'മോനേ, വൈദ്യനു നിന്നെ കൊടുത്തോട്ടേ?' സൂഫീ പണ്ഡിതനായ പയ്യക്കി ഉസ്താദ്

1207ല്‍ ബല്‍ഖില്‍ (അഫ്ഗാനിസ്ഥാന്‍) ജനിച്ച് 1273ല്‍ തുര്‍ക്കിയിലെ ഖുന്‍യയില്‍ വെച്ച് ഇഹലോകവാസം വെടിഞ്ഞ മൗലാനാ ജലാലുദ്ദീന്‍ റൂമി വിശ്വവിശ്രുതനായ സൂഫിക്കവിയും വിളിപ്പെട്ട പണ്ഡിതനുമായിരുന്നു. ആധ്യാത്മികതയുടെ പരിവേഷം തുളുമ്പി നില്‍ക്കുന്ന റൂമിക്കവിതകളും സംഭാഷണങ്ങളും ശ്രോതാവിന്റെ ഹൃദയത്തില്‍ ചലനം കൊള്ളിക്കാനുതകുന്നവയാണ്. വിശുദ്ധ ഖുര്‍ആന്റെയും നബിവചനങ്ങളുടെയും അഗാധ അര്‍ത്ഥതലങ്ങളിലേക്ക് ഇറങ്ങി അനര്‍ഘമായ മുത്തുകള്‍ മുങ്ങിയെടുക്കുന്ന പ്രതീതി ഉളവാക്കുന്നു റൂമിയുടെ ശൈലീവിശേഷങ്ങള്‍. എത്രയോ ശതാബ്ദങ്ങള്‍ക്ക് ശേഷവും റൂമിയുടെ മൊഴികള്‍ സജീവ ചര്‍ച്ചകള്‍ക്കും വിശകലനങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുകയാണ്. അല്ലാഹുവിനോടുള്ള അടങ്ങാത്ത, അവാച്യമായ പ്രണയമാണ് റൂമീ രചനകളുടെ […]

1207ല്‍ ബല്‍ഖില്‍ (അഫ്ഗാനിസ്ഥാന്‍) ജനിച്ച് 1273ല്‍ തുര്‍ക്കിയിലെ ഖുന്‍യയില്‍ വെച്ച് ഇഹലോകവാസം വെടിഞ്ഞ മൗലാനാ ജലാലുദ്ദീന്‍ റൂമി വിശ്വവിശ്രുതനായ സൂഫിക്കവിയും വിളിപ്പെട്ട പണ്ഡിതനുമായിരുന്നു. ആധ്യാത്മികതയുടെ പരിവേഷം തുളുമ്പി നില്‍ക്കുന്ന റൂമിക്കവിതകളും സംഭാഷണങ്ങളും ശ്രോതാവിന്റെ ഹൃദയത്തില്‍ ചലനം കൊള്ളിക്കാനുതകുന്നവയാണ്. വിശുദ്ധ ഖുര്‍ആന്റെയും നബിവചനങ്ങളുടെയും അഗാധ അര്‍ത്ഥതലങ്ങളിലേക്ക് ഇറങ്ങി അനര്‍ഘമായ മുത്തുകള്‍ മുങ്ങിയെടുക്കുന്ന പ്രതീതി ഉളവാക്കുന്നു റൂമിയുടെ ശൈലീവിശേഷങ്ങള്‍. എത്രയോ ശതാബ്ദങ്ങള്‍ക്ക് ശേഷവും റൂമിയുടെ മൊഴികള്‍ സജീവ ചര്‍ച്ചകള്‍ക്കും വിശകലനങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുകയാണ്. അല്ലാഹുവിനോടുള്ള അടങ്ങാത്ത, അവാച്യമായ പ്രണയമാണ് റൂമീ രചനകളുടെ അന്തര്‍ധാര. കൊച്ചു കൊച്ചു കഥകളും അലങ്കാരങ്ങളും ചിന്താശകലങ്ങളും അവതരിപ്പിച്ചു കൊണ്ട് തന്റെ ദര്‍ശനങ്ങളും ഹൃദയ വികാരങ്ങളും ശ്രോതാക്കളില്‍ പ്രതിഫലിപ്പിക്കുന്ന ശൈലിയാണ് അദ്ദേഹം അവലംബിക്കുന്നത്.
