തില്‍ ഇത്രയും മിടുക്കനായ ഡോക്ടര്‍ വേറെ ഉണ്ടാവില്ല. […]

ഓര്‍മ്മയില്‍ കാസര്‍കോട്ടെ നല്ല ചികിത്സകര്‍ ആരായിരുന്നു. ഞാന്‍ അന്നുമിന്നും കാസരോഗ ശല്യം അലട്ടുന്നയാളാണ്. പൊടി, പുക ഇത്യാദി ഗന്ധങ്ങള്‍ മഹാ അലര്‍ജിയാണ്. ഇവയുടെ ശത്രുക്കള്‍ പുകവലി അടക്കം പലതും ഏറെക്കാലം എന്റെ മിത്രങ്ങളായിരുന്നു. എല്ലാം അകലത്തായിട്ടും നിരന്തരം മരുന്നുകഴിക്കേണ്ടിവരുന്നു.
ഡോ. ജയാനന്ദനെയാണ് എനിക്കാദ്യം ഓര്‍ക്കാന്‍ ഉള്ളത്. റിട്ടയറായി ഇപ്പോള്‍ കാഞ്ഞങ്ങാട്ട് ഉണ്ടെന്ന് ആരോ പറഞ്ഞു. നല്ല ഇ.എന്‍.ടി. ഡോക്ടര്‍. ചലച്ചിത്രകാരന്‍ ഡോ. പവിത്രന്റെ അനുജനാണ്. അലര്‍ജി ചികിത്സക്ക് ഉത്തര കേരളത്തില്‍ ഇത്രയും മിടുക്കനായ ഡോക്ടര്‍ വേറെ ഉണ്ടാവില്ല. കാസര്‍കോട് താലൂക്ക് ആസ്പത്രിയില്‍ ഇരിക്കവേയാണ് ജയാനന്ദന്‍ എന്റെ പരിചയത്തില്‍ വരുന്നത്. പുകവലി മാറ്റിയേ നിങ്ങള്‍ക്ക് ഈ രോഗത്തില്‍ നിന്ന് മുക്തി ഉള്ളൂ. പക്ഷേ; ഞാന്‍ പ്രതിദിനം നാല്‍പ്പതും ചിലപ്പോള്‍ അതിലധികവും സിഗരറ്റ് വലിച്ചൂതി. ശ്വാസകോശം ഇപ്പോള്‍ കഠിന യത്‌നത്തിലാണ് എന്നെ പിടിച്ചുനിര്‍ത്താന്‍. ജയാനന്ദന്റെ 'ഇന്‍സിഡാല്‍' ഗുളിക എന്റെ ഉറ്റ മിത്രമായി.
കുട്ടികളുടെ ഡോക്ടര്‍ എന്ന നിലയ്ക്ക് പത്മനാഭനും എന്റെ പരിചയക്കാരന്‍ ആയിരുന്നു. നല്ലൊരു വായനക്കാരന്‍ എന്ന നിലയ്ക്ക് പത്മനാഭന്‍ നാഷണല്‍ ബുക്ക്സ്റ്റാളില്‍ പതിവുകാരനായിരുന്നു. സാമ്പിള്‍ ടോണിക്കുകള്‍ പത്മനാഭന്‍ തരുമായിരുന്നു. ഞങ്ങള്‍ മാനസികമായി അകന്ന ഒരു സംഭവം ഉണ്ടായി. ഏപ്രില്‍ ഫൂള്‍ ദിവസം ഞാനും കഥാകൃത്തായ സുഹൃത്തും കൂടി ബ്രാണ്ടിഷാപ്പിന്റെ ബോര്‍ഡ് ഡോക്ടര്‍ വസതിയിലും ഡോക്ടര്‍ ബോര്‍ഡ് ബ്രാണ്ടിഷാപ്പിലും തൂക്കി. ആരും ഒറ്റിക്കൊടുത്തതല്ല. പക്ഷെ ഡോക്ടറും ബ്രാണ്ടിഷാപ്പുകാരും ഞാനാണ് ആസൂത്രകന്‍ എന്ന് കണ്ടുപിടിച്ചുകളഞ്ഞു. വല്ലാത്ത ചമ്മലുണ്ടാക്കിയ സംഭവമായിരുന്നു അത്.
ഡോ. ബി.എസ്. റാവു കുറേക്കാലം എന്നെ ചികിത്സിച്ചു. വിഷയം ശ്വാസകോശ രോഗം തന്നെ. പഥ്യം പാലിക്കാത്തതിനാല്‍ റാവു എന്നെ 'ശല്യക്കാരന്‍ രോഗി' പട്ടികയില്‍പ്പെടുത്തി അകറ്റിക്കളഞ്ഞു.
ഡോ. ശിവദാസ് താലൂക്കാസ്പത്രിയില്‍ വന്നതും ഞങ്ങളുടെ സൗഹൃദ കമ്പനിയില്‍ അംഗത്വമെടുത്തു. നല്ലൊരു സിനിമാ ആസ്വാദകനായിരുന്നു ശിവദാസ്. ഫിലിം സൊസൈറ്റി അംഗത്വമെടുത്തു. എല്ലാ പ്രദര്‍ശനത്തിനും സ്ഥിരമായി എത്തും. എന്റെ സിഗരറ്റ് വലിയെ നിരുത്സാഹപ്പെടുത്താന്‍ താന്‍ സിഗരറ്റ് ചുണ്ടത്ത് തിരുകുന്നത് കാണാന്‍ മഹാ ബോര്‍ എന്നൊരു സര്‍ട്ടിഫിക്കറ്റ് നല്‍കി. ഞങ്ങള്‍ ബുധനാഴ്ചകളില്‍ കമ്പനി കൂടാറുണ്ടായിരുന്നു. ഫോട്ടോഗ്രാഫര്‍ വിനയന്‍ (ഷെട്ടി സ്റ്റുഡിയോ) ഒരു ബുധനാഴ്ച പ്രത്യേക ക്ഷണിതാവായിരുന്നു. നിരവധി ഫോട്ടോകള്‍ വിനയന്‍ എടുത്തു. അതിലൊന്ന് ഇന്നും ചിരി പടര്‍ത്തുന്നതാണ്. അസാധാരണ മീശയുള്ള മാരാര്‍ മാഷ് കമ്പനിക്കിടയില്‍ കൂര്‍ക്കം വലിച്ചുറങ്ങുന്ന അസാധാരണ ചിത്രം. ശിവദാസ് 82-ല്‍ സ്ഥലം മാറിപ്പോയി. ഡോ. ഷംനാട്, അലമേലു ഡോക്ടര്‍ എന്നിവരും കാസര്‍കോട്ടെ ഉമ്മമാര്‍ക്കിടയില്‍ പ്രശസ്തരായിരുന്നു.
78ല്‍ തായലങ്ങാടിയില്‍ മംഗലാപുരത്തെ അതിപ്രഗത്ഭനായ ഡോ. അഡപ്പയുടെ ശിഷ്യത്വവും കഴിഞ്ഞ് ശ്രീപദ്‌റാവു ക്ലിനിക്ക് ആരംഭിച്ചത് നല്ല ഓര്‍മ്മ. ഡോ. അഡപ്പ തന്നെയാണ് നാട മുറിച്ച് ശ്രീപദ്‌റാവുവിന്റെ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തത്. കൈപ്പുണ്യം ഉള്ള ഡോക്ടര്‍ എന്ന് തുടക്കത്തില്‍ തന്നെ ശ്രീപദ്‌റാറു ബിരുദം കരസ്ഥമാക്കി. കന്നഡപറയുന്ന ശ്രീപദ്‌റാവുവിന്റെ മലയാള സംസാരവും ബഹു രസമായിരുന്നു. അക്കാലം തായലങ്ങാടി ഉമ്മമാര്‍ ഏതു രോഗത്തിനും മംഗലാപുരം പോകാറാണ് പതിവ്. മംഗലാപുരത്തെ ഡോക്ടര്‍മാരെ മുച്ചൂടും പഠിച്ചറിഞ്ഞ നിരവധി ഉമ്മമാര്‍ തായലങ്ങാടിയിലുണ്ടായിരുന്നു. ശ്രീപദ്‌റാവുവിന്റെ ക്ലിനിക്ക് ആരംഭിച്ചതോടെ മിക്ക രോഗികളും മംഗലാപുരം യാത്ര നിര്‍ത്തിവെച്ചു.
