ആലുവ: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. കീഴ്മാട് ചാലക്കല്‍ കരിയാംപുറം വീട്ടില്‍ മനാഫിനെ (30) യാണ് ജയിലിലടച്ചത്. ആലുവ ഈസ്റ്റ്, എടത്തല സ്റ്റേഷനുകളിലായി ഏഴ് കേസുകളില്‍ പ്രതിയാണ് മനാഫ്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കൊലപാതകശ്രമം, കവര്‍ച്ച, അടിപിടി, ബലാത്സംഘം തുടങ്ങിയ കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്.
മനാഫിനെ 2019ല്‍ കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയിരുന്നു. 2020 മാര്‍ച്ചില്‍ ആലുവ പുളിഞ്ചോട് വച്ച് സനീഷ് എന്നയാളെ തലയ്ക്കടിച്ച് പണം കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച കേസിലും ഗവ. ആസ്പത്രിക്കു സമീപമുള്ള ടൂറിസ്റ്റ് ഹോമില്‍ ജ്യോതിഷ് എന്നയാളെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും പ്രതിയാണ്.
ഓപ്പറേഷന് ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായാണ് നടപടി. ഇതിന്റെ ഭാഗമായി ആകെ 22 പേരെ കാപ്പ നിയമപ്രകാരം ജയിലില്‍ അടക്കുകയും, 25 പേരെ നാടുകടത്തിയതായും എസ്.പി. കെ. കാര്‍ത്തിക് പറഞ്ഞു.