റൂമി പറഞ്ഞ ഒരു കൊച്ചു കഥ:
മജ്‌നുവിനെ തന്റെ മുമ്പില്‍ ഹാജരാക്കി രാജാവ് ചോദിച്ചു: '-നിനക്കെന്തു പറ്റി? നീ നാടും വിടും ഉപേക്ഷിച്ച്, സ്വയം അവമതിച്ച് തകര്‍ന്നു പോയിരിക്കുന്നതെന്തേ? ആരാണീ ലൈല? എന്തു സവിശേഷ സൗന്ദര്യമാണവള്‍ക്കുള്ളത്? സുന്ദരികളായ അനേകം പെണ്‍കുട്ടികളെ നിനക്ക് കാണിച്ചു തരാം. നിന്റെ മോചനദ്രവ്യം എത്രയെന്ന് പറയൂ. ഞാന്‍ തരാം.'
തുടര്‍ന്നു സുന്ദരികളായ അനവധി സ്ത്രീകളെ രാജസദസ്സില്‍ വരുത്തി മജ്‌നുവിന് പരിചയപ്പെടുത്തിയെങ്കിലും അവന്‍ തലയുയര്‍ത്താതെ താഴേക്കു തന്നെ നോക്കിനിന്നു.
'തല ഉയര്‍ത്തി നോക്ക്' രാജാവ് കല്‍പ്പിച്ചു. 'എനിക്ക് ഭയമാണ് ലൈലയോടുള്ള എന്റെ സ്‌നേഹം ഉറയില്‍ നിന്നൂരിയ ഒരു വാളാണ്. ഞാന്‍ തലയുയര്‍ത്തിയാല്‍ അതിന്റെ മൂര്‍ച്ച എന്റെ തല അറുത്തു കളയും'. മജ്‌നു പ്രതിവചിച്ചു.
ലൈലയോടുള്ള അനുരാഗത്തില്‍ ലയിച്ചുപോയിരുന്നു മജ്‌നു. മറ്റ് യുവതികള്‍ക്കും കണ്ണും കാതും കാര്‍കൂന്തലുമാണ്ടായിരുന്നു. എന്നിരിക്കെ, ഈയൊരവസ്ഥയിലാവാന്‍ മാത്രം ലൈലയില്‍ എന്തായിരിക്കും മജ്‌നു കണ്ടത്?
(ജലാലുദ്ദീന്‍ റൂമിയുടെ '-ഫീഹിമാഫീഹി' വിവ: വി. ബഷീര്‍, പുറം 80)
സാന്ദര്‍ഭികമായി ഒരറബിക്കവിതയിലെ രണ്ടു വരി ഇവിടെ ഉദ്ധരിക്കാം:
'-അലം തറാ അന്നസ്സൈഫ യന്‍സുഖു ഖദ്‌റുഹു ഇദാ ഖീല ഇന്നസ്സൈഫ അംളാ മിനല്‍ അസ്വാ'
(ഒരു മരക്കഷണം കാണിച്ച് അതിനെ മൂര്‍ച്ചയേറിയ വാളിനോടുപമിക്കുന്നത് യഥാര്‍ത്ഥത്തില്‍ വാളിനെ അപമാനിക്കുകയാണെന്ന സാരം)
റൂമീസംഭാഷണങ്ങളെ ഓര്‍മ്മപ്പെടുത്തുന്നവയാണ് പയ്യക്കി വലിയ ഉസ്താദെന്നറിയപ്പെടുന്ന മര്‍ഹും ഖാസി അബ്ദുല്‍ റഹിമാന്‍ മുസ്ല്യാരുടെ സംസാര ശൈലി.
