പി.ബി അഹമദ് തന്റേടവും കാരുണ്യവും ഒരു പോലെ കൊണ്ടു നടന്നൊരാള്‍...
അസാമാന്യമായ ധൈര്യത്തിന്റെയും ആരേയും കൂസാത്ത തന്റേടത്തിന്റെയും അതിരറ്റ കാരുണ്യത്തിന്റെയും നിറഞ്ഞ സമൂഹ സേവനത്തിന്റെയും പേരാണ് പി.ബി അഹമദ് എന്നത്. നേതാക്കളുടെ പ്രിയങ്കരനുമാണ് നാട്ടുകാരുടെ പ്രിയപ്പെട്ട ആമൂച്ച.പി.ബി അഹമദിനെ കാലം അടയാളപ്പെടുത്തുക അഞ്ചുവര്‍ഷം ചെങ്കള പഞ്ചായത്തിന്റെ പ്രസിഡണ്ട് പദവിയില്‍ ഇരുന്ന ഒരാളെന്നതിലുപരി നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ആള്‍ക്കൂട്ടങ്ങളെ ആകര്‍ഷിച്ച തന്റേടമുള്ള ഒരാള്‍ എന്ന നിലയിലുമായിരിക്കും. പി.ബി അഹമ്മദിന്റെ പിന്നാലെ എപ്പോഴും ചുറുചുറുക്കുള്ള ഒരാള്‍ക്കൂട്ടം ഉണ്ടായിരുന്നു. വിവിധ സ്ഥാപനങ്ങളുടെ അമരക്കാരനും നാഷണല്‍ ലീഗിന്റെ നേതാവും വ്യവസായിയുമൊക്കെയായി നിറഞ്ഞുനില്‍ക്കുകയും നിരവധി […]
അസാമാന്യമായ ധൈര്യത്തിന്റെയും ആരേയും കൂസാത്ത തന്റേടത്തിന്റെയും അതിരറ്റ കാരുണ്യത്തിന്റെയും നിറഞ്ഞ സമൂഹ സേവനത്തിന്റെയും പേരാണ് പി.ബി അഹമദ് എന്നത്. നേതാക്കളുടെ പ്രിയങ്കരനുമാണ് നാട്ടുകാരുടെ പ്രിയപ്പെട്ട ആമൂച്ച.പി.ബി അഹമദിനെ കാലം അടയാളപ്പെടുത്തുക അഞ്ചുവര്‍ഷം ചെങ്കള പഞ്ചായത്തിന്റെ പ്രസിഡണ്ട് പദവിയില്‍ ഇരുന്ന ഒരാളെന്നതിലുപരി നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ആള്‍ക്കൂട്ടങ്ങളെ ആകര്‍ഷിച്ച തന്റേടമുള്ള ഒരാള്‍ എന്ന നിലയിലുമായിരിക്കും. പി.ബി അഹമ്മദിന്റെ പിന്നാലെ എപ്പോഴും ചുറുചുറുക്കുള്ള ഒരാള്‍ക്കൂട്ടം ഉണ്ടായിരുന്നു. വിവിധ സ്ഥാപനങ്ങളുടെ അമരക്കാരനും നാഷണല്‍ ലീഗിന്റെ നേതാവും വ്യവസായിയുമൊക്കെയായി നിറഞ്ഞുനില്‍ക്കുകയും നിരവധി […]

അസാമാന്യമായ ധൈര്യത്തിന്റെയും ആരേയും കൂസാത്ത തന്റേടത്തിന്റെയും അതിരറ്റ കാരുണ്യത്തിന്റെയും നിറഞ്ഞ സമൂഹ സേവനത്തിന്റെയും പേരാണ് പി.ബി അഹമദ് എന്നത്. നേതാക്കളുടെ പ്രിയങ്കരനുമാണ് നാട്ടുകാരുടെ പ്രിയപ്പെട്ട ആമൂച്ച.
