'പയസ്വിനി'യും പ്രവാസിനിയായോ?

"എങ്ങനെയുണ്ട് എന്റെ പയസ്വിനി"? കാസര്‍കോട് വണ്ടിയിറങ്ങിയാല്‍ സ്വീകരിക്കാന്‍ കാത്തു നില്‍ക്കുന്നവരോട് സുഗതടീച്ചര്‍ ആദ്യം ചോദിക്കുന്നത്. ആരാണ് പയസ്വിനി? ഏത് പയസ്വിനി എന്ന മറുചോദ്യമുണ്ടാവുകയില്ല. ടീച്ചറെ കാത്തു നില്‍ക്കുന്നവര്‍ക്കറിയാം ഏത് പയസ്വിനിയെക്കുറിച്ചാണ് അന്വേഷിക്കുന്നതെന്ന്. രണ്ടായിരത്തി ആറ് ഡിസംബര്‍ മൂന്നിന് പേര് വിളിച്ച തൈമാവ്. ടീച്ചര്‍ക്ക് വേണ്ടി പുലിക്കുന്നിലെ ഗസ്റ്റ് ഹൗസില്‍ ഏര്‍പ്പാടാക്കിയിട്ടുള്ള മുറിയിലേക്ക് ഗോപിമാഷോ രാധാകൃഷ്ണന്‍ മാങ്ങാടോ കൂട്ടിക്കൊണ്ടു പോകുമ്പോള്‍ ആദ്യം ബസ്സ്റ്ററ്റാന്റിലേക്ക്-പയസ്വിനിയെ താലോലിക്കണം. അത് കഴിഞ്ഞിട്ടേയുള്ളു തന്റെ നിത്യകര്‍മങ്ങള്‍. അങ്ങനെയൊരു വല്ലാത്ത വൈകാരിക ബന്ധമുണ്ടായിരുന്നു സുഗതടീച്ചറിന് ആ […]

"എങ്ങനെയുണ്ട് എന്റെ പയസ്വിനി"? കാസര്‍കോട് വണ്ടിയിറങ്ങിയാല്‍ സ്വീകരിക്കാന്‍ കാത്തു നില്‍ക്കുന്നവരോട് സുഗതടീച്ചര്‍ ആദ്യം ചോദിക്കുന്നത്. ആരാണ് പയസ്വിനി? ഏത് പയസ്വിനി എന്ന മറുചോദ്യമുണ്ടാവുകയില്ല. ടീച്ചറെ കാത്തു നില്‍ക്കുന്നവര്‍ക്കറിയാം ഏത് പയസ്വിനിയെക്കുറിച്ചാണ് അന്വേഷിക്കുന്നതെന്ന്. രണ്ടായിരത്തി ആറ് ഡിസംബര്‍ മൂന്നിന് പേര് വിളിച്ച തൈമാവ്. ടീച്ചര്‍ക്ക് വേണ്ടി പുലിക്കുന്നിലെ ഗസ്റ്റ് ഹൗസില്‍ ഏര്‍പ്പാടാക്കിയിട്ടുള്ള മുറിയിലേക്ക് ഗോപിമാഷോ രാധാകൃഷ്ണന്‍ മാങ്ങാടോ കൂട്ടിക്കൊണ്ടു പോകുമ്പോള്‍ ആദ്യം ബസ്സ്റ്ററ്റാന്റിലേക്ക്-പയസ്വിനിയെ താലോലിക്കണം. അത് കഴിഞ്ഞിട്ടേയുള്ളു തന്റെ നിത്യകര്‍മങ്ങള്‍. അങ്ങനെയൊരു വല്ലാത്ത വൈകാരിക ബന്ധമുണ്ടായിരുന്നു സുഗതടീച്ചറിന് ആ തൈമാവുമായിട്ട്. അതിനോട് മാത്രമല്ല, താന്‍ നട്ട മരങ്ങളോടെല്ലാം തന്നെ. "മരത്തിന് സ്തുതി" പാടിയ കവയത്രിയാണല്ലോ സുഗതകുമാരി.