വടക്കേ മലബാറിലെ പണ്ഡിത ശിരോമണിയും സൂഫീവര്യനുമായ പയ്യക്കി ഉസ്താദ് എന്നറിയപ്പെടുന്ന ഖാസി അബ്ദുല്‍ റഹിമാന്‍ മുസ്ല്യാര്‍ക്ക് (1902-1980) ശിഷ്യപ്പെട്ടവരും ആ മഹാനുഭവനോട് സഹവസിച്ചവരും. പലരും കാലയവനിക്കുള്ളില്‍ മാഞ്ഞു പോയി. തന്റെ ഗുരുവും മഹാപണ്ഡിതനുമായിരുന്ന ഖാസി മുഹമ്മദ് മുസ്ല്യാരുടെ നേതൃത്വത്തില്‍ പയ്യക്കിയില്‍ തുടങ്ങി വെച്ച ദര്‍സിന്റെ മുദറിസ് ഏതാണ്ട് ജീവിതാന്ത്യം വരെ പയ്യക്കി ഉസ്താദ് തന്നെയായിരുന്നു. ദര്‍സിലാണെങ്കിലും ഇതര വേദികളിലാണെങ്കിലും കഥകള്‍, അനുഭവങ്ങള്‍, ഉദാഹരണങ്ങള്‍ മുതലായവ നിരത്തി ശ്രോതാക്കളില്‍ മതധാര്‍മ്മികതയുടെ മഹാതത്വങ്ങള്‍ പ്രതിഫലിപ്പിക്കുന്ന അനന്യ സാധാരണമായ വശ്യശൈലിയായിരുന്നു പയ്യക്കി ഉസ്താദിന്റേത്. ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും അവിശ്വസനീയമായ സൂക്ഷ്മത പുലര്‍ത്തിയിരുന്ന ഉസ്താദിന്റെ വക്ത്രത്തില്‍ നിന്നും ഉതിര്‍ന്നുവീഴുന്ന മൊഴിമുത്തുകള്‍ കേള്‍ക്കുന്നത് മറക്കാനാവാത്ത മധുരാനുഭൂതിയായിരുന്നു. 1973ല്‍ അദ്ദേഹം ഹജ്ജിന് പുറപ്പെടുന്നതിന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഒരു ജുമുഅ നമസ്‌കാരാനന്തരം പയ്യക്കി ജുമുഅത്ത് പള്ളിയില്‍ പായയിലിരുന്ന് കൊണ്ട് നടത്തിയ ചെറിയ സാരോപദേശസമൃദ്ധമായ സംസാരം ഇന്നും ഈ കുറിപ്പുകാരന്റെ ഹൃദയത്തില്‍ തങ്ങി നില്‍ക്കുന്നുണ്ട്. സ്വന്തം വീട്ടു പറമ്പിന്റെ ഒരു ഭാഗം വിറ്റ് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ആ ഹജ്ജ് നിര്‍വ്വഹണം. ആരോഗ്യം തൃപ്തികരമല്ലായിരുന്നു. മകന്‍ അബ്ദുല്‍ ഖാദിര്‍ മുസ്ല്യാര്‍ (പിന്നീട് പള്ളിക്കര ഖാസിയായിരുന്നു) താങ്ങിത്താങ്ങിയാണ് പിതാവിനെ കപ്പലില്‍ കയറ്റിയത്. പയ്യക്കി ഉസ്താദിന് ഒരു ഭാവപ്പകര്‍ച്ചയുമുണ്ടായിരുന്നില്ല.
സന്തോഷ കാലത്തും സന്താപ കാലത്തും ആരോഗ്യ കാലത്തും അനാരോഗ്യ കാലത്തും തൃപ്തികരമായ ഹൃദയം. തൃപ്തികരമായ ഒരു ഹൃദയമുണ്ടെങ്കില്‍ വേറെ എന്തും എന്തിന്?
