ഓണം എന്റെ ഓര്‍മ്മയില്‍...

കേരളത്തിന്റെ, മലയാളികളുടെ ദേശീയോത്സവമാണ് ഓണം. ഓണമാഘോഷിക്കാത്ത മലയാളികളില്ലെന്നു തന്നെ പറയാം. ലോകത്തെവിടെയായാലും മലയാളികള്‍ ഒത്തുകൂടി ഓണം ഗംഭീരമായി ആഘോഷിക്കും. കേരളത്തില്‍ ജാതി, മത ഭേദമന്യേ എല്ലാവരും ആഘോഷിക്കുന്നത് ചിലപ്പോള്‍ ഓണം മാത്രമായിരിക്കും. വിളവെടുപ്പിന്റെ ഉല്‍സവം (കൊയ്തുത്സവം) കൂടിയാണ് ഓണം. ആഗസ്റ്റ്-സെപ്തംബര്‍ (ചിങ്ങമാസം) മാസങ്ങളിലായാണ് ഓണം ആഘോഷിക്കുന്നത്.കേരളത്തിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ ഗംഭീരമായി ആഘോഷിക്കുന്ന ഓണത്തിന് കേരളത്തിന്റെ വടക്കേയറ്റമായ കാസര്‍കോട് എന്റെ ഓര്‍മ്മകളില്‍ അത്ര പ്രാധാന്യമുണ്ടായിരുന്നില്ല. കാസര്‍കോടുള്‍പ്പെടുന്ന പ്രദേശങ്ങള്‍ തുളുനാട്ടിലായതിനാല്‍, തുളുനാട്ടിലെ വിഷു, പുത്തരി, ദീപാവലി എന്നിവയായിരുന്നു പ്രധാന ആഘോഷങ്ങള്‍. […]

കേരളത്തിന്റെ, മലയാളികളുടെ ദേശീയോത്സവമാണ് ഓണം. ഓണമാഘോഷിക്കാത്ത മലയാളികളില്ലെന്നു തന്നെ പറയാം. ലോകത്തെവിടെയായാലും മലയാളികള്‍ ഒത്തുകൂടി ഓണം ഗംഭീരമായി ആഘോഷിക്കും. കേരളത്തില്‍ ജാതി, മത ഭേദമന്യേ എല്ലാവരും ആഘോഷിക്കുന്നത് ചിലപ്പോള്‍ ഓണം മാത്രമായിരിക്കും. വിളവെടുപ്പിന്റെ ഉല്‍സവം (കൊയ്തുത്സവം) കൂടിയാണ് ഓണം. ആഗസ്റ്റ്-സെപ്തംബര്‍ (ചിങ്ങമാസം) മാസങ്ങളിലായാണ് ഓണം ആഘോഷിക്കുന്നത്.
കേരളത്തിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ ഗംഭീരമായി ആഘോഷിക്കുന്ന ഓണത്തിന് കേരളത്തിന്റെ വടക്കേയറ്റമായ കാസര്‍കോട് എന്റെ ഓര്‍മ്മകളില്‍ അത്ര പ്രാധാന്യമുണ്ടായിരുന്നില്ല. കാസര്‍കോടുള്‍പ്പെടുന്ന പ്രദേശങ്ങള്‍ തുളുനാട്ടിലായതിനാല്‍, തുളുനാട്ടിലെ വിഷു, പുത്തരി, ദീപാവലി എന്നിവയായിരുന്നു പ്രധാന ആഘോഷങ്ങള്‍. ക്രമേണ മലയാളികളുടെ ആഘോഷമെന്ന നിലയില്‍, ഓണത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞതോടെ കാസര്‍കോട്ടും ഓണം വിപുലമായി ആഘോഷിക്കുവാന്‍ തുടങ്ങി.
