പ്രവാസിയുടെ പെരുന്നാള്‍
പ്രവാസിയുടെ പെരുന്നാളിന് ഏറെ പ്രത്യേകതകളുണ്ട്. അവയില്‍ പലതും അവര്‍ക്ക് മാത്രം മനസ്സിലാവുന്നതാണ്. പ്രവാസിയല്ലാത്ത ഒരാള്‍ക്ക് അത് മനസ്സിലാക്കിയെടുക്കുക അത്ര എളുപ്പമല്ല. വലിയ കമ്പനികളില്‍ ജോലി ചെയ്യുന്നവരും ബിസിനസ്സ് രംഗത്ത് മെച്ചപ്പെട്ടവരും പെരുന്നാള്‍ ആഘോഷിക്കാന്‍ നാട്ടില്‍ പോവുന്നു.പെരുന്നാള്‍ തിരക്ക് മുതലെടുത്ത് വിമാനകമ്പനിക്കാര്‍ വായില്‍ ഒതുങ്ങാത്ത ചാര്‍ജും ഈടാക്കി രണ്ടായിരം ഉള്ളിടത്ത് നാലായിരവും അയ്യായിരവും തുകയാക്കി കൊയ്തെടുക്കുമ്പോള്‍ സ്വന്തം മക്കളും കുടുംബവുമൊത്ത് പെരുന്നാള്‍ ആഘോഷിക്കാന്‍ ആഗ്രഹിച്ചു നാട്ടില്‍ എത്താന്‍ കഴിയാത്ത സാധാരണക്കാരന്റെ അവസ്ഥ മറ്റൊന്നാണ്.തുച്ഛമായ ശമ്പളത്തില്‍ ജോലി ചെയ്ത് രണ്ടോ […]
പ്രവാസിയുടെ പെരുന്നാളിന് ഏറെ പ്രത്യേകതകളുണ്ട്. അവയില്‍ പലതും അവര്‍ക്ക് മാത്രം മനസ്സിലാവുന്നതാണ്. പ്രവാസിയല്ലാത്ത ഒരാള്‍ക്ക് അത് മനസ്സിലാക്കിയെടുക്കുക അത്ര എളുപ്പമല്ല. വലിയ കമ്പനികളില്‍ ജോലി ചെയ്യുന്നവരും ബിസിനസ്സ് രംഗത്ത് മെച്ചപ്പെട്ടവരും പെരുന്നാള്‍ ആഘോഷിക്കാന്‍ നാട്ടില്‍ പോവുന്നു.പെരുന്നാള്‍ തിരക്ക് മുതലെടുത്ത് വിമാനകമ്പനിക്കാര്‍ വായില്‍ ഒതുങ്ങാത്ത ചാര്‍ജും ഈടാക്കി രണ്ടായിരം ഉള്ളിടത്ത് നാലായിരവും അയ്യായിരവും തുകയാക്കി കൊയ്തെടുക്കുമ്പോള്‍ സ്വന്തം മക്കളും കുടുംബവുമൊത്ത് പെരുന്നാള്‍ ആഘോഷിക്കാന്‍ ആഗ്രഹിച്ചു നാട്ടില്‍ എത്താന്‍ കഴിയാത്ത സാധാരണക്കാരന്റെ അവസ്ഥ മറ്റൊന്നാണ്.തുച്ഛമായ ശമ്പളത്തില്‍ ജോലി ചെയ്ത് രണ്ടോ […]
പ്രവാസിയുടെ പെരുന്നാളിന് ഏറെ പ്രത്യേകതകളുണ്ട്. അവയില്‍ പലതും അവര്‍ക്ക് മാത്രം മനസ്സിലാവുന്നതാണ്. പ്രവാസിയല്ലാത്ത ഒരാള്‍ക്ക് അത് മനസ്സിലാക്കിയെടുക്കുക അത്ര എളുപ്പമല്ല. വലിയ കമ്പനികളില്‍ ജോലി ചെയ്യുന്നവരും ബിസിനസ്സ് രംഗത്ത് മെച്ചപ്പെട്ടവരും പെരുന്നാള്‍ ആഘോഷിക്കാന്‍ നാട്ടില്‍ പോവുന്നു.
