അസമത്വത്തിന്റെ കാലത്തെ ഓണച്ചിന്തകള്‍

കാലം എത്ര കടന്നുപോയാലും മാറ്റ് കുറയാത്ത ആഘോഷമാണ് ഓണം. ജീവിതരീതികളില്‍ എന്തൊക്കെ മാറ്റങ്ങള്‍ സംഭവിച്ചാലും ഓണം എക്കാലത്തും മലയാളികള്‍ക്ക് ആവേശം ഒട്ടും കുറയാത്ത വികാരം തന്നെയാണ്. സമത്വത്തിന്റെ സന്ദേശവുമായാണ് എല്ലാ ഓണക്കാലവും മലയാളിജീവിതത്തില്‍ അലിഞ്ഞുചേരുന്നത്. കേരളത്തിലുള്ളവര്‍ മാത്രമല്ല കേരളത്തിന് പുറത്തും ഇന്ത്യക്ക് പുറത്തുമുള്ള മലയാളികളും നാട്ടിലേക്ക് വരാന്‍ സാധിച്ചില്ലെങ്കില്‍ പോലും സന്തോഷത്തോടെയും ആര്‍ഭാടത്തോടെയും ഓണം ആഘോഷിക്കുന്നു.ഐതിഹ്യത്തിന്റെയും സംസ്‌ക്കാരത്തിന്റെയും പിന്‍ബലത്തോടെയാണ് ഓണം ഒളിമങ്ങാത്ത ആഘോഷമായി മലയാളികളുടെ ജീവിതത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഓണം ഒരുവിഭാഗത്തിന്റെ മാത്രം ആഘോഷമെന്ന് ഒരിക്കലും വിലയിരുത്താനാകില്ല. ഐതിഹ്യം […]

