മഹാമനുഷ്യസ്‌നേഹിയായ രത്തന്‍ ടാറ്റ അന്തരിച്ചു

മുംബൈ: ഹൃദയം നിറയെ കാരുണ്യവും അനുകമ്പയുമായി ജീവിക്കുകയും ലക്ഷകണക്കിന് ആളുകള്‍ക്ക് ജീവിതോപാധി കണ്ടെത്തുകയും ചെയ്ത പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റ അന്തരിച്ചു. 86 വയസായിരുന്നു. മുംബൈയിലെ ബീച്ച് കാന്‍ഡി ആസ്പത്രിയില്‍ ഇന്നലെ രാത്രി 11.45 ഓടെയായിരുന്നു അന്ത്യം. 1991 മുതല്‍ 2012 വരെ ടാറ്റ ഗ്രൂപ്പ് ചെയര്‍മാനായിരുന്നു. രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നല്‍കി ആദരിച്ചിട്ടുണ്ട്. 4 ദിവസമായി ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. രത്തന്‍ ടാറ്റയുടെ ആരോഗ്യനില ഭേദമാണെന്ന് കഴിഞ്ഞ ദിവസം ടാറ്റാ ഗ്രൂപ്പ് […]

മുംബൈ: ഹൃദയം നിറയെ കാരുണ്യവും അനുകമ്പയുമായി ജീവിക്കുകയും ലക്ഷകണക്കിന് ആളുകള്‍ക്ക് ജീവിതോപാധി കണ്ടെത്തുകയും ചെയ്ത പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റ അന്തരിച്ചു. 86 വയസായിരുന്നു. മുംബൈയിലെ ബീച്ച് കാന്‍ഡി ആസ്പത്രിയില്‍ ഇന്നലെ രാത്രി 11.45 ഓടെയായിരുന്നു അന്ത്യം. 1991 മുതല്‍ 2012 വരെ ടാറ്റ ഗ്രൂപ്പ് ചെയര്‍മാനായിരുന്നു. രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നല്‍കി ആദരിച്ചിട്ടുണ്ട്. 4 ദിവസമായി ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. രത്തന്‍ ടാറ്റയുടെ ആരോഗ്യനില ഭേദമാണെന്ന് കഴിഞ്ഞ ദിവസം ടാറ്റാ ഗ്രൂപ്പ് അറിയിച്ചിരുന്നുവെങ്കിലും ഇന്നലെ പൊടുന്നനെ വഷളാവുകയായിരുന്നു. രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
മൂന്നു ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു രത്തന്‍ ടാറ്റ കഴിഞ്ഞിരുന്നത്.
രത്തന്‍ ടാറ്റ ടാറ്റ ഗ്രൂപ്പിനെ നയിച്ച 21 വര്‍ഷത്തിനിടയില്‍ വരുമാനം 40 മടങ്ങ് വര്‍ധിച്ചു. ലാഭത്തിലും 50 മടങ്ങ് വര്‍ധനവുണ്ടായി. അദ്ദേഹത്തിന്റെ ഭരണത്തിന്‍ കീഴില്‍ ടാറ്റ ഗ്രൂപ്പ് ടെറ്റ്ലി, ജാഗ്വാര്‍ ലാന്‍ഡ് റോവര്‍, കോറസ് എന്നിവ ഏറ്റെടുത്തു.
75 വയസ്സ് തികഞ്ഞപ്പോള്‍, 2012 ഡിസംബര്‍ 28നാണ് ടാറ്റ ഗ്രൂപ്പിലെ തന്റെ എക്‌സിക്യൂട്ടീവ് അധികാരങ്ങള്‍ രത്തന്‍ ടാറ്റ രാജിവെച്ചത്. സാധാരണക്കാര്‍ക്കായി ടാറ്റ നാനോ കാര്‍ യാഥാര്‍ത്ഥ്യമാക്കിയത് ഇദ്ദേഹമായിരുന്നു. 1961ല്‍ ടാറ്റ സ്റ്റീല്‍സില്‍ ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ച രത്തന്‍ ടാറ്റ ബിസിനസ് രംഗത്തെ വളര്‍ച്ചയ്‌ക്കൊപ്പം അനേകം പേര്‍ക്ക് താങ്ങായി നില്‍ക്കുകയും ചെയ്തു.