എന്റെ ഓര്‍മ്മകള്‍ പിറകോട്ടു ചലിപ്പിക്കുമ്പോള്‍ ഒരു പക്ഷേ ഇന്നു കാണുന്ന ഓണത്തില്‍ നിന്നും അല്‍പ്പമൊക്കെ വ്യത്യസ്തതകള്‍ കാണാം. അന്ന് നാം ഇന്നനുഭവിക്കുന്ന സുഖ സൗകര്യങ്ങള്‍ ഒന്നുമില്ലായിരുന്നു. ദാരിദ്യമായിരുന്നു പ്രധാന പ്രശ്‌നം. അങ്ങനെയുള്ള അന്തരീക്ഷത്തില്‍ നല്ലൊരു സദ്യ പലപ്പോഴും ചില വിശേഷ ദിവസങ്ങളില്‍ മാത്രമായിരിക്കും. ആ ദിവസങ്ങള്‍ക്കായി കാത്തിരിക്കുന്നതാണ് ഓണം മനസ്സില്‍ ഇന്നും ഓര്‍മ്മിക്കപ്പെടുന്നത്.
ഓണം വരുന്നത് കാലേക്കൂട്ടി അറിയാം. സ്‌കൂളുകള്‍ക്ക് ഒരാഴ്ച അവധി അതിന്റെ സൂചനയായിരുന്നു. തെക്കന്‍ കേരളത്തില്‍ ഓണം, അത്തം നാള്‍ തുടങ്ങി പത്താം ദിവസം തിരുവോണമായും തുടര്‍ന്ന് ചതയം വരെയും ഓണം ആഘോഷിക്കുന്നു. അത്തം നാള്‍ മുതല്‍ ഓണത്തിന്റെ വരവ് സൂചിപ്പിക്കാനായി വീടുകളില്‍ പൂക്കളം തീര്‍ക്കും. പക്ഷേ നമ്മുടെ നാട്ടില്‍ ചിങ്ങമാസം തുടങ്ങുമ്പോള്‍ തന്നെ വീടിന്റെ പടികളിലും പടിഞ്ഞാറ്റയിലും മുറ്റത്തുമായി പൂവിടുന്ന ചടങ്ങ് പണ്ടുമുതല്‍ക്കെ കാണാമായിരുന്നു. ചിങ്ങം തുടങ്ങും മുമ്പേ വീടും പരിസരവും വൃത്തിയാക്കിയിരിക്കും. ചിങ്ങം പിറന്നാല്‍ രാവിലെ കുളിച്ച്, പൂക്കള്‍ പറിച്ച്, പടികള്‍ വൃത്തിയാക്കി, ചേടിമണ്ണു കൊണ്ട് കളങ്ങള്‍ വരച്ച് അതില്‍ പൂക്കളിടും. പടിഞ്ഞാറ്റയില്‍ കളം വരച്ച് പൂക്കളിടുന്നതോടൊപ്പം വിളക്ക് കൊളുത്തും. മുറ്റത്ത് കളം വരച്ച് മിനി പൂക്കളമൊരുക്കും. പ്രധാനമായും തുമ്പ, തുടങ്ങിയ കാട്ടുപൂക്കളായിരിക്കും ഇതിനുപയോഗിക്കുക. ചിങ്ങം അവസാനിക്കുന്നതു വരെ ഇതു തുടരും. അവസാന ദിവസം സന്ധ്യയ്ക്ക് ഇതോടൊപ്പം പ്ലാവിലയില്‍ അടയോടൊപ്പം (അരിമാവും വെല്ലവും തേങ്ങയും കൊണ്ടുണ്ടാക്കിയ പലഹാരം) തിരി കത്തിച്ചു വെക്കും.
