കൊടക്കാട് ഗ്രാമത്തിലെ എന്റെ ബാല്യ കൗമാര കാലയളവില്‍ത്തന്നെ ഹൃത്തടത്തില്‍ ആഴത്തില്‍ വേരുറപ്പിച്ച നന്മമരമായിരുന്നു പില്ക്കാലത്ത് നാടെമ്പാടും കൂക്കാനം റഹ്മാന് മാഷ് എന്ന വിളികൊണ്ട ഈ സ്നേഹ സ്വരൂപന്. കരിവെള്ളൂര്‍ ഗവ.ഹൈസ്കൂളിലെ പഠനാനന്തരം അദ്ദേഹം കാസര്‍കോട് ഗവ. കോളേജിലേക്കും ഞാന്‍ പയ്യന്നൂര്‍ കോളേജിലേക്കും തുടര്‍ന്ന് എറണാകുളം മഹാരാജാസ് കോളേജിലേക്കും പോയി. തലശ്ശേരി ഗവ. ട്രെയിനിംഗ് കോളേജില്‍ നിന്ന് അധ്യാപക പരിശീലനം പൂര്‍ത്തിയാക്കിയ അദ്ദേഹം അധ്യാപകനായി സമൂഹമധ്യത്തിലേക്ക് നടന്നു കയറി. ഞാനാകട്ടെ പത്രപ്രവര്‍ത്തന രംഗത്തേക്കും.
കൂക്കാനം റഹ്മാന് മാഷുടെ ഏറ്റവും പുതിയ പുസ്തകമാണ് ‘ഓര്‍മകള്‍ കാത്തുവെച്ച ഉടുപ്പുപെട്ടി’. ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം എന്നത് ഇക്കാലത്ത് നാമെല്ലാം ഇടയ്ക്കിടെ കേള്‍ക്കാറുള്ള ഹൃദയഭരിതമായ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
സയന്‍സും ടെക്നോളജിയും അനുദിനം അതിന്റെ പരമകാഷ്ഠയിലൂടെ കുതിച്ചു കൊണ്ടിരിക്കുമ്പോള്‍ നാം വിലപ്പെട്ടതെന്നു കരുതി കാത്തു സൂക്ഷിച്ച നന്മകളൊക്കെയും എങ്ങോ അപ്രത്യക്ഷമാകുന്നു. മനുഷ്യബന്ധങ്ങളും രക്തബന്ധങ്ങളുമെല്ലാം പ്രകാശവര്ഷങ്ങള്ക്കകലേയ്ക്ക് പോയ് മറയുന്നു.
ഓര്‍മ്മകളുടെ വീണ്ടെടുപ്പിലൂടെ സാക്ഷാത്കരിച്ച അദ്ദേഹത്തിന്റെ ഈ ഏറ്റവും പുതിയ പുസ്തകം പോയ തലമുറയ്ക്കെന്ന പോലെ ഇപ്പോഴത്തെ തലമുറയ്ക്കും ഒരുപക്ഷേ, വരും തലമുറകള്‍ക്കും പ്രിയതരമായി ഭവിക്കുമെന്നാണ് എന്റെ നിരീക്ഷണം.
ഒരു ഗ്രന്ഥം തൊടുമ്പോള്‍ നാം ഒരു ജീവിതം തൊടുന്നു, ഒരു കാലത്തെ തൊടുന്നു എന്നു പറയാറുണ്ട്. മനുഷ്യാവസ്ഥകളുടെ ഒരു രംഗഭൂമിയാണ് അത്തരം ഉത്തമ കൃതികളില്‍ തുടിച്ചു നില്‍ക്കുന്നത്. റഹ്മാന് മാഷുടെ എഴുപത് സംവത്സരങ്ങളിലേറെ നീണ്ട ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഉരുവം കൊണ്ട ഈ പുസ്തകം അക്കാരണം കൊണ്ടു തന്നെ ശ്രദ്ധേയമാവുന്നു. കയ്പും മധുരവും ഇടകലര്‍ന്നൊഴുകിയ തന്റെ ബാല്യ കൗമാര യൗവ്വന കാലത്തെ അവിസ്മരണീയമായ ചില ഓര്മ്മച്ചീളുകളാണ് ഈ പുസ്തകത്തില്‍ ഗ്രന്ഥകാരന് കോറിയിട്ടിരിക്കുന്നത്. മിക്കതും കൊച്ചു കുറിപ്പുകള്‍. ജീവിതത്തിന്റെ പ്രവിശാല ഭൂമികയിലേക്കുള്ള ജാലകക്കാഴ്ചകള്‍.
