ഇരിക്കൂര്‍ സീറ്റില്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പുതര്‍ക്കം തീരുന്നില്ല; കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ ഏറ്റുമുട്ടി ഉമ്മന്‍ ചാണ്ടിയും കെ സി വേണുഗോപാലും

കണ്ണൂര്‍: കോണ്‍ഗ്രസില്‍ ഗ്രൂപ്പുതര്‍ക്കത്തില്‍ ആടിയുലഞ്ഞ് ഇരിക്കൂറിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം. ഡെല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയം വാക്കുതര്‍ക്കത്തിനിടയാക്കി. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയും കെ സി വേണുഗോപാലും പരസ്പരം വാക്കേറ്റമുണ്ടായി. പരമ്പരാഗതമായി എ ഗ്രൂപ്പ് മത്സരിക്കുന്ന മണ്ഡലത്തില്‍ സജീവ് ജോസഫിനെ മത്സരിപ്പിക്കണമെന്ന എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നിര്‍ബന്ധമാണ് ഉമ്മന്‍ ചാണ്ടിയെ ചൊടിപ്പിച്ചത്. കെ സി ജോസഫ് വിജയിച്ചിരുന്ന സീറ്റ് എ ഗ്രൂപ്പിന് അവകാശപ്പെട്ടതാണെന്നും സോണി സെബാസ്റ്റ്യനെ […]

കണ്ണൂര്‍: കോണ്‍ഗ്രസില്‍ ഗ്രൂപ്പുതര്‍ക്കത്തില്‍ ആടിയുലഞ്ഞ് ഇരിക്കൂറിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം. ഡെല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയം വാക്കുതര്‍ക്കത്തിനിടയാക്കി. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയും കെ സി വേണുഗോപാലും പരസ്പരം വാക്കേറ്റമുണ്ടായി. പരമ്പരാഗതമായി എ ഗ്രൂപ്പ് മത്സരിക്കുന്ന മണ്ഡലത്തില്‍ സജീവ് ജോസഫിനെ മത്സരിപ്പിക്കണമെന്ന എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നിര്‍ബന്ധമാണ് ഉമ്മന്‍ ചാണ്ടിയെ ചൊടിപ്പിച്ചത്. കെ സി ജോസഫ് വിജയിച്ചിരുന്ന സീറ്റ് എ ഗ്രൂപ്പിന് അവകാശപ്പെട്ടതാണെന്നും സോണി സെബാസ്റ്റ്യനെ സ്ഥാനാര്‍ഥിയാക്കണമെന്നുമാണ് ഉമ്മന്‍ചാണ്ടിയുടെ ആവശ്യം. കെ സി ജോസഫ് തുടര്‍ച്ചയായി 40 വര്‍ഷം എംഎല്‍എ ആയ മണ്ഡലമാണ് ഇരിക്കൂര്‍.

ഹൈക്കമാന്‍ഡിന്റെ സര്‍വേ റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടിയാണ് വേണുഗോപാല്‍ ഇതിനെ നേരിട്ടത്. ജയസാധ്യതയുള്ള സ്ഥാനാര്‍ഥി സജീവ് ജോസഫാണെന്ന് വേണുഗോപാല്‍ പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും ഇതിനെ പിന്തുണച്ചു. ഇതോടെ ക്ഷുഭിതനായ ഉമ്മന്‍ചാണ്ടി സര്‍വേയുടെ റിപ്പോര്‍ട്ട് കാണിക്കണമെന്ന് ആവശ്യപ്പെട്ടു. കാണിക്കാന്‍ പറ്റില്ലെന്ന് വേണുഗോപാലും തിരിച്ചടിച്ചു. താരിഖ് അന്‍വര്‍ ഇതിനെ പിന്തുണച്ചതോടെ തര്‍ക്കം രൂക്ഷമാകുകയായിരുന്നു.

സര്‍വേ റിപ്പോര്‍ട്ട് പ്രകാരം ഇരിക്കൂറും പേരാവൂരും എന്തുവന്നാലും ജയിക്കുന്ന എ പ്ലസ് കാറ്റഗറിയിലാണ്. സര്‍വേ പ്രകാരം ജയസാധ്യതയുള്ള എ കാറ്റഗറിയില്‍പ്പെടുന്ന കണ്ണൂര്‍ സീറ്റ് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി കയ്യടക്കിക്കഴിഞ്ഞു. റിജില്‍ മാക്കുറ്റിയെ കണ്ണൂരില്‍ മത്സരിപ്പിക്കാന്‍ കെ സുധാകരന്‍ ശ്രമിച്ചിരുന്നെങ്കിലും കാര്യമുണ്ടായില്ല. തളിപ്പറമ്പും കല്യാശേരിയും കടുത്ത മത്സരം നടത്തിയാല്‍ ജയിക്കാവുന്ന ബി കാറ്റഗറിയിലാണ്. ധര്‍മടവും പയ്യന്നൂരും തീരെ ജയിക്കാന്‍ സാധ്യതയില്ലാത്ത സി കാറ്റഗറിയിലും തലശേരി അല്‍പം ജയസാധ്യതയുള്ള സി പ്ലസിലുമാണ്. കോണ്‍ഗ്രസ് മത്സരിക്കുന്ന ഭൂരിപക്ഷം സീറ്റുകളിലും ന്യൂനപക്ഷ വിഭാഗക്കാരാണ് സ്ഥാനാര്‍ഥികളായി വരുന്നതെന്ന ആക്ഷേപവും കോണ്‍ഗ്രസിനകത്തുണ്ട്.

യുഡിഎഫിലെ പ്രമുഖ കക്ഷിയായ മുസ്ലിം ലീഗ് കഴിഞ്ഞ ദിവസം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചെങ്കിലും കോണ്‍ഗ്രസില്‍ ഇതുവരെ ധാരണയായിട്ടില്ല. തെരഞ്ഞെടുപ്പിന് മൂന്നാഴ്ച മാത്രം ബാക്കിയിരിക്കെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ തര്‍ക്കം ഒഴിയാത്തത് യുഡിഎഫില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

Related Articles
Next Story
Share it