പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഇനി ഓര്‍മ്മ; ഖബറടക്കം തിങ്കളാഴ്ച രാവിലെ

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും ആത്മീയാചാര്യനുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (74) അന്തരിച്ചു. അസുഖബാധിതനായി കുറച്ചുനാളുകളായി ചികിത്സയില്‍ കഴിയുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. സമസ്ത വൈസ് പ്രസിഡന്റും മുസ്ലിംലീഗ് മുഖപത്രം ചന്ദ്രികയുടെ മാനേജിങ് ഡയറക്ടറും കൂടിയാണ് തങ്ങള്‍. 1947 ജൂണ്‍ 15-നായിരുന്നു ജനനം. 2009 ഓഗസ്റ്റില്‍ സഹോദരന്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടര്‍ന്നാണ് മുസ്ലിംലീഗ് അധ്യക്ഷപദം ഹൈദരലി തങ്ങള്‍ ഏറ്റെടുത്തത്. 13 വര്‍ഷത്തോളമായി ഈ പദവിയില്‍ തുടര്‍ന്നുവരികയായിരുന്നു. 25 […]

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും ആത്മീയാചാര്യനുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (74) അന്തരിച്ചു. അസുഖബാധിതനായി കുറച്ചുനാളുകളായി ചികിത്സയില്‍ കഴിയുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. സമസ്ത വൈസ് പ്രസിഡന്റും മുസ്ലിംലീഗ് മുഖപത്രം ചന്ദ്രികയുടെ മാനേജിങ് ഡയറക്ടറും കൂടിയാണ് തങ്ങള്‍.
1947 ജൂണ്‍ 15-നായിരുന്നു ജനനം. 2009 ഓഗസ്റ്റില്‍ സഹോദരന്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടര്‍ന്നാണ് മുസ്ലിംലീഗ് അധ്യക്ഷപദം ഹൈദരലി തങ്ങള്‍ ഏറ്റെടുത്തത്. 13 വര്‍ഷത്തോളമായി ഈ പദവിയില്‍ തുടര്‍ന്നുവരികയായിരുന്നു. 25 വര്‍ഷത്തോളം മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സ്ഥാനത്തുണ്ടായിരുന്നു.

പട്ടിക്കാട് ജാമിഅഃ നൂരിയ്യയിലായിരുന്ന സംഘടനാ പ്രവര്‍ത്തനങ്ങളുടെ തുടക്കം. അവിടുത്തെ വിദ്യാര്‍ഥി സംഘടനയായ നൂറുല്‍ ഉലമയുടെ പ്രസിഡന്റായി. 1973-ല്‍ സമസ്തയുടെ വിദ്യാര്‍ഥി സംഘടനയായ എസ്.എസ്.എഫ് രൂപീകരിച്ചപ്പോള്‍ അതിന്റെ സ്ഥാപക പ്രസിഡന്റായി. 1979-വരെ ഈ പദവിയില്‍ തുടര്‍ന്നു. 1983-ലാണ് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റാകുന്നത്. രണ്ടര പതിറ്റാണ്ടിന് ശേഷം സഹോദരന്റെ ഒഴിവില്‍ സംസ്ഥാന അധ്യക്ഷ പദത്തിലേക്കും എത്തി.

ഹൈദരലി ശിഹാബ് തങ്ങളുടെ മയ്യത്ത് ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് മലപ്പുറം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. ഖബറടക്കം തിങ്കളാഴ്ച രാവിലെ 9 മണിക്ക് പാണക്കാട് ജുമുഅത്ത് പള്ളിയില്‍ നടക്കും.

കൊയിലാണ്ടിയിലെ അബ്ദുല്ല ബാഫഖിയുടെ പുത്രി ശരീഫ ഫാത്തിമ സുഹ്റയാണ് ഭാര്യ. മക്കള്‍: സയ്യിദ് നഈം അലി ശിഹാബ്, സയ്യിദ് മുഈന്‍ അലി ശിഹാബ്, സയ്യിദ സാജിദ, സയ്യിദ ശാഹിദ. മരുമക്കള്‍: സയ്യിദ് നിയാസ് അലി ജിഫ്രി കോഴിക്കോട്, സയ്യിദ് ഹബീബ് സഖാഫ് തിരൂര്‍.

സഹോദരങ്ങള്‍: പരേതരായ മുഹമ്മദലി ശിഹാബ് തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ക്ക് പുറമെ സാദിഖലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍.

Related Articles
Next Story
Share it