ആയിഷാബി എന്ന ഇഞ്ഞ...
ജദീദ് റോഡ്...ഓര്‍മ്മകളുടെ അറകളില്‍ എഴുതി അച്ചടിച്ചപ്പോള്‍ പതിവ് പോലെ തളങ്കരയില്‍ നിന്ന് സന്ധ്യയോടെ ഫോണ്‍ വന്നു. 'ഡാ; ഹനീഫാ...ജദീദ് റോഡ് വായിച്ചു...നിന്റെ 'ഇരുട്ടിന്റെ ദേശം' കലാ കൗമുദിക്കഥയില്‍ ഈ ജദീദ് റോഡല്ലേ ഉള്ളത്...' അന്ത്രുച്ച എന്ന അബ്ദുല്‍ റഹ്‌മാന്‍...കാസര്‍കോട്ടെ എനിക്ക് അടുപ്പമുള്ള മികച്ച വായനക്കാരന്‍... കഴിഞ്ഞ തിങ്കളാഴ്ച അന്ത്രുച്ച വിളിച്ച് ഖേദപൂര്‍വ്വം അറിയിച്ചു. 'ഹനീഫാ, ആച്ചിഞ്ഞ പോയി... നിന്റെ ആമദിന്റെ പെങ്ങൊ...' ഓര്‍മ്മകളുടെ അറകളില്‍ സ്‌നേഹം മാത്രം വിതറി നില്‍ക്കുന്ന ഒരു അപൂര്‍വ്വ ചിത്രം. ടി.എ. ഷാഫിയുടെ […]
ജദീദ് റോഡ്...ഓര്‍മ്മകളുടെ അറകളില്‍ എഴുതി അച്ചടിച്ചപ്പോള്‍ പതിവ് പോലെ തളങ്കരയില്‍ നിന്ന് സന്ധ്യയോടെ ഫോണ്‍ വന്നു. 'ഡാ; ഹനീഫാ...ജദീദ് റോഡ് വായിച്ചു...നിന്റെ 'ഇരുട്ടിന്റെ ദേശം' കലാ കൗമുദിക്കഥയില്‍ ഈ ജദീദ് റോഡല്ലേ ഉള്ളത്...' അന്ത്രുച്ച എന്ന അബ്ദുല്‍ റഹ്‌മാന്‍...കാസര്‍കോട്ടെ എനിക്ക് അടുപ്പമുള്ള മികച്ച വായനക്കാരന്‍... കഴിഞ്ഞ തിങ്കളാഴ്ച അന്ത്രുച്ച വിളിച്ച് ഖേദപൂര്‍വ്വം അറിയിച്ചു. 'ഹനീഫാ, ആച്ചിഞ്ഞ പോയി... നിന്റെ ആമദിന്റെ പെങ്ങൊ...' ഓര്‍മ്മകളുടെ അറകളില്‍ സ്‌നേഹം മാത്രം വിതറി നില്‍ക്കുന്ന ഒരു അപൂര്‍വ്വ ചിത്രം. ടി.എ. ഷാഫിയുടെ […]
ജദീദ് റോഡ്...ഓര്‍മ്മകളുടെ അറകളില്‍ എഴുതി അച്ചടിച്ചപ്പോള്‍ പതിവ് പോലെ തളങ്കരയില്‍ നിന്ന് സന്ധ്യയോടെ ഫോണ്‍ വന്നു.
'ഡാ; ഹനീഫാ...ജദീദ് റോഡ് വായിച്ചു...നിന്റെ 'ഇരുട്ടിന്റെ ദേശം' കലാ കൗമുദിക്കഥയില്‍ ഈ ജദീദ് റോഡല്ലേ ഉള്ളത്...'
അന്ത്രുച്ച എന്ന അബ്ദുല്‍ റഹ്‌മാന്‍...കാസര്‍കോട്ടെ എനിക്ക് അടുപ്പമുള്ള മികച്ച വായനക്കാരന്‍...
കഴിഞ്ഞ തിങ്കളാഴ്ച അന്ത്രുച്ച വിളിച്ച് ഖേദപൂര്‍വ്വം അറിയിച്ചു. 'ഹനീഫാ, ആച്ചിഞ്ഞ പോയി... നിന്റെ ആമദിന്റെ പെങ്ങൊ...'
ഓര്‍മ്മകളുടെ അറകളില്‍ സ്‌നേഹം മാത്രം വിതറി നില്‍ക്കുന്ന ഒരു അപൂര്‍വ്വ ചിത്രം. ടി.എ. ഷാഫിയുടെ ഉമ്മയെ കാണാന്‍ ഞാന്‍ ആഗ്രഹം പറഞ്ഞതാണ്. നടന്നില്ല.
ആച്ചിബി...'ഇഞ്ഞ'.
അഹ്‌മദ്, സുഹ്‌റ, എല്ലാവരും അങ്ങനെ മാത്രം വിളിക്കാറുള്ളൂ, പറയാറുള്ളൂ...ഇഞ്ഞ.
