കാസര്‍കോട്: നവരാത്രി ആഘോഷങ്ങള്‍ക്ക് വിജയദശമി ദിനമായ ഇന്ന് സമാപനം കുറിക്കും. നാടെങ്ങും ഇന്ന് വിജയദശമി ആഘോഷനിറവിലാണ്. നവരാത്രി ആഘോഷങ്ങള്‍ നടന്നുവരുന്ന ക്ഷേത്രങ്ങളിലും വിവിധ സ്ഥാപനങ്ങളിലും ഇന്ന് എഴുത്തിനിരുത്തല്‍ ചടങ്ങ് നടക്കുന്നു. ആയിരക്കണക്കിന് കുരുന്നുകളാണ് അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നത്.
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ക്ഷേത്രത്തില്‍ പുലര്‍ച്ചെ നാലുമണി മുതല്‍ തന്നെ എഴുത്തിനിരുത്തല്‍ ചടങ്ങ് ആരംഭിച്ചിരുന്നു.
ക്ഷേത്രം മേല്‍ശാന്തി രാമചന്ദ്ര അഡിഗയുടെ കാര്‍മികത്വത്തില്‍ സരസ്വതി മണ്ഡപത്തിന് സമീപത്തായി പ്രത്യേകം തയ്യാറാക്കിയ ഇടത്തിലാണ് ചടങ്ങുകള്‍ പുരോഗമിക്കുന്നത്. തിരക്ക് കണക്കിലെടുത്ത് വിപുലമായ ഒരുക്കങ്ങളാണ് ഏര്‍പ്പെടുത്തിയത്. കേരളത്തില്‍ നിന്ന് ഉള്‍പ്പെടെ ആയിരക്കണക്കിന് കുരുന്നുകള്‍ മൂകാംബിക സന്നിധിയില്‍ ഇന്ന് അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നുണ്ട്.
രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയാണ് ഇത്തവണ ചടങ്ങുകള്‍. ക്ഷേത്രത്തില്‍ എത്താന്‍ പ്രത്യേക ബസ് സര്‍വീസുകളും കൊങ്കണ്‍ വഴിയുള്ള എല്ലാ തീവണ്ടികള്‍ക്കും ബൈന്തൂരില്‍ സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ കൊറക്കോട് ശ്രീ ആര്യകാര്‍ത്യായനീക്ഷേത്രം, മല്ലം ശ്രീ ദുര്‍ഗാ പരമേശ്വരി ക്ഷേത്രം, തൈര ദുര്‍ഗാപരമേശ്വരിക്ഷേത്രം, ചട്ടഞ്ചാല്‍ മഹാലക്ഷ്മിപുരം മഹിഷമര്‍ദിനിക്ഷേത്രം, ദേളി തായത്തൊടി ദുര്‍ഗാപരമേശ്വരി ക്ഷേത്രം, കാഞ്ഞങ്ങാട് ശ്രീ മാരിയമ്മന്‍ ക്ഷേത്രം, നീലേശ്വരം മന്ദംപുറത്ത് കാവ് ഭഗവതി ക്ഷേത്രം തുടങ്ങി പ്രധാന ദേവീ ക്ഷേത്രങ്ങളിലെല്ലാം വിദ്യാരംഭചടങ്ങുകള്‍ നടക്കുകയാണ്.
