മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളെ നിയമിച്ച് ഉത്തരവായി; തോമസ് ഐസക്കിന്റെ അഭാവത്തില്‍ മുന്‍ സെബി അംഗവും ചീഫ് സെക്രട്ടറിയുമായിരുന്ന ഡോ. കെ.എം. എബ്രഹാമിനെ താക്കോല്‍ സ്ഥാനത്ത് അവരോധിച്ച് നിര്‍ണായക നീക്കം

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളെ നിയമിച്ച് ഉത്തരവിറങ്ങി. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് ഏറെ വിവാദം സൃഷ്ടിച്ച എം ശിവശങ്കര്‍ വഹിച്ച പ്രിന്‍സിപ്പള്‍ സെക്രട്ടറി സ്ഥാനത്ത് മുന്‍ ചീഫ് സെക്രട്ടറിയും നിലവില്‍ കിഫ്ബിയുടെ സിഇഓയുമായ ഡോ. കെ.എം. എബ്രഹാമിനെയാണ് നിയമിച്ചിരിക്കുന്നത്. ഈ സര്‍ക്കാരിന് നിരവധി സാമ്പത്തിക ബാധ്യതകള്‍ കൂടി ഏറ്റെടുക്കേണ്ട സാഹചര്യത്തിലാണ് മുന്‍ സെബി (സെക്ര്യൂരിട്ടീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ്) അംഗത്തെ തന്നെ താക്കോല്‍ സ്ഥാനത്ത് അവരോധിച്ചിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ പോലെ ഈ […]

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളെ നിയമിച്ച് ഉത്തരവിറങ്ങി. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് ഏറെ വിവാദം സൃഷ്ടിച്ച എം ശിവശങ്കര്‍ വഹിച്ച പ്രിന്‍സിപ്പള്‍ സെക്രട്ടറി സ്ഥാനത്ത് മുന്‍ ചീഫ് സെക്രട്ടറിയും നിലവില്‍ കിഫ്ബിയുടെ സിഇഓയുമായ ഡോ. കെ.എം. എബ്രഹാമിനെയാണ് നിയമിച്ചിരിക്കുന്നത്. ഈ സര്‍ക്കാരിന് നിരവധി സാമ്പത്തിക ബാധ്യതകള്‍ കൂടി ഏറ്റെടുക്കേണ്ട സാഹചര്യത്തിലാണ് മുന്‍ സെബി (സെക്ര്യൂരിട്ടീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ്) അംഗത്തെ തന്നെ താക്കോല്‍ സ്ഥാനത്ത് അവരോധിച്ചിരിക്കുന്നത്.

കഴിഞ്ഞ സര്‍ക്കാര്‍ പോലെ ഈ സര്‍ക്കാരില്‍ ഡോ. തോമസ് ഐസക്കിനെ പോലുള്ള പ്രഗത്ഭ സാമ്പത്തിക വിദഗ്ധന്‍ ധനകാര്യ മന്ത്രിസ്ഥാനത്ത് ഇല്ലാത്ത സാഹചര്യത്തിലാണ് കെ എം എബ്രഹാമിനെ ചീഫ് പ്രിന്‍സിപ്പള്‍ സെക്രട്ടറിയുടെ പദവിയില്‍ മുഖ്യമന്ത്രി നിയമിച്ചിരിക്കുന്നത്. 1982 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ എബ്രഹാം രാജ്യത്തെ അതിപ്രഗത്ഭരായ ഉദ്യോഗസ്ഥരുടെ കൂട്ടത്തില്‍ പറയപ്പെടുന്നവരാണ്.

കേരള സര്‍വകലാശാലയില്‍നിന്ന് സിവില്‍ എന്‍ജിനീയറിംഗില്‍ ബിടെകും കാണ്‍പൂര്‍ ഐഐടിയില്‍ നിന്ന് എം.ടെകും നേടിയ ശേഷം അമേരിക്കയിലെ മിഷിഗണ്‍ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ അദ്ദേഹം 2008 മുതല്‍ 2011 വരെ സെബി അംഗമായിരുന്നു. അമേരിക്കയില്‍ നിന്നു തന്നെ സി.എഫ്.എ. (ചാര്‍ട്ടേര്‍ഡ് ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റ്) നേടിയ എബ്രഹാം സ്റ്റന്‍ഫോര്‍ഡ്, ജോണ്‍ ഫ്രാപ്കിന്‍സ് യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ ലോസ് ഏഞ്ചല്‍സ് എന്നിങ്ങനെയുള്ള ലോകോത്തര സര്‍വകലാശാലകളില്‍ നിന്ന് വിവിധ വിഷയങ്ങളില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും ചെയ്തിട്ടുണ്ട്.

