സുനില്‍ ഗവാസ്‌ക്കറിന്റെ പേരില്‍ കാസര്‍കോട്ട് റോഡ്; ഉദ്ഘാടനം നിര്‍വഹിക്കാന്‍ ഗവാസ്‌ക്കര്‍ നേരിട്ടെത്തും

കാസര്‍കോട്: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍മാരിലൊരാളായ സുനില്‍ ഗവാസ്‌ക്കര്‍ കാസര്‍കോട് സന്ദര്‍ശിക്കുന്നു. ഉറ്റസുഹൃത്തും ഗള്‍ഫ് വ്യവസായിയുമായ കാസര്‍കോട് തളങ്കര സ്വദേശി ഖാദര്‍ തെരുവത്തിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് സുനില്‍ ഗവാസ്‌ക്കര്‍ കാസര്‍കോട്ടെത്തുന്നതെങ്കിലും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഗവാസ്‌ക്കറുമായി ഫോണില്‍ സംസാരിച്ച് അദ്ദേഹത്തെ കാസര്‍കോട്ടേക്ക് ക്ഷണിച്ചു. ഗവാസ്‌ക്കറിനുള്ള ആദരമായി കാസര്‍കോട് നഗരസഭ നെല്ലിക്കുന്ന്-ബീച്ച് റോഡിന് അദ്ദേഹത്തിന്റെ പേര് നല്‍കി പുനര്‍നാമകരണം ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ചെയര്‍മാന്‍ അബ്ബാസ് ബീഗവും അറിയിച്ചു.ഈ മാസം അവസാനത്തിലോ […]

കാസര്‍കോട്: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍മാരിലൊരാളായ സുനില്‍ ഗവാസ്‌ക്കര്‍ കാസര്‍കോട് സന്ദര്‍ശിക്കുന്നു. ഉറ്റസുഹൃത്തും ഗള്‍ഫ് വ്യവസായിയുമായ കാസര്‍കോട് തളങ്കര സ്വദേശി ഖാദര്‍ തെരുവത്തിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് സുനില്‍ ഗവാസ്‌ക്കര്‍ കാസര്‍കോട്ടെത്തുന്നതെങ്കിലും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഗവാസ്‌ക്കറുമായി ഫോണില്‍ സംസാരിച്ച് അദ്ദേഹത്തെ കാസര്‍കോട്ടേക്ക് ക്ഷണിച്ചു. ഗവാസ്‌ക്കറിനുള്ള ആദരമായി കാസര്‍കോട് നഗരസഭ നെല്ലിക്കുന്ന്-ബീച്ച് റോഡിന് അദ്ദേഹത്തിന്റെ പേര് നല്‍കി പുനര്‍നാമകരണം ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ചെയര്‍മാന്‍ അബ്ബാസ് ബീഗവും അറിയിച്ചു.
ഈ മാസം അവസാനത്തിലോ നവംബറിലോ കാസര്‍കോട്ട് വരാമെന്ന് ഗവാസ്‌ക്കര്‍ ഖാദര്‍ തെരുവത്തിനോട് സമ്മതിച്ചിട്ടുണ്ട്. ഇരുവരും വര്‍ഷങ്ങളായി ഉറ്റസുഹൃത്തുക്കളാണ്. ഗവാസ്‌ക്കര്‍ സംഘടിപ്പിക്കാറുള്ള പല ആഘോഷ ചടങ്ങുകളിലും ഖാദര്‍ തെരുവത്തിനെ അതിഥിയായി ക്ഷണിക്കാറുണ്ട്. 1983ല്‍ ലോര്‍ഡ്‌സില്‍ നടന്ന ലോകകപ്പ് ക്രിക്കറ്റില്‍ ചാമ്പ്യന്മാരായ കപ്പില്‍ദേവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം കഴിഞ്ഞ വര്‍ഷം വിജയാഘോഷത്തിന്റെ 40-ാം വാര്‍ഷികത്തില്‍ മുംബൈയില്‍ ഒത്തുകൂടിയപ്പോള്‍ ഈ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അപൂര്‍വ്വം പേരില്‍ ഒരാള്‍ ഖാദര്‍ തെരുവത്ത് ആയിരുന്നു.
ലോകോത്തര ക്രിക്കറ്റ് താരങ്ങളുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന ഇദ്ദേഹത്തിന്റെ അഭിലാഷമാണ് ഒരുകാലഘട്ടത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖമായി അറിയപ്പെട്ടിരുന്ന സുനില്‍ ഗവാസ്‌ക്കറിനെ തന്റെ ജന്മനാട്ടിലേക്ക് കൊണ്ടുവരണമെന്നത്. ഇക്കാര്യം അറിഞ്ഞ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയും കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗവും ഗവാസ്‌ക്കര്‍ കാസര്‍കോട് സന്ദര്‍ശിക്കുന്നതിലുള്ള സന്തോഷം ഖാദര്‍ തെരുവത്ത് വഴി അദ്ദേഹത്തെ അറിയിക്കുകയായിരുന്നു.
ഇതേതുടര്‍ന്നാണ് എം.എല്‍.എയുടെ ആവശ്യ പ്രകാരം അബ്ബാസ് ബീഗം പ്രത്യേകം താല്‍പര്യം എടുത്ത്, ഗവാസ്‌ക്കറിനോടുള്ള ആദരമായി നെല്ലിക്കുന്ന് ബീച്ച് റോഡിന് 'സുനില്‍ ഗവാസ്‌ക്കര്‍ ബീച്ച് റോഡ്' എന്ന പേര് നല്‍കാന്‍ അജണ്ടയായി ഇന്നലെ ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ബി.ജെ.പി അംഗങ്ങള്‍ ഇതിനെ എതിര്‍ത്ത് എണീറ്റു. ലോകം കണ്ട മികച്ച ക്രിക്കറ്ററില്‍ ഒരാളായ ഗവാസ്‌ക്കറുടെ പേര് ലോകത്തെ പല രാജ്യങ്ങളും പ്രമുഖ സ്റ്റേഡിയങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും കാസര്‍കോട് നഗരസഭയിലെ റോഡിന് അദ്ദേഹത്തിന്റെ പേര് നല്‍കുക വഴി കാസര്‍കോടിന്റെ പെരുമ വര്‍ധിക്കുമെന്നും അബ്ബാസ് ബീഗം പറഞ്ഞു. റോഡിന്റെ നാമകരണം ഉദ്ഘാടനം ഗവാസ്‌ക്കര്‍ നേരിട്ടെത്തി നിര്‍വഹിക്കും.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റിലെ മറ്റൊരു ഇതിഹാസ താരമായ അനില്‍ കുംബ്ലെയെ ഖാദര്‍ തെരുവത്ത് കാസര്‍കോട്ട് കൊണ്ടുവന്നിരുന്നു.
അന്ന് കുമ്പള ടൗണിന് സമീപമുള്ള ഒരു റോഡിന് കുമ്പള ഗ്രാമപഞ്ചായത്ത് അനില്‍ കുംബ്ലെയുടെ പേര് നല്‍കിയിരുന്നു. അനില്‍ കുംബ്ലെ നേരിട്ടെത്തിയാണ് ഈ റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

Related Articles
Next Story
Share it