ആമൂച്ച: സ്‌നേഹം കൊണ്ട് വിരുന്നൂട്ടിയ വ്യക്തിത്വം

ആമൂച്ച… പ്രായ വ്യത്യാസം കണക്കെ എല്ലാവരും സ്‌നേഹത്തോടെ വിളിക്കുന്ന നാമം. നായന്മാര്‍മൂല എന്ന പ്രദേശത്തു വളര്‍ന്നു പന്തലിച്ച എന്നാല്‍ ജില്ലക്കകത്തും കേരളത്തിന് പുറത്തു കര്‍ണ്ണാടക, ആന്ധ്രാ പ്രദേശ് പോലുള്ള സംസ്ഥാനങ്ങളിലും ഇന്ത്യക്ക് പുറത്ത് യു.എ.ഇ., ഒമാന്‍ എന്നിവിടങ്ങളിലും അദ്ദേഹം വ്യവഹാരം നടത്തിയ ഇടങ്ങളിലെല്ലാം അദ്ദേഹവുമായി അടുത്തിടപഴകിയവര്‍ സ്‌നേഹത്തോടെ വിളിക്കുന്ന നാമം ആമൂച്ച. പി.ബി അഹമ്മദ് ഹാജി എന്ന ഔപചാരികതക്കപ്പുറത്തു ആമൂച്ച എന്ന സ്‌നേഹത്തില്‍ പൊതിഞ്ഞ ആ നാമം കേള്‍ക്കാനായിരിക്കും അദ്ദേഹത്തിനും കൂടുതല്‍ ഇഷ്ടം. പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ് […]

ആമൂച്ച… പ്രായ വ്യത്യാസം കണക്കെ എല്ലാവരും സ്‌നേഹത്തോടെ വിളിക്കുന്ന നാമം. നായന്മാര്‍മൂല എന്ന പ്രദേശത്തു വളര്‍ന്നു പന്തലിച്ച എന്നാല്‍ ജില്ലക്കകത്തും കേരളത്തിന് പുറത്തു കര്‍ണ്ണാടക, ആന്ധ്രാ പ്രദേശ് പോലുള്ള സംസ്ഥാനങ്ങളിലും ഇന്ത്യക്ക് പുറത്ത് യു.എ.ഇ., ഒമാന്‍ എന്നിവിടങ്ങളിലും അദ്ദേഹം വ്യവഹാരം നടത്തിയ ഇടങ്ങളിലെല്ലാം അദ്ദേഹവുമായി അടുത്തിടപഴകിയവര്‍ സ്‌നേഹത്തോടെ വിളിക്കുന്ന നാമം ആമൂച്ച. പി.ബി അഹമ്മദ് ഹാജി എന്ന ഔപചാരികതക്കപ്പുറത്തു ആമൂച്ച എന്ന സ്‌നേഹത്തില്‍ പൊതിഞ്ഞ ആ നാമം കേള്‍ക്കാനായിരിക്കും അദ്ദേഹത്തിനും കൂടുതല്‍ ഇഷ്ടം. പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒമാനിലെ സോഹാറിലേക്ക് പ്രവാസ ജീവിതം നയിക്കാന്‍ ഈ വിനീതന്‍ എത്തിയപ്പോള്‍ നമ്മുടെ ജില്ലക്കാര്‍ അല്ലാത്ത നിരവധി മലയാളികളും വര്‍ഷങ്ങളായി അവിടെ കച്ചവടം നടത്തുന്ന പാക്കിസ്ഥാനികള്‍ അടക്കവും വര്‍ഷക്കാലത്തപ്പുറം അവിടെ കച്ചവടം നടത്തിയിരുന്ന നമ്മുടെ നാട്ടുകാരനായിരുന്ന ആമൂച്ചയുടെ നല്ല ഓര്‍മ്മകള്‍ പങ്കുവെക്കുമായിരുന്നു. അവരും ഉച്ഛരിച്ച നാമം ആമൂച്ച എന്ന് തന്നെയാണ്.
