കാസര്‍കോട്: പ്രിന്റിംഗ് പ്രസുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന് കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
അവശ്യ സേവന വിഭാഗത്തില്‍ പെടുന്ന അച്ചടി സേവനങ്ങള്‍ക്ക് ഏത് പ്രതിസന്ധി ഘട്ടങ്ങളിലും പ്രത്യേക ഇളവ് ലഭിച്ചിരുന്നു. ജില്ലയില്‍ സര്‍ക്കാര്‍ ഓഫീസുകള്‍, ആസ്പത്രികള്‍, ഭക്ഷ്യവിതരണ കേന്ദ്രങ്ങള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അവര്‍ക്ക് ബില്ലിംഗ്, ലേബലിംഗ്, പാക്കിംഗ് എന്നിവക്ക് പ്രിന്റിംഗ് പ്രസുകളെ ആശ്രയിക്കേണ്ടിവരുന്നു. എന്നാല്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പ്രസുകള്‍ക്ക് അത്തരം ജോലികള്‍ ചെയ്തുനല്‍കാന്‍ സാധിക്കുന്നില്ല.
ദീര്‍ഘകാലമായി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാത്തതിനാല്‍ ദിനേന പ്രവര്‍ത്തിപ്പിക്കേണ്ട ഓഫ്‌സെറ്റ്, ഡിജിറ്റല്‍, ക്ലോത്ത് പ്രിന്റിംഗ് അടക്കമുള്ള മെഷീനറികള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മാത്രവുമല്ല മഴക്കാല കെടുതികള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ പേപ്പറുകളും മെഷീനറികളും മറ്റും നനയാതെയും ഈര്‍പ്പമടിക്കാതെയും സംരക്ഷിച്ചില്ലെങ്കില്‍ പലതും പൂര്‍ണ്ണമായും ഉപയോഗശൂന്യമാകും.
അച്ചടി സ്ഥാപനങ്ങള്‍ മൂന്നാഴ്ചയിലേറെയായി അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ വലിയ പ്രതിസന്ധിയാണ് പ്രസുടമകളും തൊഴിലാളികളും അഭിമുഖീകരിക്കുന്നത്. അടച്ചിടല്‍ ഇനിയും നീണ്ടുപോയാല്‍ മെഷീനറികള്‍ പ്രവര്‍ത്തന രഹിതമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
ഇക്കാര്യങ്ങള്‍ പരിഗണിച്ച് പ്രസുകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി അടിയന്തരമായി അനുവദിക്കണമെന്ന് കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് മുജീബ് അഹ്‌മദ് അധ്യക്ഷത വഹിച്ചു. സിബി കൊടിയംകുന്നേല്‍, അശോക് കുമാര്‍ ടി.പി, എന്‍.കേളു നമ്പ്യാര്‍, രാജാറാം പെര്‍ള, സുധീഷ് സി, രാമചന്ദ്ര ബള്ളാല്‍, ലക്ഷ്മണ കുമ്പള സംസാരിച്ചു. ജില്ലാ സെക്രട്ടറി വി.ബി അജയകുമാര്‍ സ്വാഗതവും പ്രഭാകരന്‍ കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു.