വി.എം കുട്ടിക്ക് പിന്നാലെ പീര്‍ മുഹമ്മദും...

മാപ്പിളപ്പാട്ടിന്റെ സിംഹാസനങ്ങള്‍ ഒഴിച്ചിട്ട് പ്രമുഖ ഗായകര്‍ ഒന്നിനു പിന്നാലെ ഒന്നായി വിട പറയുമ്പോള്‍ തേനിശലുകള്‍ക്ക് തേങ്ങല്‍. നൂറുകണക്കിന് ഗാനങ്ങളിലൂടെ ഇശലിന്റെ പൂങ്കാവനം തീര്‍ത്ത പീര്‍ മുഹമ്മദും യാത്രയായി. പൂങ്കുയിലിനെ കണ്ഠനാളത്തില്‍ ഒളിപ്പിച്ച ഗായകനെന്നാണ് പീര്‍ മുഹമ്മദിനെ വൈലോപ്പിള്ളി വിശേഷിപ്പിച്ചത്. അത് ഭംഗിവാക്കായിരുന്നില്ല. ആ കണ്ഠങ്ങളില്‍ നിന്ന് നിറഞ്ഞൊഴുകിയതൊക്കെയും ഇശലിന്റെ മധുരശീലുകളായിരുന്നു. കാതുകളിലൂടെ ഒഴുകിയൊഴുകി ആ ശീലുകള്‍ ഇപ്പോഴും ഇവിടെ മധുരം ചൊരിയുന്നുണ്ട്. ഒട്ടകങ്ങള്‍ വരിവരി വരിയായ്, കാഫ് മല കണ്ട പൂങ്കാറ്റേ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ഗാനങ്ങളിലൂടെ […]

മാപ്പിളപ്പാട്ടിന്റെ സിംഹാസനങ്ങള്‍ ഒഴിച്ചിട്ട് പ്രമുഖ ഗായകര്‍ ഒന്നിനു പിന്നാലെ ഒന്നായി വിട പറയുമ്പോള്‍ തേനിശലുകള്‍ക്ക് തേങ്ങല്‍. നൂറുകണക്കിന് ഗാനങ്ങളിലൂടെ ഇശലിന്റെ പൂങ്കാവനം തീര്‍ത്ത പീര്‍ മുഹമ്മദും യാത്രയായി. പൂങ്കുയിലിനെ കണ്ഠനാളത്തില്‍ ഒളിപ്പിച്ച ഗായകനെന്നാണ് പീര്‍ മുഹമ്മദിനെ വൈലോപ്പിള്ളി വിശേഷിപ്പിച്ചത്. അത് ഭംഗിവാക്കായിരുന്നില്ല. ആ കണ്ഠങ്ങളില്‍ നിന്ന് നിറഞ്ഞൊഴുകിയതൊക്കെയും ഇശലിന്റെ മധുരശീലുകളായിരുന്നു. കാതുകളിലൂടെ ഒഴുകിയൊഴുകി ആ ശീലുകള്‍ ഇപ്പോഴും ഇവിടെ മധുരം ചൊരിയുന്നുണ്ട്.
ഒട്ടകങ്ങള്‍ വരിവരി വരിയായ്, കാഫ് മല കണ്ട പൂങ്കാറ്റേ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ കാതുകളെ മധുരിപ്പിച്ച ഗായകനാണ് ഇന്ന് രാവിലെ യാത്രയായത്. എ.ടി. ഉമ്മറിന്റെ സംഗീതത്തില്‍ അന്യരുടെ ഭൂമി എന്ന സിനിമക്ക് വേണ്ടി 'കോടി ചെന്താമരപ്പൂ വിരിയിക്കും പീലിക്കണ്ണാല്‍...' എന്ന ഗാനവും കെ. രാഘവന്‍ മാഷിന്റെ സംഗീതത്തില്‍ തേന്‍തുള്ളി എന്ന സിനിമക്ക് വേണ്ടി 'നാവാല്‍ മൊഴിയുന്നേ...' എന്ന ഗാനവും പാടി സിനിമാ പിന്നണി ഗാനരംഗത്തും തന്റെ ശബ്ദം അടയാളപ്പെടുത്തിയ ഗായകനാണ് പീര്‍ മുഹമ്മദ്.