സ്‌നേഹ-വാത്സല്യങ്ങളുടെ സാക്ഷാല്‍ തണല്‍ രൂപമായിരുന്നു ആച്ചിഞ്ഞ. ഒരു സഹന ചിത്രം... കെ.എം. അഹ്‌മദിന്റെ പൊന്നു പെങ്ങള്‍. ഉമ്മയുടെ പൊന്നു മോള്‍... അഹ്‌മദിന്റെ ഉമ്മ മരണപ്പെട്ട് ഖബറടക്കം കഴിഞ്ഞാണ് ഞാന്‍ എത്തിയത്.
അഹ്‌മദ് ചിന്താഭാരങ്ങളാല്‍ ജദീദ് റോഡിലെ തന്റെ വായനാ മുറിയില്‍ മുടിഒതുക്കാതെ കുപ്പായം ഊരിമാറ്റി വിഷാദ നിഴലില്‍...
ജനലിലൂടെ വിളിച്ചു.
'ഹേയ്; ഇദാ, ഹനീഫ ബന്നിറ്റ്' കണ്ണുകള്‍ക്ക് അന്ന് എന്തോ പ്രശ്‌നമുണ്ടായിരുന്നു. ധൃതിപ്പെട്ടുള്ള ആ വരവ് എന്റെ മനസിലുണ്ട്.
'ഏടെ; ഹനീഫ...'
അതെ; വര്‍ഷങ്ങള്‍ക്ക് ശേഷം... എന്നെ കാണാന്‍ ഓടി വന്നു. ആയിഷ... ഷാഫിയുടെ ഉമ്മ. ബഷീര്‍, ഉസ്മാന്‍, അബ്ദുല്‍ റഹ്‌മാന്‍, (ഹാരിസ് അന്ന് ചെറിയ കുഞ്ഞ്, ഞാന്‍ കണ്ടിട്ടില്ല.)എന്നിവരുടെ ഉമ്മ...
കണ്ണുനിറയെ എന്നെ നോക്കി നിന്നു. വിശേഷങ്ങള്‍ ചോദിച്ചു. ആ സംസാരത്തിലെ, വിശേഷങ്ങള്‍ അറിയാനുള്ള ഇച്ഛകളുടെ കൊതി നിറഞ്ഞ സൗരഭ്യങ്ങള്‍ ആ മരണ വാര്‍ത്ത കേട്ട് എന്നില്‍ സങ്കടക്കടലായി നിറഞ്ഞു.
സുഹ്‌റ ഒരു പ്ലേറ്റില്‍ ബേക്കറി പലഹാരവും ആച്ചിഞ്ഞ നിറഞ്ഞു തൂവിയ ഗ്ലാസില്‍ ചായയും തന്നു.
'അത്... ആ ബേക്കറി സാധനം തിന്നണ്ട. എന്റെ കല്‍ത്തപ്പം ഞാന്‍ തരാം...'
ഷാഫി പാര്‍ത്ത പഴയ ഓടിട്ട വീട്ടില്‍ രാവിലത്തെ കല്‍ത്തപ്പം ഉണ്ടായിരുന്നു. എന്റെ ഇഷ്ടങ്ങള്‍, തീറ്റവിഭവങ്ങള്‍ ആ ഉമ്മയ്ക്ക് അറിയാം. ഒന്നും മറന്നില്ല.
പറഞ്ഞാല്‍ ഇത് വായിക്കുന്നവര്‍ വിശ്വസിക്കില്ല. ആങ്ങള അഹ്‌മദിനോടുണ്ടായിരുന്ന കൂറും വിശ്വാസവും എന്നോടുണ്ടായിരുന്നു. വല്ലാത്ത വാത്സല്യം. അടുത്ത കാലം വരെ ഷാഫി പറയുമായിരുന്നു. ഉമ്മ ഹനീഫ്ച്ചയെ തിരക്കാറുണ്ടെന്ന്. നാല് വര്‍ഷം ജദീദ് റോഡിലെ ആ വീട്ടില്‍ ഞാന്‍ ഉണ്ടായിരുന്നു. അഹ്‌മദ് ഒരിക്കല്‍ ഓര്‍ത്തെടുത്തു. രാവിലെ നീ ഓഫീസിലേക്ക് ഇറങ്ങുമ്പോള്‍ നാസ്ത തരാനുള്ള ഇഞ്ഞയുടെ വെപ്രാളം. ശരിയാണ്. ഏത് തിരക്കുണ്ടെങ്കിലും എനിക്കുള്ള പ്രഭാത ഭക്ഷണത്തിലെ കറി അവിടന്നാണ്. മീന്‍ കറി... ഇത്ര രുചികരമായി കാസര്‍കോടന്‍ മീന്‍കറി ആ കൈകളില്‍ നിന്നാണ് ഞാന്‍ രുചിച്ചത്.
