എം.എല്‍.എ. ഇടപെട്ടു; സെല്‍ഫിയെടുത്ത് കലക്ടര്‍ കുരുക്കഴിച്ചു, പെരുമ്പട്ട പാലം യാഥാര്‍ത്ഥ്യമായി

കാസര്‍കോട്: ശുപാര്‍ശ ചെയ്യപ്പെട്ട് അരനൂറ്റാണ്ട് കാലത്തോളമായിട്ടും നിര്‍മ്മാണം നടക്കാതെ അഴിയാക്കുരുക്കില്‍ കിടന്ന പെരുമ്പട്ട പാലം എം.എല്‍.എ.യുടെയും ജില്ലാ കലക്ടറുടെയും ശക്തമായ ഇടപെടലിനെ തുടര്‍ന്ന് വെറും മൂന്ന് വര്‍ഷം കൊണ്ട് യാഥാര്‍ത്ഥ്യമായി. നാടിന്റെ സ്വപ്‌നമായ പാലം നാളെ പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിക്കും. 45 വര്‍ഷം മുമ്പ് ഉദയഭാനു കമ്മീഷനാണ് പെരുമ്പട്ടയില്‍ പാലം നിര്‍മ്മിക്കണമെന്ന് ശുപാര്‍ശ ചെയ്തത്. എന്നാല്‍ സമീപത്തെ സ്ഥലം വിട്ടുകിട്ടാത്തതിനാല്‍ പാലം യാഥാര്‍ത്ഥ്യമാവാതെ പതിറ്റാണ്ടുകള്‍ കടന്നു പോയി. ഇതിനിടയില്‍ 2016ല്‍ പിണറായി […]

