വിട പറഞ്ഞത് കാസര്‍കോടിന്റെ 'പെലെ'

കാസര്‍കോടിന്റെ 'പെലെ' വിടവാങ്ങി. കൊച്ചി മമ്മു എന്ന കാസര്‍കോട്ടെ ഫുട്‌ബോളറെ കുറിച്ച് പറയാന്‍ വിശേഷങ്ങളെത്ര നിരത്തിയാലും മതിയാവില്ല. ഫുട്‌ബോള്‍ താരം എന്നതിന് പുറമെ മികച്ചൊരു കലാകാരന്‍ കൂടിയായിരുന്നു അദ്ദേഹം. കൊച്ചി മമ്മുവിന്റെ സംഭാവന ഫുട്‌ബോളിനു മാത്രമായിരുന്നു എന്നു പറഞ്ഞാല്‍ പഴയ തലമുറ തിരുത്തും. ഏകാഭിനയത്തിലൂടെ സ്റ്റേജുകളെ ത്രസിപ്പിച്ച കൊച്ചി മമ്മുവിനെ പഴയ തലമുറ ഒരിക്കലും മറക്കില്ല. ഫുട്‌ബോളിന് വേണ്ടി സമര്‍പ്പിച്ച ജീവിതമായിരുന്നു കാസര്‍കോട് തായലങ്ങാടി സ്വദേശിയായ കൊച്ചി മമ്മുവിന്റേത്. ആ പ്രതിഭയുടെ പാദങ്ങളില്‍ പിറന്ന ചരിത്ര നേട്ടങ്ങളെകുറിച്ചറിയുമ്പോള്‍ […]

കാസര്‍കോടിന്റെ 'പെലെ' വിടവാങ്ങി. കൊച്ചി മമ്മു എന്ന കാസര്‍കോട്ടെ ഫുട്‌ബോളറെ കുറിച്ച് പറയാന്‍ വിശേഷങ്ങളെത്ര നിരത്തിയാലും മതിയാവില്ല. ഫുട്‌ബോള്‍ താരം എന്നതിന് പുറമെ മികച്ചൊരു കലാകാരന്‍ കൂടിയായിരുന്നു അദ്ദേഹം. കൊച്ചി മമ്മുവിന്റെ സംഭാവന ഫുട്‌ബോളിനു മാത്രമായിരുന്നു എന്നു പറഞ്ഞാല്‍ പഴയ തലമുറ തിരുത്തും. ഏകാഭിനയത്തിലൂടെ സ്റ്റേജുകളെ ത്രസിപ്പിച്ച കൊച്ചി മമ്മുവിനെ പഴയ തലമുറ ഒരിക്കലും മറക്കില്ല. ഫുട്‌ബോളിന് വേണ്ടി സമര്‍പ്പിച്ച ജീവിതമായിരുന്നു കാസര്‍കോട് തായലങ്ങാടി സ്വദേശിയായ കൊച്ചി മമ്മുവിന്റേത്. ആ പ്രതിഭയുടെ പാദങ്ങളില്‍ പിറന്ന ചരിത്ര നേട്ടങ്ങളെകുറിച്ചറിയുമ്പോള്‍ മമ്മുവിനെ വളര്‍ത്തിയ, വലുതാക്കിയ കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിനും റൈസിംഗ് സ്റ്റാര്‍ തായലങ്ങാടിക്കും അഭിമാനം ഏറെയാണ്.
കുട്ടിക്കാലത്ത് സ്‌കൂള്‍ മൈതാനികളിലെ പരുപരുത്ത ട്രാക്കുകളിലൂടെ കുതിച്ചുപാഞ്ഞ് സമ്മാനങ്ങള്‍ വാരിക്കൂട്ടിയ ചരിത്രമാണ് കൊച്ചി മമ്മുവിന്റെ ശൈശവത്തിന്. മിന്നല്‍വേഗത്തില്‍ കുതിച്ച് ദേശീയ സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ വരെ കൊച്ചി മമ്മു മത്സരിച്ചിട്ടുണ്ട്. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും വിജയക്കൊടി പറത്തിയാണ് 1961ല്‍ കൊച്ചി മമ്മു ഗ്വാളിയോറില്‍ നടന്ന നാഷണല്‍ ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റില്‍ കേരളത്തെ പ്രതിനിധീകരിച്ചത്.
