രാഘവേട്ടന്‍ വിട പറയുമ്പോള്‍...

രാഘവേട്ടന്‍ നമ്മെ വിട്ടു പിരിയുമ്പോള്‍ ഒരു കാലം തന്നെ നമ്മോട് വിട പറയുകയാണ്. സ്നേഹത്തിന്റെയും സാന്ത്വനത്തിന്റേയും ആത്മസമര്‍പ്പണത്തിന്റേയും ഒരു നല്ല കാലം. രാഘവേട്ടന്‍ ജീവിതത്തിന്റെ ഓരോ ഏണിപ്പടികളും ചവിട്ടിക്കയറുമ്പോള്‍ തന്റെ നാടിനേയും നാട്ടുകാരേയും പ്രസ്ഥാനത്തേയും എല്ലാവരേയും കൂടെ കൂട്ടി നടന്നു. സ്വയം ഒരു പ്രസ്ഥാനമായി മാറി. തനിക്കു ചുറ്റും ഉള്ളതിനെ നിയന്ത്രിക്കുകയും ഊഷരമായ ഒരു നാടിനെ ഉര്‍വ്വരമാക്കി എടുക്കുകയും ചെയ്തു. ഇത്രയും ഉയരങ്ങളില്‍ എത്തിയിട്ടും 'താഴ്മ താനഭ്യുന്നതി'എന്നതാണ് തന്റെ മുഖമുദ്ര എന്ന് തിരിച്ചറിഞ്ഞു. മണ്ണില്‍ പിരങ്ങിയ തൊഴിലാളിക്കും […]

രാഘവേട്ടന്‍ നമ്മെ വിട്ടു പിരിയുമ്പോള്‍ ഒരു കാലം തന്നെ നമ്മോട് വിട പറയുകയാണ്. സ്നേഹത്തിന്റെയും സാന്ത്വനത്തിന്റേയും ആത്മസമര്‍പ്പണത്തിന്റേയും ഒരു നല്ല കാലം. രാഘവേട്ടന്‍ ജീവിതത്തിന്റെ ഓരോ ഏണിപ്പടികളും ചവിട്ടിക്കയറുമ്പോള്‍ തന്റെ നാടിനേയും നാട്ടുകാരേയും പ്രസ്ഥാനത്തേയും എല്ലാവരേയും കൂടെ കൂട്ടി നടന്നു. സ്വയം ഒരു പ്രസ്ഥാനമായി മാറി. തനിക്കു ചുറ്റും ഉള്ളതിനെ നിയന്ത്രിക്കുകയും ഊഷരമായ ഒരു നാടിനെ ഉര്‍വ്വരമാക്കി എടുക്കുകയും ചെയ്തു. ഇത്രയും ഉയരങ്ങളില്‍ എത്തിയിട്ടും 'താഴ്മ താനഭ്യുന്നതി'എന്നതാണ് തന്റെ മുഖമുദ്ര എന്ന് തിരിച്ചറിഞ്ഞു. മണ്ണില്‍ പിരങ്ങിയ തൊഴിലാളിക്കും വൈറ്റ് കോളര്‍ ഉദ്യോഗസ്ഥനും കൃഷിക്കാരനും കച്ചവടക്കാരനും സര്‍വ്വോപരി എല്ലാവര്‍ക്കും സ്വീകാര്യനായ വ്യക്തിത്വമായി സ്വയം അദ്ദേഹം മാറി. കറുത്ത കോട്ടിട്ട് കോടതികളില്‍ നിന്നും കോടതികളിലേക്ക് കയറിയിറങ്ങിയിരുന്നെങ്കില്‍ കേരളത്തിലെ പ്രശസ്തനായ ഒരു വക്കീല്‍ കാസര്‍കോട് ഉണ്ടാകുമായിരുന്നു. അല്ലെങ്കില്‍ ന്യായാന്യായങ്ങളെ ഇഴ കീറി പരിശോധിച്ച് വിധി പറയുന്ന ഒരു ജഡ്ജി കേരളത്തിന് ലഭിക്കുമായിരുന്നു. പക്ഷെ അദ്ദേഹം തിരഞ്ഞെടുത്തത് മറ്റൊരു വഴിയായിരുന്നു. ലെനിനിസം-മാര്‍ക്‌സിസത്തിലൂടെ ഈ നാടിനെ എങ്ങനെ രൂപാന്തരപ്പെടുത്താമായിരുന്നു എന്നതാണ്. അതിന് അദ്ദേഹത്തിലെ സഹകരണാത്മകത്വം വലിയ മാര്‍ഗ്ഗദീപമായി മാറി.
