കാസര്‍കോട്: കാലഹരണപ്പെട്ട പഠനരീതികള്‍ മാറ്റി നവീകരിച്ച പഠനപ്രവര്‍ത്തനങ്ങള്‍ക്ക് ഡയറ്റ് മുന്‍ഗണന നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന് പറഞ്ഞു. ഡയറ്റ് ജില്ലാതല ഉപദേശക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. അധ്യപകരക്ഷാകര്തൃ സമിതികള്‍ സജീവമായി സ്കൂളുകളില്‍ ഇടപെടണം. അക്കാദമിക പ്രവര്‍ത്തനത്തോടൊപ്പം ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് അധ്യാപകര്‍ മുന്‍ഗണന നല്‍കണം. എല്ലാ വിദ്യാലയങ്ങളിലും സൗരോര്‍ജ പാനല്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനം വിജയിപ്പിക്കുന്നതിന് അതാത് വിദ്യാലയങ്ങളിലെ ഊര്‍ജതന്ത്രം അധ്യാപകരെ നോഡല്‍ ഓഫീസര്‍മാരായി ചുമതലപ്പെടുത്തണമെന്നും സൗരോര്‍ജ പാനല്‍ വഴി ലഭിക്കുന്ന അധിക വൈദ്യുതിയുടെ തുക സ്കൂളുകള്‍ക്ക് തന്നെ ഉപയോഗപ്പെടുത്താമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.
കോവിഡാനന്തരം സ്കൂള്‍ വിദ്യാര്ഥികള്ക്കുണ്ടായിരിക്കുന്ന പഠന വിടവ് നികത്താന്‍ സഹായകമായ വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിനാണ് യോഗം ചേര്‍ന്നത്. ഇംഗ്ലീഷ്, ഗണിതം, ശാസ്ത്രം തുടങ്ങി പ്രത്യേക വിഷയങ്ങളില്‍ പിന്നില്‍ നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാകുന്ന പഠനരീതികള്‍ തയ്യാറാക്കും. വിദ്യാര്‍ഥികളില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം, മൊബൈല്‍ ആസക്തി തുടങ്ങിയ പ്രവണതകള്‍ ഇല്ലാതാക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും തീരുമാനിച്ചു. പ്രീ പ്രൈമറി തലം മുതല്‍ ഹയര്‍സെക്കന്ററി തലം വരെ ലക്ഷ്യമിടുന്ന വിവിധ പരിപാടികള്‍ക്കാണ് രൂപം നല്‍കിയത്. അങ്കണം, കോവിഡാനന്തരം വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ വിലയിരുത്താനുള്ള പദ്ധതി ബെല്‍, രക്ഷിതാക്കളെ ബോധവത്കരിക്കാന്‍ പ്രിയ രക്ഷിതാവിന്, വായനയെ പ്രോത്സാഹിപ്പിക്കാന്‍ വായനപോഷണ പരിപാടി, പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയുള്ള എക്വിപ്പ്, ജനപ്രതിനിധികള്‍ക്ക് വഴികാട്ടിയാവുന്ന തദ്ദേശം, അധ്യാപക പരിവര്‍ത്തന പരിപാടി അഡോപ്റ്റ്, പ്രീപ്രൈമറി അധ്യാപകര്‍ക്കുള്ള പ്രശിക്ഷ തുടങ്ങിയ പരിപാടികള്‍ തുടരും. ജില്ലാ സാക്ഷരതാ മിഷന് ആവിഷ്കരിച്ച ഡിജിറ്റല്‍ സാക്ഷരതക്ക് ആവശ്യമായ മൊഡ്യുള്‍ തയ്യാറാക്കും. അധ്യാപക ബാങ്കുകള്‍ രൂപീകരിക്കും. ഡയറ്റും സമഗ്ര ശിക്ഷാ കേരളയും ചേര്‍ന്ന് കരിയര്‍ ഗൈഡന്‍സ് പോലുള്ള പദ്ധതികളും നടപ്പാക്കും. പട്ടികജാതി, പട്ടിക വര്‍ഗ മേഖലകളിലെ ഉള്‍പ്പെടെ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് വേണ്ടി പദ്ധതികള്‍ തയ്യാറാക്കും. പുതുതായി ജോലിയില്‍ പ്രവേശിച്ച അധ്യാപകര്‍ക്ക് ഇന്‍ഡക്ഷന്‍ പരിശീലനം നല്‍കുന്നതിനും തീരുമാനമായി.
വിദ്യാഭ്യാസ ഉപ ഡയരക്ടര്‍ കെ.വി. പുഷ്പ അധ്യക്ഷത വഹിച്ചു. മധൂര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്മാന് ഉമേഷ് ഗട്ടി, എസ്.എസ്.കെ ജില്ലാ കോര്‍ഡിനേറ്റര്‍ പി.വി.രവീന്ദ്രന്, എസ്.ഇ.ആര്.ടി റിസര്‍ച്ച് ഓഫീസര്‍ അഭിലാഷ് മാത്യു, കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ എം.രാജേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഡയറ്റ് ലക്ചറര്‍ വി.മധുസൂദനന് മുന്‍വര്‍ഷത്തെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുതിയ പദ്ധതികള്‍ ഡോ. വിനോദ്കുമാര്‍ പെരുമ്പള അവതരിപ്പിച്ചു. ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. കെ. രഘുറാം ഭട്ട് സ്വാഗതവും ഡയറ്റ് ലക്ചറര്‍ എ.ഗിരീഷ് ബാബു നന്ദിയും പറഞ്ഞു.