രക്ഷിതാക്കളെ കണ്ണുതുറക്കൂ; കുട്ടികള്‍ ആപത്തിലാണ്

നമ്മുടെ കുട്ടികള്‍ വലിയൊരു വിപത്തിന്റെ നടുവിലാണ്. കുട്ടികള്‍ മാത്രമല്ല യുവതലമുറയും. എം.ഡി.എം.എ എന്ന മാരകമായ ലഹരിപദാര്‍ഥമാണ് കൗമാരത്തെയും യുവത്വത്തെയും വഴിതെറ്റിക്കുന്ന മയക്കുമരുന്നുകളില്‍ ഇപ്പോള്‍ പ്രഥമസ്ഥാനത്ത് നില്‍ക്കുന്നത്. കാസര്‍കോട് ജില്ലയില്‍ എം.ഡി.എം.എ എന്ന മാരകമായ മയക്കുമരുന്ന് ഒരു തലമുറയെ തന്നെ നശിപ്പിക്കാനുള്ള സ്വാധീനംനേടിക്കഴിഞ്ഞിരിക്കുന്നു. ഇതുസംബന്ധിച്ച് പുറത്തുവരുന്ന കണക്കുകള്‍ ഈ യാഥാര്‍ഥ്യത്തെ ഓര്‍മപ്പെടുത്തുകയാണ്. മൂന്നാഴ്ചത്തെ മാത്രം കണക്കെടുത്ത് ഒരു പരിശോധന നടത്തുക. 265.86 ഗ്രാം എം.ഡി.എം.എയാണ് കാസര്‍കോട് ജില്ലയില്‍ ഈ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ മാത്രം പിടികൂടിയിരിക്കുന്നത്. അതിനുമുമ്പും ജില്ലയില്‍ എം.ഡി.എം.എ […]

നമ്മുടെ കുട്ടികള്‍ വലിയൊരു വിപത്തിന്റെ നടുവിലാണ്. കുട്ടികള്‍ മാത്രമല്ല യുവതലമുറയും. എം.ഡി.എം.എ എന്ന മാരകമായ ലഹരിപദാര്‍ഥമാണ് കൗമാരത്തെയും യുവത്വത്തെയും വഴിതെറ്റിക്കുന്ന മയക്കുമരുന്നുകളില്‍ ഇപ്പോള്‍ പ്രഥമസ്ഥാനത്ത് നില്‍ക്കുന്നത്. കാസര്‍കോട് ജില്ലയില്‍ എം.ഡി.എം.എ എന്ന മാരകമായ മയക്കുമരുന്ന് ഒരു തലമുറയെ തന്നെ നശിപ്പിക്കാനുള്ള സ്വാധീനംനേടിക്കഴിഞ്ഞിരിക്കുന്നു. ഇതുസംബന്ധിച്ച് പുറത്തുവരുന്ന കണക്കുകള്‍ ഈ യാഥാര്‍ഥ്യത്തെ ഓര്‍മപ്പെടുത്തുകയാണ്. മൂന്നാഴ്ചത്തെ മാത്രം കണക്കെടുത്ത് ഒരു പരിശോധന നടത്തുക. 265.86 ഗ്രാം എം.ഡി.എം.എയാണ് കാസര്‍കോട് ജില്ലയില്‍ ഈ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ മാത്രം പിടികൂടിയിരിക്കുന്നത്. അതിനുമുമ്പും ജില്ലയില്‍ എം.ഡി.എം.എ വില്‍പ്പനക്കിടെ നിരവധി പേര്‍ പിടിയിലായിട്ടുണ്ട്. മൂന്നാഴ്ചക്കുള്ളില്‍ 18.18 കിലോ കഞ്ചാവും പിടികൂടിയിട്ടുണ്ട്. 66 കേസുകളിലായി അറസ്റ്റിലായ പ്രതികളുടെ എണ്ണം 93 ആണ്. അതോടൊപ്പം ഒരു വസ്തുത കൂടി മനസിലാക്കേണ്ടതുണ്ട്. ഒരാഴ്ച മുമ്പ് ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വാഹനത്തില്‍ എം.ഡി.എം.എ കടത്തുന്നതിനിടെ പിടിയിലായത് മൂന്ന് കോളേജ് വിദ്യാര്‍ഥികളാണ്. വിദ്യാര്‍ഥികളെ ഉപയോഗിച്ച് എം.ഡി.എം.എ വില്‍പ്പന വ്യാപിപ്പിക്കുകയെന്ന രീതിയാണ് ലഹരിമ മാഫിയകള്‍ അവലംബിക്കുന്നത്. വിദ്യാര്‍ഥികളെ ലഹരിക്ക് അടിമകളാക്കുന്നതോടൊപ്പം തന്നെ അവരെ വില്‍പ്പനക്കും ഉപയോഗിക്കുന്നു. മംഗളൂരുവില്‍ മയക്കുമരുന്ന് കടത്തിനിടെ മലയാളി വിദ്യാര്‍ഥികള്‍ പിടിയിലാകുന്നത് പതിവാണ്. അതേ അവസ്ഥയില്‍ കാസര്‍കോട് ജില്ലയിലെ വിദ്യാര്‍ഥികളില്‍ ഒരുവിഭാഗവും എത്തിപ്പെടുകയാണെന്ന ആശങ്കയിലേക്കാണ് മൂന്ന് വിദ്യാര്‍ഥികള്‍ പിടിയിലായ സംഭവം വിരല്‍ചൂണ്ടുന്നത്.
മറ്റ് മയക്കുമരുന്നുകളെ അപേക്ഷിച്ച് വീര്യം കൂടുതലുള്ള എം.ഡി.എം.എ മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ അരക്ഷിതാവസ്ഥയുള്ള കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ മാത്രമല്ല, മാതൃകാപരമായ ജീവിതം നയിക്കുന്ന ഉത്തമകുടുംബങ്ങളിലെ കുട്ടികളുമുണ്ടെന്നതാണ് യാഥാര്‍ഥ്യം. തങ്ങള്‍ നിത്യജീവിതത്തില്‍ നേരിടുന്ന നിരന്തരമായ പ്രശ്‌നങ്ങളില്‍ നിന്നും അവഗണനകളില്‍ നിന്നും ഒറ്റപ്പെടലുകളില്‍ നിന്നും ആശ്വാസം കണ്ടെത്തുന്നതിന് വേണ്ടിയാണ് ചില കുട്ടികള്‍ മയക്കുമരുന്നില്‍ അഭയം തേടുന്നതെങ്കില്‍ മറ്റുചില കുട്ടികള്‍ കൗതുകത്തിന് വേണ്ടി ഉപയോഗിച്ച് ലഹരിക്ക് അടിമകളാകുകയാണ്. ഇവരെല്ലാം ഉപയോക്താക്കള്‍ക്കൊപ്പം തന്നെ മറ്റു വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് കച്ചവടത്തിനും മുന്നിട്ടിറങ്ങുന്നു. ഇത്തരം വിദ്യാര്‍ഥികള്‍ മുഖേന സ്‌കൂളുകളിലും കോളേജുകളിലും മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങളിലും മയക്കുമരുന്നും കഞ്ചാവും വിതരണത്തിനെത്തുമ്പോള്‍ മിക്ക കുട്ടികളുടെയും ജീവിതത്തെ നിയന്ത്രിക്കുന്ന കറുത്ത ശക്തിയായി എം.ഡി.എം.എ പോലുള്ള മാരകമയക്കുമരുന്നുകള്‍ മാറുകയാണ്. മയക്കുമരുന്ന് ഉപയോഗിക്കുന്ന വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസസഥാപനങ്ങളിലും വീടുകളിലും ഒരു പോലെ പ്രശ്‌നക്കാരായിരിക്കും. ഇവരുടെ അസ്വാഭാവികമായ പെരുമാറ്റങ്ങള്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും തലവേദനയായി മാറും. പഠനത്തില്‍ മിടുക്കരായ കുട്ടികള്‍ പോലും മയക്കുമരുന്ന് ഉപയോഗത്തിന് ശേഷം പഠനത്തില്‍ ഏറെ പിന്നോട്ടുപോകും. ശാസിക്കാനും ശിക്ഷിക്കാനും വരുന്ന അധ്യാപകരെ അക്രമിക്കാന്‍ പോലും ഇവര്‍ മടികാണിക്കില്ല. ഇങ്ങനെയുള്ള നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കേരളത്തിലെ പല കോളേജ് ക്യാമ്പസുകളിലും നടക്കുന്ന അക്രമങ്ങള്‍ക്കും റാഗിംഗുകള്‍ക്കും മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും കാരണം ചില വിദ്യാര്‍ഥികളുടെ കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം തന്നെയാണ്. ലഹരിയില്‍ സമനില തെറ്റി അക്രമങ്ങള്‍ അഴിച്ചുവിടുന്ന ഇത്തരം വിദ്യാര്‍ഥികളെ കൂടുതല്‍ ക്രിമിനലുകളാക്കി മാറ്റി മുതലെടുപ്പ് നടത്തുന്ന രാഷ്ട്രീയക്കാരും ക്യാമ്പസുകളെ ചുറ്റിപ്പറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. നാളിതുവരെ സ്വഭാവത്തില്‍ അച്ചടക്കവും വിനയവും കാത്തുസൂക്ഷിച്ചിരുന്ന കുട്ടിയെ നാടിനും വീടിനും ശല്യക്കാരനായി മാറ്റുന്ന വിപരീതസ്വഭാവമുള്ള വികലവ്യക്തിത്വത്തിനുടമയാക്കി മാറ്റുന്നുവെന്നതാണ് മയക്കുമരുന്നും കഞ്ചാവും വരുത്തിവെക്കുന്ന ഏറ്റവും വലിയ ദുരന്തം. തങ്ങളുടെ മക്കള്‍ പഠിച്ച് ഉയര്‍ന്ന നിലയില്‍ എത്തണമെന്നത് മാത്രമല്ല, സമൂഹത്തിന് മാതൃകയാകുന്ന ഉജ്വലവ്യക്തിത്വത്തിന് ഉടമകള്‍ കൂടിയാകണമെന്നുമായിരിക്കും സ്‌നേഹമുള്ള രക്ഷിതാക്കളുടെയെല്ലാം ആഗ്രഹം.
ആദ്യം അത്തരത്തിലുള്ള പ്രതീക്ഷകള്‍ക്കനുസരിച്ച് ജീവിച്ച് മാതാപിതാക്കള്‍ക്ക് സന്തോഷവും അഭിമാനവും പകര്‍ന്നുനല്‍കിയ വിദ്യാര്‍ഥികള്‍ മയക്കുമരുന്ന് മാഫിയയയുടെ പ്രലോഭനത്തില്‍ അകപ്പെട്ടാല്‍ പിന്നെ കുടുംബത്തിന്റെയും നാടിന്റെയും സമാധാനം കെടുത്തുന്ന സാമൂഹ്യവിരുദ്ധരായി മാറുന്നു. മയക്കുമരുന്ന് വില്‍പ്പനയിലൂടെ കൈവരുന്ന പണം വിദ്യാര്‍ഥികളെ തുടര്‍ന്ന് എന്ത് നീചകൃത്യത്തിനും മടിയില്ലാത്തവരാക്കി മാറ്റുന്നു. മയക്കുമരുന്ന് ഉപയോഗത്തിന് പണം തികയാതെ വരുമ്പോള്‍ ആളെക്കൊല്ലുന്ന ക്വട്ടേഷന്‍ ഏറ്റെടുക്കാനും കളവ് നടത്താനുമൊക്കെ അവര്‍ തയ്യാറാകുന്നു. ജീവിതകാലം മുഴുവന്‍ കഞ്ചാവിനും മയക്കുമരുന്നിനും മദ്യത്തിനും അടിമകളായി സ്വന്തം രക്ഷിതാക്കളെ ഉപദ്രവിക്കാനും പെറ്റമ്മയെയും സഹോദരിയെയും ബലാത്സംഗം ചെയ്യാനും വരെ തയ്യാറാകുന്ന മാനസികാവസ്ഥയില്‍ എത്തുകയാണ് ചെയ്യുന്നത്. അതിനിടയിലുണ്ടാകുന്ന പ്രശ്‌നങ്ങളെ നേരിടാനാകാതെ ആത്മഹത്യ ചെയ്യുന്നവരുണ്ട്. കൊല്ലപ്പെടുന്നവരുടെ എണ്ണവും കുറവല്ല. നല്ല നിലയില്‍ ജീവിച്ചിരുന്ന എത്രയോ കുടുംബങ്ങളാണ് തകരുന്നത്. എത്രയോ കുട്ടികളുടെ ഭാവിയാണ് ഇല്ലാതാകുന്നത്. ലഹരി ഉപയോഗിക്കുന്ന കുട്ടികളും കൗമാരക്കാരുമുള്ള കുടുംബങ്ങളില്‍ സ്വസ്ഥതയും