പി.ബി അഹമദിനെ കാലം അടയാളപ്പെടുത്തുക അഞ്ചുവര്‍ഷം ചെങ്കള പഞ്ചായത്തിന്റെ പ്രസിഡണ്ട് പദവിയില്‍ ഇരുന്ന ഒരാളെന്നതിലുപരി നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ആള്‍ക്കൂട്ടങ്ങളെ ആകര്‍ഷിച്ച തന്റേടമുള്ള ഒരാള്‍ എന്ന നിലയിലുമായിരിക്കും. പി.ബി അഹമ്മദിന്റെ പിന്നാലെ എപ്പോഴും ചുറുചുറുക്കുള്ള ഒരാള്‍ക്കൂട്ടം ഉണ്ടായിരുന്നു. വിവിധ സ്ഥാപനങ്ങളുടെ അമരക്കാരനും നാഷണല്‍ ലീഗിന്റെ നേതാവും വ്യവസായിയുമൊക്കെയായി നിറഞ്ഞുനില്‍ക്കുകയും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ അദ്ദേഹം ജനങ്ങളുടെ ഹൃദയത്തില്‍ ചേക്കേറുകയും ചെയ്തിരുന്നു. നായന്മാര്‍മൂലയും നാലാംമൈലും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമ്പോഴും അദ്ദേഹത്തിന് ആന്ധ്രയിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബിസിനസ് സംരംഭങ്ങളുണ്ടായിരുന്നു. ആമൂച്ച ചെല്ലുന്നിടത്തൊക്കെ ചുറുചുറുക്കുള്ള ചെറുപ്പക്കാരുടെ പടതന്നെ ചുറ്റുമുണ്ടാകും. എല്ലാവരേയും വിരുന്നൂട്ടുന്നതിലും അവരുടെ ആവശ്യങ്ങളൊക്കെ നിറവേറ്റി കൊടുത്തും ആമൂച്ച എപ്പോഴും സന്തോഷിപ്പിച്ചിരുന്നു. ആരുടെ മുമ്പിലും ചങ്കൂറ്റത്തോടെ ചെന്നു നില്‍ക്കാനുള്ള ധൈര്യം അദ്ദേഹത്തിനുണ്ടായിരുന്നു. തന്റെ നേര്‍ക്ക് വരുന്നത് പൊലീസാണെങ്കില്‍ പോലും അവരോടും നേരിട്ട ചരിത്രം ആമൂച്ചയുടെ ചരിത്ര പുസ്തകത്തിലുണ്ട്.
എല്ലായിപ്പോഴും കരുണയുടെ നനവുള്ള ഒരു ഹൃദയം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു. വാരിക്കോരി നല്‍കുന്നതില്‍ഒരു മടിയും കാണിക്കാത്ത ഒരാള്‍. നെല്ലിക്കട്ടയില്‍ ഏക്കര്‍ കണക്കിന് ഭൂമി വിലകൊടുത്തുവാങ്ങി 40 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കാന്‍ വേണ്ടി സൗജന്യമായി നല്‍കിയത് ആര്‍ദ്രമായ ആ കാരുണ്യത്തിന്റെ തിളങ്ങുന്ന അധ്യായങ്ങളില്‍ ഒന്ന്. നെല്ലിക്കട്ടയില്‍ തന്നെ ഉപ്പയുടെ ഓര്‍മ്മയ്ക്കായി മനോഹരമായ ഒരു പള്ളി നിര്‍മ്മിച്ചുനല്‍കുകയും ചെയ്തു. വിശേഷദിവസങ്ങളിലൊക്കെ ആമൂച്ച ഈ പള്ളിയിലെത്തും. അപ്പോഴൊക്കെ ഒരാള്‍കൂട്ടമുണ്ടാകും അദ്ദേഹത്തിന്റെ വരവ് ആഘോഷിക്കാന്‍. നായന്മാര്‍മൂല പടിഞ്ഞാര്‍ മൂലയിലും അദ്ദേഹം ഏതാനും കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കാനുള്ള സ്ഥലം സൗജന്യമായി നല്‍കിയിരുന്നു. ആന്ധ്രയിലും ഇതേ കാരുണ്യ പ്രവര്‍ത്തനം അദ്ദേഹം തുടര്‍ന്നു. സൗജന്യമായി സ്ഥലം മാത്രമല്ല പലര്‍ക്കും വീട് വെക്കാനുള്ള തുകയും നല്‍കിയിരുന്നുവെന്നതാണ് അദ്ദേഹത്തിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ മാറ്റുകൂട്ടുന്നത്. ആന്ധ്രയില്‍ ജീര്‍ണാവസ്ഥയിലായിരുന്ന ഒരു ക്ഷേത്രത്തിന്റെയും മസ്ജിദിന്റെയും പുനരുദ്ധാരണത്തിനും ആമൂച്ച സഹായിച്ചു.