‘കള്ളുകുടി’ മുതല്‍ ‘പയ്യന്നൂര്‍ ഡയറി’ വരെ നീളുന്ന മുപ്പതോളം കുറിപ്പുകളിലും അത്യുത്തരകേരളത്തിലെ വിശുദ്ധിയുടെ ആള്‍രൂപമായ ഒരു നാട്ടിന്‍പുറത്തുകാരന്റെ മുഗ്ദ്ധ ചിത്രമാണ് തെളിഞ്ഞു കാണാനാവുന്നത്. തന്റെ ഉള്ളം തൊട്ട, മറക്കാനാവാത്ത കുറേയേറെ ഓര്‍മ്മത്തുണ്ടുകള്‍ അദ്ദേഹം നമ്മുടെ മുന്നില്‍ നിരത്തുന്നു. അതില്‍ കരിവെള്ളൂരിന്റെ പ്രാന്തപ്രദേശങ്ങളുണ്ട്, ജീവിത പരിസരങ്ങളുണ്ട്, ബാല്യകാല സഖാക്കളും സഖിമാരുമുണ്ട്, കളിക്കൂട്ടുകാരുണ്ട്, ഉറ്റമിത്രങ്ങളുണ്ട്, കുടുംബാംഗങ്ങളുണ്ട്, ബന്ധുമിത്രാദികളുണ്ട്, സഹപാഠികളുണ്ട്, സഹപ്രവര്‍ത്തകരുണ്ട്, ജീവിതവഴിത്താരയില്‍ കണ്ടുമുട്ടിയ, ഇടപഴകിയ അനേകം മുഖങ്ങളുണ്ട്, ഹൃദയത്തില്‍ പാര്‍പ്പുറപ്പിച്ച ചില നന്മ മനുഷ്യരുണ്ട്. അരനൂറ്റാണ്ടിനപ്പുറമുള്ള ഗ്രാമ ജീവിതവും നാട്ടുനന്മകളും ചാരുതയാര്‍ന്ന എത്രയോ കാഴ്ചകളും ഈ പുസ്തകത്തില്‍ അക്ഷരരൂപം പൂണ്ടുനില്ക്കുന്നു.
മദ്യത്തിനും മയക്കുമരുന്നിനും മറ്റെല്ലാ ലഹരി പദാര്‍ത്ഥങ്ങള്‍ക്കുമെതിരെ നിലകൊള്ളുകയും പൊതുസമൂഹത്തെ ബോധവല്‍ക്കരിക്കുന്നതില്‍ പ്രതിജ്ഞാബദ്ധനാവുകയും ചെയ്ത മാഷിന്റെ ജീവിതത്തില്‍ തിരിച്ചറിവിന്റെ വലിയൊരു വെളിച്ചം പകര്‍ന്ന അനുഭവം ‘കള്ള് കുടി’ എന്ന അധ്യായത്തില്‍ നിന്ന് വായിച്ചെടുക്കാം. സ്വഭാവരൂപീകരണത്തിന്റെ ആ നാളുകള്‍ തൊട്ടേ എല്ലാത്തരം തിന്മകള്ക്കും നേരെ മുഖം തിരിഞ്ഞു നില്ക്കാന് അദ്ദേഹത്തിനു സാധിച്ചത് ബാല്യകൗമാരങ്ങളിലെ പലതരം അനുഭവങ്ങളില്‍ നിന്നാര്‍ജിച്ച ഗുണപാഠങ്ങളാലാണ്.
‘പൂജ ചെയ്യാന്‍ പഠിച്ച മാപ്പിളച്ചെക്കന്‍’, ‘തിരിച്ചറിയല്‍ അടയാളം’, ‘ലീഡര്‍ സ്ഥാനമോഹം’, ‘ചപ്പിച്ചിട്ട കൊരട്ടയും പഞ്ചാരക്കടലയും’, ‘പ്രവേശനോത്സവവും പ്രവേശന സങ്കടവും’, ‘വോട്ടില്ല, വോട്ടില്ല, കാളപ്പെട്ടിക്ക് വോട്ടില്ല’, ‘യു.പി.സ്കൂള്‍ പഠന കാലം’, ‘പ്രാഥമിക വിദ്യാലയ ഓര്‍മ്മകള്‍’ എന്നീ അധ്യായങ്ങളില്‍ ഹൃദയസ്പര്‍ശിയാം വിധമാണ് ചിത്രീകരിച്ചിട്ടുള്ളത്.
മതനിരപേക്ഷതയും മാനവിക മൂല്യങ്ങളും ആലേഖനം ചെയ്തിട്ടുള്ള കുറിപ്പുകളാല്‍ ധന്യമാണ് ഈ പുസ്തകം. ‘മതത്തിനപ്പുറം മനുഷ്യത്വമാണ് മഹത്വം’ എന്ന അധ്യായം വായനക്കാരുടെ ഉള്ളം തൊടുന്ന അനുഭവമായി മാറുന്നു.
പഴയ കാര്‍ഷിക സംസ്കൃതിയുടെ ഈടുവെയ്പ്പായ ‘തലപ്പല്ലി’ മനോഹരമായ ഓര്‍മ്മകളിലേക്കാണ് നമ്മെ വഴി നടത്തുന്നത്. (തലപ്പല്ലി വാങ്ങാന്‍ പോവാം എന്ന കുറിപ്പ്). സ്നേഹമയിയായ ഉമ്മാമയെക്കുറിച്ചുള്ള കുറിപ്പ് വായിക്കുമ്പോള്‍ ആരുടെയും കണ്ണ് നിറയും. ആദ്യമായി അധ്യാപക ജോലിയില്‍ പ്രവേശിച്ച അനുഭവവുമായി ബന്ധപ്പെട്ട ഓര്‍മ്മകള്‍ വിരല്‍ ചൂണ്ടുന്ന ‘ഓര്‍മ്മകളിലെ ആഗസ്ത് മൂന്ന്’ എന്ന കുറിപ്പ് അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിന്റെ സമാരംഭ വേളയുടെ ഹൃദ്യവും രസകരവുമായ ചിത്രങ്ങളാണ് കാണിച്ചു തരുന്നത്. ‘ഇന്റര്‍വ്യൂവിന്റെ രണ്ട് മുഖങ്ങള്‍’ എന്ന അധ്യായവും ശ്രദ്ധേയമാണ്. ‘ലീഡര്‍ സ്ഥാനമോഹം’, ‘കുരുവി ബാലജനസഖ്യം’ തുടങ്ങിയ ഹൃദയരേഖകളില് മാഷിന്റെ പില്ക്കാല ജീവിതത്തില്‍ പ്രകാശകിരണങ്ങളായി ഭവിച്ച ചില നിമിത്തങ്ങളെയും നിയോഗങ്ങളെയും നമുക്ക് കണ്ടുമുട്ടാം.
ഊഷ്മളവും ജാജ്വല്ല്യമാനവുമായ ഒരു പൊതു ജീവിതത്തിന്റെ ഉടമയായ ഈ പ്രതിഭാധനന്റെ ‘ഓര്‍മകള്‍ കാത്തുവെച്ച ഉടുപ്പുപെട്ടി’ വായനയുടെ പുതിയ മേഖലയാണ് തുറന്നുതരുന്നത്.
-വി.വി. പ്രഭാകരന്