അപകടം നമുക്ക് അരികിലെത്തിയിരിക്കുകയാണ്. ഓക്‌സിജന്‍ കിട്ടാതെ രോഗികള്‍ പിടഞ്ഞുമരിക്കുന്ന ചിത്രം നമ്മള്‍ യു.പിയിലും ഡല്‍ഹിയിലും ഗുജറാത്തിലും മാത്രമാണ് കണ്ടത്. ഈ സ്ഥിതി കാസര്‍കോട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് എത്തുന്നതിന് അധിക ദൂരമില്ല എന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസം കാസര്‍കോട്ടുണ്ടായ സംഭവം. ഓക്‌സിജന്‍ സിലിണ്ടറുകള്‍ തീര്‍ന്നതിനെ തുടര്‍ന്ന് കാസര്‍കോട്ടെ ഒരു സ്വകാര്യ ആസ്പത്രിയില്‍ നിന്ന് വെന്റിലേറ്ററിലുള്ള ഏതാനും രോഗികളെ മറ്റ് ആസ്പത്രികളിലേക്ക് മാറ്റുകയായിരുന്നു. ഓക്‌സിജന്‍ പ്ലാന്റുകള്‍ ഇല്ലാത്ത കാസര്‍കോട് ജില്ലയില്‍ മംഗളൂരുവില്‍ നിന്നും കണ്ണൂരില്‍ നിന്നുമാണ് ഇതുവരെ ഓക്‌സിജന്‍ എത്തിക്കൊണ്ടിരുന്നത്. മംഗളൂരുവില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചതോടെയാണ് മറ്റിടങ്ങളിലേക്ക് ഓക്‌സിജന്‍ നല്‍കുന്നത് അവര്‍ നിര്‍ത്തിവെച്ചത്. അതിന് അവരെ കുറ്റപ്പെടുത്താനാവില്ല. എല്ലാ സംസ്ഥാനങ്ങളും ചെയ്യുന്നതും അതുതന്നെ. ഇന്നലെ കണ്ണൂരില്‍ നിന്ന് അടിയന്തിരമായി ഓക്‌സിജന്‍ എത്തിച്ചതോടെയാണ് രോഗികളുടെ ജീവന്‍ രക്ഷിക്കാനായത്. ഓക്‌സിജന്‍ തീരാന്‍ പോകുന്നുവെന്ന് ജില്ലാ ഭരണ കൂടത്തെ അറിയിച്ച് നടപടി എടുത്തെങ്കിലും കണ്ണൂരില്‍ നിന്ന് ഓക്‌സിജന്‍ എത്താന്‍ വൈകിയതോടെയാണ് രോഗികളെ മറ്റൊരാസ്പത്രിയിലേക്ക് മാറ്റിയത്. പിന്നോക്ക ജില്ലയായ കാസര്‍കോടിന് മറ്റ് കാര്യങ്ങള്‍ പോലെ ആരോഗ്യ രംഗത്തും കടുത്ത അവഗണന നേരിടുമ്പോള്‍ ഇത്രയൊക്കെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. മനുഷ്യരുടെ ജീവന്‍ വെച്ചുകൊണ്ടുള്ള കളിയാണ് ഇപ്പോഴത്തേത്. ജില്ലാ ഭരണകൂടം ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ വലിയ വിലയായിരിക്കും നല്‍കേണ്ടിവരിക. മംഗളൂരുവില്‍ നിന്ന് ഓക്‌സിജന്‍ നിരസിക്കപ്പെട്ടപ്പോള്‍ തന്നെ കാസര്‍കോടിനാവശ്യമായ ഓക്‌സിജന്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കേണ്ടിയിരുന്നു. സ്വകാര്യ ആസ്പത്രികള്‍ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെടാനും നടപടികള്‍ എളുപ്പത്തില്‍ സ്വീകരിക്കാനും കഴിയണം. കണ്ണൂര്‍ ഉള്‍പ്പെടെയുള്ള മറ്റ് ജില്ലകളിലും രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്നുണ്ട്. ജില്ലയില്‍ ഓക്‌സിജന്‍ ഉല്‍പ്പാദനത്തിനുള്ള നടപടി ക്രമങ്ങള്‍ അടിയന്തിരമായി മുമ്പോട്ട് നീക്കണം. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കില്‍ ഓക്‌സിജന്‍ പ്ലാന്റ് നിര്‍മ്മിക്കാനുള്ള തീരുമാനമെടുത്തിട്ടുണ്ട്. അടിയന്തിരമായി ഇതിനുള്ള നടപടി മുമ്പോട്ട് കൊണ്ടുപോകണം. ജില്ലാ ഭരണ കൂടവും ഇതിനുള്ള സഹായം നല്‍കിയാല്‍ മാത്രമേ എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കാനാവൂ. വെന്റിലേറ്റര്‍ സൗകര്യവും ഓക്‌സിജന്‍ ബെഡുകളും നമ്മുടെ ജില്ലയില്‍ നാമമാത്രമാണ്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്പത്രികള്‍ നിരന്നു കിടക്കുന്ന മംഗളൂരുവില്‍ പോലും ഇതിന് ക്ഷാമം അനുഭവപ്പെടുമ്പോള്‍ കാസര്‍കോടിന്റെ അവസ്ഥ പറയണോ. നേരത്തെ കോവിഡ് വ്യാപനം രൂക്ഷമായപ്പോള്‍ പലരും ആസ്പത്രി നിര്‍മ്മാണവുമായി രംഗത്ത് വന്നിരുന്നുവെങ്കിലും അതെല്ലാം പ്രഖ്യാപനത്തില്‍ ഒതുങ്ങി. അടിയന്തിരമായി എന്തെങ്കിലും ചെയ്യാനായില്ലെങ്കില്‍ ജനങ്ങള്‍ പിടഞ്ഞുമരിക്കുന്നത് കാണേണ്ടിവരും.