പപ്പന്‍ മാഷ് ഹാപ്പിയാണ്...

പപ്പന്‍ മാഷ് ഹാപ്പിയാണ്. പപ്പന്‍ മാഷിനെ കാണുമ്പോഴെല്ലാം മാഷിനെ അടുത്തറിയുന്നവരും അതിലും ഹാപ്പിയാണ്. മാഷിന് എന്തോ ഒരു ആകര്‍ഷണ ശക്തിയുണ്ടത്രെ. ചിരി മുഖത്ത് പതിച്ചവര്‍ക്കെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയു. സ്‌കൂളിലെ എത്ര വലിയ വികൃതി കുടുക്കയാണെങ്കിലും പപ്പന്‍ മാഷിന്റെ സ്‌നേഹവാത്സല്യങ്ങള്‍ക്ക് മുന്നില്‍ തലകുനിക്കും. അധ്യാപകനായെത്തിയ സ്‌കൂളുകളിലെല്ലാം വിദ്യാര്‍ത്ഥികളുടെയും സഹ അധ്യാപകരുടെയും മാത്രമല്ല നാട്ടുകാരുടെയും ഹൃദയങ്ങളിലാണ് പപ്പന്‍ മാഷ് കൂട് കൂട്ടിയത്. തന്റെ കയ്യൊപ്പ് ചാര്‍ത്തിയ സ്‌കൂളുകളിലെല്ലാം തന്റെ ഹൃദയവും പറിച്ചു നല്‍കിയാണ് മാഷ് കടന്നു പോകാറ്. അക്ഷരങ്ങളെ […]

