കാണാതായ യുവാവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ പാലത്തിനടിയില്‍ കണ്ടെത്തി: സുഹൃത്ത് കസ്റ്റഡിയില്‍

ആദൂര്‍: കാണാതായ യുവാവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ പാലത്തിനടിയില്‍ കണ്ടെത്തി. കുറ്റിക്കോല്‍ വെള്ളടയിലെ നാരായണന്‍-നാരായണി ദമ്പതികളുടെ മകന്‍ രാജേഷ് (25) ആണ് മരിച്ചത്. രാജേഷ് കുറച്ചു കാലമായി അഡൂര്‍ നാഗത്തുമൂലയിലെ ഭാര്യാ വീട്ടിലാണ് താമസം. 22ന് രാവിലെ 9 മണിക്ക് ജോലി ചെയ്തതിന്റെ കൂലി വാങ്ങി വരാമെന്ന് പറഞ്ഞ് ഭാര്യാവീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. ഇന്നലെ വൈകിട്ട് അഡൂര്‍ അത്തനടി പാലത്തിന് സമീപത്താണ് രാജേഷിന്റെ മൃതദേഹം കണ്ടത്. 22ന് വൈകിട്ട് രാജേഷ് കര്‍ണാടക ഗ്വാളിമുഖയിലെ ഒരു ബാറില്‍ പോയി മദ്യപിക്കുകയും പിന്നീട് അത്തനടി പാലത്തിനടിയിലേക്ക് പോകുകയും ചെയ്തു. ഇവിടെ വെച്ച് രാജേഷും സുഹൃത്തും മദ്യപിക്കുകയും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കവും അടിപിടിയും ഉണ്ടാവുകയും ചെയ്തിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. അതുകൊണ്ട് തന്നെ രാജേഷിന്റെ മരണത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ട്. രാജേഷിന്റെ ഫോണ്‍ സുഹൃത്തിന്റെ കൈവശമാണുണ്ടായിരുന്നത്. സുഹൃത്തിനൊപ്പം ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: അശ്വതി. ഹരിപ്രസാദ് ഏക മകനാണ്. സഹോദരങ്ങള്‍: നയന, ഹരീഷ്.