പിന്നീട് ഫുട്‌ബോളിലായി ശ്രദ്ധ. പെലെയെ പോലെ ഫുട്‌ബോള്‍ ഗ്രൗണ്ടുകളില്‍ നിറഞ്ഞുകളിച്ചൊരു കാലം മമ്മുവിനും ഉണ്ടായിരുന്നു.
ഫുട്‌ബോളില്‍ 'അരങ്ങേറ്റം' കുറിച്ച ദിനം അവസാന നാളുകളിലും മമ്മുവിന്റെ ഓര്‍മ്മയിലുണ്ടായിരുന്നു. 1958ലാണത്. തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളില്‍ എട്ടാംതരം വിദ്യാര്‍ത്ഥിയായിരുന്നു മമ്മു അന്ന്. കളിക്കളത്തിലെ മികവ് മമ്മുവിനെ സ്‌കൂള്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാക്കി. സുബ്രതോ മുഖര്‍ജി ട്രോഫി പിന്നീട് പലവട്ടം മാറോടുചേര്‍ത്ത മുസ്ലിം ഹൈസ്‌കൂളിന്റെ ഫുട്‌ബോള്‍ ചരിത്രം ആരംഭിക്കുന്നതും അവിടെ നിന്നാണ്. പത്താംതരത്തില്‍ പഠിക്കുമ്പോള്‍ കര്‍ണാടകയിലെ സൗത്ത് കനറ ഡിസ്ട്രിക് ഫുട്‌ബോള്‍ ടീമിലേക്ക് മമ്മു തിരഞ്ഞെടുക്കപ്പെട്ടു. ഇതായിരുന്നു അദ്ദേഹത്തിന് കിട്ടിയ ആദ്യത്തെ അംഗീകാരം.
കളിക്കളത്തിലെ ഈ മുന്നേറ്റക്കാരന്‍ പക്ഷെ എസ്.എസ്.എല്‍.സി. എന്ന കടമ്പയില്‍ തട്ടി വീണു. മുസ്ലിം ഹൈസ്‌കൂള്‍ ടീമിന്റെ കോച്ചാവാനായിരുന്നു അടുത്ത യോഗം. മമ്മുവിന്റെ പരിശീലനത്തിലും പൊയക്കര അല്‍ത്താഫിന്റെ ക്യാപ്റ്റന്‍സിയിലും സ്‌കൂള്‍ ടീം വീണ്ടും ശക്തമായി. 1962ല്‍ തളങ്കര സ്‌കൂള്‍ ഫുട്‌ബോള്‍ ടീം ഇന്റര്‍ സ്‌കൂള്‍ ച്യാമ്പ്യന്‍ഷിപ്പ് നേടി. പിന്നീട് ജയിക്കാന്‍ വേണ്ടി മാത്രമുള്ള കുതിപ്പായിരുന്നു.
അതിനിടയിലാണ് തായലങ്ങാടി കേന്ദ്രീകരിച്ച് റൈസിങ്ങ് സ്റ്റാര്‍ ഫുട്‌ബോള്‍ ടീമിന്റെ പിറവി. ഫുട്‌ബോള്‍ കളത്തിലെ കൂട്ടുകാരുമൊത്ത് വൈകുന്നേരങ്ങളെ കൊല്ലാനാണ് അങ്ങനെയൊരു ടീമിനു രൂപം നല്‍കിയതെങ്കിലും റൈസിങ്ങ് സ്റ്റാര്‍ പിന്നീട് പേര് പൊലെ തന്നെ കാസര്‍കോടിന്റെ നക്ഷത്രമായി തിളങ്ങുന്ന കാഴ്ചയാണ് കണ്ടത്. എ.എച്ച്. മുസ്തഫ, കൊച്ചി മമ്മു, പി. ഷണ്‍മുഖദാസ്, പൊയക്കര അഷ്‌റഫ് ഹാജി, പി. മുഹമ്മദ് ഹനീഫ്, സി.എച്ച്. മഹ്മൂദ്, പൊയക്കര ഉസ്മാന്‍, പി.എച്ച്. ഇസ്മായില്‍, പി. രാമുണ്ണി നായര്‍, ഹക്കീം തുടങ്ങിയവരായിരുന്നു റൈസിങ്ങ് സ്റ്റാറിന്റെ താരങ്ങള്‍. ആയിടയ്ക്കാണ് കണ്ണൂരിലെ സെവന്‍സ് ഫുട്‌ബോള്‍ വീരന്മാരായ മിനര്‍വ ടീം കാസര്‍കോട്ടു നിന്നുള്ള മികച്ച താരങ്ങളെ റാഞ്ചാന്‍ വലയെറിയുന്നത്. വലയിട്ടു പിടിച്ചതാവട്ടെ കൊച്ചി മമ്മുവിനെയും എ.എച്ച്. മുസ്തഫയെയും.