ഓണത്തിന്റെ തലേന്ന് ഉത്രാടപ്പാച്ചില്‍ ഇന്നു കാണാം. തിരുവോണത്തിന് തലേന്ന് (ഉത്രാട ദിവസം) ഓണാഘോഷത്തിന് സാധനങ്ങള്‍ വാങ്ങാന്‍ മലയാളികള്‍ നടത്തുന്ന യാത്രയാണത്. ഈയടുത്ത കാലത്താണ് ഇവിടെയും ഈ കാഴ്ച്ച കാണാന്‍ പറ്റുന്നത്. പണ്ടൊക്കെ ഉത്രാട ദിവസം പെണ്ണുങ്ങള്‍ക്കും തിരുവോണ ദിവസം ആണുങ്ങള്‍ക്കുമെന്ന രീതിയില്‍ കണ്ടിരുന്നു. അതിന്റെ അനുകരണമെന്ന നിലയില്‍ കുടുംബത്തില്‍ ഒരു പെണ്‍കുട്ടി ജനിച്ചാല്‍ ആദ്യത്തെ ഉത്രാടവും (ഉത്രാട ദിവസം) ആണ്‍ കുട്ടിയാണെങ്കില്‍ ഓണവും (തിരുവോണ ദിവസം) വീട്ടുകാര്‍ ഗംഭീരമായി ആഘോഷിക്കും. ബന്ധുക്കളെയും സുഹൃത്തുകളെയും ക്ഷണിച്ച് വിഭവസമൃദ്ധമായ സദ്യ നല്‍കും. അതിഥികള്‍ കുട്ടിക്ക് വസ്ത്രങ്ങളടക്കമുള്ള സമ്മാനങ്ങള്‍ നല്‍കും. ഇത് ഇന്നും തുടരുന്നുണ്ട്.
കാസര്‍കോട് പ്രധാനമായും തിരുവോണ ദിവസമാണ് ഓണം ആഘോഷിക്കുന്നത്. അന്ന് അതിരാവിലെ എഴുന്നേല്‍ക്കും. രാവിലെ വീട്ടുപരിസരത്തു നിന്നും മറ്റും പൂക്കള്‍ ശേഖരിക്കുവാന്‍ കുട്ടികളടക്കം പങ്കുചേരും. നാട്ടു പൂക്കളായ തുമ്പപൂ, കാക്കപൂ, തെച്ചിപൂ, തുളസി, ശീപോതി, ചെമ്പരത്തി തുടങ്ങിയ പൂക്കളും ഇലകളുമാല്‍ വീട്ടുമുറ്റത്ത് മനോഹരമായ പൂക്കളമൊരുക്കും. ഇന്ന് ഓണത്തിന് പൂക്കളമൊരുക്കാന്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നടക്കം ധാരാളം പൂക്കള്‍ കേരളത്തിലെ വിപണിയില്‍ എത്തിച്ചേരുന്നുണ്ട്. പൂക്കളമൊരുക്കിയ ശേഷം കുളിച്ച് പ്രഭാത ഭക്ഷണം കഴിച്ച് പുത്തനുടുപ്പുകള്‍ ധരിച്ച് നെറ്റിയില്‍ ചന്ദനപ്പൊട്ട് തൊട്ട്, തൊട്ടടുത്തുള്ള ക്ഷേത്രങ്ങളും അയല്‍പക്ക വീടുകളും സന്ദര്‍ശിക്കും. പരസ്പരം ഓണാശംസകള്‍ നേരും. പറമ്പില്‍ ഫലവൃക്ഷ തൈകള്‍ തിരുവോണ നാളില്‍ നടാറുണ്ട്. ഉച്ചക്ക് വിഭവ സമൃദ്ധമായ സദ്യയൊരുക്കും. സാമ്പാര്‍, പുളിശ്ശേരി, അച്ചാര്‍, കിച്ചടി, തോരന്‍, അവിയല്‍ തുടങ്ങി പലതരം കറികളും പപ്പടവും പഴവും പായസവുമടങ്ങുന്ന ഓണസദ്യ വാഴയിലയില്‍ വിളമ്പി എല്ലാവരുമൊത്തു കഴിക്കും. കറിക്കു വേണ്ട പച്ചക്കറികള്‍ ഓണമാകുമ്പോഴേക്കും ഓരോ കുടുംബവും സ്വന്തമായി കൃഷി ചെയ്തുണ്ടാക്കും.
