ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകം; ദിനേന രജിസ്റ്റര്‍ ചെയ്യുന്നത് നിരവധി കേസുകള്‍

കാഞ്ഞങ്ങാട്: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വീണ്ടും വ്യാപകം. പണം നഷ്ടപ്പെട്ടതിന് പിന്നാലെ പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചു. വ്യത്യസ്ത രീതിയിലുള്ള തട്ടിപ്പുകളുടെ പേരില്‍ കഴിഞ്ഞദിവസം ചന്തേര, അമ്പലത്തറ, ചിറ്റാരിക്കാല്‍ സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ലോണിനായി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത സംഭവത്തില്‍ യുവാവിന്റെ അര ലക്ഷത്തോളം രൂപ നഷ്ടപ്പെട്ട സംഭവത്തില്‍ അമ്പലത്തറ പൊലീസ് കേസെടുത്തിട്ടുണ്ട്. ഓല സ്‌കൂട്ടര്‍ കമ്പനിയുടെ വാഹന വായ്പയുണ്ടെന്ന് പറഞ്ഞ് യുവാവിനെ തെറ്റിദ്ധരിപ്പിച്ച് അക്കൗണ്ടില്‍ നിന്ന് അരലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ചന്തേര […]

കാഞ്ഞങ്ങാട്: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വീണ്ടും വ്യാപകം. പണം നഷ്ടപ്പെട്ടതിന് പിന്നാലെ പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചു. വ്യത്യസ്ത രീതിയിലുള്ള തട്ടിപ്പുകളുടെ പേരില്‍ കഴിഞ്ഞദിവസം ചന്തേര, അമ്പലത്തറ, ചിറ്റാരിക്കാല്‍ സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ലോണിനായി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത സംഭവത്തില്‍ യുവാവിന്റെ അര ലക്ഷത്തോളം രൂപ നഷ്ടപ്പെട്ട സംഭവത്തില്‍ അമ്പലത്തറ പൊലീസ് കേസെടുത്തിട്ടുണ്ട്. ഓല സ്‌കൂട്ടര്‍ കമ്പനിയുടെ വാഹന വായ്പയുണ്ടെന്ന് പറഞ്ഞ് യുവാവിനെ തെറ്റിദ്ധരിപ്പിച്ച് അക്കൗണ്ടില്‍ നിന്ന് അരലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ചന്തേര പോലീസും കേസെടുത്തിട്ടുണ്ട്. ലണ്ടനില്‍ നിന്നും ഡോക്ടര്‍ ദമ്പതികള്‍ ചമഞ്ഞ് ഓണ്‍ലൈന്‍ സൗഹൃദം നടിച്ച് സമ്മാനം വാഗ്ദാനം ചെയ്ത് യുവതിയുടെ ഒന്നര ലക്ഷം രൂപയും തട്ടി. ലോണിനായി ആപ്പ് ഡൗണ്‍ലോഡ് ചെയ്ത യുവാവിന് വിവിധ നമ്പറുകള്‍ വഴി സന്ദേശങ്ങള്‍ വന്നതിനു പിന്നാലെ അര ലക്ഷത്തോളം രൂപയാണ് നഷ്ടപ്പെട്ടത്. ഏഴാംമൈല്‍ നേരം കാണാതടുക്കം കായലടുക്കം ഹൗസില്‍ തസ്‌റിഫി(33)ന്റെ പണമാണ് അജ്ഞാതര്‍ തട്ടിയത്. ലോണിന് വേണ്ടി ധാനി എന്ന ആപ്പാണ് ഡൗണ്‍ലോഡ് ചെയ്തിരുന്നത്. കഴിഞ്ഞ മാസം 19നാണ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തത്. തസ്‌റിഫിനെ 7501359521 എന്ന നമ്പറില്‍ നിന്നും വിളിച്ചും 8961802377 എന്ന നമ്പറിലുള്ള വാട്‌സ്ആപ്പ് വഴി ചാറ്റ് ചെയ്ത് വായ്പയുടെ കാര്യം വിശ്വസിപ്പിച്ചു. 