കണ്ണൂരിലെ ഫുട്‌ബോള്‍ കളത്തിലെത്തിയതോടെ കാല്‍പന്തുകളിയുടെ കൂടുതല്‍ പാഠങ്ങളറിയാന്‍ മമ്മുവിന് അവസരമായി. അവിടെവെച്ച് പരിചയപ്പെട്ട എം.ആര്‍.സി. കോച്ച് ബാബുവിന്റെ കീഴിലുള്ള പരിശീലനം മമ്മുവിലെ മികച്ച ഫുട്‌ബോള്‍ താരത്തിന്റെ ഉദയത്തിന് കാരണമായിത്തീരുകയും ചെയ്തു.
വൈദ്യന്‍ കല്‍പ്പിച്ചതും രോഗി ഇച്ഛിച്ചതും എന്നതുപോലെയായി പിന്നെ കാര്യം. കൂട്ടുകാരോടൊപ്പം കുസൃതികള്‍ കാട്ടി കഴിയുകയായിരുന്ന മമ്മുവിനെ ഉപ്പ ബോംബെയിലേക്കയച്ചു. മുംബൈയില്‍ ചെന്ന് പേരിക്കച്ചവട(വഴിവാണിഭം)മാണ് തുടങ്ങിയത്. ഇതിനിടയില്‍ മുംബൈയിലെ ഒരു ഫുട്‌ബോള്‍ ടീമില്‍ അംഗവുമായി. മുംബൈ ഫസ്റ്റ് ഡിവിഷന്‍ ടൂര്‍ണമെന്റില്‍ ന്യൂ സ്റ്റാന്‍ഡേര്‍ഡ് എഞ്ചിനീയറിങ്ങ് ക്ലബ്ബിനുവേണ്ടി ജേഴ്‌സി അണിയാനും മമ്മുവിന് അവസരമുണ്ടായി.
കളിക്കളങ്ങളെ ത്രസിപ്പിച്ച കൊച്ചി മമ്മുവിന് മുംബൈയില്‍ വെച്ച് ഒരു മത്സരത്തിനിടെ വീണ് മുട്ടിന് പരിക്കേറ്റു. അസഹ്യമായ വേദനമൂലെ കളിക്കളത്തിലിറങ്ങാന്‍ വയ്യാത്ത സ്ഥിതിയായി. അങ്ങനെ മമ്മുവിലെ ഫുട്‌ബോളര്‍ കളിക്കളങ്ങളില്‍ നിന്ന് പതുക്കെ പിന്‍മാറിത്തുടങ്ങി. എങ്കിലും ഫുട്‌ബോളിനോട് പൂര്‍ണ്ണമായും വിട ചൊല്ലിയില്ല. കളിക്കാരനും കോച്ചുമായി പലപ്പോഴും അദ്ദേഹം ബൂട്ടണിഞ്ഞു.
