പഞ്ചാരക്കുന്നു പോല്‍ ഒരു മഞ്ഞുകുന്ന്...

പല കാമ്പസ് കഥകളിലും പഞ്ചാരക്കുന്നുകള്‍ കാണാം. കോഴിക്കോട് മെഡിക്കല്‍ കോളേജിന് പിറകുവശത്തായും ഒരു പഞ്ചാരക്കുന്നുണ്ടായിരുന്നു. ഇന്നുണ്ടോ എന്നറിയില്ല. അവിടെ നിന്നും മുള പൊട്ടിയ പ്രണയം ജീവിതം തന്നെയാക്കിയവരും ധാരാളം. അവ കാമ്പസുകളിലെ മധുരിക്കുന്ന ഓര്‍മകളുമാണ്. ആസ്പത്രിയിലെ മരുന്നു മണത്തില്‍ നിന്നും കാല്‍പനികതയുടെ സ്വപ്‌ന താഴ്‌വാരത്തിലേക്ക് സഞ്ചരിക്കാനുള്ള ഒരിടം.സായം സന്ധ്യകളില്‍ ചുവപ്പ് പടരുമ്പോഴും കൗമാരം കഴിഞ്ഞ പ്രണയ ജോഡികള്‍ അങ്ങിങ്ങായുള്ള കുന്നുകളില്‍ ഇരുപ്പുറപ്പിച്ചിട്ടുണ്ടാവും. ജീവിതം നെയ്‌തെടുക്കാനുള്ള സ്വപ്‌നങ്ങള്‍ കണ്ടിരിക്കാം. പഞ്ചാരക്കുന്നുകളിലൂടെ നാമ്പെടുക്കുന്ന പ്രണയവും കാലയവനികക്കുള്ളിലേക്ക് മറഞ്ഞുവോ? പുതുയുഗത്തിലെ പ്രണയ […]

പല കാമ്പസ് കഥകളിലും പഞ്ചാരക്കുന്നുകള്‍ കാണാം. കോഴിക്കോട് മെഡിക്കല്‍ കോളേജിന് പിറകുവശത്തായും ഒരു പഞ്ചാരക്കുന്നുണ്ടായിരുന്നു. ഇന്നുണ്ടോ എന്നറിയില്ല. അവിടെ നിന്നും മുള പൊട്ടിയ പ്രണയം ജീവിതം തന്നെയാക്കിയവരും ധാരാളം. അവ കാമ്പസുകളിലെ മധുരിക്കുന്ന ഓര്‍മകളുമാണ്. ആസ്പത്രിയിലെ മരുന്നു മണത്തില്‍ നിന്നും കാല്‍പനികതയുടെ സ്വപ്‌ന താഴ്‌വാരത്തിലേക്ക് സഞ്ചരിക്കാനുള്ള ഒരിടം.
സായം സന്ധ്യകളില്‍ ചുവപ്പ് പടരുമ്പോഴും കൗമാരം കഴിഞ്ഞ പ്രണയ ജോഡികള്‍ അങ്ങിങ്ങായുള്ള കുന്നുകളില്‍ ഇരുപ്പുറപ്പിച്ചിട്ടുണ്ടാവും. ജീവിതം നെയ്‌തെടുക്കാനുള്ള സ്വപ്‌നങ്ങള്‍ കണ്ടിരിക്കാം. പഞ്ചാരക്കുന്നുകളിലൂടെ നാമ്പെടുക്കുന്ന പ്രണയവും കാലയവനികക്കുള്ളിലേക്ക് മറഞ്ഞുവോ? പുതുയുഗത്തിലെ പ്രണയ ജോഡികള്‍ക്ക് പഞ്ചാരക്കുന്നു കളന്യമായിരിക്കും. അവര്‍ക്ക് വേണ്ടത് നല്ലൊരു മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും മാത്രം. ചാറ്റിങ്ങിലൂടെ തളിരിടുന്ന പ്രണയവും സൗഹൃദവും. അവരുടെ വഴിയും സന്തോഷത്തിന്റെതാണെങ്കില്‍ നമുക്ക് കുറ്റപ്പടുത്താനും കഴിയില്ല. പരമമായ ലക്ഷ്യം സന്തോഷമാണല്ലോ?