പപ്പന്‍ മാഷ് ഹാപ്പിയാണ്. പപ്പന്‍ മാഷിനെ കാണുമ്പോഴെല്ലാം മാഷിനെ അടുത്തറിയുന്നവരും അതിലും ഹാപ്പിയാണ്. മാഷിന് എന്തോ ഒരു ആകര്‍ഷണ ശക്തിയുണ്ടത്രെ.
ചിരി മുഖത്ത് പതിച്ചവര്‍ക്കെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയു. സ്‌കൂളിലെ എത്ര വലിയ വികൃതി കുടുക്കയാണെങ്കിലും പപ്പന്‍ മാഷിന്റെ സ്‌നേഹവാത്സല്യങ്ങള്‍ക്ക് മുന്നില്‍ തലകുനിക്കും. അധ്യാപകനായെത്തിയ സ്‌കൂളുകളിലെല്ലാം വിദ്യാര്‍ത്ഥികളുടെയും സഹ അധ്യാപകരുടെയും മാത്രമല്ല നാട്ടുകാരുടെയും ഹൃദയങ്ങളിലാണ് പപ്പന്‍ മാഷ് കൂട് കൂട്ടിയത്.
തന്റെ കയ്യൊപ്പ് ചാര്‍ത്തിയ സ്‌കൂളുകളിലെല്ലാം തന്റെ ഹൃദയവും പറിച്ചു നല്‍കിയാണ് മാഷ് കടന്നു പോകാറ്. അക്ഷരങ്ങളെ തേന്‍ തുള്ളികളെപ്പോലെ കുട്ടി കുറുമ്പന്‍മാരുടെ ചുണ്ടുകളിലേക്ക് മധുര പദങ്ങങ്ങളായി പകര്‍ന്നു നല്‍കാന്‍ പപ്പന്‍ മാഷിനുള്ള കഴിവ് അപാരമെന്നാണ് സംസാരം. ഹൃദയത്തിലെ മുഴുവന്‍ നന്മയും ചെറുപുഞ്ചിരിയിലൊളിപ്പിച്ചുവെച്ചാണ് മാഷിന്റെ നടത്തം. പപ്പന്‍ മാഷ് വെറും ഒരു മാഷായിരുന്നില്ല തുറന്നു വെച്ച ഒരു പാഠ പുസ്തകം കൂടിയായിരുന്നു. അധ്യാപനം ആസ്വദിച്ചു ചെയ്യുന്ന അക്ഷരതെറ്റുകളില്ലാത്ത അധ്യാപകന്‍. അത്തരം അധ്യാപകരാണ് നാളത്തെ നല്ല തലമുറയെ സൃഷ്ട്ടിക്കുന്നതും.
കണ്ണൂരിലെ ബ്ലാത്തൂരില്‍ നിന്നാണ് കാസര്‍കോടിന്റെ ഹൃദയം കവരാന്‍ 1992ല്‍ മാഷ് കാസര്‍ക്കോട്ടെക്ക് വണ്ടി കയറിയത്. അതിനു മുമ്പ് കുറച്ചു കാലം വയനാട്ടില്‍ ഗുമസ്തനായി ജോലി ചെയ്തുവത്രെ. കവി, നാടകകൃത്ത്, പരിസ്ഥിതി പ്രവര്‍ത്തകന്‍, ചിത്രകാരന്‍ എന്നീ നിലകളില്‍ സുപരിചിതനായ പപ്പന്‍ മാഷ് മികച്ച സംഘാടകനുമാണ്. കാസര്‍കോട് സാഹിത്യ വേദിയുടെ ഉപാധ്യക്ഷന്‍, മലയാള ഐക്യവേദിയുടെ കാസര്‍കോട് ജില്ല അധ്യക്ഷന്‍ എന്നീ നിലകളിലും പപ്പന്‍ മാഷ് സജീവമാണ്. ബ്ലാത്തൂരിലെ നാരായണന്‍-യശോദ ദമ്പതികളുടെ മൂത്ത മകനായി ജനനം.
ബ്ലാത്തൂര്‍ ഗാന്ധി വിലാസം സ്‌കൂള്‍, കല്യാട് എ.യു.പി സ്‌കൂള്‍, ഇരിക്കൂര്‍ ഹൈസ്‌കൂള്‍, ഗവ. ട്രെയിനിംഗ് സ്‌കൂള്‍ കണ്ണൂര്‍ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. പ്രൈമറി അധ്യാപകനായിരിക്കെ ബിരുദ ബിരുദാനന്തര പരീക്ഷകള്‍ പാസ്സായി. കോഴിക്കോട് സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥിയായിരുന്നു. മൊഗ്രാല്‍ ഗവ.ഹൈസ്‌കൂള്‍, ഗവ. ഹൈസ്‌കൂള്‍ കൊടിയമ്മ എന്നീ വിദ്യാലയങ്ങളില്‍ മലയാളം അധ്യാപകനെന്ന നിലയില്‍ ഏറെ തിളങ്ങി. അവസാനം ഹെഡ്മാസ്റ്ററായി ജോലി ചെയ്ത കാനത്തൂര്‍ ഗവ. യു.പി. സ്‌കൂളില്‍ നിന്നാണ് മാഷ് കഴിഞ്ഞ ദിവസം നാടിന്റെയാകെ ആദരം ഏറ്റുവാങ്ങി വിരമിച്ചത്. സംസ്ഥാന പാഠപുസ്തക സമിതി അംഗം കൂടിയാണ്. നിരവധി ഹ്രസ്വചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്.
എസ്.ഐ.ഇ.ടി.പുരസ്‌കാരം നേടിയ ഒറ്റയിലത്തണല്‍, ജല തരംഗം, കാവ്യ മോഹിതം എന്നീ ചിത്രങ്ങള്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ഭൂമിയില്ലാത്തവരുടെ ആകാശം എന്ന നാടകത്തിന് 2017ല്‍ അധ്യാപക ലോകം അവാര്‍ഡ് ലഭിച്ചു. സങ്കടങ്ങളുടെ പുസ്തകം, യുവജനോത്സവ നാടകങ്ങള്‍, തീനടപ്പ് (കവിതാ സമാഹാരം) എന്നിവയാണ് മറ്റു കൃതികള്‍..
സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ പലതവണ പപ്പന്‍ മാഷിന്റെ നാടകങ്ങള്‍ സമ്മാനാര്‍ഹമായിട്ടുണ്ട്. കുമ്പള ഗവ.ഹൈസ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപിക കനകമ്മയാണ് ഭാര്യ. ബിരുദ വിദ്യാര്‍ത്ഥിനി നയന്‍താര ഏക മകള്‍. വിശ്രമജീവിതം കലാ സാഹിത്യ സാംസ്‌കരിക പരിസ്ഥിതി പ്രവര്‍ത്തന രംഗത്ത് സജീവമായി മാഷ് കാസര്‍കോടിന്റെ ഹൃദയങ്ങളില്‍ ഇനിയുമുണ്ടാകും. സന്മനസുള്ളവര്‍ക്ക് ഭൂമിയില്‍ സമാധാനം. ഭാഷാ സംഗമഭൂമിയായ കാസര്‍കോടിന്റെ മണ്ണില്‍ പപ്പന്‍ മാഷ് ഏറെ ഹാപ്പിയാണ്.

-റഹീം ചൂരി

Related Articles
Next Story
Share it