നായന്മാര്‍മൂലയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ എപ്പോഴും ജനങ്ങള്‍ നിറഞ്ഞിരുന്നു. വിവിധ സഹായങ്ങള്‍ തേടിയെത്തുന്നവരായിരുന്നു അവര്‍. വീട് നിര്‍മ്മാണത്തിനും വിവാഹത്തിനും ചികിത്സയ്ക്കുമൊക്കെ കയ്യഴിഞ്ഞ് സഹായിക്കും. മകളുടെ വിവാഹത്തോടനുബന്ധിച്ച് ആറ് യുവതികളുടെ വിവാഹം നടത്തിക്കൊടുത്തിരുന്നു. വേനലില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ലോറികളില്‍ കുടിവെള്ളം എത്തിച്ചുനല്‍കുമായിരുന്നു. പി.ബി അഹമ്മദ് ട്രസ്റ്റിന്റെ പേരില്‍ ജില്ലയ്ക്കകത്തും പുറത്തും നിരവധി സഹായങ്ങള്‍ പ്രവഹിച്ചിട്ടുണ്ട്.
ഇടതുസഹയാത്രികനായിരുന്ന പി.ബി അഹമദ് നാഷണല്‍ ലീഗിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ച ഒരു നേതാവാണ്. ഇബ്രാഹിം സുലൈമാന്‍ സേട്ടിനോടുള്ള അതിരറ്റ സ്‌നേഹം അദ്ദേഹത്തെ നാഷണല്‍ ലീഗിന്റെ നേതൃനിരയിലെത്തിച്ചു. നാഷണല്‍ ലീഗിന്റെ പ്രഥമ ജില്ലാ കമ്മിറ്റിയില്‍ ട്രഷറര്‍ സ്ഥാനം വഹിച്ചു. മുസ്ലിംലീഗിന്റെ കോട്ടയായി അറിയപ്പെടുന്ന ചെങ്കള പഞ്ചായത്ത് ഭരണം ഇടതുമുന്നണിയുടെ സഹായത്തോടെ നാഷണല്‍ ലീഗ് പിടിച്ചെടുത്തത് പി.ബി അഹമ്മദ് എന്ന ഒരൊറ്റ നേതാവിന്റെ കരുത്തുകൊണ്ടാണെന്ന് പറയാതിരിക്കാന്‍ വയ്യ. അത്രമാത്രം സ്വാധീനം അദ്ദേഹത്തിനുണ്ടായിരുന്നു. ചെങ്കള പഞ്ചായത്തിലെ 14 അംഗ ഭരണസമിതിയില്‍ നാല് അംഗങ്ങളാണ് നാഷണല്‍ ലീഗ് ടിക്കറ്റില്‍ മത്സരിച്ച് ജയിച്ചത്. ഇടതുമുന്നണിക്കും മുസ്ലിംലീഗിനും നാല് വീതം അംഗങ്ങളുണ്ടായിരുന്നു. രണ്ട് അംഗങ്ങള്‍ കോണ്‍ഗ്രസിനും.
പ്രസിഡണ്ട് സ്ഥാനത്തേക്ക് പി.ബി അഹമദും മുസ്ലിംലീഗ് നേതാവ് സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടിയും മത്സിച്ചു. ഇടതു പിന്തുണയോടെ പി.ബി അഹമ്മദ് രണ്ട് വോട്ടിന്റെ ഭൂരിപക്ഷത്തിന് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട് അഞ്ച് വര്‍ഷം പഞ്ചായത്ത് ഭരണസമിതിയെ നന്നായി നയിക്കുകയും ചെയ്തു. രാഷ്ട്രീയപരമായ തര്‍ക്കങ്ങളൊന്നും അഹമദ് വ്യക്തിജീവിതത്തില്‍ കാണിച്ചിരുന്നില്ല. ചായിന്റി മുഹമ്മദ് കുഞ്ഞിയുടെ മകള്‍ ഡോ. സാനിയയെ അദ്ദേഹം പിന്നീട് മകന്‍ തൗസീഫിന്റെ മണവാട്ടിയാക്കി. ഇത്തവണ ജില്ലാ പഞ്ചായത്ത് ഭരണം സി.പി.എം തിരിച്ചുപിടിക്കുന്നതിലും അഹമദിന്റെ വലിയപങ്കുണ്ട്. ഷാനവാസ് പാദൂരിന്റെ വിജയത്തിന് പിന്നില്‍ പി.ബി അഹമദിന്റെ തലച്ചോറും നന്നായി പ്രവര്‍ത്തിച്ചിരുന്നു.