കാലം എത്ര കടന്നുപോയാലും മാറ്റ് കുറയാത്ത ആഘോഷമാണ് ഓണം. ജീവിതരീതികളില്‍ എന്തൊക്കെ മാറ്റങ്ങള്‍ സംഭവിച്ചാലും ഓണം എക്കാലത്തും മലയാളികള്‍ക്ക് ആവേശം ഒട്ടും കുറയാത്ത വികാരം തന്നെയാണ്. സമത്വത്തിന്റെ സന്ദേശവുമായാണ് എല്ലാ ഓണക്കാലവും മലയാളിജീവിതത്തില്‍ അലിഞ്ഞുചേരുന്നത്. കേരളത്തിലുള്ളവര്‍ മാത്രമല്ല കേരളത്തിന് പുറത്തും ഇന്ത്യക്ക് പുറത്തുമുള്ള മലയാളികളും നാട്ടിലേക്ക് വരാന്‍ സാധിച്ചില്ലെങ്കില്‍ പോലും സന്തോഷത്തോടെയും ആര്‍ഭാടത്തോടെയും ഓണം ആഘോഷിക്കുന്നു.ഐതിഹ്യത്തിന്റെയും സംസ്‌ക്കാരത്തിന്റെയും പിന്‍ബലത്തോടെയാണ് ഓണം ഒളിമങ്ങാത്ത ആഘോഷമായി മലയാളികളുടെ ജീവിതത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഓണം ഒരുവിഭാഗത്തിന്റെ മാത്രം ആഘോഷമെന്ന് ഒരിക്കലും വിലയിരുത്താനാകില്ല. ഐതിഹ്യം ചൂണ്ടിക്കാട്ടി അത് ഒരുവിഭാഗത്തിന്റെ ആഘോഷമാണെന്ന് വാദിക്കുന്നവരുണ്ടെങ്കിലും മലയാളക്കരയുടെ പൂര്‍വകാലസംസ്‌ക്കാരം പരിഗണിക്കുമ്പോള്‍ ഇത് എല്ലാമലയാളികളുടെയും ഉല്‍സവം തന്നെയാണ്. ഓണം ഉയര്‍ത്തുന്ന സമത്വസന്ദേശം തന്നെ എല്ലാ മലയാളികളെയും ഒരുമിപ്പിക്കാന്‍ പര്യാപ്തമാണ്. പ്രത്യേകിച്ചും വിഭാഗീയചിന്തകള്‍ വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍. വര്‍ഗ-വര്‍ണ വ്യത്യാസങ്ങളില്ലാതെ എല്ലാവരെയും ഒരുപോലെ കണ്ടിരുന്ന മഹാബലി ചക്രവര്‍ത്തിയുടെ സദ്ഭരണത്തിന്റെ കോള്‍മയിര്‍കൊള്ളിക്കുന്ന ഓര്‍മകള്‍ കൂടി കൊണ്ടുവരുന്നതിനാല്‍ ഓണം ഒരു സംസ്‌ക്കാരത്തിന് അപ്പുറമുള്ള മാധുര്യമായി മാറുന്നു. സത്യവും സമത്വവും മുറുകെ പിടിച്ചുകൊണ്ടുള്ള ഭരണമായിരുന്നു മഹാബലിയുടേത്. അക്കാലത്ത് നാട് സമ്പല്‍ സമൃദ്ധമായിരുന്നു. മഹാബലിയുടെ ഭരണത്തിന്‍ കീഴില്‍ ജനജീവിതം ഐശ്യര്യപൂര്‍ണമായിത്തീര്‍ന്നു. കള്ളവും ചതിയുമില്ലാത്ത മനുഷ്യരെ വാര്‍ത്തെടുക്കാന്‍ മഹാബലിയുടെ ഇഛാശക്തിയുള്ള ഭരണത്തിലൂടെ സാധിക്കുകയും ചെയ്തു. മഹാബലിയുടെ ഭരണം പോലെയുള്ള അധികാരവ്യവസ്ഥകള്‍ കേരളത്തില്‍ ഇനി ഉണ്ടാകില്ലെന്ന് നമുക്കെല്ലാമറിയാം. കാരണം കാലം ഒരുപാട് മാറിയിരിക്കുന്നു. ഭൗതിക സുഖഭോഗാസക്തികള്‍ നിറഞ്ഞവര്‍ ഏറെയുള്ള കാലത്ത് പലര്‍ക്കും കള്ളവും ചിതിയുമില്ലാതെ മുന്നോട്ടുപോകാന്‍ സാധിക്കുന്നില്ല. ഈ കാലഘട്ടത്തിലെ ഭരണാധികാരങ്ങളും വല്ലാതെ ദുഷിച്ചുപോയിരിക്കുന്നു. തന്റെ രാജ്യം മാത്രമല്ല താന്‍ നില്‍ക്കുന്ന ഇടവും പിന്നെ തന്നെ പോലും അളന്നെടുക്കാനായി വാമനന് മുന്നില്‍ തലകുനിച്ചുകൊടുത്ത ത്യാഗത്തിന്റെ ചരിത്രമാണ് മഹാബലിക്കുള്ളത്. രാജാധികാരത്തിന്റെ അന്തസും ആഭിജാത്യവും നിറഞ്ഞ ജീവിതം തന്റെ സത്യസന്ധത നിലനിര്‍ത്താനായി ബലികഴിച്ച മഹാബലി ഒടുവില്‍ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തപ്പെട്ടുവന്നതാണ് ഐതിഹ്യം. എന്നാല്‍ ഇന്നത്തെ ഭരണാധികാരികളില്‍ പലരും അധികാരം ഉപയോഗിച്ച് അളവറ്റ സ്വത്തുക്കള്‍ വാരിക്കൂട്ടാന്‍ ആഗ്രഹിക്കുന്നവരാണ്. നാടിന്റെ ഐശ്വര്യത്തെക്കാള്‍ തങ്ങളുടെയും കുടുംബത്തിന്റെയും അഭിവൃദ്ധിക്കാണ് നാടുഭരിക്കുന്നവര്‍ പ്രാധാന്യം നല്‍കുന്നത്. മഹാബലി മുന്‍ഗണന നല്‍കിയിരുന്നത് പ്രജകളുടെ ക്ഷേമത്തിനായിരുന്നു. എന്നാലിന്ന് ജനങ്ങളെ ചൂഷണം ചെയ്ത് എങ്ങനെ തങ്ങളുടെ സമ്പത്ത് വര്‍ധിപ്പിക്കാമെന്നതിനെക്കുറിച്ചാണ് മിക്ക ഭരണാധികാരികളും ആലോചിക്കുന്നത്. അഴിമതിയും അക്രമവും വിഭാഗീയതയും വര്‍ഗീയതയും കൊടികുത്തി വാഴുമ്പോള്‍ സമത്വം എന്നത് വെറും ദിവാ സ്വപ്നമായി അവശേഷിക്കുകയാണ്. മതപരമായും ജാതീയപരമായും സാമ്പത്തികപരമായുമൊക്കെ ഒരു പാട് അന്തരങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. സമ്പല്‍സമൃദ്ധിയില്‍ ചിലര്‍ അഭിരമിക്കുമ്പോള്‍ അന്തിയുറങ്ങാന്‍ കിടപ്പാടം പോലുമില്ലാതെ ദുരിതമുനഭവിക്കുന്നവരും ഇവിടെയുണ്ട്. മനുഷ്യാവകാശധ്വംസനങ്ങളും നീതിനിഷേധങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുന്നു. പണവും അധികാരവുമുള്ളവന് ഒരു നിയമവും അതൊന്നും ഇല്ലാത്തവന് മറ്റൊരു നിയമവും എന്ന കൊടിയ അനീതി സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഇവിടെ സമത്വമുണ്ടെന്ന് പറയാനാകാത്ത തരത്തിലുള്ള വേര്‍തിരിവുകളും അതിര്‍വരമ്പുകളുമാണുള്ളത്. നമ്മുടെ നാട് ഇങ്ങനെയാവരുത് എന്ന സമത്വത്തിന്റെ സിദ്ധാന്തമാണ് ഓരോ ഓണക്കാലവും നമ്മളെ നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുന്നത്. മഹാബലി ഭരണത്തിലെ നല്ല മാതൃകകള്‍ ഇനിയുള്ള ഓരോ ഭരണത്തിലും സ്വീകരിക്കപ്പെട്ടിരുന്നെങ്കില്‍ എന്ന് ഭൂരിഭാഗം മലയാളികളും ആഗ്രഹിക്കുന്നുവെന്നതാണ് വസ്തുത. അങ്ങനെയൊരു കാലം ഇനി വരുമോയെന്ന് ഉറപ്പില്ലെങ്കിലും ഓണം നല്‍കുന്ന പ്രത്യാശയും ആത്മവിശ്വാസവും വിലമതിക്കാനാകാത്തതുതന്നെയാണ്.

ടി.കെ പ്രഭാകരകുമാര്‍

Related Articles
Next Story
Share it