ട്രഷറി ഇടപാടുകള്‍ മുഴുവന്‍ കമ്പ്യൂട്ടറൈസ്ഡ് ചെയ്തതും സര്‍ക്കാര്‍ ജീവനക്കാരുടെ മുഴുവന്‍ വിവരങ്ങളും ശമ്പള വിതരണവും സ്ഥലം മാറ്റവുമെല്ലാം കമ്പ്യൂട്ടറിലാക്കിയതും തുടങ്ങി സംസ്ഥാന ധനകാര്യവകുപ്പിന് ഇന്ന് കാണുന്ന രൂപവും ഭദ്രതയും നല്‍കിയത് അദ്ദേഹമാണ്. 1986 ല്‍ സംസ്ഥാനസര്‍ക്കാറിനുവേണ്ടി ഒരു കമ്പ്യൂട്ടര്‍ നയം തയ്യാറാക്കി അന്നത്തെ ചീഫ് സെക്രട്ടറി വി.രാമചന്ദ്രന് സമര്‍പ്പിക്കുകയും സെക്രട്ടറിയേറ്റില്‍ നിന്ന് ഒരു പ്രവേശന പരീക്ഷ നടത്തി 38 പേരെ തിരഞ്ഞെടുത്ത് എല്‍.ബി.എസ്. ശാസ്ത്ര സാങ്കേതിക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലിപ്പിക്കുകയും ചെയ്തിരുന്നു.

1996 ലെ നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് ധനകാര്യസെക്രട്ടറിയായിരിക്കെ മോഡോണൈസിങ്ങ് ഗവണ്‍മെന്റ് പ്രോഗ്രാം (എം.ജി.പി.) എന്ന പദ്ധതിക്കു നേതൃത്വം നല്‍കിയതാണ് എബ്രഹാമിന്റെ മറ്റൊരു വലിയ നേട്ടം. അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (എഎസ്എപി) എന്ന പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ഒരു നൈപുണ്യ വികസന പദ്ധതിയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തുടങ്ങി. മൂന്നു ലക്ഷം കുട്ടികളാണ് ഈ പദ്ധതിയിലൂടെ വിവിധ മേഖലകളില്‍ പരിശീലനം നേടിയത്.

1996 ലാണ് സംസ്ഥാനത്തിന് ആദ്യമായി വിദേശ ഫണ്ടിംഗ് ലഭിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയത്ത് രണ്ടുഘട്ടങ്ങളായി ലഭിച്ച 1,300 കോടി രൂപ ഉപയോഗിച്ച് അന്ന് സംസ്ഥാനത്തിന്റെ പൊതു ചെലവുകളും വിവിധ വികസനപ്രവര്‍ത്തനങ്ങളും നടത്തുകയായിരുന്നു. ദരിദ്രജനവിഭാഗങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, സംസ്ഥാനത്തിന്റെ സാമ്പത്തിക സുസ്ഥിരത ഉറപ്പുവരുത്തുക, സര്‍ക്കാറിന്റെ പ്രധാന പരിപാടികള്‍ ശക്തമാക്കുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുക തുടങ്ങിയവയായിരുന്നു മോഡോണൈസിങ്ങ് ഗവണ്‍മെന്റ് പ്രോഗ്രാമിന്റെ പ്രധാന ലക്ഷ്യം. അന്ന് ധനകാര്യമന്ത്രിയായിരുന്ന ടി.ശിവദാസമേനോന്‍ ഏറെ അഭിമാനത്തോടെ അവതരിപ്പിച്ച ഈ പദ്ധതികള്‍ക്ക് പിന്നിലും കെ.എം.എബ്രഹാമിന്റെ തലയുണ്ടായിരുന്നു.