1976ല്‍ ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി ദൂരദര്‍ശനില്‍ ചെന്നൈ നിലയത്തില്‍ മാപ്പിളപ്പാട്ട് അവതരിപ്പിച്ച പ്രതിഭയാണ് മാപ്പിളപ്പാട്ടിന്റെ ഈ രാജകുമാരന്‍. കേരളത്തിലും ഗള്‍ഫിലും അനവധി വേദികളില്‍ വീറും വാശിയുമുള്ള മാപ്പിള ഗാനമേള മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിയായിട്ടുണ്ട്. ദേശവും ഭാഷയുമില്ലാതെ എല്ലാവരും ഒരു പോലെ ഏറ്റുവാങ്ങിയ ഗായകനാണ് ഇദ്ദേഹം.
തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ ജനിച്ച പീര്‍ മുഹമ്മദ് മലയാളത്തില്‍ അക്ഷരസ്ഫുടതയോടെ ഇത്രയും മനോഹരമായി പാടുന്നത് കേട്ട് മലയാളികള്‍ ആനന്ദം കൊണ്ടിട്ടുണ്ട്. വാപ്പ തലശ്ശേരി സ്വദേശിയാണ്.
1945 ജനുവരി 8ന് തമിഴ്നാട്ടിലെ തെങ്കാശി ഗ്രാമത്തിലാണ് പീര്‍ മുഹമ്മദിന്റെ ജനനം. തെങ്കാശിക്കാരിയായ ബില്‍ക്കീസാണ് മാതാവ്. പിതാവ് അസീസ് അഹമദ് തലശേരിക്കാരനും. നാലു വയസുള്ളപ്പോള്‍ പിതാവുമൊത്ത് പീര്‍ മുഹമ്മദ് തലശേരിയിലെത്തി. നിരവധി പാട്ടുകള്‍ക്ക് സംഗീതം നല്‍കിയ പീര്‍ മുഹമ്മദ് സംഗീതം പഠിച്ചിട്ടേയില്ലെന്നതാണ് മറ്റൊരു അത്ഭുതം. അദ്ദേഹം ഈണമിട്ട് പാടിയ പാട്ടുകള്‍ കേട്ടാല്‍ ആരും അതിശയിച്ചുപോകും.
കുട്ടിക്കാലത്ത് തന്നെ പാടിക്കൊണ്ടേയിരുന്ന മുഹമ്മദ് തലശേരി ജനതസംഗീതസഭയില്‍ എത്തിയതോടെയാണ് പാട്ടിന്റെ വഴിയിലൂടെ പ്രയാണം ആരംഭിക്കുന്നത്. അക്കാലത്തെ വലിയ ഗായകസംഘമായിരുന്നു ജനതസംഗീതസഭ. അവരുടെ സ്റ്റേജ് പ്രോഗ്രാമുകളിലൂടെ ശ്രോതാക്കളുടെ പ്രിയഗായകനായി മാറിയ പീര്‍ മുഹമ്മദിന് നാട്ടിലും പുറം നാട്ടിലും നിറയെ ആരാധകരായിരുന്നു. എട്ടാംവയസ്സിലായിരുന്നു ആദ്യവേദി. മുഹമ്മദ് റഫിയുടെതടക്കമുള്ള സിനിമാഗാനങ്ങള്‍ പാടി ആരാധകരെ ആകര്‍ഷിക്കാന്‍ കുട്ടിക്കാലത്ത് തന്നെ അദ്ദേഹത്തിന് കഴിഞ്ഞു. 1975ന് ശേഷമാണ് മാപ്പിളപ്പാട്ടാണ് തന്റെ വഴിയെന്ന് തിരിച്ചറിയുന്നത്. എണ്‍പതുകളിലും തൊണ്ണൂറുകളിലും പീര്‍ മുഹമ്മദ് പാടി ഹിറ്റാക്കിയ പാട്ടുകളാണ് ഇന്നത്തെ തലമുറയും പാടിനടക്കുന്നത്. കാഫ്മലകണ്ട പൂങ്കാറ്റെ എന്ന പാട്ടുകേള്‍ക്കുമ്പോള്‍ ഒരു നിമിഷമെങ്കിലും ഈണത്തോടെ ആ വരികള്‍ ചൊല്ലാത്തവരുണ്ടാവില്ല. ബിരുദ ധാരിയായ പീര്‍ മുഹമ്മദിന് വയലാര്‍ രാമവര്‍മയുടെ കവിതകളോടായിരുന്നു ഏറെ കമ്പം. വേദികളില്‍ നിന്ന് വേദികളിലേക്ക് പീര്‍ മുഹമ്മദ് കൊണ്ടാടപ്പെട്ട ഒരു കാലം മാപ്പിളപ്പാട്ട് മേഖലക്കുണ്ടായിരുന്നു.