പെരുന്നാള്‍ തിരക്ക് മുതലെടുത്ത് വിമാനകമ്പനിക്കാര്‍ വായില്‍ ഒതുങ്ങാത്ത ചാര്‍ജും ഈടാക്കി രണ്ടായിരം ഉള്ളിടത്ത് നാലായിരവും അയ്യായിരവും തുകയാക്കി കൊയ്തെടുക്കുമ്പോള്‍ സ്വന്തം മക്കളും കുടുംബവുമൊത്ത് പെരുന്നാള്‍ ആഘോഷിക്കാന്‍ ആഗ്രഹിച്ചു നാട്ടില്‍ എത്താന്‍ കഴിയാത്ത സാധാരണക്കാരന്റെ അവസ്ഥ മറ്റൊന്നാണ്.
തുച്ഛമായ ശമ്പളത്തില്‍ ജോലി ചെയ്ത് രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ കൂടുമ്പോള്‍ നാട്ടില്‍ പോവാന്‍ ആഗ്രഹിക്കുന്നവരും സ്വരൂ കൂട്ടിവെച്ച സാധനങ്ങളുമായി കുടുംബത്തെ സന്തോഷിപ്പിക്കാന്‍ പുറപ്പെടുമ്പോഴും കമ്പനിക്കാരില്‍ നിന്നും റീ എന്‍ട്രി കിട്ടാതെയും സമയത്തിന് നാട്ടില്‍ എത്താന്‍ ടിക്കറ്റ് കിട്ടാതെയും കഷ്ടപ്പെടുന്നവരുടെ അവസ്ഥയൊന്നു ആലോചിച്ച് നോക്കിയാല്‍ ശരിക്കും പ്രവാസിയായി പ്രയാസമനുഭവിക്കുന്നവര്‍ ഇവരാണെന്ന് ആര്‍ക്കും ബോധ്യപ്പെടും.
രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞു നാട്ടിലെത്തുന്ന പ്രവാസിയായ മക്കളെയോ ഉപ്പയെയോ സഹോദരന്മാരെയോ ഭര്‍ത്താവിനെയോ കാത്തിരിക്കുന്ന പാവപ്പെട്ട ഉമ്മമാരുടെയും ഭാര്യമാരുടെയും കൂടപ്പിറപ്പുകളുടെയും സന്തോഷം ഒരുമിച്ചു കൂടാനുള്ള പെരുന്നാള്‍ ആഘോഷത്തിലേക്ക് എത്താന്‍ കഴിയാത്ത അവസ്ഥ വേദനാജനകം തന്നെയാണ്. പെട്ടിയും കെട്ടി പോവാന്‍ നോക്കുന്ന നേരം അതിന് കഴിയാതെ വരുമ്പോള്‍ ഏത് പ്രവാസിക്കും തോന്നും എന്തിനാ ഞാനൊരു പ്രവാസി ആയതെന്ന്!
നാട്ടിലുള്ളവരുടെ സന്തോഷം കാണാന്‍ ഉള്ളതെല്ലാം ഒരുക്കിക്കുട്ടി അയക്കുന്ന കാശിന്റെ കണക്ക് നോക്കാതെ ഡ്രസ്സെടുക്കാനും പെരുന്നാള്‍ ആഘോഷിക്കാനും അവരുടെ സന്തോഷം കാണാനും ശ്രമിക്കുമ്പോള്‍ പെരുന്നാള്‍ ദിനം പുത്തന്‍ ഉടുപ്പ് പോലും എടുക്കാന്‍ കഴിയാതെ പഴയതില്‍ നല്ലത് നോക്കി പെരുന്നാള്‍ ആഘോഷിക്കുന്ന എത്രയോ പേര് ഈ പ്രവാസ ലോകത്തുണ്ടാവും!