എല്ലാവര്‍ക്കും ആവേശവും ഊര്‍ജ്ജവും ആയിരുന്ന ആമൂച്ച കളംവിട്ടൊഴിഞ്ഞിരിക്കുന്നു എന്നത് അവിശ്വസനീയമാണ്. ഒരു നാട്ടു രാജാവിനെപ്പോലെ പ്രൗഢിയോടെ ജീവിച്ചു അരങ്ങൊഴിഞ്ഞിരിക്കുകയാണ് ആമൂച്ച. കൈവെച്ച മേഖലകളിലെല്ലാം ഒരു ആമൂച്ച ടച്ച് പ്രകടമായിരുന്നു. ഒരുകാലത്തു തൊട്ടതെല്ലാം പൊന്നാക്കുന്ന എന്ന പോലെ നിഖില മേഖലകളിലും വിജയത്തിന്‍ന്റെ വെന്നിക്കൊടി പാറിപ്പിച്ചു മുന്നേറിക്കൊണ്ടിരുന്നു. എന്നാല്‍ അവസാന നാളുകളില്‍ എല്ലാത്തില്‍ നിന്നും സജീവത ഒഴിവാക്കി അല്‍പം സൗമ്യതയോടുകൂടിയാണ് അദ്ദേഹം ജീവിച്ചത്.
രാഷ്ട്രീയം, ബിസിനസ്സ്, ജീവ കാരുണ്യം, മത-സാമൂഹ്യ, സാംസ്‌കാരികം എന്നിങ്ങനെ നിഖില മേഖലകളിലും സജീവമായിരുന്നു ആമൂച്ച. അഞ്ചു വര്‍ഷക്കാലം ചെങ്കള പഞ്ചായത്ത് ഭരണം കയ്യാളിയ മികവുറ്റ ഒരു ഭരണകര്‍ത്താവ് കൂടിയായിരുന്നു അദ്ദേഹം. ആ സമയം ചെങ്കള പഞ്ചായത്തിന്റെ മുഖച്ഛായ മാറ്റിയെടുക്കുന്നതിന് വേണ്ടി അക്ഷീണം പ്രയത്‌നിക്കുകയും അതു വഴി അന്നത്തെ ലോകസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ആയിരുന്ന അഹമ്മദ് സഈദില്‍ നിന്നും പഞ്ചായത്തിനുള്ള അവാര്‍ഡും അദ്ദേഹം ഏറ്റു വാങ്ങിയിരുന്നു. മുഴു സമയ രാഷ്ട്രീയ പ്രവര്‍ത്തത്തില്‍ അത്ര വലിയ തല്‍പരനായിരുന്നില്ല എങ്കിലും അദ്ദേഹം വിശ്വസിക്കുന്ന പ്രസ്ഥാനത്തിന് എന്തും നല്‍കാനും അവര്‍ക്ക് ആവേശമാകാനും ഏതു പ്രതിസന്ധി ഘട്ടങ്ങളിലും അവര്‍ക്ക് താങ്ങും തണലുമാകാനും അദ്ദേഹം വളരെ താല്‍പര്യം കാണിച്ചിരുന്നു. സേട്ടു സാഹിബിന്റെ നേതൃത്വത്തില്‍ വളരെ ഏറെ ആകര്‍ഷ്ടനായിരുന്ന അദ്ദേഹം. പല സന്ദര്‍ഭങ്ങളിലും സേട്ടു സാഹിബിനൊപ്പം സമയം ചെലവഴിക്കുകയും അദ്ദേഹത്തോട് വളരെ അടുത്തു ഇടപെടുകയും ചെയ്തിരുന്നു.