കലാകൗമുദി അച്ചടിച്ച ഇരുട്ടിന്റെ ദേശം കഥയിലെ നായിക 'ഏതോ ആയിഷാബി' ആണ്. കഥ വായിച്ച കെ.എം. അഹ്‌മദ് ചിന്താധീനനായി.
'കഥ ഫസ്റ്റ്. ആയിഷാബി എന്ന പേര് വേണ്ടായിരുന്നു'
ഞാന്‍ ചിരിച്ചതേ ഉള്ളൂ.
കടുത്ത പ്രയാസത്തിലായിരുന്നു ആയിഷബിയുടെയും അഹ്‌മദിന്റെയും ബാല്യം. കപ്പല്‍ ജോലിക്കാരനായ ഉപ്പയുടെ മരണ ശേഷം ആ കുടുംബം തികഞ്ഞ പട്ടിണിയിലേക്ക് വീണു. ഒരു രാത്രി അഹ്‌മദിന്റെ കോലായയില്‍ പഴയത് വിസ്തരിക്കുമ്പോള്‍ കേട്ട ഒന്ന്...
'പ്രാഥമിക വിദ്യാഭ്യാസം തുടരാന്‍ നിവൃത്തിയില്ലാതെ അഹ്‌മദ് വിഷമിച്ച നാളുകള്‍...
ഇന്നത്തെ പോലെ വിദ്യാഭ്യാസ സഹായങ്ങള്‍ നല്‍കാന്‍ പ്രസ്താനങ്ങളോ ധനാഢ്യരോ അക്കാലത്ത് കുറവായിരുന്നു. ഉച്ചഭക്ഷണത്തിന് അഹ്‌മദ് പലപ്പോഴും വീട്ടില്‍ വരാറില്ല. ഉമ്മയാണ് ജീവിതത്തിനുള്ള വഴി കണ്ടെത്തിയിരുന്നത്. ജ്യേഷ്ഠ സഹോദരന്മാര്‍ ചെറിയ പ്രായത്തില്‍ തന്നെ ജോലിക്ക് പോയിത്തുടങ്ങി. കാശിട്ടുവെക്കാന്‍ ആയിഷാബിക്ക് ഒരു കുടുക്ക ഉണ്ടായിരുന്നു. രണ്ടുമാസം കൂടുമ്പോള്‍ അത് തറയില്‍ അടിച്ച് പൊട്ടിക്കേണ്ടിവരും. മരുന്നിനും പള്ളിക്ക് 'ഓതി' നല്‍കാനുമൊക്കെ ഉപയോഗിക്കും.
മായിപ്പാടിയില്‍ ട്രൈനിംഗ് കോളേജില്‍ ചേരാന്‍ പോകുമ്പോള്‍... അതോ അതിന് മുമ്പോ...മൂത്ത ജ്യേഷ്ഠന്‍ അന്തുക്ക ജോലിയുമായി ടൗണില്‍ പോകും. മായിപ്പാടി ഹോസ്റ്റല്‍ ജീവിതമായിരുന്നു അഹ്‌മദിന്. പോകുമ്പോള്‍ കുറച്ച് കാശ് വേണം. 15 രൂപ ഇച്ച നല്‍കി. പടിയിറങ്ങുമ്പോള്‍ ഉമ്മ അനുഗ്രഹവുമായി വാതില്‍ക്കല്‍ നിന്നു. റോഡിലെത്താന്‍ രണ്ട് ചുവട് കൂടി... കൈ പിന്നില്‍കെട്ടി കൊച്ചു പാവാട ഉടുത്ത്, തലയിലൊരു തട്ടവുമിട്ട് ആയിഷാബി എന്ന കൗമാരക്കാരി മുന്നില്‍...അവളുടെ കണ്ണ് നിറഞ്ഞിട്ടുണ്ട്.
'മാറിനില്‍ക്ക്, ഞാന്‍ പോകട്ടെ...'
അവള്‍ വഴി മാറിയില്ല. പകരം ആ കുഞ്ഞുകൈകള്‍ മലര്‍ത്തി നീട്ടി.
ഉവ്വ്: ആ കൈവെള്ളയില്‍ അവളുടെ കാതിലെ കാല്‍പ്പവന്‍ പോലും വരാത്ത കുഞ്ഞുകമ്മല്‍ ഞാത്തുകള്‍...
അത് ആമിഞ്ഞി വാങ്ങിയിട്ടേ അവള്‍ വഴി മാറിയുള്ളൂ.
ഇതു പറഞ്ഞ കെ.എം. അഹ്‌മദ് കരഞ്ഞു; ഒന്ന് നിര്‍ത്തി പറഞ്ഞു.
'അവള്‍ക്കെല്ലാം കൊടുക്കാന്‍ മാത്രമേ അറിയൂ; പാവം; ആച്ചിബി...'