ഞാന്‍ ഓര്‍ക്കുന്നു, ആ മാവിന്‍ തൈ- അവിടെ നട്ട ദിവസത്തെ എല്ലാ കാര്യങ്ങളും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ഒരു കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ വന്നതായിരുന്നു ടീച്ചര്‍. പെര്‍ളയില്‍ വെച്ചായിരുന്നു പരിപാടി. അത് കഴിഞ്ഞ് വൈകുന്നേരം ബസ്സ്റ്റാന്റ് പരിസരത്തെത്തി. പീപ്പിള്‍സ് ഫോറം ഒരു പ്രതിഷേധ യോഗം സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു. പാതയോരത്തെ മൂന്ന് തണല്‍ മരങ്ങള്‍ക്ക് വിഷം കുത്തിവെച്ച് ഉണക്കാന്‍ സാമൂഹ്യ ദ്രോഹികള്‍ ശ്രമിക്കുകയുണ്ടായി. മരങ്ങള്‍ക്ക് എന്തോ വല്ലായ്മ ശ്രദ്ധയില്‍പെട്ട ടാക്‌സി ഡ്രൈവര്‍മാരാണ് അക്കാര്യം കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി വിജയനെ അറിയിച്ചത്. പീപ്പിള്‍സ് ഫോറം സംഘാടകനായ വിജയന്‍ പരിസ്ഥിതി പ്രവര്‍ത്തകനുമായിരുന്നു. ഡ്രൈവര്‍മാരില്‍ നിന്നും അറിഞ്ഞ വിവരം വിജയന്‍ ഉടന്‍ തന്നെ ഫോറം പ്രവര്‍ത്തകര്‍ക്ക് കൈമാറി. മാധവപ്പണിക്കര്‍ സാറും ഗോപിമാഷും എഞ്ചിനീയര്‍ രാഘവന്‍ നായരും മറ്റും അപ്പോള്‍ തന്നെ ബസ്സ്റ്റാന്റ് പരിസരത്തെത്തി. മരങ്ങള്‍ക്ക് എന്ത് പറ്റി എന്ന് പരിശോധിച്ചു. അപ്പോഴേക്കും ഡ്രൈവര്‍മാര്‍ മരങ്ങള്‍ക്ക് പ്രഥമ ശുശ്രൂഷകള്‍ ചെയ്തിരുന്നു. ആദ്യം മരങ്ങള്‍ ഉണങ്ങിയതെങ്ങനെ എന്ന് കണ്ട്പിടിച്ചു. മരത്തടിയില്‍ കൂര്‍പ്പിച്ച ഇരുമ്പ് കമ്പി കുത്തിക്കയറ്റിയതായി കണ്ടു. മുറിപ്പാടുകളില്‍ എന്തോ തേച്ചു പിടിപ്പിച്ചിട്ടുണ്ടായിരുന്നു. മരം ഉണക്കാനുള്ള വിഷം തന്നെ. അവര്‍ വിഷം തോണ്ടി നീക്കം ചെയ്തു. അവരുടെ നിരന്തര പ്രയത്‌നം കൊണ്ട് രണ്ട് മരങ്ങള്‍ അതിജീവിച്ചു. ഒന്ന് ഉണങ്ങിപ്പോയി. പണിക്കര്‍ സാറും മറ്റും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി. മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ അഹ്മദ് മാഷ് മാധ്യമ പ്രവര്‍ത്തകരെ വിവരമറിയിച്ചു. തണല്‍ മരങ്ങള്‍ക്കെതിരായ ഗൂഢാലോചന നാടാകെ അറിഞ്ഞു. പരിസ്ഥിതി പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും അങ്ങോട്ടേക്കൊഴുകിയെത്തി. വിദ്യാര്‍ത്ഥികള്‍ ചുറ്റും കൂടി നിന്ന് സുഗതകുമാരി ടീച്ചറുടെ 'മരത്തിന് സ്തുതി' ആലപിച്ചു.
ഇത് കഴിഞ്ഞ് കുറച്ചു നാളുകള്‍ക്കിപ്പുറമാണ് നേരത്തെ പറഞ്ഞ പരിപാടി നടന്നത്.. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതിയുടെ യോഗം. മടക്ക യാത്രയില്‍ ബസ് സ്റ്റാന്റ് പരിസരത്തെ പ്രതിഷേധ യോഗവും. പീപ്പിള്‍സ് ഫോറം പ്രവര്‍ത്തകര്‍ ഒരു മാവിന്‍ തൈ കൊണ്ടു വന്നു. ടീച്ചര്‍ എല്ലാവരെയും സാക്ഷി നിര്‍ത്തി തൈ നട്ടു. നനച്ചു, നാമകരണം ചെയ്തു. വൃക്ഷത്തിന് സ്തുതി ചൊല്ലി.