'ഇദാ കുന്‍ത്ത ദാഖല്‍ബിന്‍ ഖനുഇന്‍
ഫ അന്‍ത്ത വ മാലികുദ്ദുന്‍യാ സവാഉ'
- ഇമാം ശാഫി
(തൃപ്തിയുള്ള ഒരു ഹൃദയം നിനക്കുണ്ടെങ്കില്‍ ലോകം മുഴുവന്‍ കയ്യടക്കി ഭരിക്കുന്ന രാജാവും നീയും സമമാണ്)
ധനാഢ്യനായ ഒരു ജന നേതാവിനെ കണ്ടപ്പോള്‍ പയ്യക്കി ഉസ്താദ് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അയാളോട് ഇങ്ങനെ പറയുകയുണ്ടായി:
'-രണ്ടു തരം ജന്തുക്കളാണ് ലോകത്തുള്ളത്. ഉപകാരം ചെയ്യുന്നവയും ഉപദ്രവിക്കുന്നവയും ഉദാഹരണത്തിന് നായ്ക്കളെ എടുക്കാം. പട്ടണങ്ങളിലും ഗ്രാമങ്ങളിലും അലഞ്ഞു തിരിയുകയും ആരേയും ഉപദ്രവിക്കാത്ത മനുഷ്യരെയും വളര്‍ത്ത് മൃഗങ്ങളെയും കടന്നാക്രമിക്കുകയും ദംശനം ഏല്‍പ്പിക്കുകയും ചെയ്യുന്ന നായ്ക്കളുമുണ്ട്. അവയെ കെണിയില്‍ കുടുക്കി കൊല്ലുന്ന ജോലിക്കാര്‍ക്ക് പഞ്ചായത്തില്‍ നിന്ന് ഒരെണ്ണത്തിന് നാലണ പ്രതിഫലവുമുണ്ട്. (ഇന്നത്തെ ഇരുപത്തഞ്ച് പൈസ). വേറൊരു വര്‍ഗ്ഗം നായ്ക്കളുണ്ട്: കൊലയാളികളെയും തസ്‌കരന്മാരെയും മണം പിടിച്ച് പിന്തുടര്‍ന്ന് പിടികൂടുന്ന പ്രാഗത്ഭ്യമുള്ള നായ്ക്കള്‍. അവയെ എന്തു വിലകൊടുത്തും സംരക്ഷിക്കേണ്ടതാണ്. മനുഷ്യരും അങ്ങിനെത്തന്നെ.'
ഗുണപാഠം:
ആത്യന്തികമായി മനുഷ്യന്‍ നല്ലവനായിരിക്കണം. അവന്‍ നന്മയെ പ്രോത്സാഹിപ്പിക്കുകയും തിന്മയെ തടുക്കുകയും ചെയ്യണം.
'എന്റെ അനുയായികളില്‍ രണ്ടു വിഭാഗമുണ്ട്. അവര്‍ നന്നായാല്‍ മനുഷ്യന്‍ നന്നായി. അവര്‍ ചീത്തയായാല്‍ മനുഷ്യന്‍ ചീത്തയായി. പണ്ഡിതരും ജനനേതാക്കളുമാണാ കൂട്ടര്‍.'
-നബി വചനം.
അഞ്ചു വര്‍ഷം മാത്രം പ്രായമുള്ളപ്പോള്‍ തന്റെ പിതാവ് മരണപ്പെട്ടതോടെ പയ്യക്കി ഉസ്താദ് യതീമായി. പിന്നീട് ആ ബാലനെ കൈപിടിച്ച് വളര്‍ത്തിയതും മഹാ പണ്ഡിതനാക്കിയതും തന്റെ സഹോദരീ ഭര്‍ത്താവും മഹാപണ്ഡിതനും ഗുരുവുമായ ഖാസി മുഹമ്മദ് മുസ്ല്യാര്‍ (മരണം 1953) ആയിരുന്നു. രോഗസ്തനായ പിതാവ് ആ ബാലനോട് ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു:
എന്നെ ചികിത്സിക്കുന്ന വൈദ്യര്‍ ഇന്ന് വരും. അയാള്‍ക്ക് കൊടുക്കുവാന്‍ എന്റെ കൈയില്‍ കാശില്ല. പകരം നിന്നെ കൊടുത്തോട്ടേ?
അത് തമാശയാണെന്നറിഞ്ഞോ അറിയാതെയോ മകന്‍ പ്രതിവചിച്ചു.
'-കൊടുത്തോളിന്‍'. സൂഫീ പിതാവിന്റെ സൂഫീ പുത്രന്‍! പ്രവാചകന്‍ ഇബ്രാഹീമിന്റെ (അ) പുത്രദാനത്തിന്റെ പാഠം.

-അഡ്വ.ബി.എഫ്.അബ്ദുല്‍ റഹ്മാന്‍

Related Articles
Next Story
Share it