നാടിനേയും സമൂഹത്തേയും മാറ്റുന്നതിനായി രാഘവേട്ടന്‍ ആശ്രയിച്ച മേഖലയാണ് സഹകരണ മേഖല. സമൂഹത്തില്‍ എളുപ്പത്തില്‍ വേരോടാനും മൊത്തം സമൂഹത്തിനും അതിന്റെ ഗുണം ലഭിക്കാനും സഹകരണത്തോളം പോന്ന വേറൊരു മേഖലയില്ലെന്ന് അദ്ദേഹത്തിലെ ക്രാന്തദര്‍ശിത്വം എന്നേ തിരിച്ചറിഞ്ഞിരുന്നു. കര്‍ഷകര്‍ക്കു വേണ്ടി പ്രാഥമിക വായ്പ്പാസംഘങ്ങളും ബസ് തൊഴിലാളികള്‍ക്കായി ബസ് ട്രാന്‍സ്പോര്‍ട്ട് സഹകരണസംഘങ്ങളും ബീഡി തൊഴിലാളികള്‍ക്കായി ദിനേശ് ബീഡി സഹകരണസംഘവും പ്രസ്സ് തൊഴിലാളികള്‍ക്കായി പ്രിന്റിംഗ് സഹകരണ സംഘവും മൊത്തം ജനവിഭാഗങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായി ആസ്പത്രി സഹകരണസംഘവും കുട്ടികളുടെ വിദ്യാഭ്യാസത്തിനായി എജ്യൂക്കേഷന്‍ സഹകരണസംഘവും അദ്ദേഹം തുടങ്ങി. എല്ലാ മേഖലയിലും സഹകരണ സംഘങ്ങള്‍ തുടങ്ങാമെന്ന് കാസര്‍കോട്ടുകാരെ പഠിപ്പിച്ചത് രാഘവേട്ടനാണ്. അദ്ദേഹം മുന്‍കൈയെടുത്ത് ആരംഭിച്ച സഹകരണ സ്ഥാപനങ്ങളാണ് മുന്നാട് പീപ്പിള്‍സ് കോളേജ്, കാസര്‍കോട് സര്‍വ്വീസ് സഹകരണ ബാങ്ക്, കാസര്‍കോട് ജില്ലാ പ്രിന്റിംഗ് പ്രസ്സ്, കാസര്‍കോട് ജില്ലാ സഹകരണ ആസ്പത്രി എന്നിവ. ഇരുപതോളം സഹകരണ സ്ഥാപനങ്ങളുടെ പിറവിക്ക് കാരണമായ അദ്ദേഹത്തിന്റെ നേതൃപാടവം സമാനതകളില്ലാത്തതാണ്. കാസര്‍കോട്ടിനപ്പുറമാണ് അദ്ദേഹം ഇടപെട്ടതെങ്കില്‍ കേരളത്തിലെ സഹകരണമന്ത്രിയും സഹകരണത്തിന്റെ പരമാത്മാവുമായി മാറുമായിരുന്നു.
അദ്ദേഹത്തിലെ മനുഷ്യത്വം പണ്ടേ തിരിച്ചറിഞ്ഞ ആളാണ് ഞാന്‍. 1990ല്‍ കോഴിക്കോട് യൂണിവേഴ്സിറ്റിയില്‍ പോയി തിരിച്ചുവരുമ്പോള്‍ വണ്ടി ലേറ്റായതിനാല്‍ വളരെ വെപ്രാളപ്പെട്ട് കാസര്‍കോട് പഴയ ബസ് സ്റ്റാന്റില്‍ നില്‍ക്കുമ്പോള്‍ പെട്ടെന്ന് ഒരു ഓട്ടോറിക്ഷ അവിടെ വന്നുനിന്നു. അതില്‍ നിന്നും രാഘവേട്ടന്‍ ചിരിച്ചുകൊണ്ട് ഇറങ്ങി വരുന്നു. 'നീയെന്താ രാഘവാ ഇവിടെ, ഇത്രയും വൈകി? ഇനിയെങ്ങനെ നാട്ടിലെത്തും. ഞാന്‍ വീട്ടിലെത്തിക്കണോ?' എന്ന നിലയില്‍ അദ്ദേഹം നമ്മുടെ പ്രയാസത്തില്‍ പങ്കുചേരുകയുണ്ടായി. അതാണ് രാഘവേട്ടന്‍...സ്‌നേഹത്തിന്റെ സാന്ത്വനത്തിന്റെ കരുതലിന്റെ ആള്‍രൂപം...നമ്മോടൊപ്പം നമ്മിലൊരാളായി ജീവിച്ച്...സുഖത്തിലും ദുഃഖത്തിലും പങ്കുചേര്‍ന്ന ഒരു സ്‌നേഹസ്വരൂപന്‍.