പീര്‍ മുഹമ്മദിന്റെ ആലാപന ഭംഗിയാണോ അക്ഷര ശുദ്ധിയാണോ തെളിഞ്ഞ ശബ്ദമാണോ പാടുന്ന സമയത്ത് ആ മുഖത്ത് മിന്നിമറയുന്ന ഭാവ പ്രകടനങ്ങളാണോ ഏതാണ് കൂടുതല്‍ ഇഷ്ടമെന്ന് ചോദിച്ചാല്‍ ആസ്വാദകര്‍ കണ്‍ഫ്യൂഷനിലാകും. അദ്ദേഹത്തിന്റെ പാട്ടിന്റെ എല്ലാതലങ്ങളും മനോഹരമായിരുന്നു.
പറയത്തക്ക സംഗീത പാരമ്പര്യമുള്ള കുടുംബമായിരുന്നില്ല പീര്‍ മുഹമ്മദിന്റേതെങ്കിലും പിതാവ് അസീസ് നല്ലൊരു സംഗീതാസ്വാദകനായിരുന്നു. സ്ത്രീ ശബ്ദത്തിലും മനോഹരമായി പാടിയിരുന്നു.
കാസര്‍കോട്ട് അനവധി വേദികളില്‍ അദ്ദേഹത്തിന്റെ ശബ്ദം ഇശല്‍ മഴ തീര്‍ത്തിട്ടുണ്ട്. ഒരു കാലത്ത് നാടാകെ കൊണ്ടുനടന്ന, വീണ്ടും വീണ്ടും കേള്‍ക്കാന്‍ കൊതിച്ച ഗായകനായിരുന്നു ഇദ്ദേഹം. മാപ്പിളപ്പാട്ട് വേദികളില്‍ ഒരു ദിവസം തന്നെ നിരവധി സ്ഥലങ്ങളിലേക്ക് ഇദ്ദേഹത്തെ ഗാനാസ്വാദകര്‍ ആനയിച്ചുകൊണ്ടുപോയിട്ടുണ്ട്. ഹൃദയത്തില്‍ നിന്ന് ഊര്‍ന്നുവരുന്ന ആലാപന ഭംഗി ആവര്‍ത്തിച്ചുകേള്‍ക്കാന്‍ എല്ലാവര്‍ക്കും കൊതിയായിരുന്നു. മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍ എന്നറിയപ്പെട്ട വി.എം കുട്ടി വിട വാങ്ങിയതിന് തൊട്ടുപിന്നാലെയാണ് പാട്ട് സിംഹാസനം ഒഴിച്ചിട്ട് പീര്‍ മുഹമ്മദും യാത്രയായത്.
പീര്‍ മുഹമ്മദിന് പകരം പീര്‍ മുഹമ്മദ് മാത്രമാണെന്ന് ഗാനാസ്വാദകര്‍ അര്‍ത്ഥശങ്കക്കിടമില്ലാത്ത വിധം വിളിച്ചു പറയുന്നത് ആ പാട്ടിന്റെ അലയൊഴി ഇപ്പോഴും കാതുകളെ ഇമ്പംകൊള്ളിക്കുന്നത് കൊണ്ടുതന്നെയാണ്.

Related Articles
Next Story
Share it