പെരുന്നാള്‍ നമസ്കാരം കഴിഞ്ഞു ഒമ്പത് മണിക്ക് റൂമില്‍ എത്തിയാല്‍ പുലര്‍ച്ചെ ഉണ്ടാക്കിയ ഭക്ഷണവും കഴിച്ച് പുതച്ചു മൂടി ഒരൊറ്റ കിടപ്പാണ്. പിന്നെ എണീക്കുന്നത് വൈകിട്ടാവും. ഒന്നാം പെരുന്നാള്‍ കഴിഞ്ഞു, വീണ്ടുമൊന്ന് കറങ്ങിത്തിരിഞ്ഞ് പിറ്റേന്നാളും തഥൈവ. അങ്ങനെ മൂന്നാം പെരുന്നാളും കഴിയും. ഇതിനിടയില്‍ സോഷ്യല്‍ മീഡിയ തകൃതിയായി ഓടുകയും ചെയ്യും.
കുറച്ചു പിന്നിലേക്ക് പോയാലോ, അതായത് ഒരു പത്തിരുപത് വര്‍ഷം പിന്നിലേക്ക് ചിന്തിച്ചാല്‍ പ്രവാസിക്ക് ശരിക്കും പെരുന്നാള്‍ ആഘോഷം ആ കാലഘട്ടങ്ങളിലായിരുന്നു. പെരുന്നാള്‍ അടുത്തായാല്‍ കൂട്ടുകാരുമൊത്ത് ഡ്രസ്സെടുക്കാന്‍ പോക്ക്. പെരുന്നാളിന്റെ അന്ന് നമസ്കാരം കഴിഞ്ഞാല്‍ സൃഹൃത്തുക്കളുടെ ഏതെങ്കിലും ഒരു റൂമില്‍ ഒരുമിച്ചു കൂടും. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ വൈകിട്ട് ഏതെങ്കിലും ഒരു സ്റ്റുഡിയോ തിരഞ്ഞ് അവിടന്ന് ഒരു സൂപ്പര്‍ ഫോട്ടോയും എടുക്കും. അടുത്ത് ആരെങ്കിലും നാട്ടില്‍ പോകുന്നവരുണ്ടങ്കില് കൊടുത്തയക്കാന്‍. പിന്നീട് റൂമില്‍ എത്തിയാല്‍ അന്നത്തെ ഭക്ഷണം എല്ലാവരും കൂടി ഉണ്ടാക്കും. ഈ സമയത്ത് സമയം പോവുന്നതില്‍ നാട്ടിലെ സന്തോഷങ്ങള്‍ക്കൊപ്പം സന്തോഷിക്കാനും ചിലര്‍ ചെസ്സ് ബോര്‍ഡിലും ചിലര്‍ കാരംസ് ബോര്‍ഡിലും ചിലര്‍ ചെറിയകളിയിലുമായി ഒതുങ്ങിക്കൂടും.
ഇനി അന്നത്തെ കാലത്ത് പെരുന്നാള്‍ അവധിക്ക് നാട്ടില്‍ പോവുകയാണെങ്കിലോ...? പെട്ടി കെട്ടുവാന്‍ കുട്ടുകാര്‍ നിര്‍ബന്ധമായും വേണം. പെട്ടിയില്‍ പകുതിയിലേറെ കൂട്ടുകാരുടെ സാധനങ്ങളുമുണ്ടാവും. (പ്രവാസികള്‍ പറയുന്ന തലയണ പഞ്ഞി ) പെരുന്നാളിന്റെ മുന്നേ നാട്ടിലെത്തുന്ന കൂട്ടുകാരന്റെ അടുത്ത് കൊടുത്തയക്കുന്ന സാധനങ്ങള്‍ കാത്തും വീട്ടുകാര്‍ ഇരിക്കും. ഏതു പൊതിക്കൊപ്പവും ഒരു ലെറ്റര്‍ പാഡ് ബുക്കും ഒരു പാക്കറ്റ് കവറും നിര്‍ബന്ധമായും ഉണ്ടാവും. കാരണം വിവരങ്ങളെല്ലാം അക്കാലത്ത് കാത്തിരിപ്പിന്റെ എഴുത്ത് കുത്തുകളിലാണ് അറിഞ്ഞിരുന്നത്.