ഉദുമ മണ്ഡലത്തിലെ എം.എല്‍.എ എന്ന നിലയില്‍ മണ്ഡലത്തിലെ ഓരോ മണല്‍ത്തരിക്കും അദ്ദേഹത്തെ അറിയാം. ഒരിക്കല്‍ കണ്ടാല്‍, കേട്ടാല്‍ മറക്കാത്ത വ്യക്തിത്വം. ഓണംകേറാമൂലയില്‍ പോലും വികസനമെത്തിക്കുന്നതിന് തലങ്ങും വിലങ്ങും പാഞ്ഞു നടന്ന വികസനശില്‍പ്പി. മലയോരത്തില്‍ വികസനമെന്തെന്ന് അറിയിച്ച എം.എല്‍.എ. സ്വന്തം പ്രസ്ഥാനത്തിനപ്പുറം തന്റെ പ്രസ്ഥാനത്തേയും ആശയസംഹിതകളേയും സന്നിവേശിപ്പിച്ച ആള്‍. അതാണ് പി. രാഘവന്‍. പി.ആര്‍ എന്ന രണ്ടക്ഷരത്തില്‍ പാര്‍ട്ടിക്കകത്തും രാഘവേട്ടന്‍ എന്നനിലയില്‍ നാട്ടിലും പാര്‍ട്ടിസ്നേഹിതരിലും ആത്മാംശം ഉള്‍ക്കൊണ്ട സഖാവ്. കനലുകളേയും കല്‍ക്കണ്ടത്തെയും ഒരേ രൂപത്തിലും ഭാവത്തിലും കണ്ട നിഷ്‌കാമ കര്‍മ്മി. സഹകരണത്തിലെ സവ്യസാചി. ഇങ്ങനെ പലതുമാണ് അദ്ദേഹം. വേറിട്ട ഒരു പി ആര്‍.
മുന്നാട് കലാക്ഷേത്രത്തിലൂടെയും ഇ.എം.എസ് ട്രസ്റ്റിലൂടെയും അഴിക്കോടന്‍ ഗ്രന്ഥാലയത്തിലൂടെയും നാട്ടിലെ സാംസ്‌കാരിക സമസ്യകളെ അഭിസംബോധന ചെയ്ത അദ്ദേഹം സാംസ്‌കാരിക പ്രശ്‌നങ്ങളിലും കലാകായിക രംഗത്തും പുതുതലമുറയെ കൈകോര്‍ത്തുപിടിച്ചു. കുറ്റിക്കോലില്‍ അഖില കേരള പ്രൊഫഷണല്‍ നാടകമത്സരം അദ്ദേഹം ഉദുമ എം.എല്‍.എ ആയിരിക്കുമ്പോഴായിരുന്നു അരങ്ങേറിയത്. അങ്ങനെ പാര്‍ട്ടിയിലും പാര്‍ട്ടിക്കപ്പുറവും തന്റെ സര്‍ഗാധനത, സവിശേഷ നേതൃത്വ ഗുണം എന്നിവ പ്രദര്‍ശിപ്പിച്ച ഒരു ബഹുമുഖ പ്രതിഭയെയാണ് രാഘവേട്ടന്റെ നിര്യാണത്തിലൂടെ ഉത്തരകേരളത്തിന് നഷ്ടപ്പെട്ടത്. മരണം എല്ലാവരേയും തേടി ഒരു നാള്‍ വീട്ടു പടിക്കലെത്തും. എന്നാല്‍ മരണമില്ലാത്ത മനുഷ്യനാണ് രാഘവേട്ടന്‍. എന്നത്തേക്കുമായി അദ്ദേഹം അടയാളപ്പെടുത്തിയത് അവിടെ മരണമില്ലാതെ ശേഷിക്കും. ഇങ്ങനേയും ഒരാള്‍ ഇവിടെ ജീവിച്ചിരുന്നു എന്ന് രേഖപ്പെടുത്താന്‍. രാഘവേട്ടാ... നിങ്ങള്‍ വിട വാങ്ങിയിട്ടില്ല. ഞങ്ങള്‍ വിട പറഞ്ഞിട്ടുമില്ല. നിങ്ങള്‍ ഇനിയും ഇവിടെ അനേകായിരങ്ങളിലൂടെ വടക്കിന്റെ ഇതിഹാസമായി പോരാടിക്കൊണ്ടേയിരിക്കും. ഹൃദയങ്ങളില്‍ നിന്ന് ഹൃദയങ്ങളിലേക്ക്. അഭിവാദനങ്ങള്‍...

-രാഘവന്‍ ബെള്ളിപ്പാടി

Related Articles
Next Story
Share it