സദ്യ കഴിച്ച് ഗ്രാമത്തിലെ ക്ലബ്ബുകളും മറ്റും സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കും. തെക്കന്‍ കേരളത്തില്‍ തിരുവാതിരക്കളി, പുലിക്കളി, ഓണപ്പൊട്ടന്‍, ഓണത്തല്ല്, കുമ്മാട്ടിക്കളി, വടംവലി, തുമ്പിതുള്ളല്‍, അത്തച്ചമയം, വള്ളംകളി തുടങ്ങി നിരവധി കലാരൂപങ്ങളും മല്‍സരങ്ങളും ഓണത്തിന്റെ ഭാഗമായി കാണാം. നമുക്കിവിടെ ഓണാഘോഷ ഭാഗമായി ഗ്രാമങ്ങള്‍ തോറും സന്നദ്ധ സംഘടനകളും മറ്റും ഓട്ടം, ചാട്ടം, ഓണപ്പാട്ട് തുടങ്ങി നിരവധി കലാ കായിക മല്‍സരങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. മഴക്കാലമായതിനാല്‍ മഴ നനഞ്ഞായിരിക്കും പലരുടേയും മല്‍സരങ്ങളിലെ പങ്കാളിത്തം. മഴയത്തും ഒട്ടും പൊലിമ ചോരാതെ എല്ലാവരും പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നത് ഓണക്കാലത്തെ ഗ്രാമക്കാഴ്ചകളാണ്. ഇന്ന് തിരുവോണ ദിവസം കൂടാതെ മുമ്പും ശേഷവുമായി സന്നദ്ധ സംഘടനകളുടെയും മറ്റും നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍ വിപുലമായി നടത്തുന്നു. എല്ലാവരും ഒത്തുചേരുന്ന ഗ്രാമക്കാഴ്ചകള്‍ ഇന്നും മനസ്സില്‍ ഓണം നിറയുകയാണ്.
മറ്റു ചിലര്‍ പല വിനോദങ്ങളിലും ഏര്‍പ്പെടും. കുടുംബസമേതം തീയേറ്ററില്‍ പോയി സിനിമ കാണുക, വീട്ടിലിരുന്ന് ടെലിവിഷനില്‍ ഓണ പരിപാടികളൊ, സിനിമകളൊ കാണുക, ബന്ധുവീടുകളൊ സുഹൃത്തുക്കളുടെ വീടുകളൊ സന്ദര്‍ശിക്കുക, ബീച്ചിലോ റിസോര്‍ട്ടുകളിലോ പോയി ആസ്വദിക്കുക, അങ്ങനെ പല വിധത്തില്‍ ഓണം ആഘോഷിക്കുന്നവരെ കാണാം.
ഏതൊരു ജനതയുടെയും സംസ്‌ക്കാരത്തിന്റെ സവിശേഷതകളെ അവരുടെ ഉല്‍സവാഘോഷങ്ങളില്‍ ദര്‍ശിക്കുവാന്‍ സാധിക്കും. 'കാണം വിറ്റും ഓണം ഉണ്ണണമെന്നല്ലോ' ചൊല്ല്. മലയാളികളുടെ ഇടയില്‍ ഓണത്തിനുള്ള സ്വാധീനം എത്രത്തോളമെന്ന് ഇത് വ്യക്തമാക്കുന്നു. ചെറുപ്പകാലത്ത് തുമ്പിയെ പിടിച്ചും പൂ പറിച്ചും കൊയ്ത്തിന് തയ്യാറായി നില്‍ക്കുന്ന നെല്‍പ്പാടത്തിന്റെ ഭംഗിയാസ്വദിച്ചും മറ്റൊന്നും ആഗ്രഹിക്കാതെ ഏവരെയും സ്വന്തക്കാരായി കണ്ടു സ്‌നേഹിച്ചു നടന്ന ഗ്രാമ വിശുദ്ധിയുടെ മധുരകരമായ ഓര്‍മ്മകള്‍ ജീവിതത്തില്‍ എന്നും ഓര്‍ത്തെടുക്കാനുള്ളതെന്ന് പിന്നീടാണ് തിരിച്ചറിയുന്നത്. അതൊരിക്കലും തിരിച്ചു കിട്ടില്ലെങ്കിലും മാവേലി തന്റെ ഐശ്വര്യമായ നാടുകാണുവാന്‍ വര്‍ഷത്തിലൊരിക്കല്‍ എത്തുമെന്നാണ് വിശ്വാസം. ഒരു പിടി നല്ല ഓര്‍മ്മകള്‍ മനസ്സില്‍ നിറച്ചു കൊണ്ട് ഏവര്‍ക്കും ഓണാശംസകള്‍...

-രാജന്‍ മുനിയൂര്‍

Related Articles
Next Story
Share it