പ്രണയം പൂത്തുലയുന്ന കുന്നുകളെക്കുറിച്ചു നമ്മള്‍ അധികം കേള്‍ക്കുന്നേ ഇല്ല. എം.ടിയുടെ മഞ്ഞ് അനശ്വരമായ പ്രണയ കഥയാണെന്ന് പറയാം. കാത്തിരിപ്പിന്റെയും പ്രതീക്ഷയുടെയും പര്യായമാണത്. സിനിമയുമായിട്ടുണ്ട്. മഞ്ഞിനെ പ്രതീകമാക്കിയ മറ്റു സിനിമകളുമുണ്ട്. നാളെകളുടെയും ഇന്നലെകളുടെയും മധ്യത്തില്‍ ഒഴിവുകാലം കടന്നു പോകുന്നു. എം.ടിയുടെ മഞ്ഞിലെ വരികള്‍. ആ ഒഴിവുകാലം തന്നെയാണല്ലോ ജീവിതവും. പ്രഭപരത്തുന്ന പ്രഭാതവും നട്ടുച്ചയും സന്ധ്യയും ഒഴിവുകാലത്തെ വൈവിദ്ധ്യ പൂര്‍ണ്ണമാക്കുന്നു.
ഇക്കുറി ഓണക്കാലത്ത് ഒരു യാത്ര തരപ്പെടുത്തി. ഇന്ത്യയിലെ സ്‌കോട്ട്‌ലാന്റ് എന്നറിയപ്പെടുന്ന കുടകിലേക്ക്. സ്‌ക്കൂളുകള്‍ക്കവധിയായത് കൊണ്ട് മക്കളും മരുമക്കളുമായി ഒരു സംഘം തന്നെയുണ്ട് കൂടെ. സന്ധ്യക്കുള്ള യാത്രതന്നെ രസകരമായിരുന്നു. വനാന്തരങ്ങളിലൂടെയുള്ള വളവും തിരിവുമുള്ള നേരിയ റോഡ്. കൂരാകൂരിരുട്ടിനെ മുറിച്ച് തുളച്ചു പോകുന്ന കാറിന്റെ ഹെഡ് ലൈറ്റില്‍ നിന്നുമുള്ള പ്രകാശ രശ്മികള്‍ കാണാനെന്തു ഭംഗി. ചെറിയ തരത്തിലുള്ള മഞ്ഞു വീഴ്ചയുമാകുമ്പോള്‍ മഴവില്ലിനേക്കാളും സൗന്ദര്യമുണ്ടതിന്. യാത്രകള്‍ എന്നും എനിക്ക് ഹരമാണ്, ആസ്വാദ്യകരവും. കുടകിലെത്താന്‍ രാത്രിയായി. ടൗണിന് പുറത്താണ് താമസം ഏര്‍പ്പാടാക്കിയത്. ഡ്രൈവിംഗ് ചെയ്തതിന്റെ ക്ഷീണത്താല്‍ ഭക്ഷണവും കഴിഞ്ഞു കിടന്നു. തണുപ്പ് എന്റെ കണ്ണുകളെ ഉറക്കത്തിലേക്ക് കൂട്ടി കൊണ്ട് പോയി.
തണുത്ത് മഞ്ഞു പുതച്ച പുലര്‍ക്കാലം. മരങ്ങളെയും ചെടികളെയും ചുറ്റുവട്ടത്തിലുള്ള കുന്നുകളെയും വ്യക്തമായി കാണാനെ പറ്റുന്നില്ല. മഞ്ഞ് പൊതിഞ്ഞിരിക്കയാണ്. മൂടുപടം പോലെ. അരിച്ചു വരുന്ന സൂര്യപ്രകാശം മഞ്ഞില്‍ തട്ടി പുറത്ത് വരുമ്പോള്‍ നേരിയ വെള്ളിനൂല്‍ ഊര്‍ന്നിറങ്ങിയതുപോലെ തോന്നും. നാമെങ്ങനെ ഒറ്റപ്പെടും, പ്രകൃതി നമ്മോടൊപ്പമുണ്ടെങ്കില്‍…
ഞങ്ങളുടെ ലക്ഷ്യം മടിക്കേരിയില്‍ നിന്നും മുപ്പത് കിലോമീറ്റര്‍ അകലെ പശ്ചിമ ഘട്ടത്തിലുള്ള പുഷ്പഗിരി വനങ്ങളാല്‍ ചുറ്റപ്പെട്ട മണ്‍ഡല്‍പേട്ടയിലേക്കുള്ള ട്രക്കിംഗ് ആയിരുന്നു. അവിടത്തെ മനം കുളിര്‍പ്പിക്കുന്ന സൂര്യോദയവും സൂര്യാസ്തമയവും കാണുക എന്നത് സഞ്ചാരികള്‍ക്കുന്മാദ ദായകവും. സമുദ്രനിരപ്പില്‍ നിന്നും 2000 അടി ഉയരത്തിലാണത്. മലകയറ്റം ഒരനുഭൂതിയാണ്, ആഹ്ലാദമാണ്. പ്രകൃതി സ്‌നേഹികളെ ആകര്‍ഷിക്കുന്ന പച്ചപ്പും മഞ്ഞും. നഗരവല്‍ക്കരണവും വാണിജ്യവല്‍ക്കരണവും എത്തപ്പെടാതെ പ്രകൃതിയെ കന്യകയായിത്തന്നെ നിലനിര്‍ത്തിയിരിക്കുന്നവിടെ. സ്ഥലപ്പേരിനര്‍ത്ഥം തന്നെ മേഘങ്ങളുടെയും മഞ്ഞിന്റെയും അങ്ങാടിയെന്നും.