നേതാക്കളുടെ ഉറ്റസുഹൃത്തുകൂടിയായിരുന്നു പി.ബി അഹമദ്. ഏതുകക്ഷിയുടേതുമാകട്ടെ, പ്രത്യേകിച്ച് ഇടതുമുന്നണി നേതാക്കള്‍ കാസര്‍കോട്ടെത്തുമ്പോള്‍ പി.ബി അഹമദിന്റെ വീട് സന്ദര്‍ശിക്കും. മിക്കപ്പോഴും നേതാക്കള്‍ക്ക് പ്രാതലോ ഉച്ചഭക്ഷണമോ അഹമദിന്റെ വീട്ടിലായിരിക്കും. സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനടക്കമുള്ള നേതാക്കള്‍ അഹമദിന്റെ വീട് സന്ദര്‍ശിക്കുമായിരുന്നു.
അസുഖം പലതവണ വേട്ടയാടിയപ്പോഴും കരുത്തനായ ഒരാളെപോലെ നേരിടുകയായിരുന്നു അദ്ദേഹം. വൃക്കസംബന്ധമായ അസുഖം രൂക്ഷമായിരുന്നിട്ടും അതൊന്നും കാര്യമായി ഗൗനിച്ചതേയില്ല. എപ്പോഴും സജീവമായിരിക്കാനാണ് അഹമദ് ആഗ്രഹിച്ചത്. നായന്മാര്‍മൂലയില്‍ മേല്‍പാലം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയുടെ ചെയര്‍മാനായിരുന്നു അദ്ദേഹം.
കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍ അടക്കമുള്ള പണ്ഡിത നേതാക്കളുമായി വലിയ ആത്മബന്ധമായിരുന്നു പി.ബി അഹമദിന്. സുന്നീ പ്രസ്ഥാനത്തെ എന്നും നെഞ്ചേറ്റിയിരുന്നു. പി.ബി അഹമദിന്റെ ജനാസ കാണാന്‍ വരാന്‍ കഴിയാത്തതിന്റെ സങ്കടം എ.പി അബൂബക്കര്‍ മുസ്ല്യാര്‍ പങ്കുവെച്ചത് ഒരു വോയ്‌സ് മെസേജ് ഷെയര്‍ ചെയ്തുകൊണ്ടാണ്.
പി.ബി അഹമദ് കൂടെക്കൂടെ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുമായിരുന്നു. ഏറ്റവും ഒടുവില്‍ ദുബായില്‍ നിന്ന് തിരിച്ചെത്തി രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് അദ്ദേഹം അസുഖബാധിതനായി ആസ്പത്രിയിലാവുന്നത്. ദുബായ് സന്ദര്‍ശിക്കാനെത്തുമ്പോഴൊക്കെ സുഹൃത്തുകളെയെല്ലാം വിളിച്ചുകൂട്ടി സല്‍ക്കരിക്കും. ആമൂച്ചയുടെ ദുബായിലേക്കുള്ള ഓരോ വരവും തങ്ങള്‍ക്ക് ആഘോഷമായിരുന്നുവെന്ന് സുഹൃത്തുക്കളായ യഹ്‌യ തളങ്കര, ഹംസ മധൂര്‍, മൊയ്‌നുദ്ദീന്‍ കെ.കെ പുറം, മജീദ് തെരുവത്ത് എന്നിവര്‍ അനുസ്മരിച്ചു. മരണം ഒപ്പമുണ്ടെന്ന് ഉറപ്പുണ്ടായിട്ടും അസാമാന്യമായ ധൈര്യത്തോടെ ജീവിച്ച പി.ബി അഹമദിന്റെ വേര്‍പാട് അദ്ദേഹത്തെ അറിയുന്നവരിലൊക്കെ ഉണ്ടാക്കിയ വേദന ചെറുതല്ല.
-ടി.എ ഷാഫി