സെബിയില്‍ അംഗമായിരുന്ന സമയത്ത് രാജ്യത്തെ പ്രമുഖ കോര്‍പ്പറേറ്റുകളായ സഹാറാ ഗ്രൂപ്പിനെതിരെ അദ്ദേഹം നല്‍കിയ രണ്ടു റിപ്പോര്‍ട്ടുകള്‍ ഒടുവില്‍ സഹാറ ഗ്രൂപ്പിന്റെ പ്രധാനി സുബ്രതാ റോയിയുടെ അറസ്റ്റിലാണ് എത്തിയത്. സഹാറ ഇന്ത്യാ റിയല്‍ എസ്റ്റേറ്റ് കോര്‍പ്പറേഷന്‍, സഹാറ ഹൗസിംഗ് കോര്‍പ്പറേഷന്‍ എന്നിവയുടെ ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവരികയായിരുന്നു അദ്ദേഹം. രാജ്യത്തെ ഏറ്റവും പ്രഗത്ഭരായ അഭിഭാഷകര്‍ അണിനിരന്നിട്ടും എബ്രഹാമിന്റെ അന്വേഷണ റിപ്പോര്‍ട്ടിനെ മറികടക്കാന്‍ അവര്‍ക്കായില്ല. ഇതുകൂടാതെ അന്നത്തെ ശക്തനായ ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജിക്കെതിരെ പ്രധാനമന്ത്രി ഡോ.മന്മോഹന്‍ സിംഗിനു നേരിട്ടു പരാതി കൊടുത്തത് ഏറെ വാര്‍ത്താപ്രധാന്യം വേടിയിരുന്നു. സെബിയുടെ പ്രവര്‍ത്തനങ്ങളില്‍ ധനകാര്യമന്ത്രി ഇടപെടുന്നുവെന്നായിരുന്നു പരാതി. ഇതിന് പിന്നാലെ ആദായ നികുതി വകുപ്പിന്റെ അന്വേഷണം, സിബിഐ അന്വേഷണം എന്നിങ്ങനെ പല വഴിക്കായി എബ്രഹാമിന് പാഡനങ്ങള്‍ നേരിടേണ്ടിവരികയും സെബിയില്‍ രണ്ടാമതൊരു ഊഴം നിഷേധിക്കപ്പെടുകയും ചെയ്തു.

കനല്‍വഴികള്‍ പിന്നിട്ട് കരുത്തനായ ഉദ്യോഗസ്ഥന് ഭരണത്തിന്റെ താക്കോല്‍ ഏല്‍പ്പിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സുസ്ഥിരത തന്നെയാണ് മുഖ്യമന്ത്രി ലക്ഷ്യമിടുന്നതെന്ന് വ്യക്തം. ഇതോടൊപ്പം മീഡിയ സെക്രട്ടറിയായി എന്‍. പ്രഭാവര്‍മ, ശാസ്ത്ര ഉപദേഷ്ടാവായി എം.സി. ദത്തന്‍, പ്രസ് സെക്രട്ടറിയായി പി.എം മനോജ്, സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായി അഡ്വ. എ. രാജശേഖരന്‍ നായര്‍ എന്നിവരെയും നിയമിച്ചു.

സി.എം. രവീന്ദ്രന്‍, പി. ഗോപന്‍, ദിനേശ് ഭാസ്‌കര്‍ എന്നിവരാണ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍. എ. സതീഷ് കുമാര്‍, സാമുവല്‍ ഫിലിപ്പ് മാത്യു എന്നിവര്‍ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാരാണ്. വി.എം. സുനീഷ് പേഴ്‌സണല്‍ അസിസ്റ്റന്റും ജി.കെ. ബാലാജി അഡീഷണല്‍ പി.എയുമാണ്. പ്രൈവറ്റ് സെക്രട്ടറിയായി കെ.കെ. രാഗേഷിനെയും പൊളിറ്റിക്കല്‍ സെക്രട്ടറിയായി ദിനേശന്‍ പുത്തലത്തിനെയും നേരത്തെ നിയമിച്ചിരുന്നു.

Related Articles
Next Story
Share it