മടിക്കേരിയില്‍ നിന്നും പ്രാതല്‍ കഴിച്ചു പുറപ്പെട്ടു. പ്രധാന റോഡില്‍ നിന്നും മാറിപ്പോകേണ്ടിടത്ത് ജീപ്പുകള്‍ നിരനിരയായി നിര്‍ത്തിയിട്ടുണ്ട്. പിന്നീടുള്ള യാത്ര ജീപ്പിലും. ഏകദേശം 15 കിലോമീറ്റര്‍. ഒരു ഡ്രൈവറുമായി കരാര്‍ ഉറപ്പിച്ചു. കുട്ടികളായത് കൊണ്ട് എല്ലാവരെയും ഒരു ജീപ്പില്‍ തന്നെ കൊള്ളിച്ചു. യാത്ര തുടങ്ങി. ഒരു വണ്ടിക്ക് മാത്രം പോകാന്‍ പറ്റുന്ന ഇടുങ്ങിയ റോഡ്. വളഞ്ഞുപുളഞ്ഞു പോകുന്നു. കയറിയും ഇറങ്ങിയും. ചുറ്റും പച്ചപ്പും അരുവികളും. കാര്‍മേഘ കൂട്ടങ്ങളും മഞ്ഞും. ആകാശത്ത് നിന്ന് പഞ്ഞിക്കെട്ടുകള്‍ തെന്നി തെന്നിപ്പോകുന്നത് പോലെ. ജീപ്പിന്റെ ഞരക്കം പോലും താളാത്മകമാണെന്നു തോന്നും. അത്രക്കും സുന്ദരമാണ് പ്രകൃതി. നാമേതോ കാവ്യാത്മകമായൊരു യാത്രയിലാണെന്ന് തോന്നും.
അവസാനത്തെ മൂന്ന് കിലോമീറ്റര്‍ പാറക്കൂട്ടങ്ങള്‍ക്ക് മുകളിലൂടെയുള്ള യാത്രയാണ്. തുടങ്ങുന്നിടത്ത് വനം വകുപ്പിന്റെ ഒരു ഓഫീസ് ഉണ്ട്. ചെറിയ ഒരു തുക പ്രവേശന ഫീസ് നല്‍കണം. ജീപ്പുകളെ മാത്രമേ അവിടെ നിന്നങ്ങോട്ട് കടത്തിവിടുകയുള്ളു. യാത്ര തുടങ്ങുകയായി. 'ജീപ് സഫാരി'. വെറും പാറക്കൂട്ടങ്ങള്‍. കൂര്‍ത്തതും തേഞ്ഞതും വെളുത്തതും കറുത്തതും മണ്‍നിറത്തിലുള്ളതും വലുതും ചെറുതുമായ പാറക്കൂട്ടങ്ങള്‍, പുറത്തേക്കുന്തി നില്‍ക്കുന്നു. ജീവിത വഴിയുള്ള പ്രാരാബ്ദങ്ങള്‍ പോലെ. കാലങ്ങള്‍ കൊണ്ട് ആര്‍ജ്ജിച്ച അനുഭവവും പരിചയവുമുളള വയസനായ ജീപ്പ് മുരള്‍ച്ചയോടെ ആടിയും ഉലഞ്ഞും മുന്നോട്ട് പോവുകയാണ്. കയറ്റങ്ങളില്‍ ലോഡ് കൂടുതലായി വണ്ടി വലിയാതായപ്പോള്‍ ഞങ്ങളില്‍ നിന്നും മുതിര്‍ന്നവര്‍ ഇറങ്ങി. മുകളിലോട്ട് നടന്ന് കയറി. ഉദ്വേഗഭരിതമായ യാത്ര. ഇടക്കിടക്ക് ജീപ്പ് നിര്‍ത്തി ഡ്രൈവര്‍ ഇറങ്ങി ജീപ്പിന്റെ ടയറുകള്‍ പരിശോധിക്കും. നിയന്ത്രിതമേഖലയായത് കൊണ്ട് കുട്ടികളുടെ പാട്ടും ചിരിയും നിന്നു. ഉള്ളില്‍ ഭീതിയുമായപ്പോള്‍ ശാന്തം നിശബ്ദം.
