ഡോ. കെ.എം. ചെറിയാന്‍ അന്തരിച്ചു
ബംഗളൂരു: പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനും കായംകുളം സ്വദേശിയുമായ ഡോ. കെ.എം. ചെറിയാന്‍(82) അന്തരിച്ചു. ബംഗളൂരുവിലെ മണിപ്പാല്‍ ആസ്പത്രിയിലായിരുന്നു അന്ത്യം. ബംഗളൂരുവില്‍ സുഹൃത്തിന്റെ മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. രാജ്യത്തെ ആദ്യത്തെ കൊറോണറി ആര്‍ട്ടറി ബൈപാസ് ശസ്ത്രക്രിയ നടത്തിയ ഡോക്ടറാണ് ചെറിയാന്‍. ആദ്യത്തെ പീഡിയാട്രിക് ഹാര്‍ട്ട് ട്രാന്‍സ്പ്ലാന്റ്, ആദ്യത്തെ ടി.എം.ആര്‍ (ലേസര്‍ ഹാര്‍ട്ട് സര്‍ജറി) എന്നിവ നടത്തിയതും ഡോ. ചെറിയാനാണ്. 1990 മുതല്‍ 1993 വരെ രാഷ്ട്രപതിയുടെ ഓണററി സര്‍ജനായിരുന്ന ഇദ്ദേഹത്തെ രാജ്യം 1991ല്‍ പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.
ഭാര്യ: സെലിന്‍ ചെറിയാന്‍. മക്കള്‍: സന്ധ്യ ചെറിയാന്‍, ഡോ. സഞ്ജയ് ചെറിയാന്‍. വേള്‍ഡ് കോണ്‍ഗ്രസ് ഓഫ് തൊറാസിക് കാര്‍ഡിയാക് സര്‍ജന്‍ പ്രസിഡണ്ടായ ആദ്യ ഇന്ത്യക്കാരനും അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് തൊറാസിക് സര്‍ജറിയിലെ, ഇന്ത്യയില്‍ നിന്നുള്ള ആദ്യ അംഗവുമായിരുന്നു ഡോ. കെ.എം ചെറിയാന്‍.