ഇടത് ഭരണത്തില്‍ കേരളം ലഹരി കേന്ദ്രമായി മാറി-ടി. സിദ്ദീഖ്

കാഞ്ഞങ്ങാട്: എഴ് വര്‍ഷത്തെ ഇടത് ഭരണത്തില്‍ കേരളം അന്തര്‍ദേശീയ ലഹരി കേന്ദ്രങ്ങളില്‍ ഒന്നായി മാറിയെന്ന് കെ.പി.സി.സി വര്‍ക്കിങ്ങ് പ്രസിഡണ്ട് അഡ്വ. ടി.സിദ്ദിഖ് എം.എല്‍.എ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തിലേക്കുള്ള ഛായ ചിത്ര ജാഥ രക്തസാക്ഷികളായ കല്ല്യോട്ട് കൃപേഷിന്റെയും ശരത് ലാലിന്റെയും സ്മൃതി മണ്ഡപത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2016ല്‍ ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എന്‍.ഡി.പി.എസ് കേസുകളുടെ എണ്ണം 5900 ആയിരുന്നെങ്കില്‍ ഇടത് പക്ഷം അധികാരത്തില്‍ വന്ന ശേഷം ഈ കേസുകളുടെ എണ്ണം 22,600 […]

കാഞ്ഞങ്ങാട്: എഴ് വര്‍ഷത്തെ ഇടത് ഭരണത്തില്‍ കേരളം അന്തര്‍ദേശീയ ലഹരി കേന്ദ്രങ്ങളില്‍ ഒന്നായി മാറിയെന്ന് കെ.പി.സി.സി വര്‍ക്കിങ്ങ് പ്രസിഡണ്ട് അഡ്വ. ടി.സിദ്ദിഖ് എം.എല്‍.എ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തിലേക്കുള്ള ഛായ ചിത്ര ജാഥ രക്തസാക്ഷികളായ കല്ല്യോട്ട് കൃപേഷിന്റെയും ശരത് ലാലിന്റെയും സ്മൃതി മണ്ഡപത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2016ല്‍ ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എന്‍.ഡി.പി.എസ് കേസുകളുടെ എണ്ണം 5900 ആയിരുന്നെങ്കില്‍ ഇടത് പക്ഷം അധികാരത്തില്‍ വന്ന ശേഷം ഈ കേസുകളുടെ എണ്ണം 22,600 ആയി. കേരളത്തിലെ പൊതു ഇടങ്ങളിലും സ്‌കൂളുകളിലും കോളേജുകളിലും ലഹരിയുടെ വില്‍പ്പനയും ഉപയോഗവും ഏറിവരികയാണ്. ലഹരിപദാര്‍ത്ഥങ്ങളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ടവരും ഇതിനു നേതൃത്വം കൊടുക്കുന്നവരും സി.പി.എമ്മും ഡി.വൈ.എഫ്.ഐയുമാണെന്ന് ആരോപിച്ച അദ്ദേഹം ഇത് ഏറെ ഞെട്ടിപ്പിക്കുന്ന വസ്തുതയാണെന്നും പറഞ്ഞു. നീതി നിഷേധത്തില്‍ നിശ്ശബ്ദരാവില്ല വിദ്വേഷ രാഷ്ട്രീയത്തോട് വിട്ടുവീഴ്ചയില്ല എന്ന യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തിന്റെ മുദ്രാവാക്യം പോലെ ലഹരി വില്‍പ്പനയോടും ഉപയോഗത്തോടും വിട്ടുവീഴ്ചയില്ലാത്ത നിലപാട് ഓരോ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജാഥ നായകരും സംസ്ഥാന വൈസ് പ്രസിഡണ്ടുമാരുമായ റിജില്‍ മാക്കുറ്റിയും റിയാസ് മുക്കോളിയും ചേര്‍ന്ന് ടി. സിദ്ദിഖ്, രക്തസാക്ഷികളുടെ അച്ഛന്മാരായ പി.കെ. സത്യനാരായണന്‍, പി.വി. കൃഷ്ണന്‍ എന്നിവരില്‍ നിന്നും ഛായ ചിത്രം ഏറ്റുവാങ്ങി. ജില്ലാ പ്രസിഡണ്ട് ബി.പി. പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി. ഡി.സി.സി പ്രസിഡണ്ട് പി.കെ. ഫൈസല്‍, ഹക്കിം കുന്നില്‍, ബാലകൃഷ്ണന്‍ പെരിയ, വിനോദ് കുമാര്‍ പള്ളയില്‍വീട്, രാജന്‍ പെരിയ, പ്രമോദ് പെരിയ, സി.കെ. അരവിന്ദന്‍, ജാഥ അംഗങ്ങളായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളായ വിനേഷ് ചുള്ളിയാന്‍, പി.നിധീഷ്, വി.കെ. ഷിബിന, സന്ദീപ് പാണപ്പുഴ, അജയ് കുര്യാത്തി, ലത്തീഫ് കുട്ടാലുങ്ങല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. എം.കെ. ബാബുരാജ്, ജോമോന്‍ ജോസ്, വി.പി. ദുല്‍ഖിഫില്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it