ജീവിച്ച കാലമത്രയും പ്രൗഢിയോടെയായിരുന്നു അദ്ദേഹത്തതിന്റെ ജീവിതം. എല്ലായിപ്പോഴും അദേഹത്തിന്റെ വസതി വിരുന്നുകാരെ കൊണ്ട് സമ്പന്നമായിരുന്നു. ജില്ലയിലെ ഒട്ടുമിക്ക പ്രമാണിമാരും ഉദ്യോഗസ്ഥരും ആലിമീങ്ങളും ജാതി-മത-രാഷ്ട്രീയങ്ങള്‍ക്കപ്പുറം അദ്ദേഹവുമായി അടുത്ത ബന്ധമായിരുന്നു. പലകാര്യങ്ങള്‍ക്കും പലരും ആമൂച്ചയെ പ്രതീക്ഷയോടെ സമീപിക്കുമായിരുന്നു. മറ്റുള്ളവരെ സല്‍ക്കരിക്കുന്നതിന് വളരെയേറെ തല്‍പരനായിരുന്നു. അവരുടെ തൃപ്തിക്ക് വേണ്ടി നേരിട്ടു തന്നെ മംഗലാപുരം വരെ പോയെങ്കിലും ഹാര്‍ബറിലോ,മാര്‍ക്കറ്റിലോ നേരിട്ടെത്തി വ്യത്യസ്തവും രുചികരവുമായ മീനുകള്‍ കൊണ്ട് വന്നു വെപ്പുകാരെ കൊണ്ട് വ്യത്യസ്ത രുചികളില്‍ തയ്യാറാക്കിച്ചു വന്നവരുടെ മനസ്സും വയറും നിറപ്പിച്ചാണ് അദ്ദേഹം യാത്രയയക്കാറ്. നായന്മാര്‍മൂല മാര്‍ക്കറ്റിലെ മീന്‍ വില്‍ക്കുന്ന ചേച്ചിമാരോടും ഒരുപാട് സമയം തമാശ പറഞ്ഞു കുശലാന്വേഷണം നടത്തിയാണ് അവരുടെ മീന്‍കൊട്ടയിലെ ഏറ്റവും മികച്ച മീനുകള്‍ സ്വന്തമാക്കി മടങ്ങാറ്. ആ ചേച്ചിമാര്‍ ഈ യടുത്ത് ആമൂച്ചയുടെ വീട്ടില്‍ പോയി വളരെ അടുത്തിടപഴകിയുള്ള ഫോട്ടോ അദ്ദേഹത്തിന്റെ മകന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ആ ഒരൊറ്റ ചിത്രം ആമൂച്ചയുടെ സാധാരണക്കാരോടുള്ള അടുപ്പം വ്യക്തമാക്കാന്‍ പര്യാപ്തമായിരുന്നു. ഏതു പ്രതിസന്ധി ഘട്ടങ്ങളിലും നാട്ടുകാരുടെ മുന്നില്‍ നിന്ന് നയിക്കാന്‍ ആമൂച്ചയുണ്ടായിരുന്നു. അവസാനം നാഷണല്‍ ഹൈവേ വികസനവുമായി ബന്ധപ്പെട്ടു ഫ്‌ളൈഓവര്‍ സംബന്ധിച്ച് നാട്ടുകാര്‍ നടത്തിവരുന്ന സത്യാഗ്രഹ സമരത്തിന് മുന്നില്‍ ആവേശത്തോടെ മുദ്രവാക്യ വിളികളുമായും ആമൂച്ച ഉണ്ടായിരുന്നു.
നിരവധി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് കാരുണ്യത്തിന്റെ കൈത്താങ്ങാവാന്‍ ആമൂച്ചക്ക് സാധിച്ചിട്ടുണ്ട്. ആരും അറിയാതെയും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ആമൂച്ച ചെയ്തു കൊണ്ടിരുന്നത്. ജില്ലയിലെ നിരവധി സ്ഥാപനങ്ങളുടെ സജീവ സഹകാരിയായിരുന്നു. പല പ്രതിസന്ധി ഘട്ടങ്ങളിലും സഅദിയ്യ പോലുള്ള സ്ഥാപനങ്ങള്‍ക്ക് കരുത്തായി നില്‍ക്കാനും സഹായിക്കാനും അദ്ദേഹം തയ്യാറായിരുന്നു. നെല്ലിക്കട്ടയില്‍ സ്വന്തമായി മനോഹരമായ മസ്ജിദ് നിര്‍മിച്ചു പരിപാലിക്കുന്നതോടൊപ്പം നിരവധി മഹല്ലുകളില്‍ പള്ളിയും മദ്രസകളും നിര്‍മ്മിക്കാനും അത് പരിപാലിച്ചു മുന്നോട്ട് കൊണ്ട് പോകാനുള്ള സംവിധാനങ്ങള്‍ക്കും സഹായഹസ്തമായിരുന്നു ആമൂച്ച. നായന്മാര്‍മൂല ബദര്‍ ജുമാമസ്ജിദ് പ്രൗഢിയോടെ പുനര്‍ നിര്‍മ്മിക്കുന്നതിലും സജീവമായി നേതൃ നിരയിലുണ്ടായിരുന്നു ആമൂച്ച.
അല്ലാഹു അദ്ദേഹം ചെയ്ത നന്മയുടെ ഫലമായി ചെയ്തുപോയ ദോഷങ്ങള്‍ വിട്ടുപൊറുത്തു അവരെയും നമ്മെയും അവന്റെ സ്വര്‍ഗ്ഗീയ ഭവനത്തില്‍ ഒരുമിപ്പിച്ചു കൂട്ടട്ടെ ആമീന്‍…

റഫീഖ് എര്‍മാളം

Related Articles
Next Story
Share it