കാസര്‍കോട്; വിദ്യാനഗറില്‍ മതില്‍ക്കെട്ടിനകത്തെ കുറ്റിക്കാട്ടില്‍ വില്‍പ്പനക്കായി സൂക്ഷിച്ച പഴകിയ മത്സ്യശേഖരം കണ്ടെത്തി. വിദ്യാനഗര്‍ ബി.സി. റോഡില്‍ കിഴക്കുഭാഗത്തുള്ള ബസ് വെയിറ്റിംഗ് ഷെല്‍ട്ടറിന് സമീപത്തെ മതില്‍ക്കെട്ടിനുള്ളിലാണ് പഴകിയ മത്സ്യം കണ്ടെത്തിയത്. കുറ്റിക്കാട്ടില്‍ നിന്ന്അസഹ്യമായ ദുര്‍ഗന്ധം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ന് രാവിലെ സമീപത്തെ ഓട്ടോഡ്രൈവര്‍മാര്‍ അടക്കമുള്ളവര്‍ ചെന്ന് നോക്കിയപ്പോള്‍ മീന്ബോക്സുകള് കണ്ടു. ഇന്നലെ വിറ്റതില്‍ ബാക്കിയുണ്ടായിരുന്ന മീനുകളാണ് ബോക്സുകളിലുണ്ടായിരുന്നത്.
അഴുകിതുടങ്ങിയ മീനുകളില്‍ പുഴുക്കള്‍ നുരയ്ക്കുന്നതായും കണ്ടെത്തി. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തിയിരുന്നു.
പഴകിയ മീനുകള്‍ അടങ്ങിയ ബോക്സുകള്‍ സൂക്ഷിച്ചവരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. തലേദിവസം ബാക്കിവരുന്ന മീനുകള്‍ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച് പിറ്റേദിവസം കഴുകി വീണ്ടും വില്‍ക്കുകയാണെന്ന് പരിസരവാസികള്‍ ആരോപിച്ചു. കുറഞ്ഞ വിലക്ക് പഴകിയ മത്സ്യം വാങ്ങി വീടുവീടാന്തരം വില്‍പ്പന നടത്തുന്നവരും ജില്ലയിലെ വിവിധ ഭാഗങ്ങളിലുണ്ട്. പഴകിയ മത്സ്യം വില്‍ക്കുന്നത് തടയാന്‍ ജില്ലയിലെ നഗരഭാഗങ്ങളില്‍ ആരോഗ്യവകുപ്പുദ്യോഗസ്ഥര്‍ വല്ലപ്പോഴും മാത്രമാണ് പരിശോധന നടത്തുന്നത്.
എല്ലാ ഭാഗത്തും പരിശോധനകള്‍ ഉണ്ടാകുന്നില്ല. ബന്ധപ്പെട്ടവരുടെ ശ്രദ്ധ പതിയാത്ത ഇടങ്ങളാണ് പഴകിയ മത്സ്യം വില്ക്കുന്നവര് താവളങ്ങളാക്കുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന ഇത്തരം വില്‍പ്പന തടയാന്‍ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.