'പെരിയ' മുന്നേറ്റങ്ങള്‍

കേരളത്തിലെ അറിയപ്പെട്ട പ്രദേശങ്ങളെക്കുറിച്ച് ആഴത്തിലുള്ള ഗവേഷണം നടത്തിയാല്‍ ചരിത്രകുതുകികളില്‍ കൂടുതല്‍ അത്ഭുതം ജനിപ്പിക്കുക പെരിയ എന്ന നാട് തന്നെയായിരിക്കും. ഒരു കാലത്ത് അത്രയൊന്നും പേരെടുക്കാതിരുന്ന പെരിയ ഇന്ന് ലോകോത്തരനിലവാരമുള്ള വികസനമാതൃകകളിലൂടെ കേരളത്തിന് തന്നെ അഭിമാനമായ പ്രദേശമായി വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. ഏതാനും കടകളും സര്‍ക്കാര്‍ സ്‌കൂളും പ്രാഥമികാരോഗ്യകേന്ദ്രവും മാത്രമായി സാധാരണ പ്രദേശമെന്ന നിലയില്‍ നിന്ന് കേന്ദ്ര-സംസ്ഥാനപദ്ധതികള്‍ കൃത്യമായ ഇടപെടലിലൂടെ പ്രയോജനപ്പെടുത്തുന്ന നാട് എന്ന അംഗീകാരത്തിലേക്ക് പെരിയ എത്തിപ്പെട്ടതിന് പിന്നില്‍ രണ്ട് പതിറ്റാണ്ടിനിടെ നടന്ന കഠിനമായ പ്രയത്നങ്ങളുടെ കഥയുണ്ട്. കാസര്‍കോട് ജില്ലയിലെ […]

കേരളത്തിലെ അറിയപ്പെട്ട പ്രദേശങ്ങളെക്കുറിച്ച് ആഴത്തിലുള്ള ഗവേഷണം നടത്തിയാല്‍ ചരിത്രകുതുകികളില്‍ കൂടുതല്‍ അത്ഭുതം ജനിപ്പിക്കുക പെരിയ എന്ന നാട് തന്നെയായിരിക്കും. ഒരു കാലത്ത് അത്രയൊന്നും പേരെടുക്കാതിരുന്ന പെരിയ ഇന്ന് ലോകോത്തരനിലവാരമുള്ള വികസനമാതൃകകളിലൂടെ കേരളത്തിന് തന്നെ അഭിമാനമായ പ്രദേശമായി വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. ഏതാനും കടകളും സര്‍ക്കാര്‍ സ്‌കൂളും പ്രാഥമികാരോഗ്യകേന്ദ്രവും മാത്രമായി സാധാരണ പ്രദേശമെന്ന നിലയില്‍ നിന്ന് കേന്ദ്ര-സംസ്ഥാനപദ്ധതികള്‍ കൃത്യമായ ഇടപെടലിലൂടെ പ്രയോജനപ്പെടുത്തുന്ന നാട് എന്ന അംഗീകാരത്തിലേക്ക് പെരിയ എത്തിപ്പെട്ടതിന് പിന്നില്‍ രണ്ട് പതിറ്റാണ്ടിനിടെ നടന്ന കഠിനമായ പ്രയത്നങ്ങളുടെ കഥയുണ്ട്. കാസര്‍കോട് ജില്ലയിലെ മറ്റ് പ്രദേശങ്ങളില്‍ വികസനം വരാന്‍ കക്ഷിരാഷ്ട്രീയ താത്പര്യങ്ങള്‍ തടസമാകുമ്പോള്‍ പെരിയയില്‍ അതുപോലും ഒരുവിഷയമല്ല. വികസനം ആരുകൊണ്ടുവരുന്നുവെന്നതല്ല, അത് നാടിനും ജനങ്ങള്‍ക്കും എത്രമാത്രം പ്രയോജനപ്പെടുന്നുവെന്ന് ചിന്തിക്കുന്ന ജനതയുടെ ഒരുമ തന്നെയാണ് പെരിയയില്‍ തുടര്‍ച്ചയായി വികസനം വിജയിക്കുന്നതിന്റെ അടിസ്ഥാനകാരണം.