നരിമാന്‍ പോയിന്റില്‍ പൊതുദര്‍ശനം;
ഒഴുകിയെത്തിയത് ആയിരങ്ങള്‍

മുംബൈ: ദക്ഷിണ മുംബൈയിലെ നരിമാന്‍ പോയിന്റിലുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്സില്‍ പൊതുദര്‍ശനത്തിന് വെച്ച രത്തന്‍ ടാറ്റയുടെ ഭൗതികദേഹം ഒരുനോക്ക് കാണാന്‍ എത്തിയത് ആയരിങ്ങള്‍. ഉച്ചതിരിഞ്ഞ് 3.30ന് മൃതദേഹം സംസ്‌കാരത്തിനായി വോര്‍ളി ശ്മശാനത്തിലേക്ക് കൊണ്ടുപോകും. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകളെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി അറിയിച്ചു.
രത്തന്‍ ടാറ്റയുടെ നിര്യാണത്തെ തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഇന്ന് സംസ്ഥാന വ്യാപകമായി ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. വിലാപ സൂചകമായി മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ദേശീയ പതാക പകുതി താഴ്ത്തി കെട്ടി. സംസ്ഥാനത്ത് ഇന്ന് വിനോദ പരിപാടികളും ഒഴിവാക്കി.

