അപകടം വിളിച്ചോതി പള്ളത്തുമൂല ജലാശയം; പലരും അധികൃതരുടെ മുന്നറിയിപ്പ് അവഗണിക്കുന്നു

ചെങ്കള: അഗ്നിസുരക്ഷാ വകുപ്പിന്റെ മുന്നറിയിപ്പ് അവഗണിച്ച് പള്ളത്തുമൂല കുളത്തില്‍ നിത്യവും കുളിക്കാനും നീന്തല്‍ പഠിക്കാനും എത്തുന്നത് കുട്ടികള്‍ അടക്കം നിരവധി പേര്‍. ഇത്മൂലം ഏത് നിമിഷവും ദുരന്തം സംഭവിക്കാമെന്ന ഭയത്താല്‍ കഴിയുകയാണ് നാട്ടുകാര്‍. ചെങ്കള പഞ്ചായത്ത് നാലാം വാര്‍ഡിലെ പള്ളത്തുമൂലയിലുള്ള സര്‍ക്കാര്‍ കുളമാണ് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്. സുരക്ഷാ ഭിത്തിയോ മറ്റു സുരക്ഷാ സംവിധാനങ്ങളോ ഇല്ലാത്തതിനാല്‍ ഏത് നിമിഷവും ദുരന്തമുണ്ടായേക്കുമെന്ന് നാട്ടുകാര്‍ ഭയക്കുന്നു. 20 മീറ്റര്‍ കുഴിയുള്ള ഭീമന്‍ ജലാശയമാണിത്. 'സൂക്ഷിക്കുക, അപകടകരമായ ജലാശയം- നിങ്ങളുടെ വിലപ്പെട്ട […]

ചെങ്കള: അഗ്നിസുരക്ഷാ വകുപ്പിന്റെ മുന്നറിയിപ്പ് അവഗണിച്ച് പള്ളത്തുമൂല കുളത്തില്‍ നിത്യവും കുളിക്കാനും നീന്തല്‍ പഠിക്കാനും എത്തുന്നത് കുട്ടികള്‍ അടക്കം നിരവധി പേര്‍. ഇത്മൂലം ഏത് നിമിഷവും ദുരന്തം സംഭവിക്കാമെന്ന ഭയത്താല്‍ കഴിയുകയാണ് നാട്ടുകാര്‍. ചെങ്കള പഞ്ചായത്ത് നാലാം വാര്‍ഡിലെ പള്ളത്തുമൂലയിലുള്ള സര്‍ക്കാര്‍ കുളമാണ് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്. സുരക്ഷാ ഭിത്തിയോ മറ്റു സുരക്ഷാ സംവിധാനങ്ങളോ ഇല്ലാത്തതിനാല്‍ ഏത് നിമിഷവും ദുരന്തമുണ്ടായേക്കുമെന്ന് നാട്ടുകാര്‍ ഭയക്കുന്നു. 20 മീറ്റര്‍ കുഴിയുള്ള ഭീമന്‍ ജലാശയമാണിത്. 'സൂക്ഷിക്കുക, അപകടകരമായ ജലാശയം- നിങ്ങളുടെ വിലപ്പെട്ട ജീവന്‍ നിങ്ങള്‍ തന്നെ സംരക്ഷിക്കുക' എന്നെഴുതിയ ബോര്‍ഡ് അഗ്നിസുരക്ഷാ വകുപ്പ് ഇവിടെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് അവഗണിച്ചാണ് ഒരു സുരക്ഷയുമില്ലാതെ പലരും കുളത്തിലേക്ക് എടുത്തു ചാടുന്നത്. നേരത്തെ ഇവിടെ പലരും അപകടത്തില്‍പ്പെടുകയും മൂന്ന് പേര്‍ മരണപ്പെടുകയും ചെയ്തിരുന്നു. 2015ല്‍ നെല്ലിക്കട്ടയില്‍ നിന്ന് നീന്തല്‍ പഠിക്കാന്‍ എത്തിയ രണ്ട് കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ച സംഭവം നാട്ടുകാര്‍ ഇപ്പോഴും ഭീതിയോടെയാണ് ഓര്‍ക്കുന്നത്. അതിന് മുമ്പ് ഒരിക്കല്‍ കുളത്തില്‍ അലക്കാനെത്തിയ സ്ത്രീ മുങ്ങിമരിച്ച സംഭവവും ഉണ്ടായിരുന്നു. മഴക്കാലത്ത് കുളം നിറഞ്ഞു കവിഞ്ഞ് കൂടുതല്‍ അപകട സാധ്യത ക്ഷണിച്ചു വരുത്തുന്നു. പലയിടത്തുനിന്നും ഇവിടെ കുട്ടികള്‍ അടക്കം കുളിക്കാനും നീന്തല്‍ പഠിക്കാനും എത്തുന്നത് അപകടത്തിന് കാരണമാവുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. സുരക്ഷാ ഭിത്തി ഇല്ലാത്തതിനാലും മറ്റു സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താത്തതിനാലും ഏത് നിമിഷവും അപകടം സംഭവിച്ചേക്കാമെന്ന ഭയത്തിലാണ് നാട്ടുകാര്‍.

Related Articles
Next Story
Share it