സമാധാനവും വെറും സ്വപ്നം മാത്രമായി മാറുന്നു. മയക്കുമരുന്നിന് അടിമപ്പെടുന്ന കുട്ടികള്‍ രക്ഷിതാക്കളെ ഒരുവിധത്തിലും അനുസരിക്കാതെ നിഷേധാത്മകസ്വഭാവം പുലര്‍ത്തുന്നവരായിരിക്കും. തെറ്റായ മാര്‍ഗത്തിലൂടെ സഞ്ചരിക്കുന്നതിനുള്ള വിലക്കിനെ തങ്ങളുടെ സ്വാതന്ത്ര്യത്തിന്‍മേലുള്ള കൈകടത്തലായിട്ടായിരിക്കും അവര്‍ കാണുക. മാതാപിതാക്കളെ ശത്രുക്കളായി കണ്ട് അക്രമാസക്തരായി പ്രതികരിക്കുന്നത് ഈ കുട്ടികളുടെ സ്ഥിരം ശീലമായിരിക്കും. തങ്ങള്‍ ആഗ്രഹിക്കുന്ന ലഹരിജീവിതത്തിന് തടസമുണ്ടാക്കുന്ന സാഹചര്യമാണുള്ളതെങ്കില്‍ കുടുംബബന്ധങ്ങള്‍ പോലും ഉപേക്ഷിച്ച് കുട്ടികള്‍ നാടുവിട്ടുപോയെന്നും വരാം. തങ്ങളുടെ കുട്ടികള്‍ മയക്കുമരുന്നിനടിമയാണെന്ന് പല കുടുംബങ്ങളും തിരിച്ചറിയുന്നത് ഏറെ വൈകിയായിരിക്കും. അപ്പോഴേക്കും തിരുത്തി നേര്‍വഴിക്ക് കൊണ്ടുവരാന്‍ സാധിക്കാത്തവിധം അപകടകരമായ ലഹരിസ്വാധാനത്തില്‍ അവര്‍ അകപ്പെട്ടിട്ടുണ്ടാകും. മക്കള്‍ തെറ്റായ കൂട്ടുകെട്ടുകള്‍ വഴി ലഹരിമാഫിയാസംഘങ്ങളുടെ കെണിയില്‍ അകപ്പെടുന്നതിന് രക്ഷിതാക്കളുടെ അശ്രദ്ധ ഒരുപരിധിവരെ കാരണമാണ്. ജോലി തിരക്കുകള്‍ക്കിടയില്‍ മക്കളെ ശ്രദ്ധക്കാന്‍ പോലും സമയമില്ലാത്ത രക്ഷിതാക്കള്‍ സമൂഹത്തില്‍ ഏറെയുണ്ട്.
സമയം കിട്ടിയാല്‍ തന്നെയും മിനക്കെടാത്തവരുമുണ്ട്. ഇങ്ങനെയുള്ള കുടുംബങ്ങളിലെ കുട്ടികള്‍ ലഹരിമാഫിയകളുടെ വലയില്‍ എളുപ്പത്തില്‍ അകപ്പെടും. അതുവരെ കുട്ടികളെക്കുറിച്ചോര്‍ത്ത് വേവലാതിപ്പെടാതിരുന്ന മാതാപിതാക്കള്‍ക്ക് പിന്നീട് ദുഖിക്കേണ്ടിവരുന്നു. വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചുള്ള എം.ഡി.എം.എ വിപണനം വ്യാപകമായ സാഹചര്യത്തില്‍ സ്‌കൂളുകളും കോളേജുകളും കുറേക്കൂടി ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്. സിലബസില്‍പെടുന്ന പാഠഭാഗങ്ങള്‍ പഠിപ്പിക്കുന്നതിന് പുറമെ എം.ഡി.എം.എ പോലുള്ള മാരകമയക്കുമരുന്നുകള്‍ വരുത്തിവെക്കുന്ന ദുരന്തഫലങ്ങളെക്കുറിച്ചുള്ള ബോധവത്കരണക്ലാസുകള്‍ കൂടി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തണം.

Related Articles
Next Story
Share it