ഒരു ദിവസം മുംബൈയില്‍ വെച്ച് കല്ലട്ര അബ്ദുല്‍ഖാദര്‍ ഹാജി അടുത്തുവിളിച്ച് മമ്മുവിനെ ഉപദേശിച്ചു. ഇങ്ങനെ കളിച്ചുനടന്നാലൊന്നും പോര. കുറേപേര്‍ കപ്പലില്‍ ജോലിക്കുപോവുന്നുണ്ട്. ശ്രമിച്ചുനോക്ക് എന്ന്. 100 രൂപ കൈക്കൂലി കൊടുത്ത് ഒരു ഓഫീസറെ പാട്ടിലാക്കി മമ്മു കപ്പലില്‍ കയറി. അത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. 18 മാസം കപ്പലിലും 18 മാസം കരയിലുമായി കൊച്ചി മമ്മുവിന്റെ ജീവിതം നീങ്ങി. നാട്ടില്‍ വരുമ്പോള്‍ മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ കളിക്കാനിറങ്ങും. കൊച്ചി മമ്മുവിന്റെ ഓരോ വരവും നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഉണര്‍വ്വുകാലമായി. ഇതിനിടയില്‍ നാടകങ്ങളിലും വേഷമിടും. കുഞ്ഞാലിമരക്കാര്‍ എന്ന നാടകത്തില്‍ കാര്യസ്ഥന്റെ വേഷം കൊച്ചി മമ്മുവിന് നന്നായി ഇണങ്ങിയിരുന്നു. ഏകാംഗ അഭിനയമായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു മാസ്റ്റര്‍പീസ്. ഇംഗ്ലീഷ് മോണോ ആക്ടുകളിലൂടെ മമ്മു മുസ്ലിം ഹൈസ്‌കൂള്‍ വേദിയെ കോരിത്തരിപ്പിച്ചിരുന്ന കാലമായിരുന്നു അത്. വേദിയില്‍ മമ്മു പ്രത്യക്ഷപ്പെടുന്നതിന് മുമ്പേ, ആ ഘനഗാംഭീര്യ ശബ്ദം ഉയര്‍ന്നുകേള്‍ക്കും. പിന്നെ എല്ലാം നിശബ്ദം. കൊച്ചി മമ്മു അഭിനയിച്ചുതീര്‍ത്ത് രംഗം വിടുന്നതുവരെ എല്ലാവരും ശ്വാസമടക്കിപ്പിടിച്ച് കണ്ടുനില്‍ക്കും.
കപ്പലില്‍ നിന്ന് അവധിക്ക് നാട്ടില്‍ വരുമ്പോഴൊക്കെ മമ്മു തന്റെ ഫുട്‌ബോള്‍ നഴ്‌സറിയായ തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തും. ഹോളിവുഡ് സിനിമാ താരങ്ങളുടെ ലുക്കും മനോഹരമായ ഇംഗ്ലീഷുമായി ഫുട്‌ബോള്‍ ജേഴ്‌സി ധരിച്ച് മമ്മു കളിക്കളത്തിലെത്തുമ്പോള്‍ ഗ്രൗണ്ടിന് ചുറ്റും ആളുകള്‍ നിറയും. നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ കോച്ചായി മമ്മു പലഘട്ടങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് രൂപീകൃതമായ വര്‍ഷം തന്നെ കണ്ണൂര്‍ ജില്ലാ ബി ഡിവിഷന്‍ ചാമ്പ്യന്‍പട്ടം നേടാന്‍ കഴിഞ്ഞത് പരിശീലകനായിരുന്ന കൊച്ചി മമ്മുവിന്റെ അക്ഷീണ പ്രവര്‍ത്തനം കൊണ്ട് കൂടിയാണ്. നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് പിന്നീട് ഉത്തരകേരളത്തിലേയും ദക്ഷിണ കര്‍ണാടകത്തിന്റെയും മൈതാനങ്ങളില്‍ വിജയത്തേര് നയിച്ച് മുന്നേറുന്നതാണ് കണ്ടത്. ഒരുകാലത്ത് ഹോളിവുഡ് താരങ്ങളെ പോലെ തോന്നിപ്പിക്കുന്ന ശരീരഘടനയും ആംഗലേയ ഭാഷാ പ്രയോഗവും സൗന്ദര്യവും കൊണ്ട് കൊച്ചി മമ്മു എണ്ണമറ്റ ആരാധകരെ ആകര്‍ഷിച്ചിരുന്നു. തായലങ്ങാടി മദ്രസാവളപ്പിനു സമീപത്തെ 'കൊച്ചിന്‍ ഹൗസി'ല്‍ വിശ്രമത്തിലായിരുന്നു കുറേകാലമായി അദ്ദേഹം.


-ടി.എ ഷാഫി

തായലങ്ങാടി റൈസിംഗ് ക്ലബ്ബിന്റെ പ്രതാപ കാലത്ത് കൊച്ചി മമ്മു മറ്റു ഫുട്‌ബോള്‍ താരങ്ങള്‍ക്കൊപ്പം
Related Articles
Next Story
Share it