മേല്‍പറമ്പ്: ബേക്കല്‍കോട്ട സന്ദര്‍ശിച്ച ശേഷം തിരിച്ചുവരികയായിരുന്ന പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് നേരെ മേല്പറമ്പിലുണ്ടായ സദാചാര ആക്രമണവുമായി ബന്ധപ്പെട്ട് ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കളനാട് ചളിയങ്കോട്ടെ എം.എസ് സയ്യിദ് അഫ്രീദി(21)നെയാണ് മേല്‍പറമ്പ് എസ്.ഐ കെ. അനുരൂപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഈ കേസില്‍ കളനാട് കൂവത്തൊട്ടി മാക്കോട്ടെ ടി.എ അബ്ദുല്‍ മന്‍സൂല്‍ (45), ചെമനാട് ചളിയങ്കോട്ടെ കെ. അബ്ദുല്‍ഖാദര്‍ അഫീഖ് (37), ചട്ടഞ്ചാല്‍ ബാലനടുക്കത്തെ മുഹമ്മദ് നിസാര്‍ (38), അരമങ്ങാനത്തെ ബി.കെ ആരിഫ് (32) എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഴുവന്‍ പ്രതികളെയും ഇന്നലെ വൈകിട്ട് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ത്രേട്ട് കോടതിയില്‍ ഹാജരാക്കി. പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ഞായറാഴ്ച വൈകിട്ടാണ് സംഭവം.
കുമ്പള, കാസര്‍കോട് സ്വദേശികളായ സഹോദരങ്ങളായ രണ്ടുപേരും മൂന്ന് പെണ്‍കുട്ടികളും അടക്കമുള്ള ആറുപേര്‍ക്ക് നേരെയാണ് മേല്‍പ്പറമ്പില്‍ വെച്ച് സദാചാര ആക്രമണം നടന്നത്. ആക്രമത്തിനിരയായവരില്‍ രണ്ടുപേരുടെ വിവാഹം ഉറപ്പിച്ചതായിരുന്നു. ഇവരില്‍ ഒരാളുടെ പിറന്നാള്‍ ഞായറാഴ്ചയായതിനാല്‍ ഇത് ആഘോഷിക്കാനാണ് ആറുപേരും ബേക്കല്‍ കോട്ടയില്‍ പോയത്. വൈകിട്ട് കാറില്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഭക്ഷണം കഴിക്കാന്‍ മേല്പറമ്പിലെ ഹോട്ടലിന് മുന്നില്‍ വാഹനം നിര്‍ത്തിയപ്പോഴായിരുന്നു അതിക്രമം നടന്നത്. നാലുപേര്‍ കാറില്‍ നിന്നിറങ്ങി ഹോട്ടലില്‍ കയറുകയും രണ്ടുപേര്‍ മഴ ശക്തമായതിനാല്‍ കാറിലിരിക്കുകയുമായിരുന്നു. ഇവിടെ വന്ന സംഘം കാറിലുള്ളവരോട് അപമര്യാദയായി പെരുമാറുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം സദാചാരസംഘത്തിലെ നാലുപേരെയാണ് ആദ്യം കസ്റ്റഡിയിലെടുത്തത്. പിന്നീട് അഞ്ചാമത്തെയാളെയും പിടികൂടുകയായിരുന്നു.