കുറച്ച് സമയങ്ങള്‍ക്ക് ശേഷം തുറസ്സായ സ്ഥലത്തെത്തി. ഞങ്ങള്‍ക്ക് മുമ്പെ വന്ന ജീപ്പുകള്‍ അവിടെ നിര്‍ത്തിയിട്ടിരിക്കുന്നു. ഇനിയങ്ങോട്ട് നടന്നു കയറണം. ഏകദേശം അര കിലോമീറ്റര്‍. മഞ്ഞു വീഴ്ച മൂലം ഒന്നും കാണാന്‍ കഴിയുന്നില്ല. നടന്നു പോകുന്ന വഴി, പ്രകൃതി വരച്ച പാടു പോലെ നേര്‍ രേഖയായി മുന്നോട്ട് ഉയരത്തിലേക്ക് പോവുകയാണ്. ഞങ്ങളും നടന്നു തുടങ്ങി. കാലം വരച്ചു വച്ച വഴിയിലൂടെ. ഒരു മുന്നൊരുക്കവും കൂടാതെ വന്നതായിരുന്നു. തണുത്ത് വിറച്ചു നടക്കുകയാണ്. കൂട്ടത്തിലെ ചെറിയ കുട്ടി കരച്ചിലും തുടങ്ങി. മുതിര്‍ന്നവര്‍ അതിനെ എടുത്തു കൊണ്ട് നടന്നു. മഞ്ഞോട് മഞ്ഞ്. പുക പോലെയുണ്ട്. കൂടെയുള്ള മരുമകനും മകനും ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി. മുന്നോട്ട് നീങ്ങുകയാണ്. മഞ്ഞ് മഴപോലെ പെയ്യുകയാണ്.
മനസ്സില്‍ സന്തോഷത്തിന്റെ തുടികൊട്ടും ആര്‍പ്പുവിളിയും. മഞ്ഞില്‍ കുളിച്ച ദിവസം. ഇതിന് മുമ്പൊന്നുമനുഭവിക്കാത്ത ആനന്ദം. പരമാനന്ദം.
ശാന്തിയുടെയും സമാധാനത്തിന്റെയും കുന്നിന്‍ പുറം. പ്രകൃതിക്കിത്രമാത്രം സൗന്ദര്യമുണ്ടെന്നറിഞ്ഞ ദിവസം. വീണ്ടും നടന്നു. വീക്ഷണ മുനമ്പിലെത്തിയപ്പോള്‍ ഞങ്ങള്‍ ആഹ്ലാദിച്ചു ആടിപ്പാടി രസിച്ചു. മഞ്ഞു മഴയില്‍ നനഞ്ഞു കുതിര്‍ന്നു. ചുറ്റും കണ്ണോടിച്ചു. എല്ലാം വെളുത്തു കാണുന്നു. എല്ലാത്തിനും മഞ്ഞിന്റെ നിറം. താഴ്‌വാരം മുഴുവനും മഞ്ഞാണ്.
കോട പുതച്ച താഴ്‌വാരം. ഇന്നലെകളുടെയും നാളെകളുടെയും ഇടയിലുള്ള എന്റെ ഒഴിവുകാലം മഞ്ഞു മഴ നനഞ്ഞാസ്വദിച്ചു. ഹൃദയ ഭാരങ്ങള്‍ ഒഴിഞ്ഞു മഞ്ഞു പോലെ ഞാനും ഒഴുകുകയാണ്. പ്രകൃതിയുടെയും ജീവിതത്തിന്റെയും ഭംഗി ആസ്വദിക്കാന്‍…

-ഡോ.അബ്ദുല്‍ സത്താര്‍ എ.എ

Related Articles
Next Story
Share it