ഹോമിയോപ്പതിയില്‍ ഡോ. രവീന്ദ്രനാഥ്(തായലങ്ങാടി), ദന്തചികിത്സയില്‍ ഡോ. കൊട്ട്യാന്‍ (തായലങ്ങാടി) സമ്പന്നര്‍ക്കും സവര്‍ണര്‍ക്കും ബെണ്ടിച്ചാല്‍ ബില്‍ഡിംഗ്‌സിനടുത്തുള്ള ഡോ. ഷെട്ടി തുടങ്ങിയവര്‍ കാസര്‍കോടിന്റെ പോയ കാലചരിത്രങ്ങളുമായി കെട്ടുപിണഞ്ഞവരാണ്.
ആയുര്‍വ്വേദത്തില്‍ അത്ര കേമന്മാര്‍ കാസര്‍കോട്ടുണ്ടായിരുന്നുവോ? മുബാറക് ടെക്‌സ്റ്റെയില്‍സിന് നേരെ എതിര്‍ ഒരു തുളു നാട്ടുകാരന്‍ വൈദ്യരുണ്ടായിരുന്നു. അയാള്‍ക്ക് സില്‍ബന്തി ആയി കൊറക്കോട്ടെ ഒരു ധോബി സീനണ്ണനും. തുളുനാടന്‍ വൈദ്യരുടെ മരുന്നുകള്‍ അലോപ്പതിയെ വെല്ലുന്നതായിരുന്നു.
രോഗങ്ങള്‍ മനസിലാക്കാനും അത്യുഗ്രന്‍. ആയുര്‍വ്വേദത്തില്‍ കമ്പം കയറിയ എന്റെ ഉമ്മ ഈ വൈദ്യരെയാണ് എണ്ണക്കും കുഴമ്പിനും ആശ്രയിച്ചിരുന്നത്. ജനാര്‍ദ്ദന നേഴ്‌സിംഗ് ഹോം വന്നതോടെ പലരും അവിടെ എത്തിത്തുടങ്ങി. കെ.എസ്.ആര്‍.ടി.സി. ഡിപ്പോയ്ക്ക് സമീപം ഗീതാ ടാക്കീസിലേക്ക് തിരിയുന്ന ജംഗ്ഷനിലാണ് ജനാര്‍ദ്ദന നേഴ്‌സിംഗ് ഹോം. ഡോ. ജനാര്‍ദ്ദനന്റെ ഭാര്യ നല്ലൊരു ഗൈനക്കോളജിസ്റ്റായിരുന്നു. അതിനാല്‍ തന്നെ നല്ലൊരു പ്രസവാസ്പത്രി എന്ന ക്രെഡിറ്റും ആ കാലത്ത് 'ജനാര്‍ദ്ദന'യ്ക്ക് നേടാനായി. കറന്തക്കാട് മുതല്‍ താളിപ്പടുപ്പ് വരെ വേറെയും നിരവധി ആണ്‍-പെണ്‍ ഭിഷഗ്വരര്‍ ഉണ്ടായിരുന്നു. താലൂക്കാസ്പത്രിയില്‍ അതിവിദഗ്ധ ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നു.
പക്ഷെ; നല്ല ശുദ്ധ ജലം പോലും അക്കാലത്ത് ലഭ്യമല്ലാത്ത കാസര്‍കോട്ട് പലരും വന്നയുടന്‍ തന്നെ ട്രാന്‍സ്ഫര്‍ ശ്രമം ആരംഭിക്കും. ഡോ. ജയാനന്ദന്‍ വെള്ളിക്കോത്ത് കാരനായതിനാല്‍ കാസര്‍കോട് താലൂക്കില്‍ പലേടത്തുമായി ഉദ്യോഗം ഭരിച്ചു.
മാലിക്ദീനാര്‍ ആസ്പത്രിയുടെ 'വരവ്' വലിയോരാഘോഷം ആയിരുന്നു. മൂന്നു സംസ്ഥാന മന്ത്രിമാര്‍ പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങ്. ടി. ഉബൈദിന്റെ ഗംഭീര പ്രഭാഷണം. ഡോ. പി.എ. അബൂബക്കറിന്റെ നേതൃത്വം. ഒക്കെകൂടി മാലിക് ദീനാറിന് മഹത്തായ ഒരു ആതുരാലയത്തിന്റെ കീര്‍ത്തി നേടിക്കൊടുത്തു. ഇന്നും മാലിക് ദീനാര്‍ ആസ്പത്രി തളങ്കരയില്‍ ശിരസുയര്‍ത്തി നില്‍ക്കുന്നു. പഴയ പ്രതാപ സ്മരണകള്‍ അയവിറക്കി.

Related Articles
Next Story
Share it