പെരിയയുടെ അഭിമാനം വാനോളം ഉയര്‍ത്തി നല്ല നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കേന്ദ്രസര്‍വകലാശാല മറുനാട്ടുകാരില്‍ ഇപ്പോഴും കൗതുകം ജനിപ്പിക്കുന്നുണ്ട്. കാസര്‍കോട് ജില്ലയിലെ പ്രധാന നഗരങ്ങളെയും വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ശക്തമായ സ്വാധീനമുള്ള ഭൂപ്രദേശങ്ങളെയും ഒഴിവാക്കി കേന്ദ്രസര്‍വകലാശാലക്ക് അനുയോജ്യമായ സ്ഥലം പെരിയയില്‍ തന്നെ കണ്ടെത്തിയതും അത് യാഥാര്‍ഥ്യമാക്കിയതും ഈ നാടിന്റെ യശസ് വാനോളമുയര്‍ത്തുകയായിരുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഈ ഉന്നത വിദ്യാഭ്യാസസ്ഥാപനം പെരിയയുടെ പേര് രാജ്യവ്യാപകമായി അറിയപ്പെടാനുള്ള അവസരമുണ്ടാക്കുകയും ചെയ്തു. ഇവിടെ നിന്ന് പഠനം കഴിഞ്ഞിറങ്ങി ഉയര്‍ന്ന തലങ്ങളില്‍ എത്തുന്നവരുടെ മനസിലും ഹൃദയത്തിലും സ്ഥാനം പിടിക്കുന്ന പേരാണ് പെരിയ.ജില്ലയിലെ വിദ്യാഭ്യാസമേഖലയില്‍ ഏറ്റവും മികച്ച ഭാവിതലമുറയെ വാര്‍ത്തെടുക്കുന്ന പ്രദേശങ്ങളില്‍ പ്രഥമസ്ഥാനം പെരിയക്കുതന്നെയാണെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാനിടയില്ല. അതിന് പ്രധാന കാരണം കേന്ദ്രസര്‍വകലാശാല തന്നെ. പെരിയ ഗവ. ഹയര്‍സെക്കണ്ടറിസ്‌കൂള്‍ കേരളത്തിലെ തന്നെ ഏറ്റവും മികച്ച സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഒന്നാണ്. കുട്ടികളുടെ എണ്ണത്തിലായാലും വിദ്യാഭ്യാസ നിലവാരത്തിലായാലും ഈ സ്‌കൂള്‍ നേട്ടങ്ങളുടെ നെറുകയില്‍ വിഹരിച്ച് വിദ്യാഭ്യാസമേഖലയ്ക്കാകെ മാതൃകയായി നിലകൊള്ളുന്നു.എല്ലാ വര്‍ഷവും എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറുമേനി കൊയ്തെടുക്കാനും ഈ സ്‌കൂളിന് സാധിക്കുന്നു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് മുതല്‍ക്കൂട്ടായി ഗവ. പോളിടെക്നിക് കോളേജും പെരിയയില്‍ സ്ഥിതി ചെയ്യുന്നു. ഇതിന് പുറമെ സ്വകാര്യവിദ്യാഭ്യാസമേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തി പൊതു അംഗീകാരം നേടിയെടുത്ത അംബേദ്കര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജും പെരിയയിലുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി പെരിയയില്‍ സ്ഥാപിച്ച മഹാത്മാ ബഡ്സ് സ്‌കൂള്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു. പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍പ്പെട്ട കുണിയ പെരിയയുടെ സമീപപ്രദേശമാണ്. ഇവിടെ പ്രവര്‍ത്തിക്കുന്ന ഉദുമ ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജും പെരിയയുടെ പവര്‍ വര്‍ധിപ്പിക്കുന്നു. ഇനി പെരിയയില്‍ ചെറുവിമാനതാവളം കൂടി വന്നാല്‍ കാസര്‍കോട് ജില്ലയിലെ കൊച്ചു മെട്രോ നഗരമായി പെരിയ മാറുമെന്നതില്‍ സംശയമില്ല. രാജ്യത്തിന്റെ ടൂറിസം ഭൂപടത്തില്‍ വരെ പെരിയ വിളങ്ങുന്ന കാലത്തിലേക്ക് ഇനി അധികദൂരമുണ്ടാകില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം.

പെരിയയില്‍ എയര്‍സ്ട്രിപ്പ് നിര്‍മാണത്തിന് 2019 ഡിസംബര്‍ മാസത്തിലാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. ഗതാഗതസെക്രട്ടറി ഇതുസംബന്ധിച്ച് ഉത്തരവിറക്കുകയും ചെയ്തിരുന്നു. 80.41 ഏക്കര്‍ സ്ഥലമാണ് ചെറുവിമാനതാവളത്തിനും അനുബന്ധസൗകര്യങ്ങള്‍ക്കും വേണ്ടത്. പെരിയയിലെ കനിയംകുണ്ടില്‍ 54.12 ഏക്കര്‍ റവന്യൂഭൂമിയുണ്ട്. ബാക്കി സ്ഥലം വിലകൊടുത്തു വാങ്ങുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. 75 കോടി രൂപയാണ് എയര്‍സ്ട്രിപ്പ് നിര്‍മ്മാണത്തിന് വേണ്ടത്. 1400 മീറ്റര്‍ നീളവും 30 മീറ്റര്‍ വീതിയുമുള്ള റണ്‍വേയാണ് നിര്‍മിക്കുന്നത്. ബംഗളൂരു, തിരുവനന്തപുരം, ഗോവ, മുംബൈ, അഹമ്മദാബാദ്, ലക്നൗ, ചെന്നൈ, ദല്‍ഹി, ഹൈദരാബാദ്, ജയ്പൂര്‍ തുടങ്ങി പ്രമുഖ വിമാനതാവളങ്ങളുമായി ബന്ധപ്പെട്ടാണ് ആഭ്യന്തരസര്‍വീസ് നടത്തുന്നത്. ബേക്കല്‍ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ടാണ് പെരിയയില്‍ ചെറുവിമാനതാവളം വരുന്നത്. എയര്‍സ്ട്രിപ്പിന് സ്ഥലം വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് പ്രദേശവാസികളില്‍ ചിലര്‍ ആദ്യഘട്ടത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കുമെന്ന് ഉറപ്പുകിട്ടിയതോടെ പ്രതിഷേധവും അവസാനിച്ചു.എയര്‍സ്ട്രിപ്പ് യാഥാര്‍ഥ്യമായാല്‍ ബേക്കല്‍ കോട്ട ഉള്‍പ്പെടെയുള്ള കാസര്‍കോട് ജില്ലയിലെ ചരിത്രസ്മാരകങ്ങള്‍ കാണാനുള്ള വിനോദസഞ്ചാരികളുടെ ആഗമനം വര്‍ധിക്കും.രാജ്യത്തിന്റെ ടൂറിസം മേഖലയ്ക്ക് വരുമാനം നല്‍കുന്ന പ്രധാനകേന്ദ്രങ്ങളില്‍ പെരിയയും ഉള്‍പ്പെടും. കേന്ദ്രസര്‍വകലാശാലയോടനുബന്ധിച്ച് പെരിയയില്‍ ഒരു മെഡിക്കല്‍ കോളേജ് നിര്‍മിക്കുന്നതിനെക്കുറിച്ച് പറഞ്ഞുകേട്ടിരുന്നു. ഈ മെഡിക്കല്‍ കോളേജ് പെരിയയില്‍ വരുമെന്ന് ഉറപ്പുപറയാറായിട്ടില്ലെങ്കിലും സാധ്യതകള്‍ തള്ളിക്കളയാനാകില്ല. വരാനിരിക്കുന്ന വമ്പന്‍വികസനപദ്ധതികളില്‍ ഏറെ പ്രതീക്ഷയോടെയാണ് പെരിയയിലെ ജനങ്ങള്‍ കണ്ണുനട്ടിരിക്കുന്നത്.

കാസര്‍കോട് ജില്ലയിലെ ഏറ്റവും മികച്ച സി.എച്ച്.സികളില്‍ ഒന്ന് പെരിയയിലാണുള്ളത്. മുമ്പൊക്കെ ഈ ആസ്പത്രിയില്‍ ആവശ്യത്തിന് മരുന്നും ചികിത്സയുമില്ലെന്ന പരാതിയുണ്ടായിരുന്നു. ഡോക്ടര്‍മാരുടെ അഭാവവും രോഗികളെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. ഏറെ നാളായി അത്തരം പരാതികളൊന്നുമില്ല. ഇപ്പോള്‍ പെരിയയിലെ സര്‍ക്കാര്‍ ആതുരാലയത്തിന്റെ പ്രവര്‍ത്തനം മികച്ചതാണ്. ആവശ്യത്തിന് ഡോക്ടര്‍മാരും ജീവനക്കാരുമുണ്ട്. കിടത്തിചികിത്സയും മരുന്നുമുണ്ട്. അന്തരിച്ച പ്രമുഖ കോണ്‍ഗ്രസ് നേതാവ് പി. ഗംഗാധരന്‍ നായര്‍ വളര്‍ത്തിയെടുത്ത പെരിയ സര്‍വീസ് സഹകരണബാങ്ക് സംസ്ഥാനത്തെ തന്നെ മികച്ച സഹകരണസ്ഥാപനമാണ്. ഇടയ്ക്ക് ഈ ബാങ്കിന്റെ പ്രവര്‍ത്തനത്തിന് അഴിമതിയുടെ കരിനിഴല്‍ വീണിരുന്നുവെങ്കിലും അടുത്ത കാലത്തായി കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നത് ഇടപാടുകാര്‍ക്ക് ആശ്വസിക്കാനുള്ള വക നല്‍കുന്നു.
കേരളത്തിലെ അറിയപ്പെടുന്ന രാഷ്ട്രീയനേതാക്കളെ സംഭാവന ചെയ്ത പെരിയയില്‍നിന്ന് നിരവധി കലാകാരന്‍മാരും ഉയര്‍ന്നുവന്നിട്ടുണ്ട്. നാടകരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നവരും ഏറെയാണ്.

Related Articles
Next Story
Share it