നാട്ടിലെത്തിയ കൂട്ടുകാരന് പെരുന്നാളിന്റെ മുമ്പെ ഈ ഡ്രസ്സുകള്‍ വീട്ടിലെത്തിച്ചാല്‍ പെരുന്നാളിന് ആ ഉടുപ്പുകള്‍ ഇട്ട ഫോട്ടോ എടുക്കണം എന്ന് നിര്‍ബന്ധമായും കുടെ കൊടുത്തയച്ച എഴുത്തിലും എഴുതും. പിന്നെ മറ്റാരെങ്കിലും തിരിച്ചു വരുന്നത് വരെയോ അെല്ലങ്കില്‍ തപാലിലൂടെ വരുന്ന കത്തിലുടെയോ മാത്രമേ കഴിഞ്ഞുപോയ വീട്ടുകാരുടെയും മക്കളുടെയും പ്രിയപ്പെട്ടവളുടെയും പെരുന്നാള്‍ ആഘോഷം അറിയാന്‍ കഴിയൂ. അതുവരെ കാത്തിരിപ്പാവും.
ജോലിത്തിരക്കിനിടയില്‍ കിട്ടുന്ന സമയത്തെല്ലാം കണ്ണോടിക്കുന്ന എഴുത്ത് രാത്രി റൂമിലെത്തിയാലും ഉറങ്ങാന്‍ കിടന്നാലും അടുത്ത കത്ത് വരുന്നത് വരെയും വായിച്ചാല്‍ പൂതി തീരലുണ്ടാവില്ല. കാരണം മക്കള്‍ക്കാവശ്യമായ സാധനങ്ങള്‍ കിട്ടിയ സന്തോഷത്തിലും പ്രിയപ്പെട്ടവള്‍ക്ക് പ്രണയത്തിന്റെ വാക്കുകള്‍ എഴുത്തിലൂടെ കിട്ടിയ സന്തോഷത്തിലും മാതാപിതാക്കള്‍ക്ക് പെരുന്നാള്‍ സന്തോഷം കുട്ടികള്‍ക്കൊപ്പം ആഘോഷിച്ച സന്തോഷവുമായി മറുപടി കത്ത് എത്ര വായിച്ചാലും മതി വരില്ല. പിന്നെ കിട്ടിയ ഫോട്ടോയും നെഞ്ചില്‍ വെച്ച് കിടന്നുറങ്ങുമ്പോള്‍ സ്വന്തം വിഷമങ്ങള്‍ മനസ്സില്‍ ഒതുക്കി വെച്ച് അതോടെ പ്രവാസിയുടെ സന്തോഷത്തിന് അതിരുണ്ടാവില്ല.
വായിച്ചു കഴിഞ്ഞു ഉറങ്ങാന്‍ കിടക്കുമ്പോള്‍ ലൈറ്റണച്ച് കൂട്ടുകാര്‍ കാണാതെ ആരും അറിയാതെ ഒന്ന് കരഞ്ഞു പോകും. ബുന്ധിമുട്ട് കൊണ്ട് നാട്ടിലെത്താന്‍ കഷ്ടപ്പെടുന്ന സൃഹൃത്തിന്റെ അവസ്ഥ തൊട്ടടുത്ത ബെഡ്ഡില്‍ കിടന്ന് ആരെങ്കിലും ആ രംഗം കണ്ടാല്‍ ചെറിയൊരു സന്തോഷത്തോടെ പറയും 'ഇന്ഷാഅല്ലാഹ് അടുത്ത പെരുന്നാളിന് നമുക്കും നാട്ടില്‍ പോവണം. മക്കളുമൊത്ത് സന്തോഷിക്കണം'.
ആ വര്‍ഷത്തെ വലിയ പെരുന്നാള്‍ അങ്ങനെ കഴിഞ്ഞു പോകും. വീണ്ടും വേദനകള്‍ മനസ്സിലൊതുക്കി അടുത്ത പെരുന്നാളും കാത്ത് ദിവസങ്ങള്‍ തള്ളി നീക്കും. കാലങ്ങള്‍ കഴിഞ്ഞാലും പെരുന്നാള്‍ ആയാല്‍ നാട്ടിലെത്താന്‍ കഴിയാത്ത അനേകം പ്രവാസികള്‍ ഇന്നും മരുഭൂമിയില്‍ കഴിയുന്നുണ്ട്.
പ്രവാസിയുടെ പെരുന്നാള്‍ സന്തോഷത്തിനും വിരഹ ദു:ഖത്തിനും എല്ലാ കാലത്തും ഓരേ നിറം.
-യൂസുഫ് എരിയാല്‍