കാസര്‍കോട്: കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പി.എന്‍. പണിക്കരുടെ പേരില്‍ ചൗക്കി സന്ദേശം ഗ്രന്ഥാലയം ഏര്‍പ്പെടുത്തിയ പുരസ്കാരം നാളെ 2.30ന് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഉത്തരദേശം ന്യൂസ് എഡിറ്റര്‍ ടി.എ. ഷാഫിക്ക് കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ സമ്മാനിക്കും. കാസര്‍കോടന്‍ ചരിത്ര നുറുങ്ങുകളുമായി ഷാഫി എഴുതിയ ദേശക്കാഴ്ച, മക്ക യാത്രാവിവരണമായ കഅ്ബയെ തൊട്ടനിമിഷം എന്നീ പുസ്തകങ്ങളെ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിക്കും. എ.കെ.എം അഷ്റഫ് എം.എല്‍.എ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തും. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്, കാസര്‍കോട് നഗരസഭാ ചെയര്മാന് വി.എം. മുനീര്‍, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സമീറാ ഫൈസല്‍ എന്നിവര്‍ മുഖ്യാതിഥികളാവും. രാഷ്ട്രീയ, സാംസ്കാരിക, സാഹിത്യ, മാധ്യമ രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും.