പെരിയ ഇരട്ടക്കൊലക്കേസില്‍ കസ്റ്റഡിയിലെടുത്ത ആയുധങ്ങള്‍ ശാസ്ത്രീയപരിശോധനക്ക് വിധേയമാക്കുന്നു; അനുമതി തേടി സി.ബി.ഐ കോടതിയിലേക്ക്

കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്യോട്ടെ കൃപേഷിനെയും ശരത്ലാലിനെയും കൊലപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ആയുധങ്ങള്‍ ശാസ്ത്രീയപരിശോധനയ്ക്ക് വിധേയമാക്കാന്‍ സി.ബി.ഐ നടപടി തുടങ്ങി. ആയുധങ്ങള്‍ ഫോറന്‍സിക് പരിശോധന നടത്താന്‍ അനുമതി തേടി സി .ബി. ഐ അന്വേഷണസംഘം എറണാകുളത്തെ സി.ബി.ഐ കോടതിയില്‍ ഹരജി നല്‍കും. പെരിയ ഇരട്ടകൊലക്കേസിലെ അഞ്ചാം പ്രതി ഗിജിന്റെ പിതാവ് ശാസ്ത ഗംഗാധരന്റെ വീട്ടുപറമ്പില്‍ നിന്ന് അഞ്ച് ഇരുമ്പ് പൈപ്പുകളും ഒരു വടിവാളും, ഇയാളുടെ സഹോദരന്‍ ശാസ്ത മധുവിന്റെ വീടിന്റെ പിറക് വശത്തുള്ള […]

കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്യോട്ടെ കൃപേഷിനെയും ശരത്ലാലിനെയും കൊലപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ആയുധങ്ങള്‍ ശാസ്ത്രീയപരിശോധനയ്ക്ക് വിധേയമാക്കാന്‍ സി.ബി.ഐ നടപടി തുടങ്ങി. ആയുധങ്ങള്‍ ഫോറന്‍സിക് പരിശോധന നടത്താന്‍ അനുമതി തേടി സി .ബി. ഐ അന്വേഷണസംഘം എറണാകുളത്തെ സി.ബി.ഐ കോടതിയില്‍ ഹരജി നല്‍കും.
പെരിയ ഇരട്ടകൊലക്കേസിലെ അഞ്ചാം പ്രതി ഗിജിന്റെ പിതാവ് ശാസ്ത ഗംഗാധരന്റെ വീട്ടുപറമ്പില്‍ നിന്ന് അഞ്ച് ഇരുമ്പ് പൈപ്പുകളും ഒരു വടിവാളും, ഇയാളുടെ സഹോദരന്‍ ശാസ്ത മധുവിന്റെ വീടിന്റെ പിറക് വശത്തുള്ള ഒഴിഞ്ഞ പറമ്പില്‍ നിന്നും ഏച്ചിലടുക്കത്തെ ബാലകൃഷ്ണന്‍ നായരുടെ വീട്ടുപറമ്പില്‍ നിന്നും വടിവാളുകളും ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തിരുന്നു. റെജി വര്‍ഗീസിന്റെ ഉടമസ്ഥതയിലുള്ള കടയില്‍ നിന്നാണ് അഞ്ചാം പ്രതി ഗിജിന്‍ ഇരുമ്പ് പൈപ്പുകള്‍ എടുത്തതെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.കുറ്റപത്രത്തില്‍ ആയുധങ്ങളും കൊല്ലപ്പെട്ടവരുടെ ശരീരത്തിലുണ്ടായിരുന്ന മുറിവുകളും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്നായിരുന്നു ആരോപണം. കൃപേഷിന്റെയും ശരത്ലാലിന്റെയും രക്ഷിതാക്കള്‍ കോടതിയില്‍ ഇതുസംബന്ധിച്ച് പരാതി ഉന്നയിക്കുകയും ചെയ്തു. ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ടുള്ള ഹരജി പരിശോധിക്കുമ്പോള്‍ ഹൈക്കോടതി ഇക്കാര്യം പ്രത്യേകം പരാമര്‍ശിക്കുകയും ചെയ്തു. ആയുധങ്ങള്‍ ഫോറന്‍സിക് സര്‍ജന് പരിശോധന നടത്താനുള്ള അവസരം ലഭിച്ചിരുന്നില്ലെന്ന വാദവും ഉയര്‍ന്നിരുന്നു. ഇക്കാര്യം മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ കണ്ണൂര്‍. ഗവ. മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സര്‍ജന്‍ ഡോ. ഗോപാലകൃഷണപിള്ള പ്രത്യേക മൊഴിയായി കോടതിയില്‍ പറഞ്ഞിരുന്നു. മൃതദേഹങ്ങളില്‍ കണ്ടെത്തിയ മുറിവുകളുമായി ഒത്തു നോക്കാന്‍ സാധിച്ചിട്ടില്ലെന്നായിരുന്നു ഡോ. ഗോപാലകൃഷ്ണന്റെ വെളിപ്പെടുത്തല്‍. ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ ഇതൊരു ന്യൂനതയായി നിലനില്‍ക്കുന്നുണ്ടെന്നായിരുന്നു ഹൈക്കോടതി പരാമര്‍ശം.
ന്യൂനത പരിശോധിക്കാനും ആയുധങ്ങള്‍ സംബന്ധിച്ച് ശാസ്ത്രീയ പരിശോധന നടത്താനുമാണ് ഫോറന്‍സിക് സര്‍ജന്റെ സാന്നിധ്യത്തില്‍ ഫോറന്‍സിക് പരിശോധനക്ക് അനുമതി തേടി സി. ബി.ഐ കോടതിയില്‍ ഹരജി നല്‍കുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയാല്‍ മാത്രമേ തുടര്‍ അന്വേഷണം കൂടുതല്‍ സുഗമമാകുകയുള്ളൂ. കൊലപാതക ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന ആരോപണം നേരിടുന്ന നേതാക്കളില്‍ ചിലരെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. സംശയനിഴലിലുള്ള കൂടുതല്‍ നേതാക്കളെ വരുംദിവസങ്ങളില്‍ ചോദ്യം ചെയ്യലിന് വിധേയരാക്കും.പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് വിരുന്ന് സല്‍ക്കാരം നല്‍കിയതിന്റെ ഫോട്ടോ യൂത്ത് കോണ്‍ഗ്രസ് നവമാധ്യമങ്ങളിലൂടെ പുറത്തുവിട്ടതോടെ ഇതുസംബന്ധിച്ചും സി.ബി.ഐ അന്വേഷണം നടത്തുന്നുണ്ട്.

Related Articles
Next Story
Share it