കാസര്‍കോട്: കേരളത്തിന്റെ മതസൗഹാര്‍ദ്ദ പാരമ്പര്യം തകര്‍ക്കാന്‍ ഒരു ശക്തിയെയും യഥാര്‍ഥ മതവിശ്വാസികളും മതേതരജനാധിപത്യ വിശ്വാസികളും അനുവദിക്കില്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വ്യാഴാഴ്ച ഉച്ചയോടെ കൊല്ലങ്കാന ട്രിബൂണ്‍ റിസോര്‍ട്ടില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സാദിഖലി തങ്ങള്‍. മുസ്ലിം ലീഗ് എക്കാലത്തും മതസൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ്. ആ നിലപാടില്‍ ഊന്നി തന്നെയാണ് ലീഗ് മുന്നോട്ടുപോകുന്നത്. കേരളത്തില്‍ വിവിധ മതവിഭാഗങ്ങളില്‍ സമാധാനവും സഹവര്‍ത്തിത്വവും നിലനില്‍ക്കണമെങ്കില്‍ മതസൗഹാര്‍ദ്ദം സംരക്ഷിക്കപ്പെടണം.സംസ്ഥാനത്ത് വര്‍ഗീയ-തീവ്രവാദപ്രവണതകള്‍ ശക്തിപ്പെടുത്താനുള്ള ശ്രമം ഗൗരവത്തോടെയാണ് കാണേണ്ടത്. ഇത്തരത്തിലുള്ള നീക്കങ്ങളെ മുളയിലേ നുള്ളിക്കളയണം. വ്യത്യസ്ത ധാരകളില്‍ പ്രവര്‍ത്തിക്കുമ്പോഴും സാഹോദര്യത്തിന്റെ അന്തരീക്ഷം കാത്തുസൂക്ഷിക്കുകയെന്നത് എല്ലാവരുടെയും ബാധ്യതയാണ്. എല്ലാ മതവിഭാഗങ്ങളുടെയും ആഘോഷങ്ങളില്‍ പരസ്പരം പങ്കുചേര്‍ന്ന് സ്നേഹവും ഐക്യവും ഊട്ടിയുറപ്പിക്കാന്‍ സാധിക്കണം. കാസര്‍കോട് സപ്തഭാഷാസംഗമഭൂമി മാത്രമല്ല സപ്തസംസ്‌കാരത്തിന്റെ കേന്ദ്രം കൂടിയാണ്. അതുകൊണ്ടാണ് കാസര്‍കോടിനെ മുസ്ലിം ലീഗിന്റെ ജില്ലാസംഗമങ്ങളുടെ പ്രഥമവേദിയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
മതേതരത്വം സംരക്ഷിക്കാന്‍ എന്നും മുന്‍പന്തിയില്‍ നിന്നിട്ടുള്ളത് മുസ്ലിംലീഗാണെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തില്‍ വര്‍ഗീയതയും തീവ്രവാദവും വളര്‍ത്താന്‍ ചില സംഘടനകള്‍ മത്സരിക്കുന്നു. ഇവരുടെ നീക്കങ്ങളെ ചെറുത്ത് മതേതരത്വത്തിന് ഒരു പോറല്‍ പോലുമേല്‍ക്കാതെ കാത്തുസൂക്ഷിക്കുകയെന്ന ദൗത്യമാണ് ലീഗിന് മുന്നിലുള്ളതെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അബ്ദുസമദ് സമദാനി എം.പി, പി.എം.എ സലാം, കെ.പി.എ മജീദ് തുടങ്ങി ലീഗിന്റെ പ്രമുഖരായ നിരവധി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
രാവിലെ നടന്ന സൗഹൃദ സംഗമത്തില്‍ ചിന്മയ മിഷന്‍ മേധാവി വിവിക്താനന്ദ സരസ്വതി, ഫാ. മാത്യു ബേബി മാര്‍ത്തോമ, സമസ്ത വൈസ് പ്രസിഡണ്ട് യു.എം അബ്ദുല്‍റഹ്‌മാന്‍ മൗലവി, കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി, ബി.എസ് അബ്ദുല്ലകുഞ്ഞി ഫൈസി, ബ്രഹ്‌മശ്രീ ഉളിയത്തായ വിഷ്ണു ആസ്ര, ഫാ. ജോസഫ് ക്രാസ്റ്റ വോര്‍ക്കാടി, അരസു രംഗത്രായ ബള്ളാല്‍ പൈവളിഗെ, പ്രശസ്ത ചിത്രകാരന്‍ പി.എസ് പുണിഞ്ചിത്തായ, ഡോ. ഖാദര്‍ മാങ്ങാട്, അജയകുമാര്‍ കോടോത്ത്, രഘുഷെട്ടി ഉദ്യാവര്‍ മാട, ഡോ. കെ. രാജന്‍, കെ.എന്‍ കൃഷ്ണഭട്ട്, വി.വി. പ്രഭാകരന്‍, പി.എസ്. ഹമീദ് തുടങ്ങി വിവിധ മതവിഭാഗം നേതാക്കളും സാംസ്‌കാരിക പ്രമുഖരുമായി സാദിഖലി ശിഹാബ് തങ്ങള്‍ കൂടിക്കാഴ്ച നടത്തി.
പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍റഹ്‌മാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്‌റഫ് അടക്കമുള്ള മുസ്ലിംലീഗ് എം.എല്‍.എമാര്‍ തുടങ്ങിയവര്‍ സൗഹൃദ സംഗമത്തില്‍ സംബന്ധിച്ചു.