19, 20 തീയ്യതികളില്‍ 9040687805, 8539085689 എന്നീ നമ്പറുകളിലേക്കാണ് ഗൂഗിള്‍ പേ വഴി 58,560 രൂപ അയപ്പിച്ചത്. എസ്.ബി.ഐ കാഞ്ഞങ്ങാട് ശാഖയിലെ തസ്‌റിഫിന്റെ അക്കൗണ്ടില്‍ നിന്നാണ് പണം തട്ടിയത്. എന്നാല്‍ ലോണോ അടച്ച പണമോ തിരികെ നല്‍കാതെ ചതി ചെയ്തുവെന്നാണ് പരാതി. അമ്പലത്തറ പൊലീസ് കേസെടുത്തു. ഓല സ്‌കൂട്ടര്‍ കമ്പനിയുടെ സ്റ്റാഫ് ആണെന്ന് പറഞ്ഞു തൃക്കരിപ്പൂര്‍ എളമ്പച്ചി പുറപ്പാട്ട് ഖദീജ മനസ്സിലെ മുഹമ്മദ് അഷ്‌റഫി(55)നെയാണ് കബളിപ്പിച്ച് പണം തട്ടിയത്. ഒരു വര്‍ഷം മുമ്പാണ് സംഭവം നടന്നതെങ്കിലും കഴിഞ്ഞദിവസമാണ് പരാതി നല്‍കിയത്. 9040166384 എന്ന നമ്പറില്‍ നിന്നും വിളിച്ചു വാട്‌സപ്പ് സന്ദേശം അയച്ചാണ് വാഹനം ബുക്ക് ചെയ്യാനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിളിച്ചത്. അതിനിടെ അക്കൗണ്ട് വഴി 46,999 രൂപ അയപ്പിക്കുകയും ചെയ്തു. രണ്ട് തവണകളായാണ് പണം തട്ടിയെടുത്തത്. മുഹമ്മദ് അഷ്‌റഫിന്റെ പരാതിയില്‍ ചന്തേര പോലീസ് കേസെടുത്തിട്ടുണ്ട്.
25 ലക്ഷം ഡോളറിന്റെ സമ്മാനം വാഗ്ദാനം ചെയ്ത് ലണ്ടനിലെ ഡോക്ടറും ഭാര്യയും ചമഞ്ഞ സംഘം യുവതിയുടെ ഒന്നേകാല്‍ ലക്ഷത്തോളം രൂപ തട്ടിയെടുത്തു. പാലാവയല്‍ ഓടക്കൊല്ലിലെ ഉഷ രാജു (48) വാണ് തട്ടിപ്പിനിരയായത്. 1,18,500 രൂപയാണ് ഉഷക്ക് നഷ്ടപ്പെട്ടത്. കഴിഞ്ഞ ആഗസ്റ്റ് ഒന്നിന് ലണ്ടനില്‍ നിന്നാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് തട്ടിപ്പ്. കൊച്ചിയിലേക്ക് വരുന്നതായും അറിയിച്ചു. പിന്നീട് ഡല്‍ഹി എയര്‍ പോര്‍ട്ടില്‍ നിന്നുമാണെന്ന് പറഞ്ഞ് മമതയെന്ന സ്ത്രിയും വിളിച്ചു. അവരുടെയും ഉഷയുടെയും 25 ലക്ഷം ഡോളറിന്റെ സമ്മാനം എയര്‍ പോര്‍ട്ട് അതോറിറ്റി തടഞ്ഞുവെച്ചിട്ടുണ്ടെന്നും തന്നെയും സമ്മാനവും വിട്ടു കിട്ടാന്‍ പൈസ അയക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഏഴിന് ഉഷ പണം അയച്ചു കൊടുത്തു. പിന്നിടാണ് തട്ടിപ്പാണെന്ന് മനസിലായത്. കഴിഞ്ഞ ദിവസം മേല്‍പ്പറമ്പിലും സമാന രീതിയിലുള്ള തട്ടിപ്പിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ചെമ്പരിക്കയിലെ യുവതിയുടെ പരാതിയിലാണ് കേസ്. ഗൂഗിള്‍ മാപ്പിങ്ങ് ജോലി ഓണ്‍ലൈനില്‍ ചെയ്യുവാന്‍ എന്ന് പറഞ്ഞ് പ്രീപെയ്ഡ് ടാസ്‌കിന്റെ പേരില്‍ അഞ്ചര ലക്ഷം രൂപയാണ് തട്ടിയെടുത്തത്. തിരികെ 1400 രൂപ നല്‍കിയെങ്കിലും അടച്ച തുകയോ ചെയ്ത ജോലി നല്‍കാതെ വഞ്ചിച്ചു എന്നാണ് പരാതി.

Related Articles
Next Story
Share it