കാലക്രമേണ പയസ്വിനി തളിര്‍ത്തു, വളര്‍ന്നു. ടൗണിലേക്ക് വരുമ്പോഴും തിരികെ പോകുമ്പോഴും പയസ്വിനിയെ കണ്ണുകൊണ്ടുഴിയുക എന്നത്, അവളുടെ പിറന്നാളാഘോഷത്തില്‍ പങ്കെടുത്തവരുടെ പതിവ് പരിപാടിയായി. ആദ്യമായി പൂത്തപ്പോള്‍ പലരും 'പുഷ്പിണി'യായ പയസ്വിനിയുടെ പടമെടുക്കുകയുണ്ടായി. ഈ ലേഖകനടക്കം ചിലര്‍ ടീച്ചര്‍ക്ക് ഫോട്ടോ അയച്ചുകൊടുത്തു, കണ്ണീരില്‍ കുതിര്‍ന്ന ഒരോര്‍മ്മ കൂടി: നിറയെ പൂത്തുനില്‍ക്കുന്ന പയസ്വിനിയുടെ ചുവട്ടില്‍ എന്നെ നിര്‍ത്തി മകള്‍ ശ്രുതി ഒരു പാട് പടമെടുക്കുകയുണ്ടായി. അതിന്റെ കോപ്പി ടീച്ചര്‍ക്ക് അയച്ചുകൊടുത്തു. ഒരു മാസം കഴിഞ്ഞ് മകള്‍ അത് ടീച്ചര്‍ക്ക് നേരിട്ട് കൈമാറി. അവള്‍ അപ്പോള്‍ എറണാകുളത്ത് ജേര്‍ണലിസം ബിരുദാനന്തര ബിരുദ കോഴ്‌സില്‍ പഠിക്കുകയായിരുന്നു. അവരുടെ കോളേജില്‍ ഒരു പരിപാടിക്ക് ടീച്ചര്‍ വന്നപ്പോള്‍ മകള്‍ ആ പടവുമായി ടീച്ചറുടെ മുന്നിലെത്തി. 'കുട്ടി എവിടെയാ' എന്ന അന്വേഷണത്തിന് സ്വയം പരിചയപ്പെടുത്തിയപ്പോള്‍ ടീച്ചര്‍ പറഞ്ഞു,: 'എന്റെ പയസ്വിനി'-ഓര്‍ക്കുമ്പോള്‍ എന്റെ കൈവിറക്കുന്നു,
അടുത്ത കാലത്ത് ഒരു വിവരമറിഞ്ഞു: നഗരത്തിലെ പാതയോരങ്ങളിലെ മരങ്ങള്‍ക്കെല്ലാം കോടാലി വീഴുന്നു. ഉള്ളില്‍ ഒരു 'ആന്തല്‍' 'പയസ്വിനിയും'? മറ്റെല്ലാ മരങ്ങളും വെട്ടിയിട്ടപ്പോഴും പയസ്വിനിയെ തൊടാതെ വിട്ടു എന്നറിഞ്ഞു. ആശ്വാസത്തോടൊപ്പം ആശങ്കയും എത്രനാള്‍! ഒടുവില്‍ അറിഞ്ഞു! അടുക്കത്ത് ബയല്‍ സ്‌കൂളങ്കണത്തില്‍ മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നു. നിര്‍ബന്ധിത പ്രവാസം. പുതിയ സ്ഥലത്ത് പയസ്വിനിയെ ചെന്നുകാണാന്‍ സാധിച്ചിട്ടില്ല,
എന്നെങ്കിലുമൊരിക്കല്‍ ചെന്നുകാണാം. തലോടാം. ആ പ്രതീക്ഷയോടെ ഈ വരികള്‍.
അടുക്കത്ത് ബയല്‍ സ്‌കൂളിലെ കുട്ടികള്‍ ഭാഗ്യം ചെയ്തവര്‍. 'മരത്തിന് സ്തുതി' ചൊല്ലാന്‍ കഴിയുന്നുണ്ടല്ലോ! സുഗതകുമാരി എന്ന കവയത്രി തൊട്ടനുഗ്രഹിച്ച മരം തൊടാനും.
പുണ്യസ്പര്‍ശന സുഖം!

-നാരായണന്‍ പേരിയ

Related Articles
Next Story
Share it