കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ അന്വേഷണം നാലു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന ഹൈക്കോടതി ഉത്തരവ് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കാനിടയില്ല. കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവര്‍ കൊല്ലപ്പെട്ട കേസന്വേഷണവുമായി ബന്ധപ്പെട്ടാണ് ഉത്തരവ്. ജസ്റ്റിസ് ആര്. നാരായണ പിഷാരടിയുടെതാണ് ഉത്തരവ്. പതിനൊന്നാം പ്രതി പ്രദീപിന്റെ ജാമ്യഹരജി തള്ളിക്കൊണ്ടാണ് ഉത്തരവ്.
അതേസമയം കേസ് അന്വേഷണം വളരെ വേഗതയിലാണ് നടക്കുന്നതെന്നും പരമാവധി വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്നുമാണ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്. ഇപ്പോഴത്തെ അന്വേഷണം കാര്യക്ഷമമാണെന്നും തുടര്‍ന്നും ഇതേ രീതിയില്‍ തന്നെയായിരിക്കും അന്വേഷണം നടക്കുകയെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതേസമയം കോടതി പറഞ്ഞ കാലാവധിക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കാലാവധി നീട്ടിക്കിട്ടാനുള്ള സാധ്യതകളുണ്ടോയെന്ന കാര്യവും ആലോചിക്കുമെന്നറിയുന്നു.
ഇതിനായി നിയമ വിദഗ്ദ്ധരുടെ ഉപദേശം തേടാനും സാധ്യതയുണ്ട്. 2019 ഫെബ്രുവരി 17നാണ് ശരത് ലാലിനേയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയത്. ഡി.വൈ.എസ്.പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.