ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ രാത്രി മുഴുവന്‍ കുത്തിയിരുന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ സഭാ നടപടികളെ നോക്കുകുത്തിയാക്കുന്നു എന്നാരോപിച്ച് പ്രതിപക്ഷ കക്ഷികളുടെ സഖ്യമായ 'ഇന്ത്യ'യുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ രാത്രി മുഴുവന്‍ കുത്തിയിരിപ്പ് സമരം. പ്രധാനമന്ത്രി എവിടെ എന്ന ചോദ്യം ഉന്നയിച്ചതിന്റെ പേരില്‍ സസ്‌പെന്റ് ചെയ്യപ്പെട്ട സഞ്ജയ് സിങ്ങിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു കുത്തിയിരിപ്പ് സമരം.മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി സഭയില്‍ പ്രസ്താവന നടത്തണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ സഭ ഇന്നും പ്രക്ഷുബ്ധമായി. രാജ്യസഭ 12 മണി വരെയും ലോക്സഭ രണ്ടു […]

ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ സഭാ നടപടികളെ നോക്കുകുത്തിയാക്കുന്നു എന്നാരോപിച്ച് പ്രതിപക്ഷ കക്ഷികളുടെ സഖ്യമായ 'ഇന്ത്യ'യുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ രാത്രി മുഴുവന്‍ കുത്തിയിരിപ്പ് സമരം. പ്രധാനമന്ത്രി എവിടെ എന്ന ചോദ്യം ഉന്നയിച്ചതിന്റെ പേരില്‍ സസ്‌പെന്റ് ചെയ്യപ്പെട്ട സഞ്ജയ് സിങ്ങിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു കുത്തിയിരിപ്പ് സമരം.
മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി സഭയില്‍ പ്രസ്താവന നടത്തണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ സഭ ഇന്നും പ്രക്ഷുബ്ധമായി. രാജ്യസഭ 12 മണി വരെയും ലോക്സഭ രണ്ടു മണി വരെയും നിര്‍ത്തിവെച്ചു. സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം വിവിധ നേതാക്കള്‍ ഉന്നയിച്ചു.
രാജ്യസഭയില്‍ തുടര്‍ച്ചയായി നടപടികള്‍ തടസ്സപ്പെടുത്തുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് ആം ആദ്മി പാര്‍ട്ടിയിലെ സഞ്ജയ് സിങ്ങിനെ സസ്‌പെന്റ് ചെയ്തത്. സസ്‌പെന്‍ഷനില്‍ പ്രതിഷേധിച്ച് സഞ്ജയ് സിങ് ഇന്നു രാവിലെയും ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ കുത്തിയിരിപ്പു സമരം തുടരുകയാണ്. ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ പ്രതിപക്ഷവും ബി.ജെ.പിയും പരസ്പരം മുദ്രാവാക്യങ്ങള്‍ വിളിച്ചു. മണിപ്പൂര്‍ വിഷയത്തില്‍ സംയുക്ത പ്രതിപക്ഷം ധര്‍ണ നടത്തുമ്പോള്‍, രാജസ്ഥാനില്‍ സ്ത്രീപീഡനമെന്ന് ആരോപിച്ച് ബി.ജെ.പി അംഗങ്ങളും ധര്‍ണ നടത്തിയിരുന്നു.
അതേസമയം, പ്രതിപക്ഷത്തെ അനുനയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം ഇനിയും വിജയിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖര്‍ഗെ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനെ അറിയിച്ചു. ഖര്‍ഗെ, ടി.എം.സി നേതാവ് സുദീപ് ബന്ദോപാധ്യായ, ഡി.എം.കെ നേതാവ് ടി.ആര്‍. ബാലു എന്നിവരെ ഫോണില്‍ വിളിച്ചായിരുന്നു രാജ്‌നാഥിന്റെ അനുനയ നീക്കം. മൂവരും ഒരേ നിലപാടില്‍ ഉറച്ചുനിന്നു. ഫോണില്‍ വിളിച്ചല്ല, നേരിട്ടു ചര്‍ച്ചയാകാമെന്ന് ഖര്‍ഗെ പറഞ്ഞു.
സഭാ സ്തംഭനം അവസാനിപ്പിക്കാന്‍ സര്‍വകക്ഷി ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് സ്പീക്കര്‍ ഓം ബിര്‍ല പറഞ്ഞെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. സഭയില്‍ ആരു മറുപടി പറയണമെന്നു പ്രതിപക്ഷമല്ല തീരുമാനിക്കേണ്ടതെന്നും പ്ലക്കാര്‍ഡ് പിടിക്കാനല്ല അംഗങ്ങളെ തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധം മൂലം 3 തവണ നിര്‍ത്തിവെച്ചിട്ടും ഫലമില്ലാതെയാണ് ലോക്‌സഭ ഇന്നലെ പിരിഞ്ഞത്.

Related Articles
Next Story
Share it