കാസര്‍കോട്: ശുപാര്‍ശ ചെയ്യപ്പെട്ട് അരനൂറ്റാണ്ട് കാലത്തോളമായിട്ടും നിര്‍മ്മാണം നടക്കാതെ അഴിയാക്കുരുക്കില്‍ കിടന്ന പെരുമ്പട്ട പാലം എം.എല്‍.എ.യുടെയും ജില്ലാ കലക്ടറുടെയും ശക്തമായ ഇടപെടലിനെ തുടര്‍ന്ന് വെറും മൂന്ന് വര്‍ഷം കൊണ്ട് യാഥാര്‍ത്ഥ്യമായി. നാടിന്റെ സ്വപ്‌നമായ പാലം നാളെ പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിക്കും.
45 വര്‍ഷം മുമ്പ് ഉദയഭാനു കമ്മീഷനാണ് പെരുമ്പട്ടയില്‍ പാലം നിര്‍മ്മിക്കണമെന്ന് ശുപാര്‍ശ ചെയ്തത്. എന്നാല്‍ സമീപത്തെ സ്ഥലം വിട്ടുകിട്ടാത്തതിനാല്‍ പാലം യാഥാര്‍ത്ഥ്യമാവാതെ പതിറ്റാണ്ടുകള്‍ കടന്നു പോയി. ഇതിനിടയില്‍ 2016ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മണ്ഡലം എം.എല്‍.എ. എം. രാജഗോപാലന്‍ തടസം നീക്കാനുള്ള ശ്രമം തുടങ്ങി. പിന്നാലെയാണ് ഡോ. ഡി. സജിത്ബാബു ജില്ലാ കലക്ടറായി ചുമതല ഏല്‍ക്കുന്നത്. അദ്ദേഹം ആദ്യം പരിശോധിച്ച ഫയലുകളില്‍ ഒന്ന് പെരുമ്പട്ട പാലത്തിന്റേതായിരുന്നു. പാലം നിര്‍മ്മാണത്തിന് ആദ്യം നിശ്ചയിച്ച എസ്റ്റിമേറ്റ് തുകയേക്കാള്‍ 1.30 കോടി രൂപയോളം കൂടുതലുള്ള മറ്റൊരു എസ്റ്റിമേറ്റ് കലക്ടറുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതേകുറിച്ച് പഠിച്ചപ്പോഴാണ് പാലത്തിന് സമീപത്തുള്ള സ്ഥലങ്ങള്‍ വിട്ടുകിട്ടാത്തതിനാല്‍ കുറേ കൂടി വളഞ്ഞ് അപ്രോച്ച് റോഡ് നിര്‍മ്മിക്കേണ്ടിവരുമെന്നും അതിനാലാണ് കൂടുതല്‍ തുക വകയിരുത്തേണ്ടിവന്നതെന്നും മനസിലാക്കാന്‍ കഴിഞ്ഞു. ഇക്കാര്യം കലക്ടറും എം.എല്‍.എ.യും സംസാരിക്കുകയും അധിക തുക വരാതെ തന്നെ നിര്‍മ്മാണത്തിനുള്ള പോംവഴി ആലോചിക്കുകയും ചെയ്തു. പെട്ടെന്നൊരു ദിവസം ഒരു മുന്നറിയിപ്പും നല്‍കാതെ ജില്ലാ കലക്ടര്‍ ഡോ.ഡി. സജിത്ബാബു, തടസം നില്‍ക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥനെ തേടി അദ്ദേഹത്തിന്റെ വീട്ടിലെത്തുന്നു. വീട്ടുപടിക്കല്‍ ജില്ലാ കലക്ടറുടെ കാര്‍ വന്നു നില്‍ക്കുന്നത് കണ്ട് ആശ്ചര്യപ്പെട്ട വീട്ടുകാര്‍ കലക്ടറെ സന്തോഷത്തോടെ സ്വീകരിച്ചു. എന്തിനാണ് കലക്ടര്‍ വന്നതെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. ചായ എടുക്കട്ടെ എന്ന് പറഞ്ഞപ്പോള്‍, ചായ കുടിക്കണമെങ്കില്‍ ഞാന്‍ പറയുന്ന ഒരു കാര്യം അംഗീകരിക്കണമെന്നായി കലക്ടര്‍. സ്ഥലം സര്‍ക്കാരിന് വിട്ടു കിട്ടുന്നതിനെ കുറിച്ച് അദ്ദേഹം സൂചിപ്പിച്ചപ്പോള്‍ ആദ്യം വീട്ടുകാര്‍ തടസവാദങ്ങള്‍ ഉന്നയിക്കുകയായിരുന്നു. കലക്ടര്‍ അവരോടൊപ്പം നിന്ന് സെല്‍ഫി എടുക്കുകയും പാലം യാഥാത്ഥ്യമായാല്‍ മുഴുവന്‍ നാട്ടുകാര്‍ക്കും വലിയ ഉപകാരമാവുമെന്ന് അറിയിക്കുകയും ചെയ്തു. ആലോചിച്ച് പിന്നീട് തീരുമാനം അറിയിച്ചാല്‍ മതിയെന്ന് പറഞ്ഞ് കലക്ടര്‍ മടങ്ങുകയും ചെയ്തു. കലക്ടറുടെ അഭ്യര്‍ത്ഥന ഏറ്റു. പിറ്റേന്ന് തന്നെ ആ കുടുംബം കലക്ടറെ ചെന്ന് കണ്ട് സ്ഥലം വിട്ടുനല്‍കാന്‍ സന്നദ്ധരാണെന്ന് അറിയിക്കുകയായിരുന്നു. ഇതേപോലെ തടസമായി നിന്ന മറ്റൊരു വീട്ടിലും കലക്ടര്‍ നേരിട്ട് ചെന്ന് ഇതേ രീതി ആവര്‍ത്തിക്കുകയും ഫലം കാണുകയും ചെയ്തു. തടസമായി നിന്ന ഒരു മസ്ജിദിന്റെ സ്ഥലം വഖഫ്‌ബോര്‍ഡില്‍ സെക്രട്ടറിയായിരുന്ന കാസര്‍കോട് സ്വദേശി ബി.എം. അബ്ദുല്‍ ജമാലിനെ ബന്ധപ്പെട്ട് പരിഹരിക്കുകയും ചെയ്തു. ഇതോടെ പാലം നിര്‍മ്മാണത്തിനുള്ള നടപടി ക്രമങ്ങള്‍ വേഗത്തില്‍ ആവുകയും എം.എല്‍.എ നടത്തിയ ഇടപെടലുകളിലൂടെ ടെണ്ടര്‍ അനുവദിച്ച് കിട്ടി 9.90 കോടി രൂപ ചെലവില്‍ പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കുകയുമായിരുന്നു. 11.05 മീറ്റര്‍ വീതിയും 25.32 മീറ്റര്‍ നീളവും 4 സ്പാനുകളും ഉള്ള ഇരുഭാഗത്തും സംരക്ഷണ ഭിത്തികളുമുണ്ട്. മെക്കാഡം ഉപയോഗിച്ചാണ് 760 മീറ്റര്‍ അപ്രോച്ച് റോഡ് നിര്‍മ്മിച്ചത്. കയ്യൂര്‍ ചീമേനി-വെസ്റ്റ് എളേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ ഉദ്ഘാടനം നാളെ മൂന്ന് മണിക്ക് മറുകരയായ കുണ്ട്യം എന്ന സ്ഥലത്ത് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. എം. രാജഗോപാലന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. മുഖ്യാതിഥിയായിരിക്കും. ജില്ലാ കലക്ടര്‍ ഡോ.ഡി. സജിത്ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ മാധവന്‍ മണിയറ, എം. ലക്ഷ്മി തുടങ്ങിയവര്‍ അതിഥികളായി സംബന്ധിക്കും.

Related Articles
Next Story
Share it