നാട്ടുകാരുടെ പ്രിയങ്കരനായ പൊടി ഭട്ടറ് വിടവാങ്ങി

കുമ്പള: നാട്ടുകാരുടെ പ്രിയങ്കരനായ പൊടി ഭട്ടറ് വിടവാങ്ങി. കുമ്പള കഞ്ചിക്കട്ട രാംനഗര്‍ സ്വദേശി ദേവദാസ് ഭട്ട്(84) ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് മരണപ്പെട്ടത്. ദേവദാസ് ഭട്ട് ഇരുപതാമത്തെ വയസ്സിലാണ് കുമ്പള ഗോപാലകൃഷ്ണ ക്ഷേത്ര റോഡില്‍ മൂക്കുപൊടി വില്‍പ്പന ആരംഭിച്ചത്. നിരവധി പേര്‍ ഇവിടെ നിന്ന് മൂക്കുപൊടി വാങ്ങുമായിരുന്നു. മായം ചേര്‍ക്കാത്ത പൊടിയായതിനാല്‍ കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് പൊടി വാങ്ങാന്‍ ആളുകളെത്തിയിരുന്നു. ഇതോടെയാണ് ദേവദാസ് ഭട്ടിനെ ആളുകള്‍ ഇഷ്ടത്തോടെ പൊടി ഭട്ടറ് എന്ന് വിളിച്ചുതുടങ്ങിയത്. അഞ്ച് വര്‍ഷക്കാലമായി അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. ഷോപ്പിലേക്ക് ആരെങ്കിലും വന്നാല്‍ അവരോട് കുശലം ചോദിക്കുകയും നര്‍മ ഭാഷണം നടത്തുകയും ചെയ്യുന്നത് ദേവദാസ് ഭട്ടിന്റെ രീതിയായിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് പോലും പ്രത്യേകിച്ച് ആരുടെയും പക്ഷം ചേരാതെ രസകരമായ രീതിയില്‍ രാഷ്ട്രീയ ചര്‍ച്ചയിലേര്‍പ്പെടുമായിരുന്നു. അതുകൊണ്ട് തന്നെ ദേവദാസ് ഭട്ടിന്റെ മരണവും നാടിന്റെ വേദനയായി. ഭാര്യ: ശ്യാമള. മക്കളില്ല.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it