സങ്കടം നിറഞ്ഞ ബാല്യം, യുദ്ധം പ്രണയം മുടക്കി, വിവാഹമേ വേണ്ടെന്നുവെച്ചു

മുംബൈ: അതിസമ്പന്ന പാഴ്‌സി കുടുംബത്തിലാണ് രത്തന്‍ ടാറ്റ ജനിച്ചതെങ്കിലും സങ്കടകാലമായിരുന്നു ബാല്യം. അതുകൊണ്ട് തന്നെ വേദന അറിയുന്ന ഒരു മനസ് അദ്ദേഹത്തിന് ഉണ്ടായിരുന്നു. രത്തന് 10 വയസുള്ളപ്പോഴാണ് മാതാപിതാക്കള്‍ വിവാഹബന്ധം വേര്‍പെടുത്തി രണ്ടുവഴിക്കു പിരിഞ്ഞത്. മുന്നിലേക്കുള്ള വഴിയേതെന്നറിയാതെ പകച്ചുനിന്ന കൊച്ചു രത്തന് മുത്തശ്ശി നവാജ്ബായ് ആയിരുന്നു രത്‌നവും പളുങ്കുമെല്ലാം. അവര്‍ കാട്ടിയ വഴിയേ രത്തന്‍ നടന്നു. ഉന്നതവിദ്യാഭ്യാസത്തിന് അമേരിക്കയില്‍ പോയി. ഇന്ത്യയിലെ അതിസമ്പന്ന കുടുംബത്തിലെ സൗകര്യങ്ങളൊക്കെ മറന്നു ലോസ്ആഞ്ചലസില്‍ ചെയ്യാവുന്ന ജോലികളൊക്കെ ചെയ്തു. അവിടെ ഇഷ്ടപ്പെട്ട പെണ്‍കുട്ടിയുമായി അസ്ഥിയില്‍പിടിച്ച പ്രണയം.
അമേരിക്കയില്‍ തന്നെ തുടരാനായിരുന്നു താല്‍പര്യം. എന്നാല്‍ ഇന്ത്യയ്ക്കു രത്തനെ വേണമായിരുന്നു. ഇന്ത്യ രത്തനെ തിരിച്ചു വിളിച്ചതും മുത്തശ്ശിയിലൂടെയാണ്. മുത്തശ്ശിയുടെ ആരോഗ്യം മോശമാണെന്നറിയിച്ചായിരുന്നു ഇന്ത്യയിലേക്ക് വിളിച്ചത്. ഒടുവില്‍ മടങ്ങിപ്പോന്നു.
1962ലെ ഇന്ത്യ-ചൈന യുദ്ധം രത്തന്റെ പ്രണയം മുടക്കി. വിവാഹിതരായി ഇരുവരും ഇവിടെ സ്ഥിരതാമസമാക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ ചൈനയുമായുള്ള യുദ്ധം യു.എസിലെ മാധ്യമങ്ങളില്‍ വലിയ തലക്കെട്ടുകളായി. ഇന്ത്യയില്‍ വന്‍ യുദ്ധം നടക്കുകയാണെന്നും അതു പെട്ടെന്നു തീരാന്‍പോകുന്നില്ലെന്നും തോന്നിയ പെണ്‍കുട്ടി ഇന്ത്യയിലേക്കില്ലെന്നു തീര്‍ത്തുപറഞ്ഞു. അതോടെ ഇരുവരും വേര്‍പിരിഞ്ഞു. 'അവള്‍ അവിടെത്തന്നെ ഒരാളെ വിവാഹം കഴിച്ചു. ഞാന്‍ പിന്നെ വിവാഹം കഴിച്ചുമില്ല'-രത്തന്‍ ടാറ്റ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ആ പ്രണയം എന്നും നൊമ്പരമായി കൂടെക്കൂടി. ഒറ്റപ്പെടലിന്റെ വേദന രത്തന്‍ ടാറ്റ ഒരുപാട് അനുഭവിച്ചിട്ടുണ്ട്.
രത്തന് പുതിയ പ്രണയങ്ങളുണ്ടായത് ടാറ്റയെന്ന തന്റെ പരമ്പരാഗത ബിസിനസ് സാമ്രാജ്യത്തോടും പതിനായിരക്കണക്കിനു തൊഴിലാളികളോടും സാധാരണക്കാരുടെ ഇന്ത്യയോടുമാണ്.
ടാറ്റ എന്ന ബ്രാന്‍ഡിന്റെ ഒരു ഉല്‍പന്നമെങ്കിലും ഉപയോഗിക്കാതെ ശരാശരി ഇന്ത്യക്കാരന്റെ ദൈനംദിന ജീവിതം കടുന്നുപോകില്ല. ഉപ്പു മുതല്‍ വിമാനം വരെ.
ഇലക്ട്രോണിക് ഉപകരണങ്ങള്‍ മുതല്‍ വസ്ത്രങ്ങള്‍ വരെ. രണ്ട് നൂറ്റാണ്ടിന്റെ കഥയുണ്ട് ടാറ്റാ ഗ്രൂപ്പിന്. എന്നാല്‍ സുവര്‍ണ കാലഘട്ടം രത്തന്‍ ടാറ്റ തലപ്പത്തിരുന്ന രണ്ടുപതിറ്റാണ്ട് തന്നെയായിരുന്നു. മുപ്പതോളം ലിസ്റ്റഡ് കമ്പനികള്‍, നിരവധി ഉപകമ്പനികള്‍, 30 ലക്ഷം ഡോളറിലധികം ആസ്തി, 10 ലക്ഷത്തിലധികം ജീവനക്കാര്‍... പറഞ്ഞാല്‍ തീരാത്ത വിശേഷങ്ങളുണ്ട് ടാറ്റ ഗ്രൂപ്പിന്. രത്തന്‍ വിടപറയുമ്പോള്‍ ടാറ്റ ഇവിടെത്തന്നെയുണ്ട്, തൂണിലും തുരുമ്പിലും. ഉപ്പിലും ഉരുക്കിലും, കാറിലും ട്രക്കിലുമെല്ലാം.

Related Articles
Next Story
Share it