കാസര്‍കോട്: ശക്തമായ മഴ തുടരുന്നതിനിടെ ജില്ലയില്‍ ദേശീയപാതയിലെ യാത്ര ദുരിതപൂര്‍ണമാവുന്നു. സര്‍വീസ് റോഡുകള്‍ മിക്കയിടത്തും പൂര്‍ണമായും തകര്‍ന്നനിലയിലാണ്. തകര്‍ന്ന് തരിപ്പണമായ റോഡിലൂടെ അപകടം മുന്നില്‍കണ്ടാണ് വാഹനയാത്ര ചെയ്യേണ്ടിവരുന്നത്. വാഹനങ്ങള്‍ക്ക് കേടുപാട് പറ്റുന്നതും പതിവായിരിക്കുകയാണ്.
ഉപ്പള മുതല്‍ കാസര്‍കോട് വരെ സര്‍വ്വീസ് റോഡുകളില്‍ പലേടത്തും പാതാളക്കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. നിര്‍മ്മാണ കമ്പനി അധികൃതരുടെ താല്‍ക്കാലിക നടപടികളൊന്നും കുത്തിയൊലിച്ചുവരുന്ന മഴവെള്ളത്തെ ചെറുക്കാനാവുന്നില്ല. ഇത്തരത്തില്‍ കുഴികളില്‍ കൊണ്ടിടുന്ന കല്ലും മണ്ണും മറ്റുമൊക്കെ ഒലിച്ചുപോവുകയാണ്.
അശാസ്ത്രീയമായി നിര്‍മ്മിച്ച ഓവുചാലുകളൊക്കെ നോക്കുകുത്തിയായി മാറി. പലേടത്തും ഓവുചാലുകളിലൂടെ മഴവെള്ളം ഒഴുകാത്ത അവസ്ഥ. ചിലയിടങ്ങളില്‍ ഓവുചാല്‍ നിര്‍മ്മാണം പാതിവഴിയിലാണ്.
കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന കനത്ത മഴയില്‍ സര്‍വീസ് റോഡുകള്‍ പുഴയായി മാറിയിട്ടുണ്ട്. വെള്ളക്കെട്ടില്‍ വലഞ്ഞ് വാഹന യാത്രക്കാര്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയും. പാതാളക്കുഴികള്‍ ശ്രദ്ധയില്പെടാതെയുള്ള അപകടം വേറെയും. ഇരുചക്ര വാഹനക്കാരാണ് ഏറെയും അപകടത്തില്‍ പെടുന്നത്.
മൊഗ്രാല്‍ പുത്തൂരില്‍ ദേശീയപാതയില്‍ സര്‍വീസ് റോഡില്‍ വെള്ളം നിറഞ്ഞത് വാഹനഗതാഗതത്തെ ഏറെ ബാധിക്കുന്നുണ്ട്. ഗതാഗതം പുതിയ റോഡിലേക്ക് വഴി തിരിച്ചുവിടണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതര്‍ ചെവികൊള്ളുന്നുമില്ല. ഇവിടെ കഴിഞ്ഞ ഒരാഴ്ചയായി ഗതാഗതം തടസ്സപ്പെടുന്ന തരത്തിലാണ് വെള്ളക്കെട്ടും റോഡ് തകര്‍ച്ചയും.
ജില്ലയിലെ പലഭാഗങ്ങളിലും റോഡുകള്‍ ഓവുചാലുകള്‍ പൂര്‍ണ്ണമായി നിര്‍മ്മിക്കുന്നതിന് മുമ്പ് വന്‍ മതിലുകളാല്‍ കെട്ടിയടച്ചത് ദുരിതം വര്‍ധിപ്പിച്ചു. വെള്ളം ഒഴുകിപ്പോകാന്‍ പറ്റാത്ത അവസ്ഥയുണ്ടായി. നടപ്പാത നിര്‍മ്മാണം എങ്ങുമെത്താത്തത് കാല്‍നടയാത്രക്കാരെയും ഏറെ ദുരിതത്തിലാക്കിയിട്ടുണ്ട്. ദേശീയപാത ഉയര്‍ത്തിയ ഭാഗങ്ങള്‍ ചിലയിടങ്ങളില്‍ തകരാനും സാധ്യത ഏറെയാണ്.
അതേസമയം ദേശീയപാതയില്‍ നിന്ന് മഴവെള്ളം സര്‍വീസ് റോഡുകളിലേക്ക് വെള്ളച്ചാട്ടംപോലെ കുത്തിയൊഴുകുന്നതും യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നുണ്ട്.