വിഷു ആഘോഷത്തിന് നാടൊരുങ്ങി; നഗരങ്ങളിലും ഗ്രാമങ്ങളിലും വന്‍തിരക്ക്

കാസര്‍കോട്: ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നാളുകള്‍ വിഭാവനം ചെയ്യുന്ന വിഷു ആഘോഷത്തിന് നാടൊരുങ്ങി. നാളെയാണ് വിഷു. കാസര്‍കോട് ജില്ലയിലെ നഗരങ്ങളും ഗ്രാമങ്ങളും വിഷുത്തിരക്കിലാണ്. കാസര്‍കോട് നഗരത്തില്‍ ഇന്നലെ മുതല്‍ തിരക്കുകള്‍ അനുഭവപ്പെട്ടുതുടങ്ങി. വിഷു ആഘോഷത്തിന് പുറമെ റമദാന്‍ വ്രതവും ആരംഭിച്ചതോടെ വിഭവങ്ങള്‍ വാങ്ങുന്നവരുടെ തിരക്ക് കൂടുതല്‍ വര്‍ധിച്ചിട്ടുണ്ട്. കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍ നഗരങ്ങളിലെ വ്യാപാരസ്ഥാപനങ്ങളിലും മറ്റും ഇന്നലെയും ഇന്നും നിന്ന് തിരിയാന്‍ ഇടമില്ലാത്ത വിധത്തിലുള്ള തിരക്കാണ്. കാഞ്ഞങ്ങാട് നഗരത്തില്‍ ഇത്തവണ വഴിയോരക്കച്ചവടമില്ല. കോവിഡിന്റെ പശ്ചാത്തലത്തില്‍ വഴിവാണിഭക്കാരെ […]

കാസര്‍കോട്: ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നാളുകള്‍ വിഭാവനം ചെയ്യുന്ന വിഷു ആഘോഷത്തിന് നാടൊരുങ്ങി. നാളെയാണ് വിഷു. കാസര്‍കോട് ജില്ലയിലെ നഗരങ്ങളും ഗ്രാമങ്ങളും വിഷുത്തിരക്കിലാണ്. കാസര്‍കോട് നഗരത്തില്‍ ഇന്നലെ മുതല്‍ തിരക്കുകള്‍ അനുഭവപ്പെട്ടുതുടങ്ങി. വിഷു ആഘോഷത്തിന് പുറമെ റമദാന്‍ വ്രതവും ആരംഭിച്ചതോടെ വിഭവങ്ങള്‍ വാങ്ങുന്നവരുടെ തിരക്ക് കൂടുതല്‍ വര്‍ധിച്ചിട്ടുണ്ട്. കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍ നഗരങ്ങളിലെ വ്യാപാരസ്ഥാപനങ്ങളിലും മറ്റും ഇന്നലെയും ഇന്നും നിന്ന് തിരിയാന്‍ ഇടമില്ലാത്ത വിധത്തിലുള്ള തിരക്കാണ്. കാഞ്ഞങ്ങാട് നഗരത്തില്‍ ഇത്തവണ വഴിയോരക്കച്ചവടമില്ല. കോവിഡിന്റെ പശ്ചാത്തലത്തില്‍ വഴിവാണിഭക്കാരെ നഗരത്തില്‍ നിന്ന് ഒഴിപ്പിച്ചിരുന്നു. ഇതോടെ വിഷുവിന് വസ്ത്രങ്ങള്‍ വാങ്ങുന്നവര്‍ക്കെല്ലാം വസ്ത്രാലയങ്ങളെ തന്നെ ആശ്രയിക്കേണ്ടിവരുന്നു. വഴിയോരങ്ങളിലെ വസ്ത്രവില്‍പ്പന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഏറെ ആശ്വാസമായിരുന്നു. വിലക്കുറവില്‍ വസ്ത്രങ്ങള്‍ കിട്ടുന്നുവെന്നതാണ് വഴിവാണിഭത്തിന്റെ ആകര്‍ഷണീയത. വസ്ത്രസ്ഥാപനങ്ങളില്‍ വില്‍പ്പന നടത്തുന്ന വസ്ത്രങ്ങളോട് കിടപിടിക്കുന്ന തുണിത്തരങ്ങളാണ് വഴിവാണിഭക്കാരും കൊണ്ടുവരാറുള്ളത്. ഈ സൗകര്യമാണ് ഇത്തവണ നഷ്ടമായിരിക്കുന്നത്. ജില്ലയില്‍ വിഷുക്കാലത്ത് പൊടിപൊടിക്കാറുള്ള വഴിയോരക്കച്ചവടങ്ങളില്‍ ഏര്‍പ്പെടാറുള്ളവരില്‍ ഏറെയും അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. കച്ചവടം പ്രതീക്ഷിച്ച് എത്തിയ ഇവര്‍ക്ക് നിരാശയോടെ തിരിച്ചുപോകേണ്ടിവന്നു. ഇലക്ട്രോണിക്സ് ഷോറൂമുകളില്‍ എക്സ്ചേഞ്ച് മേളയൊരുക്കിയും ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നുണ്ട്. കണിവെള്ളരിയും കണിക്കലവും നാടന്‍ പച്ചക്കറികളും ചക്കയും വിഷുവിപണി കീഴടക്കി. ആള്‍ത്തിരക്കും വാഹനങ്ങളുടെ ബാഹുല്യവും നഗരങ്ങളില്‍ ഗതാഗതക്കുരുക്കിനും കാരണമാകുന്നു. വൈകുന്നേരത്തെ തിരക്കിനിടെ ചിലയിടങ്ങളില്‍ പെയ്ത മഴ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചു. ഇന്നലെ വൈകിട്ട് ഗതാഗതക്കുരുക്ക് കാരണം കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിനടുത്ത് വാഹനങ്ങള്‍ ഏറെ നേരം നിര്‍ത്തിയിടേണ്